ഓര്‍ക്കുന്നുവോ..നീയെന്നെ
നിന്റെയീ കളിത്തോഴിയേ..
എവിടെയാണിന്നു നീ..?
പണ്ടു നീ പാടിത്തന്നൊരാ-
പൂങ്കോഴി തന് പാട്ട്
നീയോര്‍ക്കുന്നുവോ?
നമ്മളൊന്നിച്ചിരുന്നൊരാ-
വരാന്തയിന്ന് വിജനം
ഓടിക്കളിച്ചൊരാ കളിമുറ്റം
ഇന്നുമെന്നെ മാടി വിളിക്കുന്നു.
മുഖഛായ മാറിയൊരാ-
പള്ളിയങ്കണത്തില്‍
ഒന്ന്, രണ്ട്, മൂന്നെണ്ണിക്കളിച്ച
കല്പടവുകളില്ലാ….
കാവല്‍ നിന്ന ചോലമരങ്ങളില്ല..
പ്രാവുകള്‍ കുറുകും മേടയില്ല..
മറന്നു വച്ചൊരു-
പുസ്തകക്കെട്ടുപോല് ഓര്‍മ്മകള്‍..
വക്കുപൊട്ടിയ സ്ലേറ്റില്‍
മഷിത്തണ്ടിനാല്‍ മാച്ചുകളഞ്ഞ
നിന്റെ സൌഹൃദം…
വീണു കിടന്നൊരു ഒറ്റമുടിയിതള്
കൈകളാല്‍ മാടി വച്ചു നീ…
ആരും കാണാതെ തന്നൊരു
ചോക്കുപെന്സില്
ഇന്നെന്റെ കയ്യിലില്ലാ..
എവിടെയോകളഞ്ഞുപോയ്..
നിന്നോര്മ്മപോല്
ഓര്‍ത്തെടുക്കുന്നു: ഇന്നു ഞാന്‍
നിന്നെ ..! ആ മുറി പെന്സിലിനെ..
പൂങ്കോഴി തന് പാട്ടിനെ..
വെയില് തുമ്പികള്‍ പാറി-
ക്കളിച്ചൊരാ പൂമുറ്റത്തിനെ..
മായ്ച്ചു കളഞ്ഞൊരു-
സൌഹൃദത്തിനെ… പിന്നെ,
നിന്നിലൂടെ മറഞ്ഞൊരെന്നെയും.
Generated from archived content: poem1_oct20_11.html Author: sreerekha_cm