ചെന്നുപെടുന്ന സാഹചര്യങ്ങൾ ഒരുപക്ഷേ, മനുഷ്യനെ അവിശ്വസനീയമാംവിധം മാറ്റിമറിക്കുന്നു. അനിവാര്യതയുടെ പശ്ചാത്തലത്തിൽ, പിടിച്ചുനിൽപ്പിന്റെ സൂത്രവാക്യങ്ങൾ മെനയുമ്പോൾ, സാഹചര്യങ്ങളെ ഉൽകൊള്ളുകയും അതിനു അനുസൃതമായി നീന്തുകയും ചെയ്യേണ്ടിവരുന്നു. ചെറുത്തുനിൽപ്പിനുള്ള ശക്തിയും സന്നദ്ധതയുമുണ്ടാകുംവരെ അതു തുടരേണ്ടിയും വരുന്നു. വേനൽ കത്തിക്കയറുന്ന വെയിലത്തേക്ക്, ഇപ്പോൾ ജാലകത്തിലൂടെ നോക്കുമ്പോൾ, പിഴുതെടുക്കലിന്റെയും മാറ്റിനടലിന്റെയും നിരവധി വേദനകൾ വേർപടലത്തിലുള്ള ഒരു ഒറ്റമരം പോലെ തോന്നിപ്പോകുന്നു സ്വയം. ശീതീകരിച്ച മുറിയിലിരുന്ന് ജാലകത്തിനപ്പുറത്തെ ഉരുകുന്ന ജീവിതം കാണുമ്പോൾ, ഫരീദാബാദിലെ ഉച്ചവെയിലത്തെ പോത്തുവണ്ടിയാത്രകളുടെ ചൂടുള്ള ഓർമ്മകൾ മനസ്സിലെത്തുന്നു.
പശുക്കൾ, പോത്തുവണ്ടികൾ, പൂച്ചക്കണ്ണൻ സുഭാഷ്
ഉത്തരേന്ത്യയിൽ പശുക്കളെപ്പോലെയുള്ള മൃഗങ്ങൾക്ക് സർവ്വസ്വാതന്ത്ര്യമാണെന്നു പറയാം. കമ്പോളങ്ങളിലും തിരക്കുള്ള റോഡുകളിലും സ്വൈര്യവിഹാരം നടത്തുന്ന ഇവർക്ക് ചീറിപ്പായുന്ന ഗതാഗതക്കുരുക്കൊന്നും പ്രശ്നമാകാറില്ല. ആൾക്കൂട്ടത്തിനിടയിലൂടെ ഇടിച്ചുകയറി, ഒന്നും സംഭവിക്കാത്തതുപോലെയുള്ള കൊമ്പുകുലുക്കിയുള്ള നടത്തം കാണേണ്ടതുതന്നെ. ഗുഡ്ഗാവിലും ഫരീദാബാദിലും ദില്ലിയിലെ ചിലയിയിടങ്ങളിലും ഈ സ്വൈര്യവിഹാരം നമുക്കു കാണാവുന്നതാണ്. പലർക്കും വഴിവെട്ടിയും, ചിലരുടെ വഴിമാറിനടന്നുമുള്ള മനുഷ്യന്റെ ഭയവിഹ്വലമായ ജീവിതത്തിനുനേരെയുള്ള കൊമ്പുകുലുക്കലല്ലേ അവയുടേതെന്ന് തോന്നാറുണ്ട്. നിർഭയരായ ഇവിടുത്തെ തെരുവു പശുക്കളെക്കുറിച്ചു പറയുമ്പോൾ, പുരസ്‌കാരംനേടിയ, രസകരമായ ഒരു ഉത്തരേന്ത്യൻ പശുച്ചിത്രം ഓർക്കുന്നു. ഇന്ത്യൻ എക്സ്‌പ്രസ്സിലാണെന്നു തോന്നുന്നു, വളരെനാൾ മുമ്പ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്. ഗതാഗതം മുടക്കിനിൽക്കുന്ന ഒരു കറുമ്പൻ പശുവാണ് ആദ്യ ചിത്രത്തിൽ. ഗതാഗതക്കുരുക്കു നീക്കാൻ, ട്രാഫിക് വൃത്തത്തിൽ നിന്നിറങ്ങി പശുവിനെ നിയന്ത്രിക്കാൻ കച്ചകെട്ടി വരുന്ന പോലീസുകാരൻ അടുത്ത ചിത്രത്തിൽ.. പിന്നെയോ.., ഓടുന്ന പോലീസുകാരന്റ പിന്നാലെ കൊമ്പുകുലുക്കി പശു… ട്രാഫിക് ഐലന്റിൽ വലിഞ്ഞു കയറിയ പോലീസുകാരന്റെ ചുവടെ കലിതുള്ളി പശു… അടുത്തചിത്രത്തിൽ, ട്രാഫിക് ഐലന്റിൽ തലയെടുപ്പോടെ നിൽക്കുന്ന പശു. വളരെ യാദൃശ്ചികമായി പകർത്തിയ ആ ചിത്രങ്ങൾ വടക്കെയിന്ത്യയിലെ മൃഗാധിപത്യത്തിന്റ നല്ലൊരു ഉദാഹരണമാണ്. എങ്കിലും ചെളിയിലും ഓടകളിലും രാസലീല നടത്തി വിഹരിക്കുന്ന പന്നിക്കൂട്ടങ്ങളുടെ അവസ്ഥ പരിതാപകരമാണ്. എപ്പോൾ വേണമെങ്കിലും വളഞ്ഞുപിടിക്കപ്പെടാവുന്ന ജീവിതമാണ് അവയുടേത്.
ഫരീദാബാദിൽ അക്കാലത്ത്, ചെറുകിട ഇൻസ്ര്ടിയൽ യൂണിറ്റുകൾ മെറ്റീരിയൽ ഗതാഗതത്തിന് വ്യാപകമായി പോത്തുവണ്ടികൾ ഉപയോഗിക്കാറുണ്ടായിരുന്നു. വേഗതകുറവാണെങ്കിലും, ടൗണിന്റെ പരിധിക്കകത്തുള്ള കുറഞ്ഞ ദൂരങ്ങളിൽ നിന്ന് അസംസ്‌കൃതവസ്തുക്കളും, ബൊർമ്മകളിൽ നിന്ന് കാസ്‌റ്റ് അയൺ ചരക്കുകളും കമ്പനികളിലെത്തിക്കുന്നതിന് പോത്തുവണ്ടികൾ ഉപയോഗിച്ചിരുന്നു. ചെലവ് തുച്ഛമായിരുന്നതാണ് പ്രധാന കാരണമെന്നു തോന്നുന്നു. ട്രാക്ടറിന്റെ പിൻഭാഗത്ത് കൊളുത്തിയിടാറുള്ള ട്രെയിലർ പോലെയുള്ള ലോഹ കൺടെയ്നറിനെ, നുകം കെട്ടിയ പോത്തിനെക്കൊണ്ട് വലിച്ചുകൊണ്ടുപോകുന്നതാണ് പോത്തുവണ്ടി എന്ന സംഗതി. കാലുകളിൽ ലാടം തറച്ചുകൊടുത്താൽ, പോത്ത് ചുട്ടുപഴുത്ത ടാർ റോഡുവഴി എത്ര ഭാരം വേണമെങ്കിലും വലിച്ചുകൊണ്ടുപോകും. അമരക്കാരനായി പോത്തുവണ്ടിക്കാരനുണ്ടാകും. പുതിയ ഏതെങ്കിലും ട്രിപ്പാണെങ്കിൽ ഏതെങ്കിലും തൊഴിലാളി ഇരുചക്രവാഹനത്തിൽ വഴികാട്ടിക്കൊടുത്തു കൂടെയുണ്ടാകും, അല്ലെങ്കിൽ പോത്തുവണ്ടിയിൽ നിറച്ച ഇരുമ്പിനു മുകളിൽ കയറിയിരുന്നു വഴി പറഞ്ഞുകൊടുത്തു കൂടെ യാത്ര ചെയ്യും.
സുഭാഷ് എന്ന പൂച്ചക്കണ്ണനെക്കുറിച്ച് നേരത്തെ പറഞ്ഞല്ലോ. മദാൻ എന്റർപ്രൈസസിൽ ഫിനിഷ്‌ഡ് മെറ്റീരിയൽ ചെക്കിംഗ് മുതൽ ലേത്തുപണികൾ, ഉടമയ്‌ക്കു ചായകൊണ്ടു കൊടുക്കുക തുടങ്ങി സ്‌ഥാപനത്തിലേക്കു വേണ്ട ഇരുമ്പിന് ഓർഡർ കൊടുക്കുക, നഗരത്തിലെ ബൊർമ്മകളിൽ പോയി ആവശ്യമായ ഇരുമ്പ് കയറ്റി എത്തിക്കുക എന്നീ ജോലികളെല്ലാം അവൻ ചെയ്തിരുന്നു. സുഭാഷ് എന്ന ഉൾനാടൻ തൊഴിലാളി, ഭാഷവശമില്ലാതിരുന്ന എന്നെ ധാരാളം ചൂഷണം ചെയ്തിരുന്നു. ജോലിയിൽ നിന്നു പിരിച്ചു വിടുമെന്ന അവന്റെ ഭീഷണി, പലപ്പോഴും കഠിനമായ ജോലികൾ ഏറ്റെടുക്കാൻ എന്നെ നിർബന്ധിതനാക്കിയിരുന്നു. നഗരത്തിലെ നെറികെട്ട പലയിടങ്ങളും വശമുണ്ടായിരുന്ന അവൻ എന്നെ പിന്നിലിരുത്തി ഒരു പഴയ സ്‌കൂട്ടറിൽ തിരക്കുള്ള വഴിയിലൂടെ മിന്നിപ്പാഞ്ഞിരുന്നത് ഇപ്പോഴും നടുക്കത്തോടെ ഓർക്കുന്നു. മുറുകെപ്പിടിച്ചിരുന്നോ, എന്തും സംഭവിക്കാമെന്ന മുന്നറിയിപ്പിൽ തുടങ്ങുന്ന യാത്ര ചിലപ്പോൾ ചില ചേരികളുടെ പടിക്കൽ നിൽക്കും. എന്നെ പുറത്തുനിർത്തി നാടോടിപ്പെണ്ണുങ്ങളോടു കൊഞ്ചിക്കുഴഞ്ഞ് ചേരിക്കുള്ളിലേക്കൂളിയിടുന്നതും പതിവായിരുന്നു. ചെളിയിൽ കിടന്നു പരിചയിച്ച പന്നിക്കൂട്ടങ്ങളിലൊന്നു പോലെയായിരുന്നു അവൻ. മുൻകാല (ഇപ്പോഴും ചിലയിടങ്ങളിൽ തുടരുന്ന) തൊഴിൽ സംസ്‌കാരത്തിന്റ പ്രാതിനിധ്യം വഹിച്ച് ഇപ്പോഴും സുഭാഷ് മനസിൽ കിടന്നു മിന്നിപ്പായുന്നുണ്ട.് വെള്ള കുർത്ത-പിജാമയിൽ നിറഞ്ഞു തുളുമ്പുന്ന മന്ദസ്മിതവുമായി വരുന്ന ഉടമ, മദാൻ സാബിന്റെ ഒരു തലോടൽ മതിയായിരുന്നു അവന്റെ പരിഭവങ്ങൾ അലിഞ്ഞുപോകാനും ഊർജ്ജസ്വലത വീണ്ടെടുക്കാനും..
ദില്ലിയിൽ പലരുമുണ്ടെന്നും, ഒരു നല്ല ജോലി താമസിയാതെ ശരിയാവുമെന്നുമൊക്കെ സുഭാഷിനോട് ഞാൻ മുടന്തുള്ള ഹിന്ദിയിൽ പറഞ്ഞുകൊടുക്കുമായിരുന്നു. അങ്ങിനെയെങ്കിലും അവന് എന്നോടുള്ള കടുംപിടിത്തം കുറയട്ടെ എന്നു കരുതിയായിരുന്നു അത്. പലരുമുണ്ടെന്ന വ്യാജഭാവം ഒരു രക്ഷാസ്ഥാനമായി എനിക്കു തോന്നാറുണ്ട്. അരക്ഷിതത്വവും, അനാഥത്വവും പിടിമുറുക്കുമ്പോൾ പലരുമുണ്ടെന്ന വ്യാജവിശ്വാസം, ഒരു പക്ഷേ, നിലനിൽപ്പിന്റെ മറ്റൊരു സൂത്രവാക്യമായി ഭവിച്ചിരുന്നു. പിന്നിട് ഒരു നാൾ, പൂച്ചക്കണ്ണൻ സുഭാഷിന്റെ മനസു തുറന്നു. ദില്ലിയിലെത്തുമ്പോൾ തനിക്കൊരു ജോലി തരപ്പെടുത്തി തരണമെന്ന് അവൻ പറയുകയുണ്ടായി. പിന്നെന്നോ, അവൻ മദാൻ എന്റർപ്രൈസസ് വിട്ടുപോയതായി അറിയാൻ കഴിഞ്ഞു. ഒരു പന്നിയെ പോലെ അവൻ മറ്റേതോ മേച്ചിൽപുറം തേടി ഊളിയിട്ടിരിക്കാം….
പോത്തുവണ്ടിയാത്രകളിലേക്ക് ഇനി പോകാം…
Generated from archived content: pravasam4.html Author: sreekrishnadas_mathur