അശാന്തനായി അശ്വത്ഥാമാവ്‌

വൃണമായ്‌ പഴുത്തൊലിക്കും മുറിവും

ദുർഗ്ഗന്ധം വമിക്കും ചോരയുമാ-

യിവിടെ ഉറങ്ങുന്നുണ്ടശ്വത്ഥാമാവി‘-നി

കൂട്ടിരിയ്‌ക്ക ശാന്തനായി നീയും.

വിദ്വേഷത്തീച്ചുവക്കുമാ-

ലോഹക്കണ്ണുമായ്‌, തകർക്കുന്നവർ

മതിവരുവാൻ തച്ചുടയ്‌ക്കട്ടെ,

ശ്രീലകം വാഴും ശ്രീദേവി വിഗ്രഹങ്ങൾ

പനയോലത്താളുകൾക്കിടയിലെ

മഞ്ഞുവീണ മയിൽപ്പീലികണ്ണുകൾക്കിനി-

അഞ്ജനമെഴുതാനോമനിക്കാൻ

മൈഥിലിയില്ല,

പഞ്ചലോഹങ്ങളുരുക്കിയെടുത്ത

ഞാനെന്നഭാവത്തിനാൾരൂപമായ്‌

സടകുടഞ്ഞാർക്കുന്നു നമ്മൾ,

വിഗ്രഹ ഭഞ്ജകർ!

തീപാറും നാസാരന്ധ്രങ്ങളഗ്നി-

ക്കാറ്റൂതി പൂഴിപറത്തി

കാട്ടിലൂടോടി വന്മരങ്ങൾ പിഴുതു-

മമ്മാനമാടി ഗർജ്ജിച്ചതും നമ്മൾ,

പിന്നെ,

മത്തഗജത്തിൻ മസ്തകം പിളർന്നേ-

റ്റം കൊലവിളിച്ചതും,

അഹങ്കാരത്തിമിർപ്പിൽ വെണ്ണീറായ

കൃഷ്‌ണമണികൾ, ദർഭയായ്‌

വീണ്ടും കിളിർക്കാൻ

കടലിലെറിഞ്ഞതും നമ്മൾ;

അമ്മയെവിടെ? നിന്റെ പൈമ്പാൽ

പോരാ, ശമിയ്‌ക്കില്ല, ദാഹം

മാറിടം പിളർക്കട്ടെ,

ചുടുചോര, നനയ്‌ക്കട്ടെ,

നാവുമെന്നധരങ്ങളുമെ-

ന്നുറക്കെച്ചിരിച്ചതും നമ്മൾ;

ഇനി,

മോക്ഷമില്ലാതലയാം,

പാതിപിളർന്ന ശിരസ്സുമായിനി

അശ്വത്ഥാമാവുണ്ടിവിടെ

ആരണ്യകങ്ങളിൽ അശാന്തനായ്‌,

ഗർഭത്തിലമരത്വം നേടിയ

പരിക്ഷിത്തില്ലിനി തോല്പിക്കുവാൻ,

തോറ്റോടുവാൻ പിന്നെ നീയും!

Generated from archived content: asanthanayi.html Author: srihari_r

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here