അച്ഛനുപിറകെ കുഞ്ഞി-
ട്ടോർച്ചടിച്ചു വന്നതും,
രാത്രിയിലോക്കാനം കേൾക്കും
വീടിന്റെ കൈവഴിയിലേക്കാ-
ഞ്ഞാകാശം നീട്ടിപ്പിടിച്ചതും
പുകയറയിൽ നിന്നുകുതറി
കരണംമറിഞ്ഞെന്റെ കരളിൽ
പതിഞ്ഞ കണ്ണുരച്ചിട്ടതും
ദുഃഖമെന്നെഴുതിത്തളളിയ
വെളിച്ചമേ നീ തന്നെയല്ലേ!
ഉറക്കത്തിൻ മൂടാപ്പടിഞ്ഞ
മൃതസമാനന്റെ കാൽക്കൽവീണ്
ഉണരുണ്ണീ, വെളിച്ചം ദുഃഖമല്ല,-
ഇരുളും തിരിച്ചറിവിന്റെ ക-
ണ്ണുറക്കെത്തുറക്കേണ്ടതിൻ നിമിത്തമെ-
ന്നലമുറയിട്ടതുമിതേ വെളിച്ചം.
ഇലകളിൽനിന്നൂറിയിറങ്ങും
കുഞ്ഞു പുലരികളിൽനിന്നിപ്പോഴു-
മുയരുന്നതുമിതേ വനരോദനം….
വെള്ളപ്പുതപ്പണിഞ്ഞ
വെടികൊണ്ട ദേഹത്തി
ന്നോരത്തിരുളായിരുന്നോ,
വടിവാൾതല ചീന്തിക്കളഞ്ഞ
ഒരുപാതി നെഞ്ചത്തുവീ-
ണൊടുവിൽ നീയസ്തമിക്കുന്നേ?
നിണരേഖപിണയും തണൽതടങ്ങളിൽ നി-
ന്നിനിയും കുറെ വിളികൾ,
തടസ്സങ്ങളിൽ തട്ടിക്കീറിയ
വെളിച്ചത്തിൻ വിഫല ബോധനങ്ങൾ
വെളിച്ചം ദുഃഖമല്ലുണ്ണി,
വെളിച്ചമേ സുഖപ്രദം!!
Generated from archived content: poem1_nov25_08.html Author: sreekrishnadas_mathur
Click this button or press Ctrl+G to toggle between Malayalam and English