ഫരീദാബാദ്‌…

ഗൃഹാതുരത്വമെന്ന വിട്ടുനിൽപിന്റെ നേരിയ വേദന ഒരു പ്രത്യേക കാലത്തെ പ്രതിഭാസമല്ല. തലമുറകളായി അനുഭവിച്ചുപോന്ന ഈ വേദനയ്‌ക്ക്‌ സ്വഭാവമാറ്റങ്ങളുണ്ടാകുന്നു എന്നു മാത്രം. നാട്ടുവഴികളേയും പട്ടുപാവാടപ്പെണ്ണിനേയും വിട്ടുനിന്നതിന്റെ വേദന ഒരു കാലത്തെങ്കിൽ, അടിമപ്പാടത്തെ നിത്യദുരിതത്തിനിടയിലും ചെളിമണവും നെൽക്കതിരും ഒക്കെ വിട്ടുനിന്നതിന്റെ വേദന മറ്റൊരു കാലത്തുണ്ടായിരുന്നു. ഇനി, തിരക്കുള്ള പാതയുടെ തിരിവിലെ ഇന്റർനെറ്റ്‌ കഫേയും, അടച്ചിട്ട മുറിയിലെ കമ്പ്യൂട്ടറും മാറുന്ന ഗൃഹാതുരതവസ്വഭാവങ്ങളുടെ വിഷയങ്ങളായി മാറിയേക്കാം. ഗൃഹാതുരത്വം എന്ന വികാരം മനനം ചെയ്യുന്നവരുടെയും, മാറിനിൽക്കുന്നവരുടെയും ഒരിക്കലും തീരാത്ത മാനസിക പ്രതിഭാസമാണെന്നു പറയാം…

ആഗസ്‌റ്റിലെ ഒരു വിരളമായ മഴയത്താണ്‌ ഫരീദാബാദിലെത്തുന്നത്‌. ഹര്യാന സംസ്ഥാനത്തിലെ ദില്ലിയുമായുള്ള ഒരു അതിർത്തി പ്രദേശമാണ്‌ ഫരീദാബാദ്‌. കുണ്ടുകൾ നിറഞ്ഞ റോഡുകളും, മൾബകൾ (ചപ്പുചവറുകൾ) കുന്നുകൂടിയ വഴിയോരങ്ങളും സയറൺ മുഴക്കുന്ന ഫാക്ടറികളും ഒക്കെ നിറഞ്ഞതായിരുന്നു ന്യൂ ഇൻഡസ്‌ട്രിയൽ ടൗൺ എന്നു വിളിക്കപ്പെടുന്ന ഫരിദാബാദ്‌.

വടക്കെയിന്ത്യയിൽ മഴ ഒരു സ്വപ്നമാണ്‌. വരണ്ടു മരുഭൂമികളായി മാറുന്ന പരദേശികൾക്ക്‌ ഗൃഹാതുരത്വത്തിന്റെ ധാരയാണ്‌ വർഷത്തിൽ പെയ്‌തുകിട്ടുന്ന വിരളമായ മഴകൾ. എന്നാൽ രണ്ടു ദിവസം മഴ തുടർന്നാൽ, മഴയോടുള്ള അഭിനിവേശമൊക്കെ കെട്ടടങ്ങും. അക്കരെപ്പച്ചയുടെ അടുത്തെത്തിയാലുള്ള വിരസതയാണ്‌ ഇവിടെ മഴയ്‌ക്കും, ശൈത്യത്തിനും, വേനലിനുമൊക്കെയുള്ളതെന്ന്‌ പിന്നീട്‌ മനസ്സിലായി. ഓടിപ്പിടിച്ചുള്ള വികസനത്തിന്റെ ദീർഘദൃഷ്ടിയില്ലായ്‌മയുടെ പരിണതഫലം മഴയിൽ വല്ലാത്തൊരു രൂപം പൂണ്ടു നിൽക്കാറുണ്ട്‌ ഇവിടെ. ഓടകൾ നിറഞ്ഞു നടവഴികളേയും പ്രധാന റോഡുകളെയും കൈയ്യേറി, ദുർഗന്ധം വീശികിടക്കും. കുതിച്ചു ചാടിത്തുടങ്ങിയ പാർപ്പിടവ്യവസ്ഥയുടെ ഇടുക്കുകളിൽ കെട്ടിക്കിടന്ന്‌ വട്ടക്കണ്ണം കറങ്ങും, ദുരിതപൂർണ്ണമായ മഴ. മഴയുടെ വഴിയിലേക്ക്‌ മനസു നടന്നിറങ്ങുമ്പോഴാണ്‌, മറക്കാൻ പറ്റാത്ത ചില മഴക്കാഴ്‌ചകളുടെ പിൻവിളികൾ മനസിലേക്കോടിയെത്തുന്നത്‌. ഒരുപക്ഷേ നഗരത്തിൽ മാത്രം കാണാൻ കഴിയുന്ന മനുഷ്യന്റെ അനാഥാവസ്ഥയുടെയും അരക്ഷിതത്വത്തിന്റെയും ഉദാഹരണങ്ങൾ. ആ ദൃശ്യ(അ)വിസ്‌മയങ്ങളിലേക്ക്‌ മറ്റൊരു ഏടിൽ നമുക്കൊന്നിച്ച്‌ നടന്നു കയാം…

ഇന്ന്‌ ഫരീദാബാദിന്‌ വളരെയധികം മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. അന്നത്തെ ആഗസ്തിൽ പരിചയപ്പെട്ട ഫരീദാബാദിന്‌ വല്ലാത്തൊരു ഗന്ധമായിരുന്നു. നൊമ്പരങ്ങളും, ദുരിതങ്ങളും, ശൈത്യവും, മഴയും, ഇരുമ്പുപൊടിയും ഇരമ്പങ്ങളും ചേർന്നുള്ള മിശ്രിതഗന്ധം. കൂനിക്കൂടിയിരുന്ന്‌ പുകവലിക്കുന്ന വ്യവസായശാലകളും അവയിലൂടെ ജീവരക്തം സ്വാംശീകരിച്ച്‌ ശബ്ദകോലാഹലമുണ്ടാക്കി മുക്കിനും മൂലയിലും ചലിച്ചുകൊണ്ടേയിരിക്കുന്ന ചെറുകിട ഫാക്ടറികളും എവിടെയും കാണാം. ഐഷർ, എബിബി, കെൽവിനേറ്റർ (കെൽവിനേറ്റർ പിന്നീട്‌, വിദേശസ്രാവ്‌ വേൾപൂൾ ഏറ്റെടുക്കുകയും, അതുവരെയുണ്ടായിരുന്ന തൊഴിലാളികളിൽ പലർക്കും നിർബന്ധിത വി.ആർ.എസ്‌ ഏർപ്പാടാക്കുകയും ചെയ്‌തു) തുടങ്ങിയ മുന്തിയ കമ്പനികൾ പ്രൗഢിനിലനിർത്തുന്ന ചുറ്റുവട്ടത്തോടെ നിന്നപ്പോൾ, അവയിലേയ്‌ക്ക്‌ രാകിമിനുക്കിയ സ്‌പെയർ പാർട്‌സുകളും മറ്റു അവശ്യഘടകങ്ങളും എത്തിച്ചുകൊടുത്തിരുന്ന ചെറുകിട പോഷക വ്യവസായശാലകൾ വമ്പിച്ച ലാഭവും, തൊഴിലാളികൾക്ക്‌ ദുരിതങ്ങളും, ചട്ടങ്ങൾ പാലിക്കാത്ത തൊഴിൽ സാഹചര്യങ്ങളും നിലനിർത്തിപ്പോന്നു. ഇരുട്ടറകൾ പോലെയുള്ള ഈ യന്ത്രപ്പുരകളിൽ നുഴഞ്ഞു നോക്കിയാൽ കരിപുരണ്ട്‌, തളർന്ന മലയാളികളെ കണ്ടെത്താൻ ഏറെ വിഷമിക്കേണ്ടിവരില്ലായിരുന്നു. അങ്ങിനെയുള്ള ഒരു തൊഴിൽ ശാലയിലായിരുന്നു എന്റെ ജോലി തേടിയുള്ള അന്വേഷണം ചെന്നെത്തിയതും, വളരെ ദുരനുഭവങ്ങൾക്കു കാരണമായതും… വെള്ളക്കോളർ സ്വപ്നം കണ്ടുള്ള പലായനമായിരുന്നു. എന്നാൽ വെള്ളക്കോളറിൽ ഇരുമ്പിന്റെ പൊടിയും മണവും കഴുകിയാലും മായാതെ നിലനിൽക്കുന്ന തൊഴിൽ കുറെക്കാലം എന്നെ മുരടിപ്പിച്ചു വച്ചിരുന്നു. കുതറിയോടുവാനുള്ള ത്വര രക്ഷാസങ്കേതമായി എന്നു തന്നെ പറയാം. ഒരു തിരിച്ചുപോക്ക്‌ ശരാശരി പ്രവാസിക്ക്‌ ആത്മഹത്യാപരമാണെന്നു തോന്നുന്നു. അതിനി, ഇന്ത്യയിലാണെങ്കിലും വിദേശത്താണെങ്കിലും… വന്നതുപോലെയുള്ള തിരിച്ചുപോക്കിൽ നാട്‌ കൂവി വിളിച്ചാക്ഷേപിക്കുമോ, മുടങ്ങിക്കൊണ്ടിരിക്കുന്ന ജീവിതാവസ്ഥ ഉറക്കം കെടുത്തുമോ എന്നൊക്കെയുള്ള ഉൾപേടിയാണ്‌ മിക്കവരെയും എല്ലാ പ്രശ്നങ്ങളും ഉള്ളിലൊതുക്കി വിട്ടുനിൽപു തുടരാൻ പ്രേരിപ്പിക്കുന്ന ഘടകം. അങ്ങനെ ഒരു പ്രമുഖ ട്രാക്ടർ കമ്പനിക്ക്‌ ഫിഷ്‌ചെയ്‌ത ഇരുമ്പ്‌ ഉല്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്ന ചെറുകിട വ്യവസായസ്ഥാപനമായ മദാൻ എന്റർപ്രൈസസിലായിരുന്നു എന്റെ അതിജീവനത്തിനായുള്ള പ്രയത്നങ്ങൾക്ക്‌ തുടക്കമായത്‌. ഇരുട്ടറ പോലുള്ള അതിന്റെ യന്ത്രപ്പുരയിലേക്ക്‌ ഉരുകിയിറങ്ങിയ കുറെ നാളുകൾ ഇരുമ്പിന്റെ മണവും, വിരഹത്തിന്റെ ചൊടിപ്പിക്കുന്ന ഭാവങ്ങളും കൂടെയുണ്ടായിരുന്നു. പുത്തൻ വ്യവസായഗതിയിലെ ചില നഗ്‌നസത്യങ്ങൾ കണ്ട്‌ അമ്പരന്നു പോയിരുന്നു ഞാൻ… കള്ളത്തരങ്ങൾ കാശുപിടുങ്ങുന്ന വ്യാവസായിക ഗുഹാമുഖങ്ങളുടെ യഥാർഥ മുഖം കണ്ടാൽ ആരും തെല്ലൊന്നമ്പരക്കാതിരിക്കില്ല തന്നെ.

ചന്ദ്രനിലെത്തിയാൽ ചായക്കടയുമിട്ടിരിക്കുന്ന മലയാളി ഉള്ളതുപോലെ, ഈ എന്റർപ്രൈസിലും എനിക്കൊരു മലയാളിയെ കാണാൻ കഴിഞ്ഞു. ശ്മശ്രുക്കൾ കുരുത്ത തെളിച്ചം കുറഞ്ഞ മുഖമായിരുന്നു സോമശേഖരന്റേത്‌.

വർക്ക്‌ സൂപ്പർവൈസർ സുഖ്‌ബീർസിങ്ങ്‌ പരിചയപ്പെടുത്തുമ്പോൾ, ട്രാക്ടറിന്റെ ഫ്രണ്ട്‌വീൽ ഹബിന്‌ ചൂടിയിടുകയായിരുന്നു (ത്രഡിങ്ങ്‌) സോമശേഖരൻ. ഡ്രില്ലിങ്ങ്‌ മെഷിനിലൂടെ, ഇരുമ്പിനോടു കയർത്ത്‌ തെറിക്കുന്ന കാസ്‌റ്റ്‌ അയൺ പൊടിപ്പൊട്ടുകൾ മുഖത്ത്‌ പറ്റിപ്പിടിച്ച്‌ കരുവാളിച്ചിരുന്നെങ്കിലും, പെട്ടെന്നു വിടർന്ന ചിരിയിൽ ഇനിയുമടങ്ങാത്ത അതിജീവനത്തിന്റെ തിരയിളക്കം അയാളിൽ എനിക്കു കാണാൻ കഴിഞ്ഞു. ചുറ്റിനും പൊടിപറത്തി വിവിധ വലിപ്പമുള്ള കുറെയധികം ലേത്തു മെഷീനുകളും, ഡ്രില്ലിംങ്ങ്‌ മെഷീനുകളും അവയോടൊട്ടിയെന്നപോലെ കരിപുരണ്ട യാന്ത്രിക മനുഷ്യരുമുണ്ടായിരുന്നു. നെടുവീർപ്പുകളെയും, പ്രതികരിക്കാൻ മുട്ടിനിന്ന ശബ്ദങ്ങളെയും അടിച്ചമർത്തി അവയുടെ ശബ്ദകോലാഹലം പിന്നെ കുറെക്കാലം എന്റെ ജീവിതത്തിലേക്ക്‌ കടന്നുകയറി.

കഴുകിയാലും കഴുകിയാലും മാഞ്ഞുപോകാത്ത ഇരുമ്പിന്റെ കറുപ്പും മണവും പറ്റിയ ജീവിതത്തിന്‌ യാന്ത്രികത പകർന്ന നാളുകൾ… പറയാൻ വലിയ കാര്യങ്ങളൊന്നുമില്ലാതെ, ഉൾനാടൻ തെറികളും, തമ്മിലടികളുമൊക്കെയായി ലേത്തിലും ഡ്രില്ലിംങ്ങ്‌ മെഷീനുകളിലും പതിഞ്ഞുപോയ കുറെ മുഖങ്ങളുണ്ട്‌ ഇപ്പോഴും മനസിൽ… ലേത്തുമായി മല്ലിടുന്ന സുഭാഷ്‌, തേജ്‌റാം, പൂച്ചക്കണ്ണൻ സുഭാഷ്‌, അക്കൗണ്ടന്റ്‌ അറോറ, വർക്‌ സൂപ്പർവൈസർ തുടങ്ങിയ ഉത്തരേന്ത്യൻ കഥാപാത്രങ്ങൾ അവരിൽ ചിലതാണ്‌.

Generated from archived content: pravasam2.html Author: sreekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഒരു യാത്രയുടെ തുടക്കം
Next articleചില ചൂടുള്ള ഓർമ്മകൾ
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English