ചിരിച്ചുകൊണ്ടു തന്നതെല്ലാം
ചിന്തിക്കാതെ വാങ്ങിവച്ചു.
കൊടുക്കൽവാങ്ങലിൽ നിന്ന്
ഉയിർത്തൊരാധിദൈവമേ..,നീ
വരഞ്ഞെടുക്കാനുള്ള നെഞ്ചിൻ
വിരിവിലേക്കു കണ്ണെറിയുന്നു..
കണ്ണാടിപ്പൊടി വിതറിയ പുഴ-
ച്ചങ്കു മുങ്ങിക്കോരിയതു പോലെയല്ല,
കൊക്കുകളൊളിച്ച കുടുംബവൃക്ഷ-
ക്കടയ്‌ക്കുവച്ച കത്തിപോലെയല്ല,
എടുത്തതെല്ലാമിരട്ടിച്ചുവാങ്ങും
വെനീസുകാരന്റ ദാനങ്ങളാണ്-
ചിരിച്ചുകൊണ്ടു തന്നതെല്ലാം
ചികഞ്ഞുനോക്കാതെ വാങ്ങിവച്ചത്.
മണ്ണിളക്കിക്കൊടുത്താലൊരുപിടി
ചപ്പുവാരി പൊത്തിവച്ചാൽ
പാവടവട്ടപ്പച്ചപ്പും പൂക്കളും,
കാച്ചിലും ചേനയും പൊന്തും
“മണ്ണുമര്യാദ” പിഴപ്പിച്ചവനേ,
വാങ്ങിവയ്പിൻ കെണിപ്പെട്ടിയിൽ
ചൂഴ ്‌ന്നൊന്നു നോക്കുമോ?
ഉടക്കിപ്പിടയുമെലിയെപ്പോലൊരാൾ
കുടുക്കിലായ നീയോ, ഞാനോ..?
Generated from archived content: poem1_may3_08.html Author: sreekrishnadas_mathur