ചില കുറ്റപ്പെടുത്തലുകൾ

പോത്തുവണ്ടിയാത്രകളിൽ നിന്നുപോയ പേന തുടച്ചെടുത്ത്‌, ഒന്നു കുടഞ്ഞ്‌ അടുത്ത വിശേഷങ്ങളിലേക്ക്‌ കടക്കുകയാണ്‌. ഋതുഭേദങ്ങൾ നിറഞ്ഞ ജീവിതയാത്രയുടെ ഉച്ചനീചത്വങ്ങളിലെല്ലാം എന്റെ ഉരം ഉരഞ്ഞൂറിയ ചോര ഇപ്പോഴും പറ്റിക്കിടക്കുന്നുണ്ട്‌. അതായിരിക്കും, പിടിച്ചുകുലുക്കുമ്പോൾ വേരുകൾ ദൂരങ്ങളിലും കിടന്ന്‌ ഉടക്കിവലിക്കുന്നത്‌. പ്രവാസത്തിലേക്കും മറ്റു വിശേഷങ്ങളിലേക്കും തിരിയുന്നതിനു മുമ്പ്‌ എനിക്കു കുറച്ചു കുറ്റപ്പെടുത്തലുകളുണ്ട്‌. നന്നാക്കാനുറച്ചവർ നന്നാവാതെപോകുന്ന വിധിവൈപരീത്യത്തിൽ നിന്നുകൊണ്ടു തന്നെ എന്റെ പരാതികളുടെ കെട്ടഴിച്ചിടുന്നു..

വർണ്ണവിവേചനത്തിനും മത-വർഗ്ഗ ഭേദങ്ങൾക്കും മുമ്പൊരിക്കലുമില്ലാത്തവിധം പുതിയ മാനങ്ങൾ കൈവന്നിരിക്കുന്ന ദുരവസ്ഥയാണിന്ന്‌. “ജാതി ചോദിക്കുന്ന വ്യോമസിംഹാസനങ്ങളുടെ” കാൽചുവട്ടിലാണ്‌ മാനുഷികതയുടെ പുതിയ വിത്തുകൾ മുളച്ചുകൊണ്ടിരിക്കുന്നത്‌. വിഷമയമാക്കപ്പെടുന്ന ചുറ്റുവട്ടത്തെ ഭീകരവിഷ(വിഷയ​‍ാമയങ്ങളാക്കി അവ ചില്ലകൾ നീട്ടുന്നു. നിരുത്തരവാദികളെന്നു നടിച്ച്‌ വികലമാക്കപ്പെടുന്ന സമൂഹത്തിന്റെ ചോര രായ്‌ക്കുരാമാനം കഴുകിക്കളഞ്ഞ്‌, കുരുന്നുകളുടെ ചെകിടത്ത്‌ മതഭേദമോതുന്ന പൗരോഹിത്യം.. ഏഷണികയറ്റി പരസ്പരം തല്ലിക്കുന്ന അധികാരസ്ഥാനങ്ങൾ… സാധാരണമനുഷ്യന്റെ ‘ജീവിക്കുക’ എന്ന അവകാശം കവർന്നെടുക്കുന്നവർക്കുള്ള ശിക്ഷ ഹൃദയങ്ങളിൽ ചങ്ങലപൊട്ടിക്കാൻ വെമ്പുകയല്ലേ..?

ഞാൻ കുറ്റപ്പെടുത്തുന്നത്‌, ഞാൻ ഉൾപ്പെടുന്ന നായർ സമുദായത്തെക്കൂടിയാണ്‌. വർഗ്ഗചിന്തകളെ പൊലിപ്പിച്ചു കാണിക്കുകയോ, ഭേദചിന്തകൾക്ക്‌ എണ്ണയൊഴിച്ചുകൊടുക്കുകയൊ അല്ല, ഉള്ളിൽ തന്നെയുള്ള നിർജ്ജീവതയെയും, കേടുപാടുകളെയും തെല്ലൊന്നു ചുരണ്ടിനോക്കുകയാണ്‌. അധികാരമോഹത്തിലുപരി, സാമുദായിക പ്രതിബദ്ധത എന്നൊന്ന്‌ ഉണ്ടോ? കെടുകാര്യസ്ഥതയുടെ ഇരുണ്ട ഗുഹകളെന്നോ, കച്ചവട താൽപര്യങ്ങളുടെ ഷൈലോക്കിയൻ പ്രവണതകളുടെ മുളങ്കരുത്തുകളെന്നോ ഒന്നും പറഞ്ഞുപോകുന്നില്ല. എന്നാൽ, സാമുദായിക പ്രസ്ഥാനങ്ങൾക്ക്‌, സാമുദായിക ചിന്തകൾക്കുള്ളിൽ നിന്നാണെങ്കിലും, മാനുഷികതലങ്ങളിലധിഷ്‌ഠിതമായ ലക്ഷ്യങ്ങളല്ലേ വേണ്ടത്‌?

വീണുപോയവരെ ചവുട്ടിനടക്കാൻ ശീലിച്ചവരുടെ സാമൂഹ്യബോധത്തിനോ, ബോധനത്തിനോ എന്തർഥം? ലാഭക്കച്ചവടത്തിന്റെ മോഹങ്ങളിലേക്ക്‌ ആർത്തലച്ചു വീഴുന്ന സമുദായം അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്നു വ്യതിചലിച്ചിട്ടു തന്നെ കാലം കുറെ ആയില്ലേ!. ഇന്നും, സാമ്പത്തികാധഃസ്ഥിതിയിൽപ്പെട്ടു നട്ടം തിരിയുന്ന കുടുംബങ്ങളുണ്ട്‌ പ്രസ്തുത സമുദായത്തിൽ. പട്ടിണിയും പരിവട്ടവുമുള്ള, രോഗാവസ്ഥയിൽ നിന്നു പിടിച്ചുകയറാൻ ഒരു കൈ സഹായം തിരയുന്നവരും കുറവാണോ? ഒരു വർഗ്ഗത്തിന്റെ പേരുയർത്തി പ്രസ്ഥാനമുണ്ടായാൽ, അതിന്‌ ആ വർഗ്ഗത്തിന്റ അപചയങ്ങളിൽ കൂടെനിൽക്കാനുള്ള കെൽപുവേണം. ശവസംസ്‌കാരച്ചടങ്ങിനുശേഷം പൊടിതട്ടി ഇറങ്ങിപ്പോകുന്ന പ്രവണത, ഒരിക്കലും ആശാവഹമല്ല. അല്ലെങ്കിൽ ഒരെഴുത്തു കൈ മാറി, പിന്നെല്ലാം മറന്നുപോകുന്ന നിരുത്തരവാദത്വം ഭൂഷണമല്ല.

ക്ഷേത്രഭരണങ്ങൾ കൈയ്യാളുകയെന്നതിലുപരി, വിദ്യാഭ്യാസം പോലുള്ള കച്ചവട സ്ഥാപനങ്ങളുടെ വരവു ചെലവു നോക്കുകയെന്നതിലുപരി ഉൽകൃഷ്ടമായ എത്രയോ കർമ്മങ്ങൾ ഇനിയും പലർക്കും ആവശ്യമുണ്ട്‌.. ആണ്ടോടാണ്ട്‌ ഉത്സവങ്ങളുടെയൊക്കെ അധിപനായ ദൈവത്തിന്‌ വേണ്ടി ഉത്സവം പൊടിപൊടിക്കുന്നതിൽ നിന്ന്‌, ഒരു ഭാഗം എന്തുകൊണ്ട്‌ ആസന്നമായ അപകടാവസ്ഥകൾ നേരിടുന്ന ഒരു സാമുദായികനു കൊടുത്തുകൂടാ?

മനുഷ്യനെ തിന്നു ദേവസ്ഥാനങ്ങൾ ചീർത്തു വളരട്ടെ, പരാതിയില്ല. മിമിക്രി കണ്ടോ, നാടകങ്ങൾ കണ്ടോ ഒരു ദൈവവും പ്രസന്നമാകില്ലെന്നിരിക്കെ, ഈ പൊടിപൂരങ്ങളിൽ സ്വല്പം വെട്ടിക്കുറച്ച്‌ അവശതയും, അനാരോഗ്യവും, ദുരന്തങ്ങളും അനുഭവിക്കുന്ന പ്രസ്തുത പ്രസ്ഥാനത്തിലെ കുടുംബങ്ങൾക്കു നൽകിയിരുന്നെങ്കിൽ, ഏതു കോവിലിൽ നിന്നാണ്‌ ഈശ്വരചൈതന്യം ഈറങ്ങിപ്പോകുന്നത്‌? ഏതു ആരാധനാമൂർത്തിയാണ്‌ പിറന്നാൾ വൈകൃതങ്ങളിൽ കുറവുവന്നതിന്റെ പേരിൽ പിണങ്ങി മാറിനിൽക്കുന്നത്‌…. ആർഭാടധൂർത്തിൽ നിന്നു വ്യതിചലിച്ച്‌, മാനുഷീക മുഖമണിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ എന്റെ മുറിവുകൾക്കും ഒരിക്കൽ ഉപശ്ശാന്തി ഉണ്ടായേനെ. ഇപ്പൊഴും അതു ആഗ്രഹിക്കുന്ന നിരവധിപേർ നായർ സമുദായത്തിലുണ്ടെന്ന്‌ ഓർമവെക്കുക. സാമൂഹ്യപരിഷ്‌കരണമെന്ന കൽപിതതത്വം പ്രാവർത്തികമാക്കേണ്ടത്‌ ഇങ്ങനെയൊക്കെയാണെന്ന്‌ ആരെയും പറഞ്ഞുബോധ്യപ്പെടുത്തേണ്ടതില്ലല്ലോ..

വളർച്ചാനിരക്കിന്റെ മാനകം നോക്കിയും, വീട്ടുവളപ്പിലെ മതിലിന്റെ കനം നോക്കിയും, പരസ്പരം സ്നേഹിക്കുകയും, നിന്ദിക്കുകയും, മാറ്റിനിർത്തുകയും ഒക്കെ ചെയ്യുന്ന നായർ സമുദായത്തിന്റെ ഗർവ്വിഷ്ടമായ ജീവിതചര്യയിൽ മാറ്റമുപദേശിക്കുവാനുള്ള സാഹസമൊന്നുമില്ല. ഇവിടെ വകഭേദങ്ങളും, ഗർവ്വിന്റെ പൊള്ളത്തരങ്ങളും കണ്ടെത്താൻ ഒരുപാട്‌ പാടുപെടേണ്ടതില്ല. എല്ലാം ജലം പോലെ സ്പഷ്ടം..!

വേദനകൊണ്ടാണിങ്ങനെ എഴുതിയത്‌. ആ വേദനയുടെ സാധുത തുടരുന്ന ഏടുകളിൽ നിങ്ങൾക്കും മനസ്‌സിലാകും.

ഇനി തിരികെ ഫരീദാബാദിനെക്കുറിച്ചും, അച്ഛനെക്കുറിച്ചുമൊക്കെ പറയാനുണ്ട്‌. പൂച്ചക്കണ്ണൻ സുഭാഷിന്റെ ശിക്ഷണത്തെക്കുറിച്ചും, ഒന്നാം നമ്പർ രണ്ടാം നമ്പർ സൂത്രങ്ങളെക്കുറിച്ചും പറയാതിരുന്നാൽ ഫരിദാബാദ്‌ പൂർണ്ണമാകില്ല. പിന്നീടല്ലേ ഇന്ദ്രപ്രസ്ഥവിശേഷങ്ങളിലേക്ക്‌ നടക്കാനാവൂ…!

Generated from archived content: pravasam6.html Author: sreekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപോത്തുവണ്ടി യാത്രകൾ
Next articleപ്രവാസി
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English