ചായക്കപ്പു മുളപ്പിച്ച
കരവിരുതേ നീ
ഫെമിനിസ്‌റ്റായപ്പോൾ
ഒരു പ്രഭാതം നഷ്ടമായി…
ഊതിക്കുടിക്കാനോർമകൾ
ആവി പറത്തി കൂട്ടിരിക്കുന്നു,
ഉരുളയ്‌ക്കുപ്പേരിപ്പോരുമായ്
സമാജത്തിലേക്കു ചവുട്ടിത്തുള്ളി
ധൃതിയിൽ നീയിറങ്ങുന്നു!
വറ്റും വടുക്കളും തിറയിരിക്കും
വട്ടവായൻ പാത്രങ്ങളിൽ നിന്ന്
കൈപ്പുണ്യമില്ലാത്തവനോടുള്ള
തട്ടിത്തടഞ്ഞ ശാപവാക്കുകൾ
ചുറ്റും നിന്നു കറുത്തു പുകയുന്നു..
ഉള്ളിപ്പുടവ വലിച്ചുരിയുമ്പോൾ
സാമ്പാറിനിത്ര ചുവയുണ്ടെന്ന്
സ്വപ്നേപി ഞാനും നിനച്ചതല്ല!
കഞ്ഞിക്കലത്തിന്റ നുരയുംപതയും
കൈ നക്കിപ്പൊളിക്കുമെന്നറിഞ്ഞതില്ല,
നീ തന്നെ ധനമായിരുന്നെന്ന കഥ
സ്ര്തീധനപ്പറ്റി പറ്റിയപ്പോഴൊന്നും
ഇത്രയാഴത്തിലറിഞ്ഞിരുന്നില്ല….
Generated from archived content: poem1_apr1_08.html Author: sreekrishnadas_mathur
Click this button or press Ctrl+G to toggle between Malayalam and English