ഉത്തരേന്ത്യയിൽ ഇപ്പോൾ വേനലാണ്. ആഗോളതാപനമെന്ന സ്ഥിതിവിശേഷമാകാം, തുടക്കത്തിൽ തന്നെ വേനലിന് തീവ്രത കൂട്ടിയിരിക്കുന്നത്. അനുനയത്തോടെ വരുന്ന കാലാവസ്ഥകളുടെ ശൈലി മാറിയിരിക്കുന്നു. പെട്ടെന്നാണ് തുടക്കവും, ഒടുക്കവും. ഫരിദാബാദിലെ ചില വേനൽക്കാലകാര്യങ്ങളിലേക്ക് ഈ വട്ടം കടക്കാം.
ആകാശത്തു നിന്ന് തീയടർന്നു വീഴുന്ന കാലം. പുറമ്പോക്കുകളിൽ നിന്ന് മഞ്ഞവെളിച്ചത്തിലേക്ക് (Lime Light) ചാടിക്കയറി വാർത്ത സൃഷ്ടിക്കുന്ന മൃതചിത്രങ്ങളിലെ ഒട്ടിയ വയറുള്ള കറുത്ത മനുഷ്യക്കോലങ്ങൾ. കുതിച്ചു ചാടാൻ തിക്കുന്നവരെ, സൂര്യന്റെ പിടിച്ചുതള്ളി ചുട്ടെടുക്കലാണ് ഇവിടത്തെ വേനൽ. ഒരു രാത്രി പുലരുമ്പോൾ, തീവ്രവേഗപാതകളുടെയിടയിൽ ഞെരുങ്ങുന്ന ഡിവൈഡറുകളിൽ ചിലപ്പോൾ ചൂടു തിന്ന ശവങ്ങളെ കാണാകും. കിടന്ന കിടപ്പിൽ തന്നെ, വരണ്ട ഉറക്കത്തിൽ നിന്ന് ചൂടെടുത്തുകൊണ്ടുപോയ ജീവന്റ ബാക്കിപത്രമാകുമവ. മുനിസിപ്പാലിറ്റിയുടെ വണ്ടി വന്നു തോണ്ടിയെടുത്തുകൊണ്ടു പോകണം, ദുരിതപൂർണ്ണമായ ജീവൻ വിട്ടിട്ടും ഒന്നു സമാധാനമായി ആ ശരീരത്തിന് ഇല്ലാതായിത്തീരാൻ. അങ്ങനെ റോഡരികുകളിലും, ചേരിപ്രദേശങ്ങളിലും, പെരുവഴികളിലും മറ്റും മതിയായ ഭക്ഷണപാനീയങ്ങളില്ലാതെ നാമമാത്രമായിത്തീരുന്നവരുടെ മരണസംഖ്യയാണ് നാം ചൂടു കുതിച്ചുകയറുന്ന ഉത്തരേന്ത്യൻ വേനൽക്കാല വാർത്തകളിലൂടെ അറിയുന്നത്. ഒറീസയിലും, രാജസ്ഥാനിലും, ഉത്തർപ്രദേശിലും ദില്ലിയിലുമൊക്കെയായി ചൂടുകാരണമുണ്ടാകുന്ന മരണവാർത്തകളുടെ സ്രോതം, താഴെക്കിടയിലെ അറിയപ്പെടാത്ത മനുഷ്യക്കോലങ്ങളുടേതാണ്. ബാക്കിയുള്ളവരെ, എയർകണ്ടീഷണറുകളും, മറ്റു ശീതീകരണ സംവിധാനങ്ങളും, പിന്നെ ചിലപ്പോൾ അടങ്ങാത്ത ജീവൽത്വരയുമൊക്കെക്കൂടി താങ്ങി നിർത്തുന്നു. കൊടും ശൈത്യകാലത്തിലും സ്ഥിതി ഏതാണ്ടിങ്ങനെ തന്നെ.
വേനൽ – രോഗങ്ങൾ സുലഭമായ കാലം.
മലിനജലവാഹിനികളും ശുദ്ധജലസംവിധാനങ്ങളും പൊട്ടിയൊലിച്ച്, തമ്മിൽ കലർന്ന്, പുലർച്ചയിൽ പൈപ്പിലൂടെ വീട്ടിലെത്തുന്ന ജലത്തെ അനുഗമിക്കുന്നത്, മാരകമായ രോഗങ്ങളാവാം. ഒരു ജനതയുടെ സുരക്ഷയും, അടിസ്ഥാനസൗകര്യങ്ങളും കൃത്യതയോടെ നോക്കിനടത്തേണ്ട ഭരണസംവിധാനങ്ങളിലുള്ള അവിശ്വാസത്തിന്റ പ്രത്യക്ഷഫലങ്ങളാണ് കുപ്പിവെള്ളത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതെന്നു തോന്നുന്നു. കുപ്പിവെള്ള വ്യവാസായസംരംഭകർ ചെയ്യുന്നതും ജലത്തെ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ ശുദ്ധീകരിച്ച് വിശ്വാസ്യത നിലനിർത്തി, കമേർസ്യൽ പരസ്യങ്ങൾ നൽകി വിപണിയിലെത്തിക്കുകയെന്നതാണ്. ഒരു ഭരണകൂടത്തിനെന്തുകൊണ്ട് വിശ്വാസ്യമായ രീതിയിൽ കുടിവെള്ള സംവിധാനം മെച്ചപ്പെടുത്തിക്കൂടാ? വെള്ളം ഈ നൂറ്റാണ്ടിലേയും, വരും കാലങ്ങളിലേയും ഏറ്റവും പ്രാധാന്യമുള്ള അടിസ്ഥാന ജീവിത പ്രശ്നങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുമ്പോഴും, എല്ലാം കച്ചവടക്കാർക്കു വിട്ടുകൊടുത്ത് നിലവാരമില്ലാത്ത രാഷ്ട്രീയജീവികളായി ഉത്തരവാദിത്തമുള്ളവർ മാറുന്നത്, ഇവിടെ, നഗരത്തിൽ മാത്രമല്ല, നാട്ടിലും ദൃശ്യമാണല്ലോ…
ഒരു പ്രദേശത്തെയാകെ ഒന്നിച്ച് കോളറയും, ചിക്കൻപോക്സും, ടൈഫോയിഡും മഞ്ഞപ്പിത്തവും ഭീകരമായി കീഴപ്പെടുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. രോഗങ്ങളെക്കുറിച്ചു പറയുമ്പോൾ, ദില്ലിയിലെ ഒരു പിൽകാല വേനൽ ഓർത്തുപോയി. സുഭാഷ്നഗറിലെ ഒരു വാടകമുറിയിൽ ഞങ്ങൾ നാലു സഹമുറിയൻമാർ, ചിക്കൻപോക്സ് ബാധിച്ച് കിടപ്പിലായ സംഭവത്തിന്റെ ഓർമകളിൽ കുറെയധികം രസങ്ങളും, ജീവിതയാഥാർഥ്യങ്ങളും ഉണ്ട്. രോഗവിശേഷങ്ങളുടെ മറ്റൊരേടിൽ ഞാനതു പങ്കുവയ്ക്കാം.
വേനലായപ്പോഴേക്ക്, കോലാഹലങ്ങൾ നിറഞ്ഞ ഇരുണ്ട ഗുഹയായി മദാൻ എന്റർപ്രൈസസു മാറിയിരുന്നു. കടന്നു കയറുന്ന ചൂടിൽ നിന്നു തൊഴിലാളികളെ രക്ഷിക്കാൻ ഒരു കൂളർ പോലുമില്ലായിരുന്നതായി ഓർക്കുന്നു. മുകളിൽ ഇരുമ്പുപൊടിയടിഞ്ഞ് കറുത്തുകരിവാളിച്ച പഴയ കുറെ പങ്കകൾ ഉണ്ടായിരുന്നു. എന്നാൽ മദ്ധ്യാഹ്നങ്ങളിൽ, കായികാദ്ധ്വാനത്തിന്റെ പാരമ്യതയിൽ അവ, ചൂടുകാറ്റു തേവുന്ന മറ്റൊരു വേനലായേ തോന്നുമായിരുന്നുള്ളു. കോലാഹലങ്ങളിൽ നിന്നൊഴിഞ്ഞ്, ഫൈബർ ഭിത്തികൊണ്ടു വേർതിരിച്ച രണ്ടു ക്യാബിനുകളിലൊന്നിൽ, വെളുത്തുചുവന്ന്, കവിൾ ബലൂൺ പോലെ വീർത്തു തൂങ്ങിയ കമ്പനിയുടമയുടെ ‘സംരക്ഷിതമേഖലയിലെ’ സുഖലോലുപത, വെന്തുരുകി, അല്പം പുറംകാറ്റുകൊള്ളാൻ പുറത്തു ചാടുന്ന ഞാൻ മിന്നായം പോലെ കാണാറുണ്ടായിരുന്നു.
നീണ്ടു മെലിഞ്ഞ്, ഭഗത് സിംഗിനെയോർമിപ്പിക്കുന്ന മീശയുള്ള തേജ്റാമിന് ചൂടായാൽ പിന്നെ ഭ്രാന്തുള്ളതുപോലെയാണ്. ഉള്ളിലെ ലേത്തുകളുടെ നിരന്തര കലഹവും, അരിഞ്ഞു വീഴ്ത്തപ്പെടുന്ന ചുട്ടുപൊള്ളുന്ന ഇരുമ്പു ചിന്തുകളിൽ നിന്ന് മുഖത്തു പതിക്കുന്ന ഇരുമ്പു പൊടികളുമൊക്കെ ചേർന്ന് നരകത്തിന്റ പ്രതീതിയുളവാക്കാറുണ്ടായിരുന്നു. രാകിമിനുക്കിക്കൊണ്ടിരിക്കുന്ന ഗിയർബോക്സിന്റെ എന്റ്പ്ലേറ്റ് എവിടേക്കെങ്കിലുമൊക്കെ അയാൾ വലിച്ചെറിയും. നീണ്ട ചെക്കിങ്ങ് പ്ലാറ്റുഫോമിൽ ഇരുമ്പു കഷണങ്ങൾ കൊണ്ട് വലിയ ശബ്ദത്തോടെ ആഞ്ഞടിക്കുകയും, ആരെയെങ്കിലുമൊക്കെ, മനസ്സിലാക്കാൻ പ്രയാസമുള്ള ഉൾനാടൻ പച്ചത്തെറികൾ വിളിക്കുകയും ചെയ്യും. ചിലപ്പോൾ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകും. മണിക്കൂറുകൾക്കുശേഷം ഒന്നും സംഭവിക്കാത്തതുപോലെ കയറിവന്ന് ഇരുമ്പുമായി മല്ലിടുകയും ചെയ്യും. ആംഗ്യഭാഷകളിലൂടെ ചീത്തവിളികളുടെ പൂരം സ്വതസിദ്ധമായ അയാളെ ഇപ്പൊഴും ചില വിശ്രമസമയങ്ങളിൽ ഞാനോർക്കാറുണ്ട്. സൂപ്പർവൈസറുടെ സഹോദരനെന്ന പരിഗണനയുള്ളതിനാലും, സ്ഥാപനമുടമയ്ക്ക് അവനെ നേരിയ ഭയമുണ്ടായിരുന്നതിനാലും ജോലിയിൽനിന്ന് തേജ്റാമിനെ ഒരിക്കലും പുറത്താക്കിയിരുന്നില്ല. വളരെ ചുരുക്കമായി അയാളുടെ ചിറി കോടി പുറത്തുവരുന്ന ചിരിക്ക് ഒരു പ്രത്യേക രസമുണ്ടായിരുന്നു. എന്നോട് ഒരിക്കലും അയാൾ സംസാരിച്ചതായി ഓർക്കുന്നില്ല. എന്നാൽ കാണുമ്പോഴൊക്കെ നേരിയ ആ ചിരി സമ്മാനിക്കാറുണ്ടായിരുന്നു.
കമ്പനിയിൽ വലിയ ട്രക്കുകളിൽ വരുന്ന ഇരുമ്പ് ആദ്യമൊക്കെ അൺലോഡ് ചെയ്യുമ്പോൾ എണ്ണുകയെന്നതായിരുന്നു തീരെ ചെറുപ്പമായിരുന്ന എനിക്കു നൽകിയ പണി. ക്ലെറിക്കൽ തസ്തികയിൽ അവിടെ ഒഴിവോ, ആവശ്യമോ ഉണ്ടായിരുന്നില്ല. എല്ലാം നോക്കിനടത്തുന്ന ഒരു എക്സ് മിലിട്ടറി അറോറയുണ്ടായിരുന്നു. പിന്നീട്, വരുന്ന ഇരുമ്പ് എണ്ണി, അൺലോഡു ചെയ്യുക, ഉള്ളിൽ ലേത്തുകളുടെയോരത്തായി കൊണ്ടിട്ടു കൊടുക്കുക, തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തങ്ങളിലേക്ക് ഞാൻ കൂപ്പുകുത്തുകയുണ്ടായി. തൊഴിലിന്റെ ഭാഗമായി നടത്തിയ കുറെ പോത്തുവണ്ടിയാത്രകളുടെ വേറിട്ട അനുഭവങ്ങളും ഫരിദാബാദ് എനിക്കു നൽകി. അതിനെ കുറിച്ച് വിശദമായി അടുത്ത ഏടിൽ…
Generated from archived content: pravasam3.html Author: sreekrishnadas_mathur