ഈ ചെളിയാളും നിലത്ത്
താമരയായ് നിൽക്കാനാമോ?
എന്നൊരു താമര ചോദിച്ചു.
നീർ പിടിക്കാത്ത പൂദലത്തിൽ
പുലർ പിടിപ്പിച്ചു നിർത്താനും
അടിയൊഴുക്കത്തെ അടിമട്ടുമാറ്റി
ജീവനെ കോരിയെടുക്കാനും
ചിരിക്കാനും വിടരാനും ചിരം
രാഷ്‌ട്രഭംഗിയായ് മിനുങ്ങാനും….?
പൊടിമീനുകളുരുമ്മും ഇക്കിളി
സുഖമെന്നു കരുതിയോ,
ചെകിളവാളോങ്ങും ചേറ്റു-
മത്സ്യങ്ങളിൽ നിന്നൊഴിയണം.
മഴയും കൊണ്ടിറങ്ങും രാത്രി
മുക്കിയൊടുക്കാൻ നോക്കിയാൽ
ശഠിക്കണം ശിരസ്‌സുയർത്തുവാൻ.
ജലസമാന്തരം പൊട്ടിപ്പഴുത്ത
ജലപ്രേതങ്ങളെ ഉരുമ്മി നിൽക്കണം.
ഇന്ദ്രനൊളിക്കും നീണ്ടതണ്ടിന്റെ
നങ്കൂരമാശ്രയം, ചെളിപറത്തും
പട്ടംകണക്കെ ഉയർന്നുനിൽക്കണം.
ഇഹപരത്തിൻ ബ്രഹ്‌മനും ലക്ഷ്‌മിക്കും
കുടിയിരിക്കാനിടവും കൊടുക്കണം….
ഒരുകാലിലുള്ളൊരീ ഭാവമാറ്റ-
പ്പെരുമാറ്റ നൃത്തനൃത്യങ്ങളൊട്ടും
കെട്ടുവിടാതെയാടണം….ഫലിക്കണം.
ഒടുവിൽ നിന്റെ കൈക്കുടന്നയിൽ
ഇറുന്നു വരണം, കൂമ്പണം
പട്ടിൽ പട്ടായ് ചുവന്നു പുലർച്ചേ
കണ്ണനു കണ്ണാം നേർച്ചയാകണം…!
കഴുത്തോളം വെള്ളത്തിൽ
കടുത്തതീ ജീവതസാധകം…
കണ്ടാലങ്ങിനെ തോന്നുമോ, എന്നെ?
വിടർന്നും ചിരിച്ചും ജലശയ്യയിൽ
സുഖിക്കയാണെന്നു കരുതിയോ..?
Generated from archived content: poem1_jan6_11.html Author: sreekrishnadas_mathur