ഭാരതചരിത്രത്തിൽ ദാക്ഷിണാത്യർ

സമകാലിക ഭാരത ചരിത്രരചന അതിലെ നേരിട്ടുളള രാഷ്‌ട്രീയ ഇടപെടലുകൾകൊണ്ട്‌ വിവാദാസ്‌പദമാകുന്നതിന്‌ എത്രയോ മുമ്പുതന്നെ പരോക്ഷമായി ഉത്തരേന്ത്യൻ ആര്യാധിഷ്‌ഠിത ചരിത്രത്തിന്റെ മേൽക്കോയ്‌മ സ്ഥാപിച്ചിരുന്നു. പൂർവനിർണീതവും ഏകസ്വരവുമായ ഈ ചരിത്രരചനാരീതിക്കെതിരായ കലാപമാണ്‌ ഭാരതീയ ചരിത്രത്തെ പൂർണമാക്കുന്ന അതിലെ ദ്രാവിഡപർവത്തിന്റെ വീണ്ടെടുപ്പ്‌. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ചിന്റെ സഹകരണത്തോടെ ഡി സി ബുക്‌സ്‌ വിവർത്തനം ചെയ്‌തു പ്രസിദ്ധീകരിച്ച ‘സംഘകാലഭരണസംവിധാനം-സംഘം തമിഴരുടെ ഭരണവും സാമൂഹികജീവിതവും’ എന്ന ഗ്രന്ഥം ഈ ശ്രമത്തിൽ ഒരു നാഴികക്കല്ലാണ്‌….

സാഹിത്യത്തിലെ ചരിത്രപരാമർശങ്ങൾ വിവരിച്ചുകൊണ്ട്‌ ആത്മനിഷ്‌ഠമായ അഭ്യൂഹങ്ങളിലേക്ക്‌ തിരിയുന്ന സ്ഥിരം ചരിത്രരചനാരീതി ഇവിടെയില്ല. ഭൂതകാലത്തെ മഹത്ത്വവത്‌കരിക്കാനുളള കൃത്രിമ ശ്രമമോ ദേശീയബോധം കുത്തിവയ്‌ക്കാനുളള കപടപരിശ്രമമോ ഇല്ലാതെ മുൻഗാമികളുടെ അഭിപ്രായങ്ങളെ വിമർശനാത്മക വിശകലനം ചെയ്‌ത്‌ മുന്നേറുന്ന ആരോഗ്യകരമായൊരു രീതി ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്‌.

സംഘകാല രാഷ്‌ട്രീയ സംവിധാനത്തെയും സാമൂഹികമായ ഉത്‌പാദനബന്ധങ്ങളെയും നിയമസംവിധാനത്തെയും സാംസ്‌കാരിക ജീവിതത്തെയും വ്യക്തമാക്കുന്ന സംവിധാനം ഈ പുസ്‌തകത്തിൽ കാണപ്പെടുന്നു. സാഹിത്യപരാമർശങ്ങളിൽ സ്വാഭാവികമായ അതിശയോക്തികളെയും ആത്മനിഷ്‌ഠതകളെയും ആധുനിക ചരിത്രാവബോധത്തോടെ അപഗ്രഥിച്ച്‌ വസ്‌തുസ്ഥിതി കണ്ടെത്താൻ ഗ്രന്ഥകർത്താവ്‌ ശ്രമിച്ചിട്ടുണ്ട്‌..

സംഘകാല സാമൂഹിക ജീവിതത്തിന്റെ രസകരമായ പല വശങ്ങളും ഈ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നു… ആസ്‌തിക്യബോധത്തിലും പിന്തുടരുന്ന യുക്തിബോധം, രാജനീതിയെപ്പോലും ചോദ്യംചെയ്യുന്ന ധർമ്മബോധം ഭൂമിയോടുളള കർഷകന്റെ ആത്മബന്ധം, കുടുംബബന്ധദാർഢ്യത്തിനുവേണ്ടിയുളള ആന്തരികദാഹം തുടങ്ങിയവയൊക്കെ ഇവിടെ വ്യക്തമാക്കപ്പെടുന്നു. അതോടൊപ്പം തന്നെ ഭാരതീയ ചരിത്രകാരൻമാർ വേണ്ടുംവണ്ണം ശ്രദ്ധിക്കാതെ വിട്ട, വർഗബന്ധങ്ങളെ രൂപീകരിക്കുന്ന ജാതി എന്ന ഘടകത്തിന്റെ പ്രാധാന്യം ഗ്രന്ഥകാരനായ എൻ.സുബ്രഹ്‌മണ്യന്റെ വാദങ്ങളെ ശക്തമാക്കുന്നുണ്ട്‌. ആര്യദ്രാവിഡവ്യത്യാസം അടിസ്ഥാനപരമായി വംശീയമല്ല ഭാഷാപരമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുന്നു. സംഘസാഹിത്യം പല വർഗങ്ങളെയും ജാതികളെയും പരാമർശിക്കുന്നതിനാൽ ഒരേകാലത്ത്‌ ജാതിസമ്പ്രദായവും വർഗസംവിധാനവും ഇവിടെ നിലനിന്നിരുന്നു എന്ന്‌ അദ്ദേഹം സ്ഥാപിക്കുന്നു…

സംഘകാല സാമൂഹികജീവിതത്തിലെ അധികാരഘടനയും ഉത്‌പാദന സവിശേഷതകളും മാത്രമല്ല സാംസ്‌കാരിക ജീവിതത്തിന്റെ സമസ്‌ത തലങ്ങളും അന്വേഷണത്തിനു വിഷയമാകുന്നുണ്ട്‌. നിയമം, നീതി, മതം, വിദ്യാഭ്യാസം, സുകുമാരകലകൾ, സാഹിത്യം തുടങ്ങിയവയെല്ലാം ഈ ചരിത്രകാരന്റെ നിഷ്‌കൃഷ്‌ടനിരീക്ഷണത്തിന്‌ വിധേയമാകുന്നുണ്ട്‌. സംഘം തമിഴരുടെ രാഷ്‌ട്രീയതത്ത്വചിന്ത ചർച്ചയോടെയാണ്‌ ഈ ഗ്രന്ഥം പര്യവസാനിക്കുന്നത്‌…

നമ്മുടെ ചിന്തകളെ പ്രചോദിപ്പിക്കാനും പ്രാചീന തെക്കേ ഇന്ത്യൻ ചരിത്രത്തെപ്പറ്റിയുളള നമ്മുടെ ധാരണകളെ നവീകരിക്കാനും കഴിയുന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചതിൽ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ചിനും ഡി സി ബുക്‌സിനും അഭിമാനിക്കാം.

(ഇന്ത്യാടുഡേ, ഓഗസ്‌റ്റ്‌ 4, 2004)

സംഘകാല ഭരണ സംവിധാനം

സംഘം തമിഴരുടെ ഭരണവും സാമൂഹിക ജീവിതവും

എൻ.സുബ്രഹ്‌മണ്യൻ

ഡി സി ബുക്‌സ്‌, ഐ.സി.എച്ച്‌.ആർ.

വില ഃ 150 രൂപ.

Generated from archived content: book1_sep22.html Author: ss_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English