രണ്ട് സംശയങ്ങള്‍

ഇരുട്ട് പറക്കുന്ന നേരം ആയപ്പോള്‍ ബസ്സില്‍ വെച്ച് ഫോട്ടോ എടുത്തവനെതിരെ പരാതി കൊടുക്കാന്‍ പോലീസ് സ്റ്റേഷനില്‍ അനീഷ കയറുന്ന സമയത്ത്, അവിടെ നിന്ന് ഏകദേശം അര കിലോ മീറ്റര്‍ ദൂരത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്റെ നാലാം നിലയില്‍ അടുത്ത സിനിമയില്‍ അഭിനയിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെയ്ക്കാനൊരുങ്ങുകയായിതുന്നു നടി ദിവ്യ. പ്രൊഡ്യൂസറും ഡയറക്ടറും ഒന്ന് രണ്ട് സിനിമാ പ്രവര്‍ത്തകരും ആ റൂമില്‍ ഉണ്ടായിരുന്നു. അവരെല്ലാം ദിവ്യ എന്ന ന്യൂ ഹോട്ട് സെന്‍സേഷന്റെ മുന്നില്‍ ഭവ്യതയോടെ നിന്നു.

ഒരു കള്ളച്ചിരിയോടെ ഡയറക്ടര്‍ പറഞ്ഞു: ”ഇതൊരു ന്യൂജനറേഷന്‍ സബ്ജക്ട് ആണ്. ദിവ്യ കഴിഞ്ഞ പടത്തിലേ പോലെ കുറച്ച് ബോള്‍ഡ് ആകേണ്ടി വരും.”

“ദിവ്യ ബോള്‍ഡ് ആകും സാര്‍, പക്ഷെ റേറ്റ് അല്‍പം കൂടുമെന്ന് മാത്രം. കഴിഞ്ഞ പടത്തിന് സീന്‍ ബൈ സീന്‍ ക്യാഷ് എണ്ണിത്തന്നിരുന്നു”.

അത് വരെ സംസാരിക്കാതിരുന്ന ദിവ്യയുടെ സഹോദരന്‍ ചാടിക്കയറി പറഞ്ഞു.

ഡയറക്ടര്‍ പ്രൊഡ്യൂസറുടെ മുഖത്തേക്ക് നോക്കി.

”സമ്മതിച്ചിരിക്കുന്നു. പണം എനിക്കൊരു പ്രശ്നമല്ല. പടം കലക്കണം”.

പ്രൊഡ്യൂസര്‍ കുഴഞ്ഞ് ഒരുവിധം പറഞ്ഞൊപ്പിച്ചു. മദ്യലഹരിയാലാണ്ട അയാളുടെ കണ്ണുകള്‍ നടിയെ ഒന്നുഴിഞ്ഞു.

“എന്നാല്‍ കുഴപ്പമില്ല , എന്ത് അഡ്ജസ്റ്റ്മെന്‍റിനും ഇവള്‍ തയ്യാറാണ്”.

“ഓ ഗ്രേറ്റ്,ഇത്ര സപ്പോര്‍ട്ടീവായ കുടുംബത്തെ കിട്ടിയതിന് ദിവ്യ ദൈവത്തോട് നന്ദി പറയണം”.

നടി വിളറിയ ചിരിയോടെ ഇരിക്കുമ്പോള്‍ ക്യാഷ് അടങ്ങിയ സ്യൂട്ട് കെയ്സ് പ്രൊഡ്യൂസര്‍ അവളുടെ അച്ഛന് കൈമാറി.

അതേസമയം അരക്കിലോമീറ്റര്‍ ഇപ്പുറത്ത് പോലീസ് സ്റ്റേഷന്റെ വരാന്തയില്‍ ആധി കയറി ഇരിക്കുകയായിരുന്നു അനീഷ. അവളുടെ മൊബൈലില്‍ നിന്ന് കൂട്ടുകാരികളുടെ നമ്പറുകളിലെയ്ക്ക് കോളുകള്‍ പൊയ്ക്കൊണ്ടിരുന്നു. അപരിചിതമായ ചുറ്റുപാടിനെ അവള്‍ ഭയന്നു.

ഒരു മാസം പോലും ആയിട്ടില്ല ഇവിടെ എത്തിയിട്ട്. അതിന് മുന്നേയാണ് ഈ ദുര്യോഗം. എന്തായാലും വീട്ടില്‍ അറിയിക്കരുതെന്ന് അവള്‍ ആദ്യമേ മനസ്സില്‍ ഉറപ്പിച്ചിരുന്നു. അച്ഛന്‍ ഇപ്പോള്‍ തൊടിയിലെ പണി എല്ലാം കഴിഞ്ഞ് കോലായില്‍ വിശ്രമിക്കുകയാവും. അവരെയൊക്കെ ഈ പ്രശ്നത്തിന്‍റെ പേരില്‍ തീ തീറ്റിക്കാന്‍ അവള്‍ക്ക് മനസ്സ് വന്നില്ല.

സ്റ്റേഷന് പുറത്ത് പോലീസ് ജീപ്പ് വന്ന് നിന്നു. ഓഫീസര്‍ ജീപ്പില്‍നിന്നിറങ്ങി മുറിയില്‍ കയറി. ഒരു പോലീസുകാരന്‍ ഓഫീസറുടെ മുറിയില്‍ കയറി കാര്യം അവതരിപ്പിച്ചു.

”ഹും അവനെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമോ കുട്ടീ”

”കഴിയും സാര്‍”

”എന്തായാലും പരാതി കൊടുത്തിട്ടുണ്ടല്ലോ അവനെ ഞങ്ങള്‍ കണ്ടുപിടിച്ചോളാം. ഇപ്പോള്‍ തല്കാലം പൊയ്ക്കോളൂ.”

സ്റ്റേഷന്‍റെ പടി ഇറങ്ങുമ്പോള്‍ അവളുടെ മനസ്സില്‍ പിടികിട്ടാത്ത കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയായിരുന്നു. നാള ഇന്‍റര്‍്നെറ്റിലെ ഏതെങ്കിലും പേജില്‍ തന്റെ ഫോട്ടോ…….അല്ലെങ്കില്‍ …

അരകിലോമീറ്റര്‍ അകലെ പഞ്ചനക്ഷത്രഹോട്ടലില്‍ മദ്യലഹരിക്കിടയില്‍ ഡിന്നര്‍ ആസ്വദിക്കുമ്പോള്‍ നടി ദിവ്യയ്ക്കും ഒരുപാട് സംശയങ്ങള്‍ തീര്‍ക്കാനുണ്ടായിരുന്നു…..അടുത്ത പടത്തിലെ ബോള്‍ഡ് ആക്ടിനെക്കുറിച്ച്.

Generated from archived content: story1_nov13_13.html Author: sreeraj_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English