മൂരി നീർത്തിക്കിടക്കുന്ന പെരുവഴിയേറ്റെടുത്ത അനാഥജീവിതങ്ങളുടെ എത്രയോ കഥകളാണ് നഗരത്തിനു പറയാനുള്ളത്. പോഷകങ്ങളില്ലാത്ത പ്രതീക്ഷകൾക്കു മുകളിലൂടെ അത് ഓടിച്ചുകയറ്റിയ ചക്രങ്ങളിൽ ഇപ്പോഴും ചോര പുള്ളിപ്പെട്ടു കിടക്കുന്നുണ്ടാകും… ദില്ലിയിലെ ബിഎംഡബ്ല്യു കേസ് നമുക്ക് മറക്കാറായിട്ടുണ്ടോ? മാനുഷികതയ്‌ക്ക് ഉണ്ടായ പരിക്കുകൾ, മാറ്റിപ്പറഞ്ഞ സാക്ഷിമൊഴികളിലും, തിരുത്തപ്പെട്ട തെളിവുകളിലും സൗകര്യപൂർവ്വം ഒളിഞ്ഞിരിക്കുന്നത് കാണാകും..
എന്റെ അനുഭവക്കുറിപ്പുകൾക്ക് തുരുമ്പും പൊടിയും പിടിച്ചു തുടങ്ങിയതിന്റ വിരസത ഉണ്ടായിത്തുടങ്ങിയോ എന്നു സംശയിക്കുന്നു. എങ്കിലും, മീൻ തൊട്ടു കൂട്ടണമെന്നതു പോലെ, കരിപുരണ്ട അധ്യായങ്ങളില്ലാതെ ഒന്നും പറഞ്ഞുതുടങ്ങാനാവില്ല തന്നെ. സുഖവും, സന്തോഷവും തമാശയുമുള്ള മറ്റൊരു നാൾവഴിയുമുണ്ട് ഈ വഴി പോകുമ്പോൾ. അപ്പോൾ ചിരിക്കുകയോ ചിന്തിക്കുകയോ ചെയ്യാം… അനുഭവങ്ങളെ അവകാശവാദങ്ങളാക്കുന്നതിലോ, ദാരിദ്ര്യപ്രസംഗത്തെ അഭ്യുദയത്തിലേക്കുള്ള തുറുപ്പുഗുലാനാക്കുന്നതിലോ താൽപര്യമില്ലെങ്കിലും, ഇങ്ങനെയെഴുതുമ്പോൾ സ്വയം വെളിവാകുന്നതിന്റെയും, ലഘൂകരിക്കപ്പെടുന്ന ഉൾമേഘസാന്ദ്രതയുടെയും സുഖം അനുഭവിച്ചറിയുന്നു.
അന്ന്, ലഖാനി ഷൂസിന്റെ കമ്പനിക്കു മുന്നിലൂടെ ഓടിപ്പോകുന്ന വഴിയെ, നേരെ ചെന്ന്, വലതു തിരിഞ്ഞാൽ ഒരുകുന്ന ഇരുമ്പ് ബൊർമകൾ ഉണ്ടായിരുന്നു. തല്ലിപ്പൊളിച്ച മോൾഡുകളുടെ കൂമ്പാരവും നിരന്നും, കൂമ്പാരവുമായി കിടക്കുന്ന അച്ചിൽ വാർത്തെടുത്ത, ട്രാകറിനു വേണ്ട ചെറുഭാഗങ്ങളും ചേർന്ന ബൊർമ്മ. ഏകദേശരൂപത്തിൽ വാർത്തെടുത്ത അവ, ലേത്തുകളിൽ രാകി മിനുക്കി, പിരിയും തുളയുമിട്ട്, നിലമുഴേണ്ടതിനായുള്ള യാന്ത്രികതയായി മാറുന്ന മാനുഷിക പ്രയത്നങ്ങളെ ശ്ലാഘനീയമാക്കുന്ന ഉദ്ദാഹരണമായി തോന്നിയിരുന്നു. അടിമകളെയും, മിണ്ടാപ്രാണികളെയും, യന്ത്രങ്ങളേയും കൊണ്ട് തന്റ ഭാരമെടുപ്പിച്ചു വലിയവനായ മനുഷ്യനെ, ഭൂമിയുടെ മുഖച്ഛായ മാറ്റിയതിനാണോ, ഏകാധിപത്യസ്വഭാവങ്ങൾക്ക് അടിത്തറയിട്ടതിനാണോ, കൈയ്യൂക്കില്ലാത്തവരെ തുരത്തിയോടിച്ച് സ്വസാമ്രാജ്യം കെട്ടിപ്പടുത്തതിനാണോ ശ്ലാഘിക്കേണ്ടത് എന്നുകൂടി ചിന്തിക്കേണ്ടതല്ലേ?
പോത്തുവണ്ടി യാത്രകളെക്കുറിച്ചായിരുന്നല്ലോ പറഞ്ഞുവന്നത്.
താരതമ്യേന കുറഞ്ഞ എണ്ണത്തിലുള്ള ഓർഡറുകളേയുള്ളു എങ്കിൽ, പോത്തുവണ്ടികളാണ് ഉപയോഗിക്കാറ്. ഗതാഗതച്ചെലവ് കുറവായിരിക്കും. കൂടെ ഏതെങ്കിലും തൊഴിലാളി വഴി പറഞ്ഞുകൊടുത്ത് ഉണ്ടായിരിക്കണമെന്നു മാത്രം. സ്ഥിരം ആൾക്കാരുണ്ടെങ്കിൽ അതും വേണമെന്നില്ല. ഫരിദാബാദ് നഗരത്തിന്റ ഉള്ളുകള്ളികളിലൂടെ ഏന്തിവലിഞ്ഞ് നീങ്ങുന്ന പോത്തുവണ്ടിപ്പുറത്തിരുന്നുള്ള യാത്ര ഒന്നു വേറെ തന്നെയാണ്. ഉൾച്ചൂടു മാറാത്ത കാസ്‌റ്റ് അയേൺ പീസുകൾ എണ്ണിക്കയറ്റിയ പോത്തുവണ്ടിയിൽ, ഇരുമ്പിനുമുകളിൽ കയറിയിരുന്ന്, വഴിപറഞ്ഞുകൊടുത്തു വേണം പോകേണ്ടത്. ഒരുപോലെയുള്ള അനേകം തിരിവുകളും ചുറ്റലുകളുമുള്ള ഫരീദാബാദിൽ വഴിതെറ്റിപ്പോയിരുന്നു എന്റെ ആദ്യ പോത്തുവണ്ടിയാത്രയ്‌ക്ക്. വഴി ചോദിക്കുന്നവർക്ക് തിരിക്കുന്നിടത്തുതന്നെ വന്നെത്താനുള്ള കുറുവഴി പറഞ്ഞുകൊടുക്കുന്ന പെരുവഴിഭൂതങ്ങൾ ഉത്തരേന്ത്യയിലുണ്ട്. തുടക്കക്കാരന്റെ ചുറ്റിത്തിരിയലോർത്ത് ദിനം മുഴുവൻ ഊറിച്ചിരിക്കുന്ന ചില ഭൂതങ്ങൾ..! നഗരം ചുറ്റുന്ന പോത്തുവണ്ടി. അതിന്റെ മുകളിൽ, തീ ഒലിച്ചിറങ്ങുന്ന വെയിലത്ത്, ദ്രവിച്ച പല്ലിളിച്ച് തെറിവിളിക്കുന്ന പോത്തുവണ്ടിക്കാരനെ ഭയന്ന് ഞാൻ.. നടക്കാൻ മടിക്കുന്ന പോത്ത് കുടമണി വലിച്ചുകുലുക്കി പിണങ്ങി പിന്നാക്കം നിൽക്കാൻ തുടങ്ങിയിരുന്നു.
അന്ന്, വഴിയോരങ്ങളിൽ പോത്തുകൾക്ക് ലാടമടിച്ചുകൊടുക്കുന്ന കടകളുണ്ടായിരുന്നു. അവയിലൊന്നിന്റെ മുമ്പിൽ പോത്തുവണ്ടി നിർത്തി എന്നോടു താഴെയിറങ്ങാൻ പറഞ്ഞു വണ്ടിക്കാരൻ. നുകത്തിന് തറയിൽ താങ്ങു കൊടുത്ത് പോത്തിനെ അഴിച്ചു മാറ്റി ലാടമടിക്കാനുള്ള തയ്യാറെടുപ്പായി. പോത്തിനെ ചെരിച്ചു കിടത്തി മുൻകാലുകൾ തമ്മിലും, പിൻകാലുകൾ തമ്മിലും നന്നായി കെട്ടുകയായി. പഴയ ലാടം മാറ്റി, പുതിയത് ലാഘവത്തോടെ അടിച്ചുകയറ്റുമ്പോൾ പോത്തിന്റ അമർത്തിപ്പിടിച്ച പിടച്ചിൽ കണ്ടറിയാമായിരുന്നു. വേഗത കൂട്ടാനുള്ള കാലിലെ മുറിവുകൾ പുതുക്കപ്പെടുന്നതിന്റ വേദന, ഒരു പക്ഷേ ഒരു വട്ടം മാത്രം ക്രൂശിക്കപ്പെട്ട (?) ജീസസുപോലും അനുഭവിച്ചിട്ടുണ്ടാവില്ല എന്നു പിന്നീടു തോന്നിയിരുന്നു…! ഇഷ്‌ടാനിഷ്‌ടങ്ങളില്ലാത്ത അടിമത്തൊഴിലാളിയെ പോലെ തോന്നി, ഭാരം വലിക്കുന്ന പോത്ത്. സമരങ്ങളും യൂണിയനുകളുമില്ലാത്തതായിരിക്കും അവയുടെ ദുരവസ്ഥയ്‌ക്ക് കാരണം…
വേഗമായും ഇറച്ചിയായും ഉത്തരവാദിത്തങ്ങൾ ചെയ്തുതീർക്കേണ്ട അതിന്റെ ജീവിതം മറ്റൊരു തൊഴിലാളിയുടെ വിയർപ്പായി ഉഷ്ണിക്കുന്നതറിയാൻ കഴിഞ്ഞു…
സായാഹ്നത്തോടെ പരിസമാപ്തിയിലെത്തിയ പോത്തുവണ്ടിയാത്ര.. സാധാരണയിൽ കവിഞ്ഞ സമയമെടുത്തതിനുള്ള കണ്ണുരുട്ടലും മുഖം വീർപ്പിക്കലും വരവേറ്റിരുന്നു… പിന്നെയും കുറെ പോത്തുവണ്ടിയാത്രകളുണ്ടായിരുന്നു. ഇരുമ്പുരുക്കു തുടങ്ങിയ ഹൃദയത്തിൽ കിടന്ന് ഉരുകിയൊലിച്ച് പൊള്ളിയ ചിന്തകൾ… കരയുടെ രാശികൾ പതഞ്ഞുപൊങ്ങാത്ത നടുക്കടലിലെ ആശയക്കുഴപ്പങ്ങൾ…
ഒട്ടേറെ കാര്യങ്ങൾ..
ഇനിയും പങ്കുവയ്‌ക്കാം…
പാഠം പഠിപ്പിക്കാൻ ശ്രമിച്ച അനുഭവങ്ങളിലെ ഇനിയും പഠിക്കാത്ത പാഠങ്ങൾ..
Generated from archived content: pravasam5.html Author: sreekrishnadas_mathur