അമ്മയുടെ സ്വന്തം

അമ്മ എഴുതുന്നുഃ

പ്രിയമെഴും മകനെ, വരുമെന്നു നീയിനി?

പ്രിയമെഴും മകനെ, വരുമെന്നു നീയിനി?

പതിവുളള നിൻവാക്കിലിനിയുളള കളവുകൾ

കരളിലേക്കഗ്നിയും പിടയുന്നൊരമ്മ തൻ

മിഴികളിൽ കൊണ്ടലും…

“വരുമിന്നു, നാളെയെ”ന്നൊരുപാടു നാളായി

പറയുന്ന നിൻ സ്‌നേഹമൊഴുകുന്ന കത്തുകൾ

പഴകുമെൻ പെട്ടിയിൽ നിറയുന്ന കാലമായ്‌.

അതിലുളള നിൻ മനം നിറകണ്ണുമായമ്മ

കണികണ്ടു സ്വയമേ മനഃശാന്തി തേടുമ്പോൾ,

ഒരു നാളിലെൻ മകൻ നഗരത്തിൽ നിന്നെനി-

ക്കഭിമാനമായ്‌ വരും, പഴമയെ സ്‌നേഹിച്ച

ഹൃദയത്തിലവനെന്നെ പിരിയാതെ ചേർത്തു വ-

ച്ചനവദ്യസ്‌നേഹമായ്‌ നിലകൊളളുമെന്നു ഞാൻ

മെനയുന്നു സ്വപ്‌നങ്ങൾ….

രഘുരാമചരിതം ഹൃദിപൂണ്ടു കേട്ടു നീ,

പതിനാലു വർഷങ്ങൾ കഴിയുവാനന്നാളു

വിടകൊണ്ട സൂനുവെ പിരിയുന്ന ദുഃഖത്തിൽ

ദശരഥന്റെന്ത്യവും,

രഘുരാമ പാദുകം ഹൃദിയിൽ പ്രതിഷ്‌ഠിച്ച

ഭരതന്റെ താപവും….

രഘുവംശജോത്തമ കഥകൾക്കു വേണ്ടിയെൻ

ക്ഷമയെ പരീക്ഷിച്ചും,

അകതാരിലിടറുന്ന ചുവടുകൾക്കൂർജ്ജവും

അണയാനിരുന്നൊരു ദ്യുതിയൊന്നിലെണ്ണയും

പകരും നിൻ ബാല്യത്തിനു പതിനാറു വയസ്സിന്നും…!

പൊടിയാർന്നിരിക്കുന്ന രഘുരാമചരിതത്തിൻ

ഒരു താളിലിന്നും നീ കഥകേട്ടിരിക്കുന്നു!

ചടുലമാം നിൻ പാദ പതനം പ്രതീക്ഷിച്ചും,

പഴയതാമുത്‌ക്കണ്‌ഠ പരിവേദനങ്ങളിൽ,

ചിലനേരമുതിരും മിഴിനീർ കണങ്ങളിൽ,

പിഴയാർന്ന ചെക്കനെന്നൊടുവിൽ പറഞ്ഞു കൊ-

ണ്ടനുതാപ ഭാവത്തിൻ നറുദുഗ്‌ദ്ധമേകുന്ന

കനിവാർന്ന ഹൃദയം പിടയുന്നുവിന്നും…

പ്രിയമെഴും മകനെ, വരുമെന്നു നീയിനി?

ഹൃദയത്തിലെങ്ങോ ചിതയൊന്നെരിഞ്ഞതും

ദശരഥം കഥയായ്‌ ചമയ്‌ക്കുന്ന നീയൊരു

രഘുരാമനായതും

ലിഖിതമെന്നോർത്തിവൾ സ്വയമേ തപിക്കുമ്പോൾ,

കലികാലകാണ്ഡത്തിൻ ഒരു രാമഗേഹമായ്‌

ഇവിടെയോ നിൻ വീടു ചിതലെടുത്തീടുന്നു.

അകലെ പ്രവാസിയായ്‌ മരുവുന്ന രാമന്റെ

വരവും പ്രതീക്ഷിച്ചു, മിഴിനീരിലീശന്റെ

പദപൂജ ചെയ്തുകൊണ്ടിവിടെയീ കൗസല്ല്യ

ദിനരാത്രമെണ്ണുന്നു…

പതിയുടെയാത്മാവു തിരിയായ്‌ ജ്വലിക്കുന്ന

കുഴിമാടമൊന്നിൽ വിധി, മന്ഥരയായ്‌ നി-

ന്നിനിയും ഹസിക്കുമ്പോൾ,

വിജനം, വിഷാദത്തിലമരും അയോധ്യയിൽ

പലപേക്കിനാവുമായ്‌ തപിത ഞാൻ തേങ്ങുന്നു….

ദിനവും നെരിപ്പോടു പടരുന്ന കൺകളീ

ബഹുദൂരമോടുന്ന നടവഴിയിൽ നട്ടു,

നിഴൽ മാറ്റനാടകം തുടരും പകൽതോറും

കഴിയുന്നു നിന്നമ്മ….

പ്രിയമെഴും കനവെ, ഇനിയെന്നു നീ വരും?

വടിവൊത്തൊരക്ഷരത്തിരയൊന്നിലുണരും

മമ മാതൃസ്‌നേഹമാമലിവിന്റെ ലോകത്തി-

ലൊരു നേർത്ത നോവിന്റെ വ്രണവുമായ്‌ ഞാൻ വീണ്ടും

എഴുതുന്നു സസ്‌നേഹം…

വരുമമ്മേ, ഞാനുടൻ

വിധിവൈപരീത്യത്തിന്നവസാനകാലമായ്‌,

ഇനിയുളള ജീവിതം ശുഭതാര ഭൂഷിതം,

പരദേവതയ്‌ക്കമ്മ നടവച്ച നേർച്ചകൾ,

കുലദേവതയ്‌ക്കമ്മ ജപമിട്ട സ്തോത്രങ്ങൾ,

വസുദേവ പുത്രനെ തൊഴുവാൻ ഗുരുവായൂർ

നടയിൽ തപിച്ചതിൻ പരകോടി പുണ്യങ്ങൾ,

പകലന്തിയില്ലാതെ ജപമന്ത്രധാരയിൽ

മകനായ്‌ മനം കാത്ത കനിവിന്റെ സ്‌ഫുരണങ്ങൾ

ഇതു കാലമൊന്നിൽ ശുഭതാരമായ്‌ വന്നു,

ഇനിയില്ലമാന്തമാ സവിധത്തിലെത്തുവാൻ…

മിഴിനീരുമായ്‌ കത്തുമുപസംഹരിച്ചു ഞാൻ

ഒരു ദീർഘനിശ്വാസമുറവിട്ട ചോദ്യത്തിൻ

അകപ്പൊരുൾ കാണുവാൻ

വിധിവൈപരീത്യത്തിന്നിരുളാർന്ന കാട്ടിലാ

പഴയ വാൽമീകത്തിലിതളിട്ട കാവ്യത്തെ

പുനഃരുദ്ധരിച്ചു ഞാൻ വിങ്ങിത്തുടങ്ങവെ,

പരശതം ദുരിതങ്ങളെരിയുമെൻ നെഞ്ചിലെ

ചിതയിലാ നോവുകൾ മാറ്റൊലിക്കൊളളുന്നു-

“പ്രിയമെഴും മകനെ, വരുമെന്നു നീയിനി?

പ്രിയമെഴും മകനെ, വരുമെന്നു നീയിനി…”

Generated from archived content: poem1_sept14_06.html Author: sreekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപുഴ
Next articleമൊബൈൽ ഫോൺ ക്യാമറ
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here