“ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വരുമ്പോൾ നിങ്ങൾ എനിക്ക് ചായ തരും. പിന്നീട് നിങ്ങൾ പറയുന്നത് എനിക്ക് ചെയ്യാൻ പറ്റാതെ വരുമ്പോൾ പണ്ട് വീട്ടിൽ വന്ന് ചായകുടിച്ചില്ലേ എന്ന് വിളിച്ചു പറയുന്നത് ശരിയാണോ. അത് നായന്മാർക്ക് ചേർന്നതല്ല. കേരളത്തിലെ നായന്മാർക്ക് ഒരു സംസ്‌കാരമുണ്ട്”
-ജി. സുധാകരൻ, ദേവസ്വം-സഹകരണ മന്ത്രി
ചായ കുടിച്ച് സലാം പറഞ്ഞവരെ കുറിച്ചാവാം ഇനി ചർച്ച. ചായകുടി ഇന്നലെയും ഇന്നും തുടങ്ങിയതല്ല കേട്ടോ. കേരളപ്പിറവിയ്‌ക്കു ശേഷം ആദ്യത്തെ ബാലറ്റ് മത്സരകാലത്തു തന്നെ ചായകുടിയും വെറ്റില കൊടുത്ത് കാൽതൊട്ട് വന്ദനവും തുടങ്ങിയിരുന്നു. കൊടപ്പനക്കൽ തറവാട്ടിൽ ചായ ഒഴിച്ചു കൊടുത്തവർ പിന്നീട് നേതാക്കളായി; കണിച്ചുകുളങ്ങരയിൽ ചാരായം വാറ്റിയവരെ നേതാക്കൾ കാത്തിരുന്നു; ചങ്ങനാശ്ശേരിയിലും കോട്ടയം അരമനയുടെ മുമ്പിലും കൈകൂപ്പി നിന്നവർ മലയാളരാജ്യം ഭരിച്ചു. മലബാറിൽ ചായ പതുക്കെ ഔട്ട് ഓഫ് ഫാഷനായി; ബിരിയാണി പകരം വന്നു. എങ്കിലും തിരുവിതാംകൂറിലും മധ്യദേശത്തും ‘ചായ സൽക്കാരം വട്ടമേശ ചർച്ചകൾക്ക് ആവി പറത്തി.
അങ്ങനെയൊരു പൊല്ലാപ്പിലാണ് സുധാകരൻ സഖാവ് പെട്ടത്. ജാതിമത നേതാക്കൾ പോയ വഴിയിൽ പുണ്യാഹം തളിക്കുന്ന ദേഹമാണ്. അതിനാലാണ് 2001ൽ കായംകുളത്ത് എം.എം ഹസ്സനോട് തോറ്റത്. എന്നിട്ടും 2006ൽ ആരുടെയെല്ലാമോ നിർബന്ധത്തിനു വഴങ്ങി ചങ്ങനാശ്ശേരിയിൽ നാരായണപ്പണിക്കരെ കണ്ടു. ഒരു ചായ കുടിച്ചിട്ടുപോയാൽ മതിയെന്ന് പണിക്കർ നിർബന്ധിച്ചു; ആയേക്കാം, ആലപ്പുഴയിൽ നിന്ന് കോട്ടയം വരെ വന്നതല്ലേ എന്ന് സഖാവും കരുതി. അത്രയേ നടന്നുള്ളു. ഫലമോ 12000 വോട്ടിന് അമ്പലപ്പുഴയിൽ ജയിച്ചു. (തോല്പിച്ചത് വെള്ളാപ്പള്ളി നടേശഗുരുവിന്റെ ശിഷ്യപ്രധാനി ഡി. സുഗതൻ വക്കീലിനെ).
ഇപ്പോൾ നന്ദിയില്ലാത്തവനെന്ന് വിളിച്ച് സുകുമാരൻ നായരെന്ന മാടമ്പി പരിഹസിക്കുന്നു. പുന്നപ്രയുടെയും വയലാറിന്റെയും കാറ്റേറ്റ് തളിർത്ത പൂമരമാണ്. ക്ഷിപ്രകോപിയും ക്ഷിപ്ര പ്രസാദിയുമാണ്. പതിവുപോലെ വായിൽ തോന്നിയ കൊഞ്ഞാണത്തരമെല്ലാം വിളിച്ചുകൂവി; എന്നിട്ടരിശം തീരാതെയാണ് നായർ സംസ്‌കാരത്തെക്കുറിച്ചും ചായ കുടിയെപ്പറ്റിയും വാചാലനായത്. സുധാകരൻ സഖാവിന്റെ കളങ്കമില്ലാത്ത ശൈശവമനസ്സ് ആരും കണ്ടില്ല. ഒരു ചായയിൽ എന്തിരിക്കുന്നു വിഭോ!
ചായകുടിയിൽ പലതുമുണ്ടെന്ന് എല്ലാവർക്കും അറിയാം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു മുതൽ തന്റെ പാർട്ടിക്ക് വാരിക്കോരി കിട്ടിയ സഹായം പാവം അറിഞ്ഞുകാണില്ല. കേരള ലാത്തിൻ കാത്തലിക്ക് അസോസിയേഷന്റെ ആലപ്പുഴ രൂപത പ്രസിഡന്റ് ഡോ. മനോജ്‌കുരിശ്ശിങ്കൽ, ലത്തീൻ കോൺഗ്രസിലൂടെ ഹരിശ്രീ കുറിച്ച ലോനപ്പൻ നമ്പാടൻ, എ.പി സുന്നികളുടെ മാനസപുത്രൻ ടി.കെ ഹംസ, തിരുസഭയുടെ കുഞ്ഞാട് ഫ്രാൻസിസ് ജോർജ്, പെരുന്നയുടെ വളർത്ത് പുത്രൻ സുരേഷ്‌ക്കുറുപ്പ് തുടങ്ങി 18 ഇടതർ ഇന്ദ്രപ്രസ്ഥത്തിലേക്ക് നടത്തിയ ജൈത്രയാത്രയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചോദനമായത്.
പിന്നീട് കാന്തപുരത്തിന്റെ മർക്കസിലേക്കും ചങ്ങനാശ്ശേരിയിൽ നായന്മാരുടേയും കണിച്ചുകുളങ്ങരയിൽ ഈഴവരുടേയും കാണപ്പെട്ട ദൈവങ്ങളുടെ സമക്ഷത്തിലെക്കും ലാറ്റിൻ കത്തോലിക്ക ആർച്ച് ബിഷപ്പ് ഡോ. സൂസൈപാക്യത്തിന്റെ അരമനയിലേക്കും ജമാ അത്തെ ഇസ്‌ലാമിയുടെ ഹിറാ സെന്ററിലേക്കും മാർച്ച് പാസ്‌റ്റായിരുന്നു. മാർക്സിൽ നിന്ന് മർക്കസിലേക്കുള്ള ദൂരം കുറഞ്ഞു. ചാണ്ടി ഭരണം അസ്തമിച്ചു; ആന്റണി ഡൽഹിക്ക് വണ്ടി കയറി. ഉദയാസ്തമന പതാകപോലെ ചെങ്കൊടി പാറി.
പ്രതീക്ഷയുടെ വാതായനങ്ങൾ തുറന്ന് കാത്തിരുന്നവർക്ക് മേൽ വെള്ളിടി പതിച്ചത് പെട്ടന്നായിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണം, സ്‌കൂൾ സമയമാറ്റം, കെ.ഇ.ആർ പരിഷ്‌കരണം, അന്ത്യകൂദാശ, സ്വാശ്രയം, നികൃഷ്ടജീവി തുടങ്ങി സുനാമിത്തിരകൾ ഒന്നൊന്നായി. ഓരോ തൂവലായി കൊഴിഞ്ഞു; ഒടുവിൽ പിന്തുണയ്‌ക്കാൻ വെള്ളാപ്പള്ളി മാത്രമായി; ഡി. സുഗതനെ തോൽപ്പിച്ചതെല്ലാം മറന്നാണ് ഇപ്പോഴത്തെ പിന്തുണ.
ചോദ്യം അതല്ല. വെള്ളാപ്പള്ളി മാത്രം പിന്തുണച്ചിട്ട് ഇടതിനും സുധാകരനും എന്തുകാര്യം എന്നാണ്. വെള്ളാപ്പള്ളി എന്തു പറഞ്ഞാലും വോട്ടർമാർ അതെല്ലാം വെള്ളത്തിൽ കലക്കും. 96ലും 98ലും 99ലും ആലപ്പുഴയിൽ വി.എം സുധീരനെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്തു. സുധീരൻ പുഷ്പംപോലെ ജയിച്ചു. 96ൽ മാരാരിക്കുളത്ത് വി.എസ് അച്യുതാനന്ദനു വേണ്ടി നിലകൊണ്ടു; ചുവന്ന കോട്ടയിൽ വി.എസ് വീണു. 2004ൽ തൃശൂരിൽ സി.കെ ചന്ദ്രപ്പനെ തോൽപ്പിക്കുമെന്ന് ശപഥം ചെയ്തു; എ.സി ജോസ് എന്ന കരുത്തനെ മുക്കുകുത്തിക്കാൻ സി.കെ ചന്ദ്രപ്പന് കഴിഞ്ഞു. എന്തിനേറെ; ഈ നിയമസഭാ തിരഞ്ഞെടുപ്പിലും ചില അട്ടഹാസം കേട്ടു. ഇന്നലത്തെ മഴയിൽ തളിർത്ത പി.സി വിഷ്ണുനാഥെന്ന പയ്യൻ ചെങ്ങന്നൂരിൽ ജയിച്ചാൽ പാതി മീശ എടുക്കുമെന്നായിരുന്നു ഒരു വെള്ളാപ്പള്ളി പ്രഖ്യാപനം. ഇടതു തരംഗത്തിലും ജനം വിഷ്ണുവിനെ തിലകമണിയിച്ചു. വെള്ളാപ്പള്ളി ചെയ്യരുതെന്ന് പറഞ്ഞാൽ ജനം സംഘടിച്ച് അതു ചെയ്യും.
എന്നാൽ മറ്റുള്ളവരുടെ സ്ഥിതി അതല്ല. അവർ പറഞ്ഞാൽ ചിലപ്പോൾ, ചില ഇടങ്ങളിലെങ്കിലും വല്ലതും നടക്കും. അപ്പോൾ കാര്യമുള്ളവരെയെല്ലാം പിണക്കി, കാര്യവിവരമില്ലാത്ത ഒരു തിരുരൂപത്തെ എഴുന്നള്ളിച്ചു നടക്കുന്നതിനെ എന്തുപേരിട്ടാണ് സഖാവേ വിളിക്കേണ്ടത്?
കേട്ടില്ലേ; അപ്പുറത്ത് ലീഡറെത്തിയതിന്റെ ആരവം. ട്രബിൾ ഷൂട്ടറാണ്. ആരെയും ചെണ്ടകൊട്ടിക്കും. നായർ-ക്രൈസ്തവ ഐക്യത്തിന്റെ മുഖ്യകാർമ്മികൻ. എൻ.എസ്.എസ് പ്രതിനിധികൾക്ക് മന്ത്രിസ്ഥാനം വരെ നൽകിയ ചാണക്യൻ. 2011ലെ തിരഞ്ഞെടുപ്പിൽ 140ൽ 120 യു.ഡി.എഫുകാരെ വിജയിപ്പിക്കണമെന്ന് സഖാവിന് എന്താണിത്ര വാശി. കമ്മ്യൂണിസ്‌റ്റ് സർക്കാറിനെ അട്ടിമറിക്കാൻ ബേബി-ഐസക്ക്-സുധാകരൻ ത്രയങ്ങൾ അമേരിക്കയുടെ അച്ചാരം വാങ്ങിയോ. സുധാകരന്റെ പ്രകടനം കണ്ട് ന്യായമായും സംശയിച്ചുപോകും.
പണ്ട്, ജാതിമത കോമരങ്ങളെയെല്ലാം ഒന്നിച്ചുകൂട്ടിയത് വിമോചന സമരകാലത്ത് കോൺഗ്രസിന് സംഭവിച്ച തെറ്റായിരുന്നു. ലീഗിന് ആദ്യമായി ക്യാബിനറ്റ് റാങ്ക് നൽകിയതാകട്ടെ സാക്ഷാൽ ഇ.എം.എസും. സ്പീക്കറാവണമെങ്കിൽ തൊപ്പിയൂരണമെന്ന് സി.എച്ച് മുഹമ്മദ്‌കോയയോട് ആജ്ഞാപിച്ച സി.കെ ഗോവിന്ദൻ നായർ ഇരുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ കസേരയിൽ ഇന്നൊരു അമുൽ ബോയാണ്. ചെന്നിത്തലക്കാരൻ നായരുകുട്ടി. എഴുപതുവർഷം പ്രവർത്തിച്ച കോൺഗ്രസിലേക്ക് കരുണാകരനെ തിരികെ പ്രവേശിപ്പിക്കണോ എന്ന്‌പോലും പാണക്കാട് ശിഹാബ് തങ്ങളെന്ന അവതാര പുരുഷന്റെ സമ്മതം തേടുന്ന ഹൈക്കമാന്റിന്റെ ദയനീയ കാഴ്‌ച കാണാം. മനോരമയുടെയും പട്ടക്കാരുടേയും ദത്തുപുത്രനായ ഉമ്മൻചാണ്ടിയുടെ അവസ്ഥയും മറിച്ചല്ല. ചുരുക്കത്തിൽ സുധാകരൻ സഖാവ് ആരെയാണ് സഹായിക്കുന്നത്. സകല പിന്തിരിപ്പന്മാരുടെയും ആലയമായ ഐക്യമുന്നണിയെയോ, അതോ ആർ.എസ്.എസിനെ ജീവാത്മായി കരുതുന്ന ബി.ജെ.പിയെയോ. ശബരിമല പ്രശ്നത്തിന്റെ പേരിൽ ബി.ജെ.പി നടത്തിയ മുതലെടുപ്പ് കാണാതിരുന്നുകൂട. മാറാട് വിചാരണ തടവുകാരുടെ മോചനം വേണ്ടെന്ന് ഹൈക്കോടതിയിൽ സത്യവാങ്ങ് നൽകിയതിന്റെ പേരിൽ എൻ.ഡി.എഫും ജമാ അത്തെ ഇസ്‌ലാമിയും വാളെടുത്തു കഴിഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി ചാടിയെഴുന്നേറ്റു. പോരേ പൂരം. പി.ടി.എ റഹീമിനെയും കെ.ടി ജലീലിനെയും ജയിപ്പിച്ചത് ആരാണെന്ന് ചോദിച്ച് കാന്തപുരം മുസ്‌ല്യാർ കണ്ണുരുട്ടുന്നു.
അപ്പോൾ ഇനിയെങ്കിലും ചായകുടിക്കുന്നതിന് മുമ്പ് കമ്മ്യൂണിസ്‌റ്റുകാർ രണ്ടുവട്ടം ആലോചിക്കണം. അല്ലെങ്കിൽ ചായയിലെ പഞ്ചസാരയുടെയും പാലിന്റെയും കണക്കുപറയാൻ നായരീഴവാദികൾ ഇനിയും വരും. ചായകുടിച്ച് സലാം പറയുന്ന എല്ലാവർക്കും ഇതൊരു പാഠമാകട്ടെ. ബിരിയാണി കഴിക്കുന്നവർക്കും.
ആപ്തവാക്യം ഃ ചായ വാങ്ങിത്തരുന്നവരെ സൂക്ഷിക്കുക; ചാരായം വാറ്റുന്നവരെ ഇറുകെ പുണരുക.
Generated from archived content: politics1_jan21_07.html Author: sreekkuttan