വീടുവിട്ട്, ഉഴവിലൂടൂടുവഴി
നടന്നിറങ്ങുമ്പോൾ
ചുവടെ ഞെരിഞ്ഞ ചിരി
വലിച്ചെടുത്തൊരു ചെടി.
എതിരെ, ഒഎൻവി
മുണ്ടുടുപ്പിച്ചു വിട്ട കിളി
മുണ്ടുമുട്ടോളം വകഞ്ഞു
വാതോരാതെ മിണ്ടീംപറഞ്ഞും-
(പാഠപുസ്തകത്തിലുമിനി
കാണുകില്ലെന്ന്..)
ചെളിരസം പൂശിയ
മുഖക്കണ്ണാടി പിടിച്ച് പാടം
നിവർന്നുകിടന്ന്
വാനത്തോടു സംവദിച്ച്..
തുമ്പ പറത്തിവിട്ട വെൺ-
കൊക്കുകൾ നീന്തി നീങ്ങും
ദിങ്മുഖത്തേക്കു ചാഞ്ഞ്
വാനം വിങ്ങിച്ചുവന്ന്
വിട്ടുപോയവരുടെ പാദ-
മുദ്രകൾ പേറി മൺരേഖ
പാടവരമ്പു ചുറ്റി,
കൊച്ചുകലുങ്ക് ചാടിക്കടന്ന്
യാത്രാഭിനിവേശക്കിതപ്പുമായ്
പച്ചകൾക്കപ്പുറത്തസ്തമിച്ച്…
വണ്ടിക്കുള്ള വഴിക്കണ്ണുനീളവെ
പിന്നിലൊരു മുള്ളുകൊണ്ടുകുത്തി
കണ്ടുമറന്ന പെരുവഴിപ്പൂവ്…!
“വേണമെങ്കിലൊന്നുകൂടി മുത്തിക്കോളൂ,
വീണ്ടുമീവഴി കണ്ടുമുട്ടാമെന്ന
പൂതി വേണ്ട, പറഞ്ഞേക്കാം…”
Generated from archived content: poem1_mar4_08.html Author: sreekrishnadas_mathur