ലതക്കൊരു പ്രണയലേഖനം

ഇന്നലെ എനിക്കൊരു കത്തു കിട്ടി. കൂടെ കടലാസില്‍ പൊതിഞ്ഞ ഒരു വലിയ പാക്കറ്റും കൈപ്പടിയില്‍ എന്റെ വിലാസം കണ്ടിട്ട് നാളേറെയായി. തപാല്‍പ്പെട്ടിക്കകത്ത് എത്ര ദിവസം കിടന്നിരിക്കും എനിക്കുള്ള ഈ കത്ത്. എന്റെ വിലാസത്തിലൊരു കഷ്ണം കടലാസ് അതിനകം കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി കാണും. ഇന്നെല്ലാം ഇ മെയില്‍ ആണല്ലോ. പ്രസാദകര്‍ വന്നാല്‍ ഉടന്‍ ചോദിക്കുക സാറിന്റെ ഈമെയില്‍ ഐ ഡി ഏതാണെന്ന്. അവര്‍ക്കു വേണ്ടിയാണ് kishore82@live.com എന്ന ഹോട്ട് മെയില്‍ ഐ ഡി ഞാന്‍ ക്രിയേറ്റു ചെയ്തതും. ലേഖനങ്ങള്‍ക്കു വേണ്ടിയുള്ള കത്തുകളും അഭിപ്രായങ്ങളുമെല്ലാം വരുന്നതും ഞാന്‍ കഥകളെഴുതി അയക്കുന്നതും മെയില്‍ വഴി തന്നെ. ഇന്റെര്‍നെറ്റിന്റെ നീരാളിപ്പിടുത്തത്തില്‍ ഞാനും ഇരയാകാന്‍ നിന്നു കൊടുത്തു എന്നു പറയുന്നതാകും ശരി.

ഇതിപ്പോ ആരുടെ കത്താണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ചങ്ങനെ ഒരാളില്ല. പണ്ടെങ്ങോ എഴുതിയിരുന്ന ഒരു മാസികയുടെ അഡ്രസാണു പിന്നില്‍. കത്ത് കയ്യില്‍ കിട്ടിയിരുന്നെങ്കിലും തുറന്നു വായിച്ചിട്ടില്ല എന്നിട്ടും എന്തെന്നില്ലാത്ത സന്തോഷം തോന്നി. നഷ്ടപ്പെട്ടുവെന്ന് കരുതിയ ഒരു പാട് ഓര്‍മ്മകള്‍ തിരികെ കിട്ടിയതുപോലെ.

പണ്ടൊക്കെ മാസികകളിലേക്കു കവിതകളയക്കുമായിരുന്നു. പിറ്റേന്ന് മുതല്‍‍ ശിപായിക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് എന്നു വച്ചാല്‍ പോസ്റ്റ്മാന്‍ . അമ്പലത്തിലെ ആല്‍ത്തറയിലിരുന്ന് തപാലില്‍ എനിക്കെന്തെങ്കിലും ഉണ്ടാകുമെന്ന് എനിക്കറിയാം. ഒന്നുകില്‍ കവിത അവര്‍ തിരിച്ചയക്കും അല്ലെങ്കില്‍ കവിതയടങ്ങിയ മാസിക.

ഒരു വേനലവധിക്ക് കോളേജിലെ നീണ്ട വരാന്തയില്‍ വച്ച് ലതക്കു കൊടുത്ത കത്താണ് എന്റെ ജീ തം മാറ്റി മറച്ചത്. എന്തെല്ലാം പൊല്ലാപ്പുകളാണ് അതേ ചൊല്ലി . ഓര്‍ക്കുമ്പോള്‍ തന്നെയുണ്ട് ആ ഭീകരത. ആഗ്രഹിച്ച് മോഹിച്ച് ഒടുക്കം ആ കത്തവള്‍ക്കു കിട്ടാന്‍ മൂനു കൊല്ലം വേണ്ടി വന്നു. ഓരോ ദിവസവും അവള്‍ക്കു വേണ്ടി നെയ്തെടുത്ത ഓരോ കിനാവുകളായിരുന്നു അതു നിറയെ. പലപ്പോഴായി ഞാനെന്റെ ഹൃദയം കൊണ്ട് ചാലിച്ചെടുത്ത കവിതകള്‍.

അതൊരു യുദ്ധത്തില്‍ പരിണമിച്ചെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എനിക്ക് ബ‍ലി നല്‍കേണ്ടി വന്നത് എന്റെ പന്ത്രണ്ട് വര്‍ഷമാണ്. നാടു കടത്താനുള്ള തീരുമാനം വീട്ടുകാരുടേതായിരുന്നെങ്കിലും അതിനു കാരണക്കാരിയായ ലതയെ ഞാന്‍ വെറുത്തില്ല. അവള്‍ക്കു വേണ്ടി ഏഴു കടലും കടക്കാന്‍ ഞാനൊരുക്കമായിരുന്നു. എങ്കിലും പോകുന്നതിനു മുമ്പ് അവസാനമായി ഒന്നു കാണാന്‍ തീരുമാനിച്ചു. രാത്രി അവളുടെ വീട്ടു പടിക്കലെത്തിയത് ഓര്‍മ്മയുണ്ട്. പിന്നെ ഞാന്‍ കണ്ണു തുറക്കുന്നത് കണ്ണുര്‍ വല്യച്ഛന്റെ വീട്ടില്‍ വച്ചാണ്. അവളുടെ ആങ്ങളമാരെ കുറ്റം പറയാനും പറ്റില്ല. നാലു പേര്‍ക്കു കൂ‍ടി ആകയുള്ളതിനെ ജോലിയും കൂലിയും ഒന്നുമില്ലാത്ത ഒരാള്‍ക്ക് എങ്ങെനെ പിടിച്ചു കൊടുക്കും?

വല്യച്ഛന്റെ വീട്ടില്‍ നിന്ന് നേരെ പോയത് ഡല്‍ഹിയിലെ ഒരു സുഹൃത്തിന്റെ അടുത്തേക്കാണ്. പിന്നീടുള്ള പന്ത്രണ്ട് വര്‍ഷം ഞാനെങ്ങനെ ജീവിച്ചെന്ന് ഒരു പിടിയുമില്ല. ഒരു പാട് യാത്രകള്‍‍ വീണ്ടും വഴിവെച്ചെങ്കിലും കറങ്ങിത്തിരിഞ്ഞ് ഇവിടെ കരോള്‍ ബാഗിനടുത്ത് താമസമുറപ്പിച്ചു. രണ്ടു വര്‍ഷമായി ഇവിടെത്തന്നെയാണ്. ഇതിനിടയില്‍ ഒരു പാട് സൗഹൃദങ്ങള്‍ ചിന്തകള്‍ കുറിച്ചിട്ട കുറച്ചു പുസ്തകങ്ങള്‍ ഇവയാണ് സമ്പാദ്യം.

കഴിഞ്ഞ പന്തണ്ട് വര്‍ഷത്തിനെ നാട്ടില്‍ നിന്ന് വന്നത് രണ്ട് കത്തുകളാണ്. സാബുവിന്റെ കത്തായിരുന്നു ഒരിക്കല്‍ വന്നത്. ഞാനിവിടെ എത്തി ഒരു വര്‍ഷം ആകുന്നതിനു മുമ്പാണ്. നാട്ടില്‍ അവനായിരുന്നു എല്ലാത്തിനും കൂടെ. പാടത്ത് തോട്ടയിട്ട് മീന്‍ പിടിക്കുന്നത് കാണാന്‍ കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ ഞാന്‍ പോകുമായിരുന്നു സാബുവും അവന്റെ ചേട്ടന്റെ തോളില്‍ വരും. അന്നു തൊട്ടുള്ള കൂട്ടാണ് ഞങ്ങളുടേത്. സ്കൂളിലെ ആദ്യത്തെ ദിവസം ഞാന്‍ സ്ലേറ്റു മായ്ച്ചത് അവന്റെ മഷിത്തണ്ടുകൊണ്ടാണ്. എന്റെ എല്ലാം കവിതകളും ആദ്യം വായിക്കുന്നതും തിരുത്തുന്നതും അവനായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് ലതക്കു കത്ത് കൊടുത്തത് അവന്റെ മാത്രം ബലത്തിലാണ്.

ഒരു നാടിന്റെ മുഴുവന്‍ വിശേഷങ്ങളുമുണ്ടായിരുന്നു ആ കത്തില്‍. കൂട്ടത്തില്‍ ഒരു വിശേഷം കൂടി ലതയുടെ കല്യാണമാണെന്ന് . ദുരിതങ്ങള്‍ക്കിടയിലും പതറാതെ നിന്നിരുന്ന എന്റെ കണ്ണൊന്ന് നനഞ്ഞത് അന്നായിരുന്നു.. പിന്നെ ഒരു കത്ത് കിട്ടിയത് നാല് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്ന് ഡല്‍ഹിക്ക് വരുന്ന ആരുടേയോ കയ്യില്‍ വല്യച്ഛന്‍ കൊടുത്തയച്ചതായിരുന്നു ആ കത്ത്.

കിഷോറേ….

നിന്റെ അമ്മയെ മിനിയാന്ന് ആസ്പത്രിയില്‍ കൊണ്ടു പോയത് കാര്യമായ അസുഖമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ ഇന്നു വെളുപ്പിനു ആയിരുന്നു. നീ വരണം ഒരു പിടി മണ്ണ് അവളുടെ ദേഹത്തിടാന്‍ നീ മാത്രമേ ഉള്ളു.

എന്ന് സ്വന്തം

വല്ലിച്ചന്‍

ഞാനന്ന് ഓസ്ട്രെലിയയില്‍ ആയിരുന്നു ഒരു ലിറ്ററേച്ചര്‍ മീറ്റില്‍ ആയിരുന്നു. തിരികെ വന്നപ്പോഴാണ് കത്തു കിട്ടിയത്. അപ്പോഴേക്കും അമ്മ മരിച്ച് ആറുമാസം കഴിഞ്ഞിരുന്നു അന്നു തീരുമാനിച്ചു ഇനി നാട്ടിലേക്കില്ല എന്ന്. അതിനുശേഷം നാട്ടില്‍ നിന്ന് വരുന്നത് ഈ കത്താണ്.

ബഹളം കേട്ടാണ് പെട്ടന്ന് ശ്രദ്ധ മാറിയത്. താഴെ ഗല്ലികളില്‍ തളം കെട്ടികിടന്നിരുന്ന ചോരക്കറ പതുക്കെ പരന്നു തുടങ്ങിരുന്നു. ശ്യാം സുന്ദറിന്റെ ഡാബയില്‍ നല്ല തിരക്കാണ്. എന്നും ജോലി കഴിഞ്ഞ പോകുന്ന ആളുകള്‍ ഇവിടെ വന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. സേവ് പുരി, പാനി പൂരി, പാവ് ബാജി എന്നിങ്ങനെ ഒരു പാട് വിഭങ്ങളുണ്ടവിടെ. കൂട്ടത്തില്‍ പുതിയ വിശേഷങ്ങളും കേള്‍ക്കാം. അതിന്റെ ബഹളമാണവിടെ മെട്രോ നഗരമാണെങ്കിലും ഇത്തരം ചെറിയ കടകള്‍ ഇവിടെ ധാരാളമുണ്ട്. ഡാബകള്‍ എന്നാണ് അവയെ പറയുന്നത്.

മേലൂരില്‍ ഗവണ്മെന്റ് ആസ്പത്രിക്കടുത്ത് ചാക്കോ മാപ്ലയുടെ തട്ടുകടയാണ് അത് കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്. വൈകുന്നേരമായാല്‍ അവിടേയും നല്ല തിരക്കാണ്. ആസ്പത്രിയിലെ അളുകള്‍ക്കുള്ള ഭക്ഷണം അവിടുന്നായിരുന്നു എല്ലാവരും വാങ്ങിയിരുന്നത്. ഫാര്‍മസിയിലെ പെമ്പിള്ളേരെ കാണാന്‍ പോയിരിക്കുമായിരുന്നു. ലതേടെ വീടും അവിടടുത്താണ്.

താഴെ കടയില്‍ നിന്ന് ശേഖരന്‍ ഭക്ഷണ പൊതിയുമായി മുകളില്‍ വന്നു ‘’ സലാം സാബ്’‘ ഒരു സലാം അതവന്റെ പതിവാണ്.

അവകാശമെന്ന് വേണമെങ്കില്‍ പറയാം ഭക്ഷണം മേശയില്‍ വച്ചിട്ട് അവന്‍ താഴേക്കു തന്നെ പോയി. ജഗ്ഗില്‍ നിന്നും വെള്ളമെടുത്ത് കുടിച്ച് കിഷോര്‍ കത്തെടുത്തു പൊട്ടിച്ചു.

ബഹുമാനപ്പെട്ട സര്‍

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന മേലൂരിലെ പ്രണയ ലേഖനം എന്ന സാറിന്റെ നോവലിന്റെ അവസാന ഭാഗം കഴിഞ് ലക്കമായിരുന്നല്ലോ. കഥയെ പറ്റിയുള്ള പ്രതികരണങ്ങളും അഭിപ്രായങ്ങളും കൊണ്ട് ഓഫീസ് നിറഞ്ഞിരിക്കുകയാണ്. ഫോണ്‍ കോളുകള്‍ വേറെ. എല്ലാവര്‍ക്കും സാറിന്റെ അഡ്രസും ഫോണ്‍ നമ്പറുമാണ് ആവശ്യം. കത്തുകളില്‍ ചിലത് ഇതിനോടൊപ്പം കൊടുത്തയക്കുന്നു സഹായ സഹകരണങ്ങള്‍ക്ക് നന്ദി. സാറിന്റെ കഥകള്‍ ഇനിയും തുടര്‍ന്നു പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ക്കു ആഗ്രഹമുണ്ട് മറുപടി പ്രതീക്ഷിക്കുന്നു

വിശ്വസ്ഥതയോടെ എഡിറ്റര്‍

പതിയെ കടലാസുപൊതിയെ ഒന്ന് സൂക്ഷിച്ചു നോക്കി അതെടുത്ത് അലമാരക്കു കീഴെയുള്ള തട്ടില്‍ വച്ചു. ദിവസങ്ങളും മാ‍സങ്ങളും കടന്നു പോയതു പെട്ടന്നായിരുന്നു. കവികളേയും എഴുത്തു കാരേയും ആദരിച്ചുകൊണ്ടുള്ള The Maureen Egen Writers Exchange Award 2010 ന് കിഷോര്‍ അര്‍ഹനായി. ന്യൂയോര്‍ക്കിലെ ബിങ്ങ്ഹാംടണ്‍ യൂണിവേഴ്സിറ്റിയുടെ അതിഥിയായി യു എസ്സിലേക്കു പോകാനൊരുങ്ങുകയാണ് കിഷോര്‍. എയര്‍പോര്‍ട്ടില്‍ യാത്രയയക്കാന്‍ ഒരു പാടു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എല്ലാവരോടുമായി മനസ്സില്‍ പറഞ്ഞു. ഇനി ശിഷ്ടകാലം അവിടെ തനിക്കാരുമില്ലാത്ത നാട്ടിലേക്ക് ഒരു തിരിച്ചുവരവില്ല.

പുതിയ താമസക്കാര്‍ക്കു വേണ്ടി മുറി വൃത്തിയാക്കുകയാണ് ശേഖര്‍. കുറച്ചു കടലാസു കഷ്ണങ്ങളും ഒഴിഞ്ഞ പേനയും മാത്രമേ അവിടുള്ളു. അലമാരിക്കടിയിലെ പൊതി അവനപ്പോഴാണ് ശ്രദ്ധിച്ചത്. എടുത്തപ്പോഴേക്കും അതഴിഞ്ഞു വീണു. മുറി നിറയെ കത്തുകള്‍ അവനതെല്ലാം വാരിപ്പെറുക്കി ചവറ്റുകൊട്ടയുടെ വിശപ്പകറ്റി കത്തിക്കാനായി കൊണ്ടു പോയി. വീണ കൂട്ടത്തില്‍ ഒരു കത്ത് മാത്രം കട്ടിലിനടിയില്‍ പെട്ടത് അവന്‍ കണ്ടില്ല. പോകാന്‍ മനസു വരാതെ കട്ടിലിനടിയിലേക്ക് ഒളിച്ചിരുന്ന ഒരു കത്ത്. മറഞ്ഞു കിടക്കുന്ന ആ കത്തിനു പിന്നിലെ അഡ്രസ്സ് വ്യക്തമാണ്.

ലത കെ.എ, കാരാശേരി വീട്‌.

Generated from archived content: story1_oct16_13.html Author: sruthy_ks

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here