കുഞ്ഞുകഥകളുടെ മിന്നാമിന്നികൾ

വിഷ്‌ണുശർമ്മന്റെ ‘പഞ്ചതന്ത്രം’ ഇന്ത്യൻ ബാലസാഹിത്യത്തിന്‌ ഉത്തമമായ ഒരു രൂപവും ലക്ഷ്യവും നല്‌കി (പഞ്ചതന്ത്രം വായിക്കുമ്പോൾ കുഞ്ഞുങ്ങളുടെ മാത്രമല്ല വലിയവരുടെയും കണ്ണുതെളിയും എന്നത്‌ മറ്റൊരു സത്യം). മലയാളത്തിൽ ബാലസാഹിത്യത്തിന്‌ അഭിമാനിക്കത്തക്ക ഈടുവയ്‌പുകളുണ്ട്‌. സുമംഗലയും മാലിയും കുഞ്ഞുണ്ണിമാഷും സിപ്പി പളളിപ്പുറവും ഈ മേഖലയുടെ അമരം പിടിച്ചു. കുമാരനാശാനും ശങ്കരക്കുറുപ്പും വൈലോപ്പിളളിയും എം.ടി. വാസുദേവൻനായർ വരെ കുഞ്ഞുങ്ങൾക്കായി പാട്ടുപാടുകയും കഥ പറയുകയും ചെയ്‌തിട്ടുണ്ട്‌. ഇതിൽ നിന്നെല്ലാം മലയാള ഭാഷ ബാലസാഹിത്യത്തെ എന്നും പോഷിപ്പിക്കുകയും ഒന്നാംകിടയിൽത്തന്നെ ഇരുത്തുകയും ചെയ്‌തിട്ടുണ്ട്‌ എന്നു ബോദ്ധ്യമാവും. അഷിതയുടെ പുതിയ പുസ്‌തകം ആ അരങ്ങിൽ തലയുയർത്തിനില്‌ക്കാൻ തീർച്ചയായും പ്രാപ്‌തമാണ്‌.

അതിവിശാലമായ ഗാലറിയാണ്‌ അഷിതയുടെ സമാഹാരത്തിലെ കുഞ്ഞുകഥകളുടേത്‌. വ്യത്യസ്‌തമായ നിരവധി പൂക്കളിൽനിന്ന്‌ ശേഖരിച്ച തേൻതുളളികൾപോലെ, അതിൽ കാട്ടുജന്തുക്കൾ മുതൽ ശ്രീബുദ്ധൻവരെ കഥാപാത്രങ്ങളാവുന്നു. ഇതിഹാസ-പുരാണങ്ങളിൽനിന്നും ഉപനിഷത്തുകളിൽനിന്നും നീതിസാരത്തിൽനിന്നും പഴങ്കഥക്കൂട്ടങ്ങളിൽനിന്നും നാടോടിക്കഥകളിൽനിന്നും റോബർട്ട്‌ബ്രൂസിന്റേതുപോലെ വിശ്വപരിചിതമായ കഥകളിൽ നിന്നുമെല്ലാം ആവശ്യമുളളതും ഉദാത്തമായവയും അഷിത സ്വീകരിച്ചിട്ടുണ്ട്‌. വെറും കഥപറച്ചിൽ മാത്രമല്ല അവയ്‌ക്കു പിറകിൽ, നിയതമായ ഒരു ലക്ഷ്യവും ജീവിതത്തിന്റെ ഏതെങ്കിലും അജ്ഞാത സന്ദർഭങ്ങളിൽ ഉപയോഗിക്കപ്പെടണം എന്ന നിർബന്ധവും ഓരോ കഥയുടെയും തിരഞ്ഞെടുപ്പിന്‌ പിറകിലുണ്ട്‌.

മേഘത്തിലുരസി നില്‌ക്കുന്നതിൽ അഹങ്കരിച്ച ദേവദാരു മരത്തോട്‌ നിലംപതിഞ്ഞു കിടക്കുന്ന കുറ്റിക്കാടു പറയുന്നുഃ ‘അഹങ്കരിക്കല്ലെ ദേവദാരു മരമേ, നാളെ മരം വെട്ടുകാർ വരും. അവർ നിന്നെ മുറിക്കും. അപ്പോൾ നീ വിചാരിക്കും കുറ്റിക്കാട്ടിൽ ഒരു ചെടിയായാൽ മതിയെന്ന്‌. തീരാത്ത ആഗ്രഹങ്ങളുടെ മായാലോകത്ത്‌ വളരാൻ വിധിക്കപ്പെടുന്ന കുട്ടികൾക്ക്‌ (വലിയവർക്കും) ഈ കുഞ്ഞുകഥ നല്‌കുന്ന വിവേകമെത്രയാണ്‌!’

എലിയെ വിഴുങ്ങിപ്പോയതിന്‌ പ്രതിവിധി തേടിയ സ്‌നേഹിതനോട്‌ മുല്ലാ നസറുദ്ദീൻ പറയുന്നുഃ ‘സംശയമെന്ത്‌, ജീവനുളള ഒരു പൂച്ചയെക്കൂടി വിഴുങ്ങിക്കൊളളുക.’ ഫലിതമെന്നാൽ കോമാളിത്തവും ഗോഷ്‌ടികളുമാണെന്ന്‌ ധരിച്ചുവശായ പുതിയ കാലത്തെ കുഞ്ഞുങ്ങൾക്ക്‌, ഇത്തരത്തിലുളള ഫലിതം നർമ്മബോധത്തെ സൂക്ഷ്‌മപ്പെടുത്താനും രക്ഷപ്പെടുത്താനും ഉപകരിക്കും.

ഒറ്റപ്പിഴവുപോലും അനുവദിക്കാത്ത ജാഗ്രതയാണ്‌ കുഞ്ഞുങ്ങളുടേത്‌. അതറിഞ്ഞുകൊണ്ടുതന്നെ തെളിഞ്ഞ അരുമയായ ഭാഷയിലാണ്‌ അഷിത ഓരോ കഥയും പറഞ്ഞിരിക്കുന്നത്‌. ഏറ്റവും ലളിതമായി പറയുക എന്ന ഏറ്റവും ദുഷ്‌കരമായ കൃത്യം ഭംഗിയായിത്തന്നെ കഥാകാരി സാധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ കഥകൾ അവ വായിക്കുന്ന കുഞ്ഞുങ്ങളിലേക്ക്‌ ഭാഷയുടെ ലളിതലാവണ്യവും പകരുന്നു. അതവരെ ഭാവിയിൽ ഒരു പരിധിവരെയെങ്കിലും മലയാളത്തോടു ചേർത്തു നിർത്തിയേക്കാം.

കെട്ടിലും മട്ടിലും ചിത്രണത്തിലും മികവുപുലർത്തുന്ന പുസ്‌തകം…

365 കുഞ്ഞുകഥകൾ, അഷിത, ഡി സി ബുക്‌സ്‌, പേജ്‌ ഃ 316, വില ഃ 150.00

Generated from archived content: book1_june23_05.html Author: srikanth_kottakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English