“ആദ്യം നീ ഒരുഗ്രൻ ചായ ഉണ്ടാക്ക്. അതു കുടിച്ചിട്ടാകാം ബാക്കി കാര്യങ്ങൾ. അതിമനോഹരവും അത്യാധുനികവും ആയ അടുക്കള അല്ല കിച്ചൺ…. ഇതാ നിന്നെ പ്രതീക്ഷിച്ചു കൊണ്ട് ഇവിടെ ഇങ്ങിനെ ഇരിയ്‌ക്കാൻ തുടങ്ങിയിട്ട് നാളേറെയായി…. വന്നാലും രാജകുമാരി എന്നെ ഉപയോഗിച്ചാലും എന്ന് ഇവൾ നിന്നോട് പറയുന്നത് ജിതേ നീ കേൾക്കുന്നില്ലേ….”
പൊട്ടിച്ചിരിച്ചുകൊണ്ട് അനിൽ പറഞ്ഞു.
ആ തമാശ ആസ്വദിയ്‌ക്കണം എന്ന തോന്നൽ ജിതയിലെ ഭാര്യയ്‌ക്കുണ്ടായിരുന്നു. പക്ഷെ അതിനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല ജിത എന്ന സോഫ്‌റ്റ് വെയർ എഞ്ചിനീയർ. കമ്പ്യൂട്ടറിൽ എത്ര വിഷമം പിടിച്ച പ്രോജക്‌റ്റും അതിവേഗം പൂർത്തിയാക്കുന്ന തീക്ഷ്‌ണ ബുദ്ധിയാണ് തന്റേത് എന്ന ഗൂഢമായ ഒരു അഹങ്കാരം അവൾ ഉള്ളിൽ താലോലിച്ചിരുന്നു. പക്ഷെ അനിലിന്റെ ആവശ്യം അവളെ അക്ഷരാർത്ഥത്തിൽ നടുക്കിക്കളഞ്ഞു. ഒരു ഗ്ലാസ്സ് ചായ ഉണ്ടാക്കാൻ അറിയാത്തവളാണ് തന്റെ നവവധു എന്ന് അനിൽ അറിയുമ്പോഴത്തെ നാണക്കേട്.
അവൾ സാധാരണ നിലയിലേക്കെത്താൻ ശ്രമിച്ചു. ഇതും ഒരു പ്രോജക്‌റ്റു തന്നെ. വെള്ളം (എച്ച് ടു ഒ) പ്‌ളസ് ചായപ്പൊടി ഇൻ ദി പ്രെസൻസ് ഓഫ് പഞ്ചസാര ഏന്റ് പാൽ ഏസ് കാറ്റലിസ്‌റ്റ് ഓൺ ഹീറ്റിങ്ങ് ഗിവ്‌സ് ചായ. അത്രയ്‌ക്കേ ഉള്ളൂ. ഇതിനാ നീയീപേടിയ്‌ക്കുന്നത്. ജിത ജിതയെ തന്നെ പരിഹസിച്ചു.
അവൾ ചുറ്റും കണ്ണോടിച്ചു.
ആരും കൊതിച്ചു പോകുന്ന ഒരടുക്കള അനിൽ അവൾക്കു വേണ്ടി സജ്‌ജീകരിച്ചുണ്ട്. സമർത്ഥനായ ഇന്റീരിയർ ഡെക്കറേറ്ററുടെ കരവിരുത് പ്രകടമായിരുന്ന അലമാരികളിലൽ ഇരുന്ന് സ്‌റ്റീൽ പാത്രങ്ങൾ അവളെ നോക്കി കലപില കൂട്ടി പറഞ്ഞു. ജിതേ ദാ ഞങ്ങളെ എടുത്ത് ഹോട്ടായി ഒരു ചായയിട്ട് അനിലിന് കൊടുക്ക.് കുടിച്ച് മതിയാവട്ടെ അവന്. നീ ഒന്നിലും പിന്നിലല്ല എന്ന് അവൻ മനസ്സിലാക്കട്ടെ. ഊം… വേഗം. യു ഷേപ്പിലുള്ള കിച്ചൻ സ്‌ലാബിന്റെ ഒരു വശത്ത് മൈക്രോ വേവും ഫ്രിഡ്‌ജും ഷോറൂമിലെ അതേ തിളക്കത്തോടെ ഇരുന്ന് അവളെ മാടി വിളിച്ചു.
ഞങ്ങളെ ഉപയോഗിയ്‌ക്കൂ എന്ന് അവ തന്നെ നോക്കി പറയുന്നതു പോലെ ജിതയ്‌ക്ക് തോന്നു. ഈ ഫ്രിഡ്‌ജിനു വേണ്ടി പ്രീതി സിന്റയാണോ പ്രിയങ്കാ ചോപ്രയാണോ പരസ്യത്തിൽ നിന്നത്. അതോ ഷാറുഖോ… അടുത്ത നിമിഷം അവൾ സ്വയം പറഞ്ഞു. ‘ജിതേ നീ ആലോചിയ്‌ക്കാൻ കണ്ടെത്തിയ വിഷയം നന്നായി. വെള്ളവും ചായപ്പൊടിയും പഞ്ചസാരയും പാലും ചേർന്നാൽ ചായയാവില്ല. എങ്ങിനെ ചായയുണ്ടാക്കും എന്ന് കണ്ടെത്താൻ നോക്കാതെ നീ ഇനിയും പ്രതീസിന്റയേയും ഷാറുഖിനേയും തലയിലേറ്റി ഇരുന്നോ…. അനിൽ ഇപ്പോൾ വരും…. അപ്പോഴേയ്‌ക്കും ചായ തിളപ്പിയ്‌ക്കാൻ നോക്ക്.
തിളപ്പിയ്‌ക്ക്യ…
തിളപ്പിയ്‌ക്ക്യ…
കമ്പ്യൂട്ടർ എഞ്ചനീയറുടെ ബുദ്ധിയിൽ ആ പോയിന്റ് സ്വിച്ചിട്ട പോലെ കത്തി അവൾ അലമാരയിൽ നിന്നും ഒരു കലം എടുത്തു. സിങ്കിൽ നിന്നും മൂന്ന് ഗ്‌ളാസ്സ് വെള്ളം എടുത്ത് കലത്തിൽ ഒഴിച്ചു. വലുതായ ആ കലത്തിന്റെ അടിയിൽ മൂന്നു ഗ്ലാസ്സ് വെള്ളം ഒന്നുമല്ലായിരുന്നു. അത് ജിതയെ നോക്കി വിലപിച്ചു.
“പൊട്ടിപ്പെണ്ണേ…. രണ്ട് ഗ്ലാസ്സ് ചായയിടാൻ ഇത്ര വലിയ കലം വേണോ…?
മൂന്ന് ഗ്ലാസ്സ് വെള്ളം വേണോ…?
പാലും പഞ്ചാരയും ചേരുന്ന കാര്യം നീ മറന്നോ…?
വല്യ പഠിപ്പുകാരിയായപ്പോൾ ഈ കാര്യത്തിലും കൂടി ഒന്നു മനസ്സ് വച്ചിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ ചൂളിച്ചുരുങ്ങേണ്ട ആവശ്യം വരുമായിരുന്നോ..?
”സമയം ഇല്ലാത്തതു കൊണ്ട് അടുക്കളപ്പണി പഠിച്ചില്ല എന്ന് നീ എന്നോട് പറയണ്ട’.
അടുക്കള തെല്ലും വിട്ടു കൊടുത്തില്ല. അവളുടെ മുഖത്തെ ദയനീയത കണ്ടപ്പോൾ അടുക്കളയ്‌ക്ക് രസം കയറി. എലിയ്‌ക്ക് പ്രാണവേദന പൂച്ചയ്‌ക്ക് വീണവായന എന്ന പഴമൊഴി അതും കേട്ടിട്ടുണ്ടായിരുന്നു. ആഴ്‌ചയിൽ ഒന്നും രണ്ടും പ്രാവശ്യം നീയ് ബ്യൂട്ടി പാർലറിൽ എത്ര മണിക്കൂറുകൾ ചിലവഴിച്ചിരുന്നു. പരീക്ഷക്കാലത്തു പോലും നീയ് പാർലറിൽ പോക്ക് ഉപേക്ഷിച്ചിട്ടില്ലല്ലോ…. മനസ്സ് വച്ചിരുന്നെങ്കിൽ ചായയും ചോറും ഉണ്ടാക്കാൻ എത്ര എളുപ്പം പഠിയ്‌ക്കാമായിരുന്നു. അതിനെങ്ങനെ.. നീ എന്റെ മേൽ ചവിട്ടിക്കുതിച്ചല്ലേ നടന്നിട്ടുള്ളൂ… പെണ്ണാണ്. കുറച്ചൊന്ന് പതുക്കെ പതുങ്ങിയും ഒച്ച കേൾപ്പിയ്‌ക്കാതെയും വേണം പെണ്ണുങ്ങൾ നടക്കാൻ, അതു പറഞ്ഞപ്പോഴൊക്കെ തലമുറയിലെ പെണ്ണുങ്ങളെ പോലെ അടുക്കളയാണ് ഞങ്ങളുടെ സ്വർഗം എന്നു പറയാൻ ഞങ്ങൾ തീരുമാനിച്ചിട്ടില്ല.
ഞങ്ങൾ പുതിയ തലമുറയുടെ വക്താക്കളാണ്. ആണിന്റെ ഒപ്പം അവസരം പെണ്ണിനും കിട്ടിയേ പറ്റൂ. കിട്ടിയില്ലെങ്കിൽ തട്ടിപ്പറിച്ചെടുക്കും ഞങ്ങൾ…
ആണിന് ചോറും കൂട്ടാനും വെച്ചു വെളമ്പി അവന്റെ കുട്ട്യോളെ പെറ്റ് അടുക്കളയിൽ ചടഞ്ഞു കൂടാൻ ഞങ്ങളെ കിട്ടില്ലാ… ചോറും കൂട്ടനും വയ്‌ക്കുന്നത് പെണ്ണിന്റെ മാത്രം ജോലിയല്ല. എന്താ ആണിന്റെ കയ്യിൽ കലവും കയിലും ഇരിയ്‌ക്കില്ലേ…..? അവൻ കഴുകിയാൽ അരി വൃത്തിയാവില്ലേ… അവൻ വേവിച്ചാൽ അരി വേവില്ലേ..
എന്തൊക്കെ ചോദ്യങ്ങളായിരുന്നു. ഞങ്ങളുടെ ഹാൻഡ് ബാഗിൽ കാശും റോഡിലേയ്‌ക്കിറങ്ങ്യാൽ റെസ്‌റ്റോറന്റുകളും ഉള്ളോടത്തോളം കാലം ഒന്നിനും ഞങ്ങളെ തോൽപ്പിയ്‌ക്കാൻ കഴിയില്ല. ഇപ്പോ ഈ ‘ഞങ്ങള്’ ഒക്കെ എവിടെ പോയി. ഒന്നന്വേഷിയ്‌ക്ക്യായിരുന്നോ…. ഒക്കെ ഓരോരുത്തന്റെ വീട്ടകങ്ങളില് ഒതുങ്ങി കൂടി. ആ കാര്യത്തില് നിന്റെ ചങ്കൂറ്റം ഞാൻ സമ്മതിച്ചു. ജോലി കിട്ടീട്ട് മതി കല്യാണം എന്നു പറഞ്ഞ് നിൽക്കാനുള്ള ചങ്കൂറ്റം… നല്ല ചെറുപ്പം മുഴുവേൻ പോയി. മുക്കീ പല്ലു വന്നപ്പോഴാ ഒരുത്തൻ കല്യാണം കഴിച്ചത്. വല്യ വിപ്ലവം പ്രസംഗിച്ചു നടന്നില്ലേ നിന്റെ ആത്മാർത്ഥ സുഹൃത്ത് സുമാ ചെറിയാൻ…. ഇപ്പോ സുമാ ആൽബർട്ട്…
നിനക്ക് വല്യേ സങ്കടായിരുന്നില്ലേ നിന്റെ കല്യാണത്തിന് നീ അവൾക്ക് ഇൻവിറ്റേഷൻ അയച്ചിട്ട് അവൾ വന്നില്ല. തിരിച്ച് ഒന്ന് വിളിയ്‌ക്ക്യേ ഒരു ടെലിഗ്രാം അയയ്‌ക്ക്യേ പോലും ചെയ്‌തില്ലാന്ന്…. എന്താ കാര്യംന്ന് അറിയ്യോ… കല്യാണം കഴിഞ്ഞിട്ട് നാലു കൊല്ലം… രണ്ടു പ്രസവത്തിലായി നാലു കുട്ട്യോള്യാ കിട്ടീത്. ആദ്യത്തേല് ഒന്നും പിന്നത്തേല് മൂന്നും.. എന്താ ചെയ്യാ… കൊല്ലാൻ പറ്റ്വോ… പെറാൻ എന്നെ കിട്ടില്യാന്ന് എന്തോരം വീരവാദം അടിച്ചതാ അവള്. അതാ ദൈവത്തിന്റെ ഓരോ കളി.
കാലം എത്ര പുരോഗമിച്ചാലും മൂല്യങ്ങൾ മൂല്യങ്ങളെന്ന്യാ…. അത് മറക്കര്‌ത്… എന്തിനാ നിന്നെ പറയ്‌ണത്. നിന്റെ അമ്മേനെ പറഞ്ഞാ പോരെ….. ഒന്നൊള്ളോന്ന്വച്ച് നെലം തൊടീയ്‌ക്കാണ്ടല്ലെ കൊണ്ടു നടന്നത്. പെണ്ണാണ്. നാളെ മറ്റാന്റെ വീട്ടി പോയി പൊറുക്കേണ്ടതാണ് എന്ന് ഓർക്കണ്ടതല്ലേ….. അവളും ഒരിയ്‌ക്കല് പുതുപ്പെണ്ണായി ഒരു മാറ്റാൻ വീട്ടി കേറിച്ചെന്നതല്ലേ… അതിന്റെ വെഷമം മോൾക്ക് വരാൻ പാടില്യാന്ന് ഓർക്കണ്ടത് അമ്മേടെ ചൊമതലയല്ലേ….? അവനവന് പഠിപ്പും പത്രാസ്സും ഉണ്ടെന്നു വച്ച് അതില്ലാത്തവനെ നിസ്സാരന്മാരായി കാണരുത്,. എത്ര പ്രാവശ്യം നീ നിനക്ക് ചോറും കഞ്ഞീം വച്ചുണ്ടാക്കിതന്നിരുന്ന വേലക്കാര്യോളെ പുച്‌ഛിച്ചിരിയ്‌ക്ക്‌ണൂ…. കൺട്ര്യോള്‌ന്ന് പറഞ്ഞ്‌ട്ട് . കൂട്ടാന് രൂചി ഇല്യാന്ന് പറഞ്ഞ് ചോറുണ്ണാണ്ടായിട്ട് എണീറ്റ് പോയിട്ടുണ്ട്. ഇപ്പോ മനസ്സിലായില്ലേ… ഇത്രേം പഠിപ്പും പത്രാസും ഉണ്ടായിട്ട് എന്തു കാര്യം ഉണ്ടായി…. ഇതൊന്നും ഇല്ലാത്ത കൺട്ര്യോള് പുഷ്‌പം പോലെ ചായയിട്ട് തരും. അനുഭവിച്ചോ…
എത്ര പ്രാവശ്യം നിന്നെ ഞാൻ ഓർമിപ്പിച്ചിട്ടുണ്ട് അധികം നെഗളിയ്‌ക്കണ്ട ഓന്തോടിയാലും വേലിയ്‌ക്കലോളം ന്നല്ലേ… നാളെ നീയും ഒരു വധുവാകും… എന്റെ സാമ്രാജ്യത്തിലെ ഒരു പ്രജയാകും നീയ് എന്ന്…? പെണ്ണ് എത്ര വല്യേ നെലേല് എത്ത്യാലും പെണ്ണന്നെ. അല്ലെങ്കി പിന്നെ ഇന്ദിരാ ഗാന്ധ്യോ ഹിലാരി ക്‌ളിൻടനോ ആവണ്ടീര്‌ന്നു. ഓ എന്നാലും എന്റെ ജിതേ നിന്റെ വീരവാദങ്ങൾക്ക് വന്ന ഒരു ദുര്യോഗം… നീ മറന്നാലും ഞാൻ ഇതൊന്നും മറന്നിട്ടില്ല. അടുക്കള അവളെ പുച്‌ഛിച്ചു. അടുക്കളയുടെയും കാലത്തിന്റെയും ഭാഷ ജിത പഠിച്ചിട്ടില്ലായിരുന്നു. അതു കൊണ്ട് അവയുടെ സംസാരം അവളുടെ ബധിര കർണ്ണങ്ങളിൽ വീണില്ല. കലത്തിലെ വെള്ളവും കൊണ്ട് അവൾ ഗ്യാസ് സ്‌റ്റൗവിനു നേരെ നടന്നു. ഇനി ഗ്യാസ് കത്തിക്കണം… തീപ്പെട്ടി എവിടെ.. ജനൽപ്പടിയിലും അലമാരിയിലും തെരഞ്ഞെങ്കിലും തീപ്പെട്ടി മാത്രം കണ്ടില്ല. അങ്ങനെ നോക്കിയപ്പോൾ ഒരു സംഗതി കണ്ടു.
ഗ്യാസ് ലൈറ്റർ എന്ന് അതിൽ എഴുതിയിരുന്നു. ഭാഗ്യം എന്നു പറഞ്ഞു കൊണ്ട് അവൾ ഗ്യാസിന്റെ നോബ് തിരിച്ചു. ഫിസിക്‌സ് ലാബിൽ പലതരം നോബുകൾ തുറക്കാൻ പരിചയം നേടിയത് ഇപ്പോൾ അവളെ തുണച്ചു. അല്ലെങ്കിൽ ഇപ്പോൾ ഗ്യാസ് സ്‌റ്റൗ കത്തിയ്‌ക്കാൻ അറിയാതെ നിൽക്കേണ്ടി വരുമായിരുന്നല്ലോ… ദൈവങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് അവൾ ലൈറ്റർ കത്തിച്ചു. കത്തിയില്ല. പിന്നെയും പിന്നെയും കത്തിയ്‌ക്കാൻ ശ്രമം നടത്തി കത്തിയില്ല.
തുറന്ന നോബിൽ കൂടി ഗ്യാസ് ലീക്ക് ചെയ്‌തു. ഗ്യാസിന്റെ അളിഞ്ഞ മണം മൂക്കിലെത്തിയതും സിലിണ്ടർ ഇപ്പോൾ പൊട്ടിത്തെറിയ്‌ക്കുമെന്ന് പേടിച്ച് അവൾ ഉറക്കെ നിലവിളിച്ചു.
“അനിൽ വാ.. ഈ അടുപ്പ് കത്തുന്നില്ല”. കുളിമുറിയിലായിരുന്ന അനിൽ അതു കേട്ടില്ല. അവൾ നോബ് അടയ്‌ക്കാൻ മിനക്കെടാതെ കുളിമുറിയുടെ വാതിൽക്കലേക്കോടി. ഇപ്പോൾ ഗ്യാസ് പൊട്ടിത്തെറിയ്‌ക്കുമെന്നും തങ്ങൾ രണ്ടുപേരും ഒരു പിടി ചാരമാകുമെന്നും ഭയന്നു കൊണ്ട് ജിത ആ നിൽപ്പ് ഇപ്പോഴും തുടർന്നുകൊണ്ടിര്‌ക്കുകയാണ്.
Generated from archived content: story1_july31_09.html Author: sreelatha