പുഴയെ ഞാൻ കണ്ടില്ല,
ഈ വട്ടം.
പുഴ തളർന്നെന്നൊരു
വാർത്ത കേട്ടു,
ജീവനുണ്ടെന്നു കേട്ടു.
ചുമയടങ്ങിയ പൂമുഖത്തൂ-
ന്നൊരു വെള്ളി-
ത്തിര തെളിയും കാഴ്്ചയില്ല.
മതിലു കെട്ടി മാറി നില്‌ക്കും
അയലത്തെ
കുടില ദൃഷ്‌ടിയുടെ തീ-
പ്പൊരി പറക്കുമീ പുത്തൻ
ദിശയിലോ
കുളിരിന്നൊരുപിടി പൂവുമായ്
പഴയ കാറ്റില്ല.
പുഴയിൽ നിന്നു രാത്രികളിൽ
കുളിച്ചു കയറി തെളിനിലാവിൽ
മുടിയുലച്ചു നൃത്തമാടിയ
വൃശ്ചികം വറവിനാൽ വിണ്ട
ചുണ്ടു പിളർത്തി തേങ്ങവെ,
പുഴ മരിച്ചിട്ടില്ല., നേർത്ത
ചലനമുണ്ടെന്നൊരു പൊന്‌മ!
പഞ്ചാരത്തരിമണൽ കോരി
പാഞ്ഞു നടക്കും.
ആവേശപ്പുഴമണൽ വണ്ടികൾ
ചോർന്നൊഴുകിയ കണ്ണീരിൽ
കണ്ടറിഞ്ഞു., പുഴയുണ്ടെന്ന്.
കൽപ്പടവുകളോടുരംചാരി
സൃഷ്‌ടിതാളത്തിരയായീ നടയിൽ
തൊട്ടു സാഷ്‌ടാംഗം പ്രണമിച്ച
നീരൊഴുക്കു വഴിമാറിത്തിരി-
ഞ്ഞാധിക്കുഴിയിലൊരു തുടം
കണ്ണീരായ് കിടപ്പുണ്ടെന്ന്……
പുഴയെ ഞാൻ കാണില്ല
ഈ വട്ടം
പഴയൊരു സരസ്വതിയുടെ
ഒഴുക്കിറങ്ങുന്നു നെഞ്ചിൽ…..
Generated from archived content: poem2_apr20_06.html Author: sreekrishnadas_mathur