ഉന്‍മാദത്തിന്റെ ഏതൊക്കെയോ ഇടങ്ങളില്‍ സ്വയം നഷ്ടപ്പെട്ട് നില്‍ക്കുകയാണ് ഞാന്‍. രാത്രിയില്‍ ഒഴുകിയെത്തുന്ന ഇലഞ്ഞിപ്പൂവിന്റെ ഗന്ധം എന്നില്‍ നിന്നെ നിറക്കുന്നു. എനിക്കെന്റെ പ്രണയത്തെ നിന്നിലേക്കൊഴുക്കുവാന്‍ ഒരു മഴ ഇതാ കൂട്ടു വരുന്നു. ഏകാന്തതയിലലിയാന്‍ വന്ന നീര്‍മണികളോട് എനിക്കു കുറുമ്പ്…. ഈ മഴത്തുള്ളികള്‍ നിന്നെ നനയിക്കുന്നുണ്ടാവില്ലേ… ഒപ്പം എന്റെ മോഹങ്ങളേയും കിനാവുകളേയും മോഹിപ്പിക്കുകയും. എനിക്കു കൂട്ടായ് നിന്ന വരികള്‍ ഇന്ന് യാത്രയിലാണ്. നിന്നെ തിരഞ്ഞ് അവ മലയടിവാരത്തിലും കടമ്പുമരച്ചുവട്ടിലും പോയി… പക്ഷെ നീ ഒരു ചെറു ദൂരത്തിനപ്പുറം നിന്ന് എന്നിലേക്ക് കണ്ണുകളെ അയക്കുന്നു. എന്റെ മിറ്റത്ത് വീണു കിടക്കുന്ന ഇലകള്‍ക്കു പോലും പ്രതീക്ഷയുടെ കരിയിലക്കിലുക്കം. ഓര്‍മ്മിക്കാന്‍ എത്ര മനോഹരമായൊരു മഴക്കാലമാണ് നീയെനിക്കു നല്‍കിയത് പ്രതീക്ഷകള്‍ തുടരട്ടെ.. എന്നില്‍ നീ നിന്നും കത്തുന്നു… ഒരു മെഴുകുതിരി വെളിച്ചത്തിലിരുന്ന് നിന്നെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ വൃഥാ …. നീയെന്നില്‍ മുഖമില്ലാത്തവനായി ലയിച്ചു പോയത് ഞാന്‍ എന്തേ മനസിലാക്കുന്നില്ല. ഇതാണ്, ഞാന്‍ ധരിച്ചിരിക്കുന്ന ഈ നിറമുള്ള വസ്ത്രത്തിന്റെ കുഴപ്പം . നിന്നെയും നിറങ്ങളില്‍ കാണാന്‍ കൊതി. നമ്മള്‍ നിറമോ വസ്ത്രമോ ഇല്ലാത്തവരാണെന്നെന്ന സത്യം ഉള്ളിലെവിടേയോ തട്ടിത്തെറിക്കുന്നുണ്ട്. പക്ഷെ വെളിച്ചമില്ലാത്ത മുറിയില്‍ കത്തിച്ചു വച്ച വിളക്കു പോലെ ഞാന്‍ …. സ്വാഭാവികമായ ഓര്‍മ്മകള്‍ എന്നില്‍ നിന്ന് ഒഴിയുന്നു …ഇരുട്ട് നീളമുള്ള നഖങ്ങള്‍ കൊണ്ട് എന്റെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു. നിന്റെ പ്രണയത്തിന്റെ പ്രകാശമാണെന്നെ ഒരു നിലവിളക്കിന്റെ നാളമെങ്കിലുമാക്കിയത്.
പക്ഷെ എനിക്കു സഹിക്കാനാകാത്തത് നീയെന്നെയറിയാതെ ഒരു കയ്യകലത്തില്‍ നടന്നു മറയുന്നത്. നിശ്വാസത്തിന്റെ ദൂരത്തിരുന്നിട്ടും നമ്മുടെ വസ്ത്രങ്ങള്‍ പരസ്പരം ഒന്നായിട്ടും നീയെന്നെ തിരിച്ചറിയാതെ വെറുതെ ഇങ്ങനെ എന്തൊക്കെയോ കിനാക്കണ്ട് ( ഒരു പക്ഷെ എന്നെത്തന്നെയാകും) അലസമായി എന്തൊക്കെയോ തിരഞ്ഞ് മുഖമുയര്‍ത്താതെ ഒട്ടൊരു നേര്‍ത്ത ചിരിയോടെ മെല്ലെ നടന്നകലുന്നു … ഞാനോ… അന്തകോടി വര്‍ഷങ്ങളില്‍ നിന്നെ തിരഞ്ഞ് അലയുക തന്നെ.. ഇനി നീയെന്നെ തിരിച്ചറിയണമെങ്കില്‍ ഈ പഴയ ഉടുപ്പുകള്‍ നാം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു … കാലങ്ങള്‍ നമ്മെയതിന് പ്രാപ്തരാക്കും. ഇത് കാലത്തിന്റെ വാഗ്ദാനമാണ്. ഉയിരു പുകഞ്ഞ് ഉലകില്‍ അലഞ്ഞ് നമുക്ക് നൊന്തിരിക്കാം, പരസ്പരം കണ്ടിട്ടും കാണാതെ നോക്കിയിരിക്കാം..
ഒന്നു കടലോളം പോയി ഞാന്‍ തിരികെ വന്നപ്പോള്‍ ദൂരെ നിന്ന് പുഴയുടെ നേര്‍ത്ത ഗാനം.
‘’ വരൂ … പ്രിയനേ ഞാന്‍ ഏകയായ് നീലാകാശത്തിനു കീഴില്‍ നിന്നെ തിരിഞ്ഞലഞ്ഞു’‘
എനിക്കും പാടണം … എന്റെ വലിഞ്ഞു മുറുകി നില്‍ക്കുന്ന ഹൃദയത്തെ നുറുക്കി മാറ്റി എനിക്ക് മൂളണം.
നിനക്കു മാത്രം കേള്‍ക്കാനായി.
നമുക്ക് പരിചിതമായ രാഗത്തില്‍.
Generated from archived content: story2_july23_12.html Author: sreeparvathi