ടീവി തുറന്നുവെച്ചുറങ്ങും,
കൂടൊരാളുണ്ടെന്ന തോന്നൽ
ജീവിതത്തിൽ നിന്നൊരുവേള
കൂറുമാറാതെ നോക്കും.
വാതിൽ തുറന്നിട്ടിരിക്കും,
പാത്തുവന്നൊളികണ്ണിട്ട്
തെന്നിമാറിപ്പറന്നു പോം
പുള്ളുകൾ മനസ്‌സിൽ ചിലക്കും,
ചുറ്റുവട്ടത്തുനിന്നുള്ളിലേക്ക്
പാളിനോക്കാനാളുണ്ടെന്നു തോന്നും..
അലങ്കോലമാമെഴുത്തുമേശയെ
അടുക്കിവയ്‌ക്കാനൊരുക്കമല്ലാ,
അടുക്കുംചിട്ടയുമായാലെനിക്കെന്നെ
തിരിച്ചുകിട്ടാതെ നഷ്ടമായാലോ!
പുരയ്‌ക്കുമേലേ ചാഞ്ഞിരുന്നാലും
മുറിച്ചുമാറ്റാനൊരുക്കമല്ലാ,
നിഴൽതുടകൾ തുള്ളിച്ച പാഴ്മര,-
മടുപ്പമുള്ളവരിലെണ്ണം കുറഞ്ഞാലോ..
ഒഴിഞ്ഞിരുന്നൊഴിഞ്ഞു പോകവയ്യ,
അഴിഞ്ഞുലഞ്ഞു കിടക്കട്ടെയുള്ള്,
ഇരുട്ടടിച്ചുവാരിപ്പുറത്തു തള്ളിയാൽ
വെളിച്ചമില്ലല്ലോ നിറച്ചു വയ്‌ക്കുവാൻ.
ഉള്ളിലെ പുഴയിലിപ്പോൾ
ചോര കഴുകാനുള്ള വെള്ളമില്ല,
ചോദനകളെ ചെപ്പിലടച്ച്
നെഞ്ചു പൊത്തിപ്പിടിച്ചീ കുടുസ്‌സു-
കൂരയിലിരുട്ടിനൊപ്പം വിതുമ്പും-
തേങ്ങാതിരുന്ന് തട്ടിവീഴിക്കുന്ന
കല്ലായ് ഞാനവശേഷിച്ചെങ്കിലോ….
Generated from archived content: poem1_jun26_09.html Author: sreekrishnadas_mathur
Click this button or press Ctrl+G to toggle between Malayalam and English