അമ്മക്കൊരു ദിന,മതു കഴിഞ്ഞാൽ
അന്ധകാരത്തിൻ വൃദ്ധസദനം.
അമ്മിഞ്ഞപ്പാലിനോടിത്തിരി
കൂറു കുറഞ്ഞേലുമമ്മയേ സർവ്വം-
കന്നിപ്പേറു കഴിഞ്ഞെണീറ്റൊരു
ടെസ്‌റ്റ്യൂബിന്റെ ഗുണപാഠം!
അച്ഛനൊരു ദിന,മതു കഴിഞ്ഞാൽ
ആധി കേറി ചുമച്ചു തുപ്പിത്തുപ്പി
നിന്നുപോയ പെണ്ണിന്റെ കണ്ണീരിൽ
പൊളളിയുരുകും നരകവാസം.
ആണവായുധത്തൊട്ടിലിൽ പിറക്കും
കുഞ്ഞിനൊരു ദിന,മതു കഴിഞ്ഞാൽ
പീടികത്തിണ്ണയിലൊരു പുറംകാൽ,
അംബരചുംബികളിലെന്നും തല്ല്,
ബാലവേലയെന്നൊരു കടുംകൈ…
ഓരോ ദിനപ്പുകിലുമിങ്ങനെ തീരവെ,
ഓമലേ, നിനക്കുമൊരു ദിനം.
സുന്ദരദിന,മതു കഴിഞ്ഞാലോ
സങ്കടകരമെന്റെ കരളേ നീ
ആതുരാലയത്തിലെന്നെയലസും,
നാഗരീകവൈതരണിയിലെന്നെ പെറും.
ശിഷ്‌ടകാലമിങ്ങനെ വലന്റൈൻ
വാർഷികോത്സവം കൊണ്ടാടിടും….
Generated from archived content: poem1_feb10_06.html Author: sreekrishnadas_mathur