ദൈവീകം

ദൈവമേ ചൊല്ലിടാം കേൾക്കുമാറാകണം

ദൈവത്തിൻ സ്വന്തം നാട്‌ കാണുമാറാകണം

നാടിന്ന്‌ പിരഷ്‌കൃത വേഷഭൂഷാദികൾ

നാടിന്നപമാനമായി ചില കെട്ടുകാഴ്‌ചകൾ

നാടെന്ന ചിന്തയൊട്ടില്ലായൊരുത്തർക്കും

ഞാനെന്ന ചിന്തയാണെല്ലാ മനുജർക്കും

കള്ളച്ചതിയും പൊളിവചനങ്ങളും പിന്നെ

പൊള്ളത്തരമായ പൊങ്ങച്ച സഞ്ചിയും

കള്ളനും തല്ലിനും കൊല്ലിനും മാത്രമായ്‌

എള്ളോളമില്ല ഭരണ വ്യവസ്‌ഥകൾ

നാടിൻ നൃപൻ മുഖ്യ നിഷ്‌ക്രിയൻ മറ്റുള്ള

മന്ത്രിമാർ അധികാര മത്തൻമാർ മിക്കതും

ഉരുക്കുബലമുണ്ടോ രസ്‌ഥിവാരവും മറ്റും

തുരുമ്പിച്ച്‌ ജീർണ്ണിച്ചവശമായ്‌ കിടപ്പല്ലോ.

പൊട്ടക്കിണറ്റിലെ തവളയായ്‌ നേതൃത്വം

പൊട്ടിയ പട്ടം പോൽ നാടും നഗരവും

നീതിയും നിയമവും നോക്കുകുത്തികളാകവേ

നിയമനിർമ്മാണം പാഴ്‌വേലയാകവേ

മധുവിനാലബോധനായ്‌ മാറിയ മലയാളി

മധുപാനം നൈരന്ത്യമാക്കിയ മലയാളി

ലഹരിയിൽ ഹോമിപ്പൂ അറിവും വിവേകവും

ലഹളയായി ജ്വലിപ്പു വികാരമെല്ലാം.

മതം കൊണ്ട്‌ മദമിളകിയ മാനവൻ

മലയാളം ഭ്രാന്താലയമാക്കി മാനവൻ

മതത്തിൽ വിഷത്താൽ അന്ധനാം മാനവൻ

‘മതമില്ലാത്ത ജീവനെ’ തുരത്തിയ മാനവൻ

നിന്നെയാരും കണ്ടില്ലിതുവരെ

നിന്നെയോർത്ത്‌ ക്ഷോഭിക്കുന്നവരുൾപ്പടെ

നിന്റെ പലവിധ രൂപഭാവങ്ങളിൽ

നിന്നെ രക്ഷിക്കാനൊഴുക്കുന്ന രക്തത്തെ

കണ്ടില്ലെന്ന്‌ നടിക്കുന്നു

നീയും ഞാനും നാട്ടാരും

നിന്നെച്ചൊല്ലി ചടുലതാളത്തിൽ യുവത്വം

നിണമണിഞ്ഞു നിൽപ്പൂ നാട്ടിലാകെ

മനുഷ്യത്വമില്ലാത്ത മതാന്ധകാരത്താൽ

മനുഷ്യമൃഗമായിത്തീരുന്നു മാനവൻ

ശ്രീനാരായണീയ ചിന്തകൾ മറന്നുവോ

നാരായണ ധർമ്മപരിപാലനം തകർന്നുവോ

ജാതിക്കോമരങ്ങൾ ആർത്തട്ടഹസിക്കവേ

ജാതി തിരിച്ചുള്ള കണക്കെടുപ്പിക്കവേ.

യുക്തിക്കും ബുദ്ധിക്കും സ്‌ഥാനമില്ലാതാകെ

ശക്തിക്കും അശുദ്ധിക്കും സ്വാഗതമോതവേ

സർവ്വവും ഭുജിക്കുന്ന ഭീകരവ്യാളിയായി

സർവ്വവ്യാപിയായ്‌ തൻപ്രമാണിത്തം വാഴവേ

തോക്കുകൾ ബോംബുകൾ സാർവത്രികമായി

തോട്ടകൾ പോലും കൊലയ്‌ക്കായുധമായി

കേട്ടാലറക്കുന്ന ഭാഷാപ്രയോഗങ്ങൾ

കേട്ടുണരേണ്ട സ്‌ഥിതി വിശേഷമായി.

കേരളമെന്ന്‌ കേട്ടാലത്‌ തിളക്കുന്നുപോൽ

കേഴുന്നു സംസ്‌കാരം അപമാനഭീതിയാൽ

ദൈവത്തിൻ നാമത്തിൽ കൈവെട്ടും നാട്ടിൽ

ദൈവീകമായൊരു ജന്മമുണ്ടാകണേ

ദൈവത്തിൻ നാട്ടിൽ ദൈവമില്ല

ദൈവഭക്തിയില്ല വിഭക്തിയില്ല

ഉള്ളത്‌ കേവല സ്വാർത്ഥത മാത്രം

ഉള്ളത്‌ ഞാനെന്ന ഭാവം മാത്രം

നെറ്റിലും ചാറ്റിലും സെല്ലിലും കുരുക്കുകൾ

തെറ്റിപ്പോകുന്ന കൗമാരമനസ്സുകൾ

അമ്മിഞ്ഞപ്പാലമൃതാക്കി വളർന്ന മക്കൾ

അമ്മതൻ മാറിനെ കുത്തിനോവിക്കുമോ

മാതാപിതാക്കളെ കൊന്നുമൂടുന്ന മക്കൾ

മാറുന്ന കാലത്തെ രക്തരക്ഷസ്സുകൾ

സ്വന്തം അദ്ധ്വാനത്താലല്‌പാത്ത സ്വത്തുക്കൾ

സ്വന്തമാക്കാനുള്ള മൃഗീയ മോഹങ്ങൾ

വീരശൂരപരാക്രമിയായ മർത്ത്യനെ

വീരശൃംഖല അലങ്കരിച്ച യോദ്ധാവിനെ

വീര്യത്തോടെ തച്ചുടച്ച അധികാരദേഹത്തെ

വീര്യമേറെയുള്ള ഒരൊറ്റക്കോശം കീഴടക്കവേ

പനിവന്ന്‌ വിറച്ചും മരിച്ചും മലയാളി

പതിവായി കേൾക്കുന്ന മരണക്കണക്കുകൾ

പലവിധ പീഢകൾ കീഴടക്കീടുമ്പോൾ

പരിഹാരസമേതം യാത്രചൊല്ലിയാ ടീച്ചർ

കപടമായൊരു പ്രകടനപരതയും

കരുതിനടത്തുന്ന പക്ഷപാതങ്ങളും

ഒരുമിച്ച്‌ ചേർന്നീ ദൈവത്തിൻ ദേശത്തെ

ഒരു നാൾ നാശത്തിൻ വക്കിലെത്തിക്കുമോ

അരിവാളും ചുറ്റികയും കൊടിയിൽ മാത്രമായ്‌

അഭിമാനമുള്ള സമത്വം വെറും മിഥ്യയായ്‌

ത്രിവർണ്ണപതാക രണ്ടു ദിനങ്ങൾക്കു മാത്രമായ്‌

ത്രിശൂലം ഗർഭത്തിൽ കുത്തിയിറക്കാനായ്‌

രാഷ്‌ട്രപിതാവ്‌ തൻ മഹനീയ പൈതൃകം

രാഷ്‌ട്രത്തിനിന്ന്‌ പണത്തിൻ മാത്രമായ്‌

വെളുപ്പിച്ച്‌ തേപ്പിച്ച ഖാദിക്കുപ്പായങ്ങൾ

വെളുക്കെച്ചിരിക്കുന്ന കോമരങ്ങൾക്കായ്‌

നിന്റെ ശ്രീകോവിൽ ധനികമാക്കി ഞങ്ങൾ

നിൻ കൃപാകടാക്ഷം കാംക്ഷിച്ചു ഞങ്ങൾ

കൊള്ളയടിക്കപ്പെടുന്നു നിൻ ഭണ്ഡാര സമ്പത്ത്‌

കൊള്ളക്കാർ തൻ മധ്യേ വാഴുന്നു തൽസ്വരൂപം

മലയാള ഭക്തിയും ഗന്ധർവനാദത്തെ

മലക്കു മുകളിലെ ഹരിവരാസനത്തെ

പടിക്ക്‌ പുറത്ത്‌ നിർത്തുന്ന ദേവസ്വം

പടിപടിയായി ജീർണ്ണിച്ച മാനസം

അരങ്ങിലെ കലയെ ഹിംസിക്കും ഹത്‌വയും

അരിഞ്ഞു വീഴ്‌ത്തുന്ന മതാന്ധകാരവും

മാനവരാകെ രണ്ട്‌ ജാതിയെന്നോതുവാൻ

മാനവികതക്കിന്നില്ല ഈശ്വരൻമാരാരും

കാടായ കാടെല്ലാം വെട്ടിത്തെളിക്കുന്നു

കാനനപ്പുതപ്പിന്റെ ഹരിതം നശിക്കുന്നു

വേനൽച്ചൂടിനാൽ വെന്തുനീറുന്നു ഭൂമി

വേദനയോടെ തിരിച്ചറിയുന്നു നമ്മൾ

ചൂഷണം താങ്ങാതെ മരിപ്പൂ ധരിണി

ഭൂഷിതവലയത്തിൽ ഭൂമിദേവി

ഖനനത്താൽ തെറ്റിയ പ്രകൃതിതാളങ്ങൾ

മനനത്താൽ മടങ്ങിവരുമോ വീണ്ടും.

ശക്തിയേറിയ സൂര്യാതാപം ഫലം

ശക്തിമത്തായ സുനാമികൾ ഫലം

ഉഗ്രവേഗത്തിൽ വീശുന്ന കൊടുംകാറ്റും

ഉഗ്രസ്‌ഫോടനത്തിൽ മുന്നേ മിന്നൽപ്പിണരും

സർവ്വം തകർക്കുന്ന പ്രളയരൗദ്രവും

സർവ്വം നശിപ്പിക്കും ഭൂമിനടനവും

കാപട്യമുഖംമൂടി മറയാക്കും മനുഷ്യനെ

കാരുണ്യമില്ലാതെ ശിക്ഷിക്കുമോ ദൈവം?

പ്രപഞ്ചശക്തികൾ ക്ഷോഭിക്കും വീണ്ടും

പ്രതികാരമായി പ്രതികരിക്കും നിത്യം

ഉടച്ചുവാർക്കട്ടെ വ്യവസ്‌ഥിതി വീണ്ടും

ഉടഞ്ഞുതരിപ്പണമാകുന്നതിൽ ഭേദം

ഇനിയൊരു ഉദയം കാത്ത്‌ നില്‌പ്പൂ

ഇനിയൊരു വിപ്‌ളവം കാത്ത്‌ നില്‌പ്പൂ

ജീവപരിണാമം തുടർന്ന്‌ പോകെ

ജീവനം സാത്വികമായ്‌ പുനർജ്ജനിക്കെ

അതുവരെ……….

ദൈവമേ………….

ഈ ദൈവദേശത്തിൻ തീരത്ത്‌……

നീ തന്നെ നിന്നെ കാത്തുകൊള്ളേണമേ…..

Generated from archived content: poem1_jan18_11.html Author: sreekumar_v

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here