ശവം കായ്‌ക്കും മരക്കൊമ്പിലെ
ശുഷ്‌കജൻമത്തിൻ കുരുക്കഴിച്ചിട്ട്
മണ്ണിലേയ്‌ക്കുള്ള വിതയ്‌ക്കായ് നാം
ആറടി പൊലിപ്പുള്ള
തടമെടുക്കുന്നു.
ചുറ്റിവരിയും കടക്കെണി പോലെ
കാച്ചിൽവള്ളികൾ
കൊടുമ്പിരിക്കൊണ്ട
മൺമടക്കിൽ കുരുത്ത കൃഷീവല,
കണ്ണിമാങ്ങകൾ കീഴ്‌മേൽ മറിഞ്ഞ
കൊമ്പിലെന്തേ കുരുക്കിട്ടു നീ?
പുഷ്‌ടിയില്ലാത്ത ജീവിതച്ചോട്ടിൽ
ചേറുവാനുള്ള രാസ-ജൈവ-
മിശ്രിതത്തിന്റെയില്ലായ്‌മ, വല്ലായ്‌മയായ്
പട്ടിണിച്ചെള്ളയൊട്ടുമീ മുഖ-
പ്പൊത്തിലിപ്പൊഴേ
നരത്തെഴുപ്പോ?
കല്പാന്തകാലപ്രകൃതമാം പച്ചപ്പ്
വെട്ടിത്തിളങ്ങും
ദീർഘയൗവ്വനത്തിന്
തണ്ണീരൊഴുക്കിയ അല്പായുസിന്റെ
കണ്ണീരൊഴുക്കിന്നും തോരാതെ,
തോരാതെ…
മണ്ണിന്റെ യോനീപുടങ്ങളിൽ നിന്നും
പച്ചത്തലപ്പുകൾ വന്നെത്തി
നോക്കുന്നു.
പൂവിടാൻ ഭൂമി ത്രസിച്ചിരിക്കുന്നു
നെൽ തിരമാലയടിച്ചു കയറുവാൻ
പാടം വിരിമാറ് കാട്ടിനിൽക്കുന്നു
ഏണൊടിഞ്ഞൊരു കുടിൽകെട്ട്
മാറോടടക്കും മുഖങ്ങൾ
വിതുമ്പുന്നു
പച്ചനൂൽക്കൊമ്പിൽ
തിരികൊളുത്തി
പമ്മിനിൽക്കും പകൽ പുലരുന്നു…
കൈക്കോട്ടുമായ്,
ചെളിത്തൈലവും പൂശി
മണ്ണിന്റെ പേറെടുക്കേണ്ട കൃഷീവല;
കണ്ണിമീനുകൾ തളിർക്കും
കുളത്തിൽ
ഊളിയിട്ടെന്തേ മരിച്ചു നീ….?
Generated from archived content: poem2_feb27_07.html Author: sreekrishnadas_mathur