അർദ്ധരാവിന്റെ ബാക്കിപത്രം
ആറിത്തണുത്തിരിക്കുന്നു, ഞാനായ്.
നിന്റെ പ്രേമാഗ്നിയണഞ്ഞൊടുക്കം, പുലർ-
വെട്ടമേറ്റുറക്കച്ചടവോടെയേൽക്കവെ,
ഇന്നലത്തെ പുകഞ്ഞ കൊളളിതൻ
ബാക്കിപത്രം ചവറ്റുകുട്ടയിൽ
ചത്തിരിക്കുന്നു, ചാവാതെ ഞാനായ്….
ചോറ്റുപാത്രം നിറച്ചിറങ്ങിയ
ബാല്യകാലക്കളിക്കൂട്ടൊടുക്കം
മാറ്റി വച്ചൊഴിഞ്ഞ പാത്രത്തിൽ
ഞാനിരിക്കുന്നു ബാക്കിവറ്റായ്….
പെയ്തുപെയ്തൊഴിഞ്ഞ ത്ലാമഴ-
ത്താളമാറി, കനത്തിരുട്ടത്ത്
അങ്ങുമിങ്ങും ഉറന്നിറുന്നീടും
തുളളികൾപോലെ ഞാനിരിക്കുന്നു…
പൂത്തു പൂത്തുൽസവക്കാലം കൊഴി-
ഞ്ഞങ്കണക്കോണിൽ മണംപോയ
പുഷ്പയൗവ്വനസ്മൃതിലയത്തിന്റെ
ബാക്കിപത്രമായ് ഞാൻ കൊഴിയുന്നു…
ഓടിയോടിപ്പതിപ്പിച്ച പാദ-
മുദ്രതന്നൊടുക്കത്തെ വടുക്കളിൽ
അന്ത്യകാലത്തണുപ്പുമായ് നിറം-
കെട്ടിരിക്കുന്നു, ഞാനിരിക്കുന്നു.
Generated from archived content: poem1_jan27.html Author: sreekrishnadas_mathur