അഞ്ചുവർഷക്കുറിഞ്ഞി പൂത്ത
ദിക്കിലിടങ്ങഴിപ്പല്ലുകൾ
ജനാധിപത്യമേ, നിനക്കുളള
ആനന്ദപ്പൂച്ചെണ്ടുഴിയുന്നു.
മുട്ടിനിന്ന നെടുനിശ്വാസ-
ക്കെട്ടഴിഞ്ഞു പാറിപ്പറക്കുന്നു,
മുണ്ടഴിഞ്ഞ പെൺനാണം
പല്ലിറുമ്മി പകയൊടുക്കുന്നു.
വോട്ടുകുത്തി പൊട്ടു തൊട്ട
ചൂണ്ടുവിരലിന്നു പട്ടാഭിഷേകം,
കൂർത്തനഖമുനച്ചെങ്കിരീടം
അട്ടുപോയ ചിരിയെ വരയുന്നു,
ഇനി,
മസ്തകത്തിലെ മദപ്പാടു
മാഞ്ഞുപോകാനഞ്ചു വർഷം,
മൊത്തിമൊത്തിക്കുടിച്ച കളള്
ഛർദ്ദിച്ചൊടുക്കാനഞ്ചു വർഷം,
നല്ലമണ്ണു വിലയ്‌ക്കുവച്ചതിൻ
പാപമൊഴിയാനഞ്ചുവർഷം,
അഞ്ചുവർഷത്തടവു കാലം-
നേർനടപ്പിനുളള ഭാഗ്യം!
അഞ്ചുവർഷക്കുറിഞ്ഞി പൂത്താൽ
കേരളത്തിലെ പുതുമഴയ്‌ക്ക്
മണ്ണലിഞ്ഞ സുഖദഗന്ധം….
Generated from archived content: poem2_may18_06.html Author: sreekrishnadas_mathur