അതിരാവിലെ ആദ്യപൂങ്കോഴി-
ക്കൊപ്പമുരുകിപ്പോയ പാറകൾ,
കഴുവിലേറ്റിയിട്ടു കൊലച്ചോരയപ്പാടെ
കഴുകിക്കളഞ്ഞ ന്യായാന്യായങ്ങൾ,
സിരകളിൽചുറ്റികത്തല്ലുകൊ-
ണ്ടാണികയറി കുത്തിനീറ്റുമ്പോഴും
പുണ്യപറുദീസതൻ ഭിക്ഷാംദേഹികൾ…
ആകാശക്കൊമ്പത്തോളമുയർ-
ന്നർദ്ധനഗ്നനായ് ചോരയിൽ കുളി-
ച്ചിഹപരത്തിന്റെ നാഥനായവൻ, നിന-
ക്കിവരുടെ സ്നേഹോപഹാരങ്ങ-
ളിത്രയെന്നാകിലും ദൈവമേ,
കരിങ്കല്ലറ തട്ടിപ്പൊളിച്ചു വീണ്ടും
പഴയപാലാഴിപ്പുഞ്ചിരി പൊഴിച്ച്
ഉയർന്നുവന്നവൻ, നീയുന്നതൻ!
കിഴക്കുനിന്നുമിപ്പൊഴും കുറെ
കൗതുകങ്ങളുറക്കമൊഴിഞ്ഞു വരുന്നു-
ണ്ടവർക്കുമുമ്പേ നടക്കുക നീ
നഭസ്‌സിലുദിച്ച താരകമേയീ രാത്രി.
എവിടെയെങ്കിലും അവൻ പിറന്നിരിക്കും,
അതെന്റെയുള്ളിലാണെങ്കിലോ…!
Generated from archived content: poem1_apr3_10.html Author: sreekrishnadas_mathur