പ്രവാസജീവിതം അതിജീവനത്തിനായുള്ള നിരന്തരസമരമാണത്രെ. പ്രവാസം എന്ന ജീവിതാവസ്ഥ ലോകഭൂപടത്തിലൂടെയുള്ള മനുഷ്യന്റെ പലായനമാണ്. നിലനിൽപിന്റെ അഭയാർത്ഥി്ര തീരത്തിലേക്ക് ഭാണ്ഡം മുറുക്കിയുള്ള യാത്ര. ശക്തമായ ഗൃഹാതുരത്വവും ജീവിതസമരവും ജയപരാജയങ്ങളും കൂടിച്ചേർന്ന സമ്മിശ്ര ജീവിതാനുഭവങ്ങളിൽ തകർന്നവീഴാതെ ഭൂരിഭാഗവും ഒരു ഫിനിക ്സ് പക്ഷിയെപ്പോലെ പറന്നുയരുന്നുണ്ട്. അന്യവൽക്കരിക്കപ്പെട്ട ശിഷ്ടജീവിതത്തിന്റെ അവകാശികൾ കുറവാണ് മിക്കവർക്കും. സ്വദേശവും പരദേശവും ഒരുപോലെ അന്യമാകുന്ന പ്രതിഭാസത്തിൽ ഭാഷയ്‌ക്കും രൂപാന്തരങ്ങളും വകഭേദങ്ങളും ഉണ്ടാകുന്നുമുണ്ട്. മായം ചേർന്ന മലയാളവും, മായംചേർന്ന ഭക്ഷണപാനീയങ്ങൾ പോലെ നമുക്കു സുപരിചിതമാകുന്നതും പ്രവാസത്തിന്റെ പാർശ്വഫലങ്ങളത്രെ.
സ്വാനുഭവങ്ങളുടെ വെളിച്ചത്തിലൂടെയാകട്ടെ, പ്രവാസ വിശേഷങ്ങളുടെ ഈ ഏട് തുടങ്ങുന്നത്. പറയാനും പങ്കുവയ്‌ക്കാനും രസകരങ്ങളായ, ദുഃഖനിർഭയരമായ സന്ദർഭങ്ങൾ ഏറെയുണ്ട്.
ഉമ്മറത്തു നിന്നാൽ, കിഴക്കെ മുറ്റത്തിനു ഉരംചാരി വളഞ്ഞുപുളഞ്ഞുപോകുന്ന ഊടുവഴിയുടെ അരികുചേർന്ന കനംകുറഞ്ഞ റബ്ബർമരങ്ങൾക്കപ്പുറം അയൽക്കാരനെപ്പോലെ അച്ഛൻകോവിലാറ് കാണാമായിരന്ന വീടായിരുന്നു. (ഇന്ന് അത് കുണ്ടിലേയ്‌ക്ക് ഉടൽവലിച്ച് കാഴ്‌ചയിൽ നിന്നു മറഞ്ഞുപോയിരിക്കുന്നു!). പുലരികളിൽ ഇറയത്തിരുന്നാൽ കുറെ വെള്ളിവെളിച്ചത്തുണ്ടുകളെറിഞ്ഞ് പുഴയുടെ സാമീപ്യമുണ്ടാകും. പുഴയും പുഴക്കാഴ്‌ചകളുമൊക്കെയായിരുന്നു പ്രധാന ജീവിതവിശേഷങ്ങൾ. വീടിന്, അകത്തെ ഇരുട്ട് കനക്കുന്ന കാലമായിരുന്നു. കല്ലുകളടർന്ന ചുവരിൽ തൊട്ടപ്പുറത്തു നിന്നുള്ള അച്ഛന്റെ വലിവു ബാധിച്ച ചുമ എപ്പോഴും തങ്ങിനിൽപുണ്ടാകും. അച്ഛൻകോവിലാറിന്റെ മീതെ തുഴഞ്ഞുകയറുന്ന കറുത്ത വള്ളങ്ങളിലൊന്നുപോലെ വീടു മുങ്ങുമോ എന്ന ഉൾഭയത്തിന്റെ വേട്ടയാടലായിരുന്നു മനസു നിറയെ. ചില അത്താഴശേഷവർത്തമാനങ്ങളും ലാളനങ്ങളും അച്ഛന്റെ ഓർമ്മചിന്തുകളിൽ പെടുന്നു. ചില വൈകിയ രാത്രികളിൽ തന്നോടു മക്കളെ ചേർത്തുവച്ചു പലതും പുലമ്പുന്ന അച്ഛൻ…
ശ്മശ്രുക്കളുള്ള മുഖം എന്റെ വയറ്റത്തു ചേർത്തു കരയാറുള്ള അച്ഛനെ ദശരഥനോട് ഉപമിക്കാറുണ്ട് ഞാൻ. മുഖരോമങ്ങളുടെ കുത്തിനോവിക്കൽ അന്നൊക്കെ എനിക്ക് അരോചകമായി തോന്നിയിരുന്നെങ്കിലും, വർഷങ്ങൾ പിന്നിടുമ്പോൾ സുഖകരമായ, നേർത്ത വേദനയുള്ള അനുഭവമായി അതു നിലനിൽക്കുന്നു.
‘അച്ഛനെ പോലെയാകരുതെന്ന്’ മകനോടുരുവിട്ട അച്ഛന്റെ ജീവിതാവസ്ഥയിലൂടെ വീടിന്റെ വിതുമ്പലുകൾ. മറ്റു വഴികളുണ്ടായിരുന്നില്ല. പ്രവാസജീവിതത്തിലേക്കുള്ള ദിശാസൂചകങ്ങൾ കണ്ടുതുടങ്ങി. കിട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ചുകയറുകയെന്ന അതിജീവനവഴി തെരഞ്ഞെടുക്കുകയായിരുന്നു. ചിരപരിചിതമായ മുഖങ്ങളെ പിരിയേണ്ടിവരുന്ന വേദനയുടെ മുന്നൊരുക്കങ്ങൾ… അടക്കിപ്പിടിച്ച ഏങ്ങലടികൾ… ‘പച്ചവെളിച്ച’ത്തിന്റെയും മറ്റും സിനിമാ നോട്ടീസുകളുടെ വൻശേഖരം എനിക്കുണ്ടായിരുന്നു. അവയുടെയെല്ലാം മറുപുറത്ത് കുത്തിനിറച്ചെഴുതിയ കവിതകളുണ്ടാകും. എല്ലാം കെട്ടിപ്പെറുക്കി പെട്ടിയുടെ ഉള്ളറയിൽ ഭദ്രം വയ്‌ക്കാനും ഞാൻ മറന്നില്ല. പ്രവാസപർവ്വത്തിലേക്കുള്ള യാത്ര. പടിയിറങ്ങുമ്പോൾ നിസംഗതയോടെ പൂമുഖത്തു നിന്ന ചിലരെ പിന്നീട് കാണാനൊത്തില്ല. അയൽപക്കത്തെ വാതിലുകളൊക്കെ തുറന്ന് അയലത്തെ പയ്യന്റെ ഉദ്യോഗയാത്ര കാണാൻ കൗതുകം നിറഞ്ഞ കണ്ണുകളുണ്ടായിരുന്നു. ഉച്ചയായാൽ പൊതിയഴിച്ചുണ്ണണേ എന്ന അമ്മയുടെ ഓർമ്മപ്പെടുത്തൽ പടിക്കലോളം വന്ന് പിന്തിരിഞ്ഞിരുന്നു. രണ്ടുനേരത്തേക്കുള്ള വാഴയിലപ്പൊതിയും, കുറേ നാളത്തേക്കുള്ള മാങ്ങ വഴറ്റിയതും ഉപ്പേരിയുമൊക്കെ അമ്മ പൊതിഞ്ഞു തന്നിരുന്നു. റെയിൽവേ സ്‌റ്റേഷനിലേക്കുള്ള യാത്രയിലുടനീളം മൗനിയായിരുന്ന അച്ഛൻ ചെന്നിട്ട് കത്തയക്കണമെന്നു മാത്രം പറഞ്ഞതോർക്കുന്നു.
കൂകിവിളിച്ച് ഇരമ്പി വന്ന കേരള എക്സ്‌പ്രസിന്റെ മുഖത്തിന് ഒരു രാക്ഷസന്റെ ഛായയുണ്ടെന്ന് തോന്നി അന്ന്. ഘോരമായ ആ ഇരമ്പം കയറിനിന്നത് എന്റെ നെഞ്ചിലേക്കായിരുന്നെന്നും തോന്നിപ്പോയി…. അച്ഛന് അഭിമുഖമായി റിസർവ്വേഷൻ കമ്പാർട്ടുമെന്റിന്റെ ജാലകത്തിനടുത്തിരിക്കുമ്പോൾ മഹാധൈര്യമായിരുന്നു. ടിക്കറ്റും പൈസയുമൊക്കെ സൂക്ഷിക്കണമെന്ന് ഓർമ്മപ്പെടുത്തി അച്ഛൻ.
വണ്ടി നിരങ്ങിത്തുടങ്ങി. ഓടിക്കിതച്ചു തുടങ്ങി. പിന്നിൽ ഉയർത്തി വീശിയ അച്ഛന്റെ കൈ ഇന്നും മനസ്സിലുണ്ട്. നിസ്സംഗതയിർൽ നിന്നൊലിച്ച ചെറിയ മിഴിയുരുക്കവും മിന്നായംപോലെ മനസ്സിലുണ്ട്. പിന്നീടൊരിക്കലും ഞാൻ അച്ഛനെ കണ്ടില്ല എന്നു പറയട്ടെ….
പ്രവാസജീവിതത്തിന്റെ ഹരിശ്രീ കുറിക്കലായിരുന്നു ആ വിരഹം. ഒരു ശരാശരി പ്രവാസിയുടെ ജീവിതാനുഭവത്തിൽ ഇങ്ങനെയുള്ളതോ കൂടുതൽ വിഷമകരങ്ങളായതോ, ആയ സന്ദർഭങ്ങൾ ഒട്ടും കുറവല്ലത്രെ. പച്ചപിടിച്ചവരും വാടിക്കരിഞ്ഞവരും അതിൽപെടും. സ്വദേശത്തും പരദേശത്തും അക്കരെപ്പച്ചകൾ നട്ടുപിടിപ്പിച്ച ചില ജീവിതാനുഭവത്തിലേയ്‌ക്ക്, ചില പ്രവാസ വിശേഷങ്ങളിലേക്ക് അടുത്ത ഏടുകളിൽ നമുക്ക് സഞ്ചരിക്കാം.
Generated from archived content: pravasam1.html Author: sreekrishnadas_mathur
Click this button or press Ctrl+G to toggle between Malayalam and English