ഇല്ല, ഇടതുകവിളിലെ രണ്ടു ചുളിവുകൾ ഇനിയും മുഴുവനായും മാഞ്ഞിട്ടില്ല. ഇടത്തെ കൺകോണിൽ നിന്നും കവിളിലൂടെ ഒലിച്ചിറങ്ങുകയാണ് നരച്ച രണ്ടു ചാലുകൾ. റൂഷിന്റെ കട്ടിയുളള അടരുകൾക്കിടയിലെ കനത്ത പ്രതിരോധത്തിനുമപ്പുറത്തേക്ക് അവ വളർന്നുകൊണ്ടേയിരുന്നപ്പോൾ പ്രിയംവദാവർമ്മയ്‌ക്ക് വീണ്ടും എന്തെന്നില്ലാത്ത ദേഷ്യം വന്നു. നെറ്റിയിൽ ഉരുണ്ടുകൂടുന്ന വിയർപ്പുതുളളികൾ തട്ടിനീക്കി പ്രിയംവദ മധുരമായി മൊഴിഞ്ഞു.
“മിസ്സിസ്സ്. എലിസബത്ത് ജോൺസൺ, എന്റെ പ്രിയപ്പെട്ട ഏലിയാമ്മേ, ഒന്നു പതുക്കെയെങ്കിലും ചിരിക്കാമായിരുന്നെങ്കിൽ ഈ ചുളിവുകൾ നീങ്ങിയിരുന്നേനില്ലേ? ഇതിപ്പോ ദിവസം ഒന്നു മുഴുവനുമാവാറായി ഞാനീ പാടു തുടങ്ങിയിട്ട്.”
എലിസബത്ത് ജോൺസന്റെ വെളുത്ത നീണ്ട രണ്ടു മുടിയിഴകളെ പ്രിയംവദ കൗതുകപൂർവ്വം മുഖത്തേക്ക് നീക്കിയിട്ടു. എന്നിട്ടും മറയുന്നില്ല, ആ ചുളിവുകളുടെ നിർവികാരത.
പൊന്തിവന്ന മടുപ്പോടെ പ്രിയംവദ സെറ്റിയിൽ ചാരിയിരുന്നു. വട്ടത്തിൽ മുറിച്ച വെളളരിക്കാക്കഷണങ്ങളും ഉണങ്ങിയ നാരങ്ങാമുറികളും മേശപ്പുറത്താകെ ചിതറിക്കിടക്കുന്നു. ഹെയർഡ്രയറിന്റെ ഇളംനീലവയറിൻമേൽ പാൽപ്പാടയുടെ ഒരു തുളളി വിറങ്ങലിച്ചു കിടക്കുന്നു. ഷഹനാസ് ഹുസൈന്റെ ബ്യൂട്ടിബുക്കിനടിയിൽ അന്നത്തെ പത്രം. വിരസതകൾക്കിടയിലിരുന്ന് പ്രിയംവദ വെറുപ്പോടെ കണ്ണടച്ചു. പിന്നെ, മൂന്നുമണിയുടെ കുയിലൊലി മെല്ലെ ഒഴുകിവന്നപ്പോൾ ഞെട്ടലോടെ പ്രിയംവദ ഓർത്തു, “ഇന്നീ നേരം വരെയും ഭക്ഷണം കഴിച്ചിട്ടില്ല.”
തണുത്ത ചോറും കൂട്ടാനും പ്ലേറ്റിലെടുത്ത് തിരികെ വന്നപ്പോൾ മിസ്സിസ് എലിസബത്ത് ജോൺസൺ പ്രിയംവദയ്‌ക്ക് വലിയൊരു അതിശയമായി.
“എങ്കിലും ഏലിയാമ്മച്ചീ, നിങ്ങളൊരു വല്ലാത്ത ഭാഗ്യവതിയാട്ടോ. അമ്മച്ചിക്ക് – അതും സ്വന്തം അമ്മയാണെങ്കിൽ പോട്ടെ – ക്യാമറയിൽക്കൂടി നോക്കുമ്പോ വല്ലാത്തൊരു തേജസ്സു വേണംന്നാട്ടോ നിങ്ങടെ മരുമകള് പറഞ്ഞത്. ദാ, ഇപ്പോത്തന്നെ നിങ്ങൾക്ക് ഫേഷ്യലും ത്രഡിംഗും ഹെയർഡ്രസ്സിംഗുമൊക്കെയായിട്ട് നല്ലൊരു സംഖ്യയായിട്ടുണ്ട്. കണ്ണിനു താഴെയുളള ആ കറുത്ത അരിമ്പാര കളയാൻ പാടുപെട്ടത് വേറെ. എന്തു തന്നെയായാലും വേണ്ടില്ല്യ; പത്തഞ്ഞൂറ് ആൾക്കാരും വീഡിയോയും ഒക്കെ ഉണ്ടാവണതാണ്, അമ്മച്ചി മോശായാ പറ്റില്ല്യാന്ന് മേരിച്ചേച്ചി പറഞ്ഞപ്പോ ശരിക്കും ഞാനും കൂടി വല്ലാതായി. ഇന്നത്തെക്കാലത്ത് ഇങ്ങനത്തെ മക്കളുണ്ടാവണതും ഒരു ഭാഗ്യാണ്‌ട്ടോ. ദാ, ഇപ്പോത്തന്നെ മേരിച്ചേച്ചി എത്ര പ്രാവശ്യായി വിളിക്കുന്നു.”
കൂട്ടാൻ പാതിവെച്ച് തീർന്നുപോയപ്പോൾ ദുപ്പട്ടയുടെ അറ്റം തലയിലൂടെ വലിച്ചിട്ടുകൊണ്ട് പ്രിയംവദ എണീറ്റു. പിന്നെ തണുത്ത കൂട്ടാൻ ചോറിലൊഴിച്ചുകൊണ്ടിരിക്കുമ്പോൾ എലിസബത്ത് ജോൺസന്റെ മുഖത്തെ ചുളിവുകൾ പ്രിയംവദയ്‌ക്ക് വീണ്ടും ഒരു പ്രശ്‌നമായി. തന്റെ വിലകൂടിയ സൗന്ദര്യസംരക്ഷണത്തിനു മുകളിലേക്ക് ആ ചുളിവുകൾ നിവർന്നുനിൽക്കാൻ തുടങ്ങിയപ്പോൾ പ്രിയംവദ ബാക്കിവന്ന ചോറ് മടുപ്പോടെ വെയ്‌സ്‌റ്റ് ബാസ്‌ക്കറ്റിൽ നിക്ഷേപിച്ചു.
മിസ്സിസ്സ് എലിസബത്ത് ജോൺസന്റെ വിതുമ്പുന്ന മുഖത്തേക്ക് നോക്കി പ്രിയംവദ ഇരുന്നു. കവിളിലേക്ക് നീക്കിയിട്ട വെളളിയിഴകൾ ധാർഷ്‌ട്യത്തോടെ മാറിയിരിക്കുന്നു. പിന്നെയും അതേ ചുളിവുകൾ. ശാന്തമായി, തീർത്തും ശാന്തമായി പ്രിയംവദ ആ വെളളിയിഴകളെ വീണ്ടും ഒതുക്കിനിർത്തി. പുറത്തെ വെയിലിൽ തളർന്ന്, മുഷിഞ്ഞ മണവും പേറിവന്ന ഒരു പഴഞ്ചൻകാറ്റിൽ വെളളിമുടിയിഴകൾ സമൃദ്ധമായി ഉലഞ്ഞു.
ദുപ്പട്ടയുടെ ചുളിവുകൾ വിടർത്തിയിട്ടുകൊണ്ട് പ്രിയംവദ എണീറ്റു.
മുറിയ്‌ക്കുളളിലെ കനത്ത നിശ്ശബ്‌ദതയിൽ സമയം കിതയ്‌ക്കുന്നു. നേരിയ അസ്വസ്ഥതയോടെ പ്രിയംവദ ഫാനിന്റെ സ്പീഡ് കൂട്ടി. പിന്നെ, വല്ലാത്തൊരു തമാശയോടെ, എലിസബത്ത് ജോൺസന്റെ പഴകിയ ശരീരത്തെ അവഗണിച്ചുകൊണ്ട് പ്രിയംവദ ഒരു മൂളിപ്പാട്ട് പാടി.
പിന്നെയും, ഒന്നും ചെയ്യാനില്ലാതായപ്പോൾ, പ്രിയംവദയ്‌ക്ക് മുഷിഞ്ഞപ്പോൾ അലിവോടെ ഫോൺ ശബ്‌ദിച്ചു.
കഷ്‌ടപ്പെട്ട് പരിശീലിച്ചെടുത്ത കൊഞ്ചലോടെ പ്രിയംവദയുടെ വാക്കുകൾ കിലുങ്ങിച്ചിരിച്ചു.
“മേരിച്ചേച്ചീ, ദാ കഴിഞ്ഞൂട്ടോ. എന്താ? ആ, ആയ്‌ക്കോട്ടെ. ഇനി ധൈര്യായിട്ട് ആർക്കുവേണമെങ്കിലും വിളിച്ചറിയിച്ചോളൂ. ഞങ്ങള് ദാ വന്നൂട്ടോ. അമ്മച്ചിയെ കണ്ടാപ്പോ മേരിച്ചേച്ചി തന്നെ അത്ഭുതപ്പെടും. പിന്നെ ഇടത്തെ കവിളില് രണ്ട് ചുളിവുകൾ… അത്രയ്‌ക്കങ്ങട് കാണ്വൊന്നൂല്ല്യ. എന്നാലും എന്തു ചെയ്‌താലും അതങ്ങട് പോണില്ല്യ. വേറെ…, വേറൊന്നൂല്ല്യ. എന്ത്? എന്താണ്? ഓ അതൊന്നും വേണ്ട. ആറരക്കല്ലേ ഫ്യൂണറൽ? നാലരയാവുമ്പഴയ്‌ക്കും അമ്മച്ചിയേയും കൂട്ടി ഞാനങ്ങടെത്താം. അപ്പോ ശരി. ഇനി വീട്ടിലെത്തീട്ട് കാണാം.”
ഫോൺ താളാത്മകമായി താഴെവെച്ച് പ്രിയംവദ മിസ്സിസ്സ് എലിസബത്ത് ജോൺസനടുത്തേക്ക് നടന്നു. പിന്നെ…., വെളളിയിഴകളെ മുഖത്തേക്കിറക്കിയിട്ട്, തണുത്ത താടിയിലൂടെ വെളുത്ത റിബ്ബൺ ചേർത്ത് കെട്ടി, മൂക്കിന്റെ ദ്വാരങ്ങളിൽ പഞ്ഞി തിരുകിവെച്ച്, വെളുത്ത സാരിയുടെ ചുളിവുകൾ ഒന്നുകൂടി ശരിയാക്കിയിട്ട് പ്രിയംവദ നിവർന്ന് നിന്ന് ദീർഘമായി ശ്വസിച്ചു.
പിന്നെ…. ബ്യൂട്ടിപാർലറിന്റെ വാതിൽ തുറക്കുന്നതിനിടയ്‌ക്ക് അകത്തേക്ക് നോക്കി പ്രിയംവദാവർമ്മ ഉറക്കെ വിളിച്ചു പറഞ്ഞു; “സരസ്വതിയമ്മേ, ഈ കസ്‌റ്റമറെ എന്റെ കാറിന്റെ പിൻസീറ്റിലേക്കൊന്ന് കയറ്റിക്കിടത്തണംട്ടോ. അപ്പഴയ്‌ക്കും ഞാനൊന്നു മുഖം കഴുകിയിട്ട് വരാം.”
Generated from archived content: story-jan21.html Author: sruthy-n