തിരനോട്ടമാണോ,
നെറുകയിൽ തിരികൊളുത്തി
വിപുലമാം ശൈത്യവാതം
വലിച്ചുവാരിച്ചുറ്റി,
സുഖമെഴും ഡിസംബറിൻ
പരസ്യചിത്രശകലങ്ങൾ?
തോക്കിൻ വടുക്കളിൽ നിന്ന്
നോവു പൊറുത്തെണീറ്റ്,
പൂവും ചിരയുമായ് കലാശിക്കും
സ്വതസിദ്ധമീ പ്രദേശ പ്രകൃതം.
മതിൽപുറത്തുകൂടിയേന്തിവലിഞ്ഞ്
മണിമഞ്ഞണിഞ്ഞെത്തി നോക്കും
‘മറുപക്ഷപ്പച്ചത്തലപ്പുകൾ’.
വെടികൊണ്ടുവീണ സൂര്യൻ
ഒരു രാത്രി മുഴുവനിരുണ്ട്
നിറവർണ്ണത്തിടമ്പും തുളളിച്ച്
ഉറങ്ങുവോരെ തട്ടിവിളികൾ.
പൊട്ടിത്തെറിയിലേക്കു തിരിയും വഴിയുടെ
ഒക്കത്തു വിരിയും പുതുപുഞ്ചിരി……
തിരനോട്ടമാണോ,
വരുംകാല വൃദ്ധിവിസ്മയ-
മൊരുവേളയിങ്ങനെ തെളിയുന്നതാണോ?
വെട്ടിത്തിരുത്തി മാറ്റിവച്ച
വൃദ്ധിപദ്ധതിയുടെ ബാക്കിപത്രം – ഞാൻ,
നിന്റ ചുവടെ ഊർദ്ധ്വൻ വലിക്കുമ്പോൾ,
ജീവകലയുടെ വംശവൃക്ഷമേ;
തകിടം മറിഞ്ഞ ജീവിത-
ച്ചുഴിയിൽ നിന്നു പിടിച്ചുകയറാൻ
കുടഞ്ഞിടുക കുഞ്ഞിലത്തുമ്പ്-
തുടിമുറുകുമീ പുലരുമാകാം
പുതിയ മാറ്റത്തിന്റെ സൂചകം…….!
Generated from archived content: poem2_dec30_06.html Author: sreekrishnadas_mathur