മഴയും വരുന്നു, താഴ്‌ച
മുരടനക്കിക്കിടക്കുന്നു.
വഴുതുവാനായ് വയ്‌ക്കുമീ
ചുവടു തകിടംമറിയല്ലേ…..!
മലകളെ പൂളിയെടുത്ത
വഴിയുടെ ഇരുകരകളിൽ
ജന്മവേരുകൾ തമ്മിൽപിണ-
ഞ്ഞുന്മാദനൃത്തമാടുന്നു…
നീറ്റിറക്കങ്ങളിൽ തൊ-
ട്ടെന്റെ കാൽകൾ തണുത്തുറയുന്നു,
തട്ടിവീഴ്‌ചതൻ തിണർപ്പ്
നീലച്ചുനിണംകെട്ടിക്കിടക്കുന്നു.
മഴയും വരുന്നു, തിരിച്ചുള്ള
വരവൊളിഞ്ഞിരുന്നുകണ്ട്
കൽപൊത്തുകൾ, ഗർത്തങ്ങൾ..
വിറയ്‌ക്കും പാദങ്ങളാലെ തിരി-
ച്ചിറക്കം കഠിനമല്ലേ;
കൂട്ടില്ലായ്‌മയിലൊറ്റപ്പെടലിൽ
നേരടക്കിപ്പിടിക്കുന്നു ഞാൻ
നീ നീട്ടും കരം തെരുപ്പിടി-
ച്ചിനിയിറക്കം തുടരുന്നു……..
Generated from archived content: poem1_nov23_09.html Author: sreekrishnadas_mathur
Click this button or press Ctrl+G to toggle between Malayalam and English