ശതകങ്ങളായിക്കാണും മുംബയിലെ സാധാരണക്കാരുടെ ‘സമാന്തര സമീകൃതാ’ ആഹാരമായ ‘വടാപാവ്’ ആവിർഭവിച്ചിട്ട്. രണ്ട് വടാപാവ് തിന്നാൽ ഒരു നേരത്തെ ആഹാരത്തിന്റെ പ്രശ്‌നം തീർന്നെന്നു പറയാം. ഇന്നത്തെ വിലനിലവാരമനുസരിച്ച് കേവലം അഞ്ചുതൊട്ട് ആറുരൂപവരെ മാത്രമാണ് സാമാന്യവലിപ്പമുള്ള ഒരു വടാപാവിന്റെ വില. മഹാനഗരത്തിലെ ഏതു മുക്കിലും മൂലയിലും ഇതുണ്ടാക്കി വിൽക്കുന്നവരുടെ നാൽച്ചക്രവണ്ടികളും മറ്റുപാധികളും കാണാം. ഹോട്ടലിൽ ചെന്ന് ഉണ്ണുകയാണെങ്കിൽ ചുരുങ്ങിയത് 25 രൂപയെങ്കിലും ഒരു റൈസ് താലിക്ക് കൊടുക്കേണ്ടിവരുമ്പോൾ ശമ്പളം കുറവുള്ള പലർക്കും വടാപാവ് അഭയമാകുന്നു.
ഉരുളക്കിഴങ്ങ് വേവിച്ചുടച്ച് ഉപ്പും എരിവും ചേർത്തു കുഴച്ച് കടലമാവിൽ മുക്കി തിളയ്‌ക്കുന്ന എണ്ണയിലിട്ടാണ് ഉരുണ്ട രൂപത്തിലുരുത്തിരിയുന്ന ‘വട’ യുണ്ടാക്കുന്നത്. വടയെ കവചം ചെയ്യുന്നത് മൈദകൊണ്ട് ബേക്കറികളിലുണ്ടാക്കുന്ന സ്‌പോഞ്ച് പോലുള്ള ഒരു തരം ബ്രഡ് ആണ്. ഇതിന്റെ പേരാണ് പാവ്.
‘സമാന്തര സമീകൃതാഹാരം’ എന്നെഴുതിയത് അന്വർത്ഥമായല്ലെങ്കിലും യുക്തിയുക്തമെന്ന് വിശേഷിപ്പിക്കാം. എന്തെന്നാൽ. ആഹാരസമയത്ത് എന്തെങ്കിലും ഭക്ഷണവസ്‌തു വേണമല്ലോ ഒരു ദിനചര്യാഹാരമായി തൊഴിലാളികൾക്കും മറ്റു ഇന്നോളം വടാപാവ് പരിണമിച്ചതിനാൽ മാത്രമാണ് മേലെഴുതിയ വിശേഷണം അർത്ഥവത്താകുന്നത്. ഇന്നോളം പക്ഷേ സ്‌കൂൾ-കോളജ്-കോൾസെന്റർ പിള്ളേർക്കു പോലും ഇത് ഒരു ഹരമെന്നപോൽ മാറിയിരിക്കുന്നു. വീട്ടുകാർക്ക്‘ ’ഡപ്പ‘ കൊടുത്തയക്കേണ്ട പ്രശ്‌നവുമുദിക്കുന്നില്ല. വീടുകളിൽ പാചകം ചെയ്‌തെടുക്കുന്ന ആഹാരപദാർത്ഥങ്ങളുടെ ചെലവും അദ്ധ്വാനവും മറ്റും വിലയിരുത്തുമ്പോൾ പിള്ളേർ നല്ല ചൂടുള്ള വട-സമോസാ-ബജിയാ പാവുകൾ കഴിക്കുന്നതുതന്നെ ഉചിതം. പക്ഷേ ഇതിലെത്രകണ്ട് പോഷകഗുണമുണ്ടെന്ന കാര്യത്തെക്കുറിച്ച് ആരാണ് ആലോചിക്കുവാൻ മെനക്കെടുന്നത്?
വിദ്യാർത്ഥികൾക്കും ഉദ്യോഗസ്‌ഥർക്കും മാത്രമല്ല, ടൈയും ടോപ്പുമണിഞ്ഞ് ആഗോളബാങ്കുകളുടെ വക ക്രെഡിറ്റ് കാർഡുകളും പ്രദർശിപ്പിച്ച് വിലസുന്ന മഹാമാന്യരായ വ്യക്തികൾക്കുപോലും ഈ ’പാവു‘കൊണ്ടു പൊതിഞ്ഞ വട സമോസ, ബജിയ എന്നിവ വഴിവക്കിലെ ദുർഗന്ധം വമിക്കുന്ന തട്ടുകടക്കരികിലോ ചീഞ്ഞു നാറുന്ന കുപ്പകൂട്ടുകൾക്കരികിലോ നിന്ന് തിന്നുന്ന വിശപ്പടക്കൽ പ്രക്രിയ, പുതിയ ലോകം ഒരലങ്കാരമായെന്നോണം മാത്രമായി കാണുന്നുവെങ്കിൽ അതത്ര ശരിയല്ല. യാചകർ, കൂലിപ്പണിക്കാർ, ചെറുകിട തൊഴിലാളികൾ, ഓഫീസർ എന്നുവേണ്ട സകലരും ഒരു പോലെ ഇഷ്‌ടപ്പെടുന്ന വടാപാവ് മുംബയുടെ ഭാഗ്യദേവതയാണ്.
ഇതര പദാർത്ഥങ്ങളുടെ ദൈനംദിനമെന്നപോൽ കുതിച്ചുയരുന്ന വില നോക്കുമ്പോഴും നല്ല ചൂടോടെ പെട്ടെന്നുണർവേകുന്ന ഇത്തരം ’ഫാസ്‌റ്റ് ഫുഡ്‘ എല്ലാവർക്കും വലിയൊരാശ്വാസംതന്നെയെന്നതിൽ തർക്കമില്ല.
’പാവി‘നകത്ത് വയ്‌ക്കാനുള്ള പദാർത്ഥങ്ങൾ ഉണ്ടാക്കുന്നത് തെരുവുകളിലെ തട്ടുകടകൾക്കരികിലും മിതെയുമിടുന്ന നാൽച്ചക്രവണ്ടികളിലും മറ്റുമാണെന്ന് ഏവരും കാണുന്നു. വടയും മറ്റും തിളച്ച എണ്ണ (എന്തെണ്ണയാണെന്ന ചോദ്യം വേണ്ട)യിലിട്ട് വറുത്തെടുക്കുമ്പോൾ കീടങ്ങളത്രയും നശിച്ചുകൊള്ളുമെന്ന ആശ്വാസമുണ്ട്. പക്ഷേ ’പാവ്‘ റെഡിമെയ്‌ഡ് ആണല്ലോ. അതിന്റെ നിർമാണപ്രക്രിയ എത്രപേർ നിരീക്ഷിച്ചിട്ടുണ്ടാവും? അതു കാണണമെങ്കിൽ ബേക്കറികളിൽ തന്നെ ചെന്ന് പരിശോധിക്കണം.
വീട്ടിൽ ചെല്ലുവാൻപോലും, ചെന്നാൽതന്നെ കുടുംബാംഗങ്ങളുമായി – പ്രത്യേകിച്ച് ഭാര്യയും കുട്ടികളുമായി – നാലു കുശലം പറയാൻ, ജോലി സ്‌ഥലത്തെ തിരക്കിനാൽ സമയം വിരളമാകുന്ന പലരും, ബേക്കറികളിൽ ചെന്ന് തങ്ങൾ വീടിനുപറുത്ത് വിശപ്പകറ്റാൻ കഴിക്കാറുള്ള വട-ബജിയ-സമോസാദികളെ പൊതിഞ്ഞുകിട്ടുന്ന ’പാവ്‘ എങ്ങനെ പാകം ചെയ്യുന്നുവെന്ന് നോക്കുവാൻ പോകാനല്ലേ പുതിയുണ്ടാകാൻ പോകുന്നത്.
മറ്റു പല സംസ്‌ഥാനങ്ങളിലുമെന്നപോൽ സർക്കാർ നിയമിത ആഹാര പരിശോധകരോ മറ്റോ നമ്മുടെ മുംബയ് മഹാനഗരത്തിലും ചുറ്റുപാടുകളിലുമുള്ള താനെ, നവിമുംബയ്, കല്യാൺ, ഡോംബിവ്‌ലി, ഉല്ലാസ്‌നഗർ, പുനെ ഇത്യാദി നഗരങ്ങളിലും ഇല്ലാത്തതിനാലും ഇവിടെ ഇത്തരം ആഹാരവണ്ടികൾ ഇടവഴികളിലും പെരുവഴികളിലും മുക്കിലും മൂലയിലുമുള്ള അനധികൃത മല-മൂത്ര വിസർജനേടങ്ങളിലും ലക്ഷോപലക്ഷം വീടുകളിലെ കുപ്പയും മറ്റും ചീഞ്ഞളിഞ്ഞുകൂടുന്ന സ്‌ഥലങ്ങളിലും തമ്പടിച്ച് ചുടുചുടെ എണ്ണയിലിട്ട് മൂപ്പിച്ചെടുക്കുന്നത് വാങ്ങി കഴിക്കാൻ വരുന്ന ആൾക്കൂട്ടങ്ങൾ ഈ ചെറുകിട ആഹാരകച്ചവടക്കാരിൽ പലരെയും നാളെ വൻകിട ഹോട്ടലുകളും മറ്റും തുറക്കുവാൻ കഴിവുള്ളവരാക്കിത്തീർക്കുന്നു. രാഷ്‌ട്രീയ കക്ഷികളുടെ തണലിൽ ’ഹഫ്‌ത‘ പിരിക്കുന്ന തെമ്മാടികൾക്ക് കൊടുക്കേണ്ട കാശ് ഒഴിച്ചാൽപിന്നെ, മറ്റു സർക്കാർ കരമോ നികുതിയോ ഒന്നും കൊടുക്കാൻ ബാദ്ധ്യസ്‌ഥരാകുന്നില്ല. അതുകൊണ്ട് ഇവർ മുംബയിൽ ദിവസേന ആയിരക്കണക്കിന് രൂപയാണ് സമ്പാദിക്കുന്നതെന്ന് വ്യക്തമാകും.
എങ്കിലും പ്രശ്‌നം വീണ്ടും വടാപാവിൽ തന്നെ മേൽക്കുറിച്ചപോൽ ബഹുഭൂരിപക്ഷം പേർക്കും ബേക്കറിയിൽ ചെന്ന് പാവ് എങ്ങനെ ഉണ്ടാക്കുന്നുവെന്ന് നോക്കുവാൻ സമയമില്ലെങ്കിലും, ചുരുക്കം ചിലർ ചെന്ന് നിരീക്ഷിക്കാതെയുമിരുന്നിട്ടില്ല. ആ ചിലർ കണ്ടത്, എപ്പോഴെല്ലാമോ, വിവരിച്ചപ്പൊഴെല്ലാം വിചിത്രവും അതിലുമധികം അരോചകമായും തോന്നി.
എല്ലായിടത്തുമല്ല, പക്ഷേ, ചില ബേക്കറികളിൽ പാവ് പാകം ചെയ്യുവാൻ വയ്‌ക്കുന്നതിനു മുന്നെ അച്ചുകളിൽ നിറയയ്‌ക്കുവാൻ മാവ് തയ്യാറാക്കുന്നത് താഴെ നിലത്ത് പൊടിയിട്ട് വേണ്ടത്ര വെള്ളം ചേർത്തു കൂരയിൽനിന്ന് തൂങ്ങുന്ന ചരടുകളിൽ പിടിച്ച് വൃത്തിയുള്ളതോ അല്ലാത്തതോ ആയ കാലുകൾകൊണ്ട് കുഴച്ചാണത്രെ. ഇത്തരം ചവിട്ടിക്കുഴച്ചമാവാണ് ’പാവ്‘ രൂപത്തിൽ റെഡിമെയ്‌ഡായി മേൽവിവരിച്ച വടാപാവ് കേന്ദ്രങ്ങളിലെത്തുന്നത്. അഴുക്കുള്ളതോ അല്ലാത്തതോ ആയ കാലുകളോ കൈകളോകൊണ്ട് കുഴച്ച മാവും മാവുതന്നെ. ഉരുത്തിരിയുന്ന പാവും പാവുതന്നെ. ശരി, സമ്മതിച്ചു. ആർക്കും ഒരു പ്രശ്‌നവുമില്ലെന്നിരിക്കട്ടെ. പക്ഷേ, ഈ പാവ് ഏതു നിലയിൽ വടാപാവുകാരുടെയും പാവ് മാത്രം ഇതര സാധനങ്ങളെന്നപോൽ വിൽക്കുന്ന കടകളിലും മറ്റും ’പാവ്‌വാലാ, പാവ്‌വാല‘ എന്നിങ്ങനെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞറിയിച്ചുകൊണ്ട് വീടുകൾക്കും ഫ്ലാറ്റുകൾക്കും കുടിലുകൾക്കുമിടയിലൂടെ സൈക്കിളുകളിലും ബൈക്കുകളിലും തലച്ചുമടായും കവറുകൂടാതെ, ചേറുപുരണ്ട കേരിയറുകളിലും വൃത്തികെട്ട പോളിത്തിൻ തുണിസഞ്ചികളിലും കൊണ്ടു നടന്ന് വിൽക്കുമ്പോഴും വായിൽനിന്നുതിരുന്ന തെറികൾക്കെന്നകണക്കെ വിലയില്ലാത്ത ഒരു ലോകത്താണ് നാമെന്ന മാനവജീവികളും കഴിഞ്ഞുകൂടുന്നതെന്ന വസ്‌തുത നമ്മളാരും അറിയുന്നില്ല.
ചില ചെറുകിട ഹോട്ടലുകാരും മറ്റും ഈ ’പാവ്‘ വില്‌പനക്കാരിൽ നിന്ന് കൈകാണിച്ചു വാങ്ങി അത് നേരെചൊവ്വെ മൂടിവയ്‌ക്കാൻപോലും മുതിരാതെ കടകളോട് ചേർന്ന് ഗട്ടർവക്കിൽ വയ്‌പിച്ച് കാശു കൊടുക്കുന്നതുപോലും യഥാസ്‌ഥിതിയറിയാൻ മെനക്കെടുന്നവർക്ക് കാണുവാൻ കഴിയും.
എങ്കിലും, പണ്ടൊരു ബ്രിട്ടീഷ് രാഷ്‌ട്രീയക്കാരൻ കഴുതകളോട് താരതമ്യപെടുത്തിയ ജനതയെന്ന, നാമടക്കമുള്ള മർത്യജീവികൾ ഈ കലികാലത്ത് യാതൊരപാകതകളും കണ്ടില്ലെങ്കിലും അതിൽ വൃത്തിയും വെടിപ്പും പാലിക്കുന്ന ചുരുക്കം ചിലരായ നാം അസഹ്യരാണെന്ന വസ്‌തുത അവശേഷിക്കുന്നു.
’സിർഫ് ഘർ കാ ഖാനാ ഖാവോ‘ (വീട്ടിൽ പാകം ചെയ്യുന്ന ആഹാരം മാത്രം കഴിക്കുക) എന്ന് പല മാന്യരും ഉപദേശിക്കുമ്പോൾ, ഇന്നത്തെ ബഹുഭൂരിഭാഗം പിള്ളേരും മറ്റും ’വീട്ടിലെ ആഹാരം കഴിക്കുന്നതിൽ ഒരു രസവുമില്ല‘ എന്നാണ് പറയുന്നത്.
പലരും പറഞ്ഞറിവുള്ള മറ്റൊരു വചനമാണ്, ’ഹോട്ടലുകളിലെ പാചകശാലകളിൽ പരിശോധിച്ചാലറിയാം. എത്രത്തോളം വൃത്തിയും വെടിപ്പും പാചകക്കാർ പാലിക്കുന്നു‘ എന്ന്. പക്ഷേ എല്ലാ ഹോട്ടലുകളെയും ഒന്നടങ്കം വൃത്തിഹീനമായി മുദ്രകുത്താനാകില്ല ഇക്കാലത്തും സത്യസന്ധരുള്ളതുകൊണ്ട് അതിൽ ചിലർ തങ്ങളുടെ തൊഴിലാളികളെ വൃത്തിപൂർവം ആഹാരം പാകം ചെയ്‌വാൻ അനുശാസിക്കുന്നുണ്ടാകാം. മണ്ണും പൊടിയും ചെളിയും കലർന്ന പച്ചക്കറികൾ കഷ്‌ണിച്ച് കഴുകാതെ പാകംചെയ്യുകയും മസാല മണത്താൽ തുമ്മിയും ചീറ്റിയും കറികളും കൂട്ടാനും ചോറും തയ്യാറാക്കുന്ന ’pure vegetarian‘ എന്ന ബോർഡ് തൂക്കിയിട്ട ചെറു-വൻകിട ഹോട്ടലുകൾ ധാരാളമാണെന്നു സാരം. അതുപോലെ, എല്ലാ വടാപാവുകാരെയും മോശക്കാരായി മുദ്രകുത്താനാവില്ല. നല്ല വൃത്തിയോടെ ഭക്ഷണം പാകം ചെയ്യുന്ന ഹോട്ടലുകളെന്നപോൽ വൃത്തിയോടെ പ്രവർത്തിക്കുന്ന ബേക്കറികളും അവകളിൽനിന്ന് പാവ് സംഭരിച്ച് ശുചിത്വം പാലിക്കുന്ന വടാപാവ് വില്‌പനക്കാരും ഇന്നുമുണ്ട് എന്ന വസ്‌തുതയും അംഗീകരിക്കാം.
’എങ്ങനെയെങ്കിലും കാശുസമ്പാദിക്കാൻ മാത്രം പഠിപ്പിക്കുന്ന ഇന്നത്തെ പല വിദ്യാലയങ്ങളിലുമുള്ള അഭ്യസനസമ്പ്രദായവും വൃത്തിക്കും വെടിപ്പിനും സംസ്‌കാരത്തിനും വില കാണുന്നില്ലെങ്കിൽ കാലം മൂർദ്ധന്യകലിയുടെതാകയാൽ അതും ന്യായീകരിക്കാനേയൊക്കൂ. വടാപാവിന്റെ മഹത്വംകൊണ്ടാണ് ഒരു ചാൺ വയറു നിറയ്‌ക്കാൻ യു.പി., ബീഹാർ, രാജസ്‌ഥാൻ തുടങ്ങി ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും മുംബയെന്ന ഭാഗ്യദേവതയുടെ കരചരണങ്ങളിൽ ലക്ഷങ്ങൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.
കടപ്പാട് – ജ്വാല.
Generated from archived content: essay2_jun24_10.html Author: sreenivas_r_chirayathumadam