കുട്ടി കരഞ്ഞുകൊണ്ട് പിറന്നു
കുട്ടി പിച്ചവെച്ച് നടന്നു
കുട്ടി ചിരിച്ച് കളിച്ച് വളർന്നു
കുട്ടി കൊഞ്ചലോടെ പറഞ്ഞു.
കുട്ടി പാഠശാലയിൽ ചേർന്നു
കൂട്ടരോടൊപ്പം പഠനം തുടർന്നു
കൂട്ടത്തിലാശാൻ അറിവ് പകർന്നു
കുട്ടിയിൽ ഊർജ്ജം ഉണർന്നു.
കുട്ടി അതിവേഗം വളർന്നു
കുട്ടിയിൽ കൗമാരം തെളിഞ്ഞു
കുട്ടിവദനത്തിൽ ആണത്തം പിറന്നു
കുട്ടി നേത്രങ്ങൾ കുമാരിയെ തിരഞ്ഞു
കുട്ടി പുത്തൻ ശാസ്‌ത്രം പഠിച്ചു
കുട്ടി ചിലത് കണ്ട് ഭ്രമിച്ചു
കുട്ടി ബോധത്തിൽ വിഷം നിറച്ചു
കുട്ടി ചിന്തയിൽ രൗദ്രം നിറച്ചു.
കുട്ടി രക്തം തിളച്ചുമറിഞ്ഞു
കുട്ടി ഞരമ്പുകൾ മുറുകി വലിഞ്ഞു
കുട്ടി മനസ്സിൽ വിദ്വേഷം നിറഞ്ഞു
കുട്ടി ബിംബങ്ങൾ കൊണ്ട് നടന്നു.
കുട്ടി ചരിത്രം ചികഞ്ഞ് പഠിച്ചു
കുട്ടി ബോധത്തിൽ വൈരം നിറഞ്ഞു
കുട്ടി കൈയ്യിൽ ആയുധം വച്ചു
കുട്ടി കൂട്ടരെ കൊല്ലാൻ കൊതിച്ചു
ഗോവിന്ദൻകുട്ടിയും ഇബ്രാഹിംകുട്ടിയും
തോമസ്സുകുട്ടിയും കേശവൻ കുട്ടിയും
അഹമ്മദ്‌കുട്ടിയും മാധവൻകുട്ടിയും
കുട്ടിത്തമില്ലാത്ത സത്വങ്ങളായി.
Generated from archived content: poem1_mar29_11.html Author: sreekumar_v