നഗരങ്ങളോടിപ്പോയ
ഒരു ജാലകത്തിന്റെ
അലങ്കാരമെന്നോണം
ഞാനിരിക്കുന്നു.
കാടുകളും കരിവള്ളി-
ത്തീപിടിച്ച തീരങ്ങളും
കാലത്തിന്റെ കൽക്കൻ
വടിച്ചുമാറ്റി കണ്ണാടിമിനുക്കും
നീർതടങ്ങളും കണ്ടിരിക്കും
ഇതേ ജാലകത്തിലെ
ഞാനെന്ന പതക്കത്തെ-
കുറെക്കാലം കൂടെയോടി-
പകലുകളിൽ തടഞ്ഞുവീണ
നിഴലുകൾക്കും നിലാവുകൾക്കും,
വെറുതെ കാറി,
ചുമച്ചു കുഴഞ്ഞു വീണ
വിളികൾക്കും
എന്നെ പൊടുന്നനെ
എങ്ങനെ മറക്കുവാനാകും?
കൊണ്ടോട്ടം തുടരും വണ്ടി
നിൽക്കുമിടവേളകളിൽ
പുറത്തേക്കുനോട്ടം മതിയാക്കി
പുറത്തിറങ്ങും ഞാൻ…..
ഓടിയ വഴികളുടെ
ഒരു തുമ്പ്
വാലനക്കി പിന്നിൽ കിടപ്പത്
വെറുതെയെങ്കിലുമൊന്നു കാണണം….!
എന്തിനീയോട്ടമെന്ന്
എന്തിനോ സ്വയമോർക്കണം,
ഓടിത്തീർന്ന വഴികൾ ചുരുട്ടിച്ചുരുട്ടി
കണ്ണും മനവും പുറത്തിട്ട്
ജാലകത്തിനരികെയിരുന്ന്
വീണ്ടും യാത്ര തുടരണം….!
Generated from archived content: poem1_apr30_10.html Author: sreekrishnadas_mathur
Click this button or press Ctrl+G to toggle between Malayalam and English