എങ്ങനെ നാം മറക്കും

ആരാണ്‌ ശരിയായ പ്രേക്ഷകൻ എന്ന ചോദ്യത്തിന്‌ രണ്ടു ശ്ലോകങ്ങളിലൂടെ മഹാനായ ഭരതമുനി വിശദമായിത്തന്നെ ഉത്തരം പറയുന്നുണ്ട്‌. നാട്യശാസ്‌ത്രം 27-​‍ാം അദ്ധ്യായത്തിലെ നാൽപത്തിമൂന്നാം ശ്ലോകവും നാൽപത്തിയൊമ്പതാം ശ്ലോകങ്ങളുടെ സാരാംശമിതാണ്‌.

“കണ്ണിനു നല്ല കാഴ്‌ചശക്തിയും കാതിനു നല്ല കേൾവിശക്തിയും ബുദ്ധിയ്‌ക്കു നന്മതിന്മകളെ വേർതിരിക്കുവാനുള്ള വിവേകവും ഉള്ളവനും രാഗദ്വേഷാദികൾ ഇല്ലാത്തവനും നാട്യകലാ തൽപ്പരനുമായ ആളാണ്‌ ശരിയായ പ്രേക്ഷകൻ. ആരാണോ മറ്റുള്ളവരുടെ ആനന്ദത്തിൽ ആനന്ദിക്കുകയും ദുഃഖത്തിൽ ദുഃഖിക്കുകയും കോപത്തിൽ കോപിക്കുകയും ഭയത്തിൽ ഭയപ്പെടുത്തുകയും ചെയ്യുന്നത്‌ ആ ആളാണ്‌ ശ്രേഷ്‌ഠനായ പ്രേക്ഷകൻ.”

ദൃശ്യകലയെ നേരാംവണ്ണം വിലയിരുത്താൻ ഒരു പ്രേക്ഷകനുണ്ടായിരിക്കണമെന്ന്‌ ഭരതമുനി അനുശാസിക്കുന്ന ഈ ഗുണങ്ങളെല്ലാം തന്നെ സാഹിത്യം വായിക്കുന്ന വായനക്കാരനും സംഗീതം ശ്രവിക്കുന്ന ശ്രോതാവിനും അനുപേക്ഷണീയമാണ്‌. ഏറ്റവും മികച്ച അനുവാചകനു മാത്രമേ നല്ല സാഹിത്യനിരൂപകനാകാൻ കഴിയൂ. ഉള്ളിൽ സംഗീതസൗരഭ്യമുള്ള ശ്രോതാവിനു മാത്രമേ നല്ല സംഗീത വിമർശകനാകാൻ കഴിയൂ.

മനസ്സിൽ സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നിറമാലകൾ വാടാതെ സൂക്ഷിക്കുന്ന സഹൃദയനാണ്‌ രവിമേനോൻ. ഈ മേഖലകളിലുണ്ടാകുന്ന ഋതുഭേദങ്ങളുമായി ഇഴകിച്ചേർന്നു ജീവിക്കുമ്പോഴും കലയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിൽ വസന്തപ്രഭ മാത്രം വിടരാറുള്ളു എന്നത്‌ അഭിനന്ദനീയമായ വസ്‌തുതയത്രേ. ഗാനസാഹിത്യത്തെക്കുറിച്ചും സംഗീത സംവിധാനത്തെക്കുറിച്ചും ആലാപന ശൈലികളെക്കുറിച്ചും നല്ലതുപോലെ പഠനം നടത്തിയതിനുശേഷമേ രവിമേനോൻ തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുള്ളു. മലയാള ചലച്ചിത്ര ഗാനങ്ങൾ മാത്രമല്ല, ഹിന്ദി സിനിമാഗാനങ്ങളും രവിമേനോന്റെ പഠനഗവേഷണങ്ങൾക്ക്‌ വിഷയമാകുന്നുണ്ട്‌. തനിക്കു സംശയമുള്ള കാര്യങ്ങൾ മുതിർന്നവരോടു ചോദിച്ചു മനസ്സിലാക്കാനും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക്‌ അർഹമായ വില കൽപ്പിക്കാനും ഈ യുവനിരൂപകൻ മടി കാണിക്കാറില്ല. മലയാളത്തിലെ അഭയദേവിനെയും, പി.ഭാസ്‌കരനെയും, വയലാറിനെയും, ദക്ഷിണാമൂർത്തിയെയും, കെ.രാഘവനെയുമൊക്കെ പഠിക്കുന്ന ആവേശത്തോടെ അദ്ദേഹം ഷക്കീൽ ബദായുനിയെയും, സാഹിർലുധിയാൻവിയെയും, കൈഫി ആസ്‌മിയെയും, നൗഷാദിനെയും, എസ്‌.ഡി.ബർമ്മനെയും മനസ്സിലാക്കാൻ സമയം കണ്ടെത്തുന്നു. താമസമെന്തേ വരുവാൻ പ്രാണ സഖീ… എന്ന ഭാസ്‌കരഗാനവും ജൽതേഹേ ജിസ്‌കേലിയേ എന്ന മജ്‌റുഹ്‌ സുൽത്താൻപുരി ഗാനവും ഈ ചെറുപ്പകാരനിൽ ഒരേയളവിൽ തന്നെ ഗൃഹാതുരത്വമുണർത്തുന്നു.

അടുത്ത കാലത്ത്‌ വിവിധ മാധ്യമങ്ങളിലൂടെ ഗാനഗവേഷകൻ എന്ന നിലയിലും അവതാരകൻ എന്ന നിലയിലും ഏറെ ജനശ്രദ്ധ നേടാൻ രവിമേനോനെ സഹായിച്ചിട്ടുള്ളത്‌ മുൻവിധികൾ കൂടാതെയും രാഗദ്വേഷങ്ങളില്ലാതെയും വിഷയത്തെ സമീപിക്കാൻ അദ്ദേഹം കാണിക്കുന്ന സമചിത്തത തന്നെയാണ്‌.

എങ്ങനെ നാം മറക്കും എന്ന ഈ ഗ്രന്ഥം രവി മേനോന്റെ രണ്ടാമത്തെ കൃതിയാണ്‌. നാദം, ഗാനം, ഈണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ആകെ 25 ലേഖനങ്ങളാണ്‌ ഈ പുസ്‌തുകത്തിലുള്ളത്‌. നാദം എന്ന വിഭാഗത്തിൽ ഗായകരെയും ഗാനം എന്ന വിഭാഗത്തിൽ കവികളെയും ഈണം എന്ന വിഭാഗത്തിൽ സംഗീത സംവിധായകരെയും അണിനിരത്തിയിരിക്കുന്നു. ‘വിഷാദഗാനങ്ങളുടെ ചക്രവർത്തി’ യായി രവിമേനോൻ അവതരിപ്പിക്കുന്നത്‌, അമ്പതുകളുടെ ഉത്തരാർദ്ധത്തിലും അറുപതുകളുടെ പൂർവ്വാർദ്ധത്തിലും മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ശ്രീ. കെ.പി. ഉദയഭാനുവിനെയാണ്‌. ശ്രീ. ടി.ഇ. വാസുദേവൻ നിർമ്മിച്ച്‌ ശ്രീ.പി.ഭാസ്‌കരൻ സംവിധാനം ചെയ്‌ത നായരു പിടിച്ച പുലിവാൽ എന്ന ചിത്രത്തിലൂടെ ശ്രീ.കെ.രാഘവൻ അവതരിപ്പിച്ച ഉദയഭാനു വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ മനസ്സിലെന്താണ്‌? എന്ന ഗാനം നടൻ സത്യനുവേണ്ടി ആലപിച്ചുകൊണ്ടാണ്‌ മലയാള സിനിമയിൽ പ്രവേശിച്ചത്‌. അതേ സിനിമയ്‌ക്കുവേണ്ടി തന്നെ അദ്ദേഹം പാടിയ എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലിൽ? എന്ന പ്രേമഗാനവും ശ്രദ്ധേയമായി. പ്രേമഗായകനായി രംഗപ്രവേശം ചെയ്‌ത ഉദയഭാനുവിനെ വിഷാദഗാനങ്ങളുടെ ചക്രവർത്തിയാക്കിയത്‌ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തു കൂടിയായിരുന്ന ബാബുരാജാണ്‌. ചുടുകണ്ണീരാലെൻ ജീവിതകഥ ഞാൻ മണ്ണിതിലെഴുതുമ്പോൾ (ചിത്രം ഃ ലൈലാ മജ്‌നു. രചന ഃ പി. ഭാസ്‌കരൻ) എന്ന ഗാനവും അനുരാഗ നാടകത്തിൽ അന്ത്യമാം രംഗം തീർന്നു….. (ചിത്രം ഃ നിണമണിഞ്ഞ കാൽപ്പാടുകൾ. രചനഃ പി. ഭാസ്‌കരൻ) എന്നീ ഗാനങ്ങൾ പ്രായമേറെയായിട്ടും ഭാവംശം തെല്ലും ചോർന്നു പോകാതെ ആലപിക്കാൻ ഇന്നും ഉദയഭാനുവിനു കഴിയുന്നുവെന്നത്‌ കാലത്തിന്റെ അനുഗ്രഹം തന്നെ

കെ.പി. ഉദയഭാനുവിന്‌ പി. ഭാസ്‌കരൻ എന്ന കവിയുമായും കെ. രാഘവൻ, ബാബുരാജ്‌ എന്നീ സംഗീത സംവിധായകരുമായും മെഹബൂബ്‌ എന്ന ഗായകനുമായും ഉണ്ടായിരുന്ന ആത്മബന്ധത്തെപ്പറ്റിയും ആ ഗായകന്റെ ആലാപനത്തിലുള്ള ഭാവ മധുതിമയെപ്പറ്റിയും ആഴത്തിൽ പഠിച്ചെഴുതിയ ഈ ലേഖനം, അർഹിക്കുന്നതു പലതും ലഭിക്കാതെ പോയ ആ പ്രതിഭയ്‌ക്കു ലഭിച്ച ഒരു നല്ല സമ്മാനം തന്നെയാണ്‌.

‘ഭൂതകാലത്തിൽ മാത്രം അഭിരമിക്കുകയും വർത്തമാനകാലത്തിന്റെതായ എന്തിനേയും പഴിക്കുകയും ചെയ്യുന്ന പതിവില്ല ഉദയഭാനുവിന്‌’ എന്ന രവിമേനോന്റെ അഭിപ്രായത്തോട്‌ ഉദയഭാനുവി​‍െൻ അടുത്തറിയുന്നവരാരും തന്നെ വിയോജിക്കുമെന്നു തോന്നുന്നില്ല.

ഗാനഗന്ധർവ്വൻ യേശുദാസിന്റെ സംഗീത തപസ്യയെക്കുറിക്കുന്ന ‘ഒരു മഹാധ്യാനം’ എന്ന ലേഖനത്തിൽ സഹസ്രാബ്‌ദങ്ങൾക്കിടയിൽ വല്ലപ്പോഴും മാത്രം സംഭവിക്കാറുള്ള അനശ്വര പ്രതിഭയുടെ ആദ്യാങ്കുരങ്ങളെക്കുറിച്ചാണ്‌ ലേഖകൻ പ്രധാനമായും പരാമർശിക്കുന്നത്‌. എം.ബി. ശ്രീനിവാസൻ എന്ന വിവേകശാലിയായ സംഗീത സംവിധായകൻ യേശുദാസിനെ കണ്ടെത്തിയ പശ്ചാത്തലവും ജമിനി സ്‌റ്റുഡിയോയിലെ ശബ്‌ദ ലേഖകനായിരുന്ന കോടീശ്വര റാവു ഒരു വലിയ ഗായകനെ അന്നത്തെ ഇരുപത്തൊന്നുകാരനിൽ കണ്ടെത്തിയ രീതിയും രസകരമായി രവിമേനോൻ വിവരിക്കുന്നു.

ഗാനഗന്ധർവ്വനെക്കുറിച്ചുള്ള വിശദമായ ഒരു പഠനമല്ല, ഈ ലേഖനം. മറിച്ച്‌, ഗാനത്തിന്റെ ആലേഖനത്തിൽ പടിപടിയായി വന്ന സാങ്കേതിക മാറ്റങ്ങളിലൂടെ അചഞ്ചലമായും അനുസ്യൂതമായും മുന്നേറിയ ഒരു ഗന്ധർവ്വനാദത്തിന്റെ പ്രഭാവത്തെക്കുറിക്കുന്ന രൂപരേഖ മാത്രമാണ്‌.

പ്രശസ്‌ത ഗായകനായ ജയചന്ദ്രനെക്കുറിച്ചുള്ള ലേഖനത്തിന്‌ ‘ഏകാന്ത പഥികൻ’ എന്ന പേര്‌ തികച്ചും അനുയോജ്യം തന്നെയാണ്‌. യേശുദാസ്‌ എന്ന ആർമരത്തിനു താഴെ പ്രകൃതിനിയമത്തെ തന്നെ ചോദ്യം ചെയ്‌തുകൊണ്ട്‌ വളർന്നു പടർന്ന മറ്റൊരരയാലാണ്‌ ജയചന്ദ്രൻ എന്ന ഗായകൻ. തികച്ചും സ്വന്തമായ ഒരു ആരാധകവൃന്ദത്തെ സൃഷ്‌ടിച്ചെടുക്കാനും നിലനിർത്താനും ഈ പാട്ടുകാരനു കഴിഞ്ഞു എന്നത്‌ നിസ്സാരകാര്യമല്ല. സ്വന്തം ശബ്‌ദത്തിലും താൻ പാടിയ പാട്ടുകളിലും മാത്രം അഭിരമിക്കുന്ന ഗായകനല്ല ജയചന്ദ്രൻ. യേശുദാസ്‌ മുതൽ ബ്രഹ്‌മാനന്ദൻവരെയുള്ള ഗായകന്മാരും പി. സുശീല മുതൽ കെ.എസ്‌. ചിത്ര വരെയുള്ള ഗായികമാരും പാടിയ പാട്ടുകൾ ഓർമ്മയിൽ നിന്നു പാടുകയും താരതമ്യ ചർച്ച നടത്തി സ്വയം രസിക്കുകയും ചെയ്യുന്ന മഹാസഹൃദയൻ കൂടിയാണ്‌ ജയചന്ദ്രൻ എന്ന്‌ എത്ര പേർക്കറിയാം? എന്തിനധികം? അടുത്തകാലത്ത്‌ മഞ്ഞ്‌ജരിയും സുജാതയുടെ മകളായ ശ്വേതയും പാടിയിട്ടുള്ള പാട്ടുകളെക്കുറിച്ചുപോലും അദ്ദേഹം സംസാരിക്കും.

യേശുദാസ്‌ തന്റെ ദൈവികനാദവുമായി മദിരാശിയിലെത്തുന്നതുവരെ മലയാള സിനിമയിലെ നായകന്മാർക്കു വേണ്ടി ഗാനങ്ങൾ പാടിയിരുന്നത്‌ എ.എം.രാജയും പി.ബി.ശ്രീനിവാസനും കമുകറ പുരുഷോത്തമനുമായിരുന്നു. മാമലകൾക്കപ്പുറത്ത്‌ മരതകപ്പട്ടുടുത്ത്‌ മലയാളമെന്നൊരു നാടുണ്ട്‌ എന്ന ഗാനം പാടിയ പി.ബി.എസ്സ്‌. ജമിനി ഗണേശൻ നായകസ്‌ഥാനത്ത്‌ വിലസിയിരുന്ന കാലത്ത്‌ തമിഴ്‌ സിനമിയിലെ മുടിചൂടാ മന്നനായിരുന്നു.

നിലവേ എന്നിടം നെരുങ്കാതെ, നീ നിനൈയ്‌ക്കും ഇടത്തിൽ നാനില്ലൈ എന്ന ഗാനവും കാലങ്കളിൽ അവൾ വസന്തം എന്ന ഗാനവും നിനൈപ്പതെല്ലാം നടന്തുവിട്ടാൻ ദൈവം ഏതുമില്ലൈ എന്ന ഗാനവും ആർക്കാണു മറക്കാൻ കഴിയുക!

പി.ബി. ശ്രീനിവാസൻ എന്ന ഗായകന്റെ വൈയക്തികാനുഭവങ്ങൾക്കു പ്രാധാന്യം നൽകി രചിക്കപ്പെട്ട ലേഖനത്തിന്‌ ‘കാലങ്കളിൽ അവൾ വസനതം’ എന്ന പേരു നൽകിയതിനു പിന്നിലുള്ള ഔചിത്യത്തെ ശ്ലാഫിക്കാതെ വയ്യ.

കോഴിക്കോട്‌ അബ്‌ദുൾഖാദർ എന്ന ഗായകൻ ‘കേരള സൈഗാൾ’ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ആ വിറയാർന്ന സ്വരത്തിൽ നിറഞ്ഞു നിന്ന ഭാവസാഗരം വർണ്ണനാതീതമാണ്‌. ‘താരകം ഇരുളിൽ മായുകയോ?’ എന്ന ലേഖനത്തിൽ അബ്‌ദുൾ ഖാദറിന്റെ ജീവിതത്തിലും കുടുംബത്തിലും സംഭവിച്ച ദുരന്തങ്ങളെക്കുറിച്ചാണ്‌ പ്രധാനമായും പറയുന്നത്‌. ഒരു കാലത്ത്‌ പ്രശസ്‌ത ബാലനടനായി ശോഭിച്ച സത്യജിത്തിന്റെ അന്ത്യം എത്ര വേദനാജനകമായിരുന്നു. അബ്‌ദുൾ ഖാദറിന്റെ മൂത്ത മകനും ഗായകനുമായ നജ്‌മലിന്റെ വാക്കുകളിലൂടെ ആ വലിയ ഗായകനെക്കുറിച്ചു പല പുതിയ അറിവുകളും നമുക്കു ലഭിക്കുന്നു.

എങ്ങനെ നീ മറക്കും കുയിലേ (നീലക്കുയിൽ), തങ്കക്കിനാക്കൾ ഹൃദയയേവീശും (നവലോകം) തുടങ്ങിയ അവിസ്‌മരണീയ ഗാനങ്ങളിലൂടെ അബ്‌ദുൾ ഖാദർ ഇന്നും മലയാളിയുടെ ചേതസ്സിനെ തലോടിക്കൊണ്ടിരിക്കുന്നു. ‘നാദം’ എന്ന വിഭാഗത്തിലെ അടുത്ത മൂന്നു ലേഖനങ്ങൾ യഥാക്രമം കെ.എസ്‌. ചിത്ര, സുജാത, ജി.വേണുഗോപാൽ, ബ്രഹ്‌മാനന്ദൻ എന്നീ ഗായകരെക്കുറിച്ചാണ്‌. ‘ചിത്രഗീതങ്ങൾ’ എന്ന ലേഖനത്തിൽ മലയാളികളുടെ അഭിമാനഭാജനമായ ചിത്രയുടെ വിനയത്തെയും പിതൃഭക്തിയെയും വാഴ്‌ത്താൻ രവിമേനോൻ അവസരം കണ്ടെത്തുന്നു. നമ്മുടെ ഗാനഗന്ധർവ്വനെ മാറ്റി നിർത്തിയാൽ ചിത്രയെപ്പോലെ അഖിലേന്ത്യാ പ്രശസ്‌തിയും അംഗികാരവും നേടിയ മറ്റൊരു നാദപ്രതിഭ മലയാളത്തിലുണ്ടോ? എന്നിട്ടും പ്രശസ്‌തിയുടെ ഭാരം ശിരസ്സിലേറ്റാതെ ഭൂമിയിൽ കാലുറപ്പിച്ചു നിലക്കാൻ ഈ അതുല്യഗായകയ്‌ക്കു കഴിയുന്നു- ‘വിധിയുടെ ചന്ദന മണിവാതിൽ’ എന്ന അദ്ധ്യായത്തിൽ ജി. വേണുഗോപാലിന്റെ അനുഭവങ്ങൾക്കാണ്‌ മുൻതൂക്കം. സിനിമയ്‌ക്കുവേണ്ടി വേണു ആദ്യമായി പാടിയത്‌ ഒരു മലയാള ഗാനത്തിന്റെ ഭാഗമായി വരുന്ന ഏതാനും ഹിന്ദി പദങ്ങളാണ്‌. മേരീ ഘടീ ഘടീ… സിന്ദഗീ നഹി നഹി എന്നിങ്ങനെ.

വേണു പറയുന്നതു കേൾക്കുക. “ശ്രീനിവാസനാണ്‌ ഈ വാക്കുകൾ ഗാനരംഗത്ത്‌ പാടി അഭിനയിച്ചത്‌. പടം റിലീസായ ദിവസം തമലം വരെ സൈക്കിൾ ചവിട്ടിപ്പോയി അവിടെ നിന്നു ജഗദീഷിനെയും കൂട്ടി അജന്ത തിയേറ്ററിൽ ചെന്നാണ്‌ സിനിമ കണ്ടത്‌. എന്റെ ആലാപനം കേട്ടപ്പോൾ സത്യത്തിൽ സങ്കടം വന്നുപോയി. എങ്കിലും ഇന്ന്‌ അക്കഥയോർക്കുമ്പോൾ ചിരിയാണു വരിക.”

ഏതു ഹൃദയത്തെയും തൊട്ടുണർത്താൻ കഴിവുള്ള ദൈവീകമായ നാദത്തിന്റെ ഉണർത്താൻ കഴിവുള്ള ദൈവീകമായ നാദത്തിന്റെ ഉടമയായിരുന്നിട്ടും അർഹിക്കുന്ന അംഗികാരവും ആദരവും നേടാതെ മൺമറഞ്ഞ ബ്രഹ്‌മാനന്ദനെ സ്‌മരിക്കുന്ന ലഘുലേഖനമാണ്‌ ‘മാനത്തെ തോണിയിലേറി.’ ദേവഗായകനെ ദൈവം ശപിച്ചു, നീലനിശീഥിനി നിൻ മണിമേടയിൽ, ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര തുടങ്ങിയ അവസ്‌മരണീയ ഗാനങ്ങൾ പാടിയ ഈ അനുഗൃഹീത ഗായകനെക്കുറിച്ച്‌ കുറേക്കൂടി വലിയൊരു പഠനം ആവശ്യമാണെന്നെനിക്കു തോന്നുന്നു.

‘മനസ്സിലെ മാണിക്യവീണ എന്ന അദ്ധ്യായത്തിൽ മഹാകവി ഒ.എൻ.വി.യുടെ ഗാനശില്‌പത്തിലേക്കും ’സുറുമയെഴുതിയ പാട്ടുകൾ എന്ന അദ്ധ്യായത്തിൽ യൂസഫലി കേച്ചേരിയുടെ ഗാനങ്ങളുടെ തനിമയിലേയ്‌ക്കും ഒരു പക്ഷിനോട്ടമയയ്‌ക്കുന്നു ലേഖകൻ. ‘സ്വന്തമെന്ന പദത്തിനെന്തർതഥം’ എന്ന ലേഖനത്തിലാകട്ടെ സ്വന്തം രചനകൾ മറ്റൊരാളിന്റെ പേരിലറിയപ്പെടുമ്പോൾ ഒരു കവി അനുഭവിക്കുന്ന വ്യാകുലതയാണ്‌ പ്രമേയം.

പുസ്‌തകത്തിന്റെ മൂന്നാം ഭാഗമായ ‘ഈണം’ സംഗീത സംവിധാനരംഗത്തെ ശ്രേഷ്‌ഠപ്രതിഭകളുടെ സംഭാവനകളിലേക്കും വ്യക്തിപ്രതിഭകളിലേക്കും വെളിച്ചം വീശുന്ന ഈണങ്ങളിലൂടെ മാത്രം സാധാരണ ശ്രോതാക്കൾ പരിചയപ്പെട്ടിട്ടുള്ള മഹദ്‌വ്യക്തികളുടെ സ്വകാര്യാനുഭവങ്ങൾ തികച്ചും ലളിതവും എന്നാൽ ഹൃദയഹാരിയുമായ ഭാഷയിൽ രവിമേനോൻ അവതരിപ്പിക്കുന്നു. ‘മൗനത്തിന്റെ ഇടനാഴിയിൽ’ എന്ന ലേഖനത്തിലൂടെ രാഗരാജാവായ ദേവരാജനെയും ‘ഒരു സംഗീതോപാസകന്റെ ഓർമ്മയ്‌ക്ക്‌ എന്ന ലേഖനത്തിലൂടെ പുകഴേന്തി എന്ന വേലപ്പൻനായരെയും(അപ്പു എന്നായിരുന്നു അദ്ദേഹത്തിന്റെ ഓമനപ്പേര്‌) കാതിൽ തേന്മഴയായി’ എന്ന ലേഖനത്തിലൂടെ സലിൽ ചൗധരിയെയും ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന ലേഖനത്തിലൂടെ ജെറി അമൽദേവിനെയും ‘എങ്ങനെ നാം മറക്കും?’ എന്ന അദ്ധ്യായത്തിലൂടെ മലയാളത്തനിമയിലുറച്ചു നില്‌ക്കാൻ ത​‍െൻ ഈണങ്ങളിലൂടെ ആഹ്വാനം ചെയ്‌ത കെ.രാഘവനെയും നമുക്ക്‌ കൂടുതലായി അറിയാൻ സാധിക്കുന്നു.

ഗാനരചയിതാക്കളുടെയും സംഗീത സംവിധായകരുടെയും സംഭാവനകൾക്കപ്പുറത്തേയ്‌ക്കു കടന്ന്‌ ആ പ്രതിഭാശാലികളുടെ മനസ്സുകളിലൂടെ ഒരു തീർത്ഥാടനം നടത്താനാണ്‌ രവിമേനോൻ ശ്രമിക്കുന്നത്‌. ഇപ്പോൾത്തന്നെ സാമാന്യം നീണ്ടുപോയ ഈ അവതാരിക വിസ്‌തരഭയത്താൽ ഞാൻ ദീർഘിപ്പിക്കുന്നില്ല. ഒ.എൻ.വി. സലിൽദാ, കെ.രാഘവൻ തുടങ്ങിയ മഹാഗുരുക്കന്മാരെക്കുറിച്ച്‌ എഴുതിത്തുടങ്ങിയാൽ എന്റെ മനസ്സ്‌ നിലയ്‌ക്കാത്ത പ്രവാഹമായി മാറും.

നിറഞ്ഞ വാത്സല്യത്തോടെ, തികഞ്ഞ അഭിമാനത്തോടെ രവിമേനോന്റെ ഈ പുതിയ പുസ്‌തകം സാമാനഹൃദയരായ ഗാനാസ്വാദകരുടെ മുമ്പിൽ ഞാൻ അവതരിപ്പിക്കുന്നു.

Generated from archived content: book1_juy10_10.html Author: sreekumaran_thampi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here