‘പ്രതിഭകൾക്കു പ്രവേശനമില്ലെന്റെ മുറിയിൽ, വയ്യെനിക്കവരുടെ സർപ്പസാന്നിദ്ധ്യം സഹിക്കുവാൻ’
എന്ന് കവി ബാലചന്ദ്രൻ ചുളളിക്കാട്.
ഇവിടെയിതാ എം.കെ. ചന്ദ്രശേഖരൻ കാലത്തോടു കലഹിച്ച പ്രതിഭകളെ കണ്ടെത്തി, ഹൃദയത്തിലേറ്റി അക്ഷരങ്ങളിലേക്കാവാഹിച്ച വായനക്കാർക്കു മുമ്പിൽ എത്തിച്ചിരിക്കുന്നു.
11 അദ്ധ്യായങ്ങളുള്ള ഒരു പുസ്‌തകംകൊണ്ട് ചലച്ചിത്രലോകത്തെ 11 പ്രതിഭകളെക്കുറിച്ച് അറിവും നിറവും പകരുകയാണദ്ദേഹം. ഭയം ഇഷ്‌ടവികാരമാക്കി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിച്ച ആൽഫ്രഡ് ഹിച്ച്‌കോക്കിൽനിന്നാണു തുടക്കം. 53 വർഷത്തെ ചലച്ചിത്രജീവിതം കൊണ്ട് ഒരിക്കലും മറക്കാനാകാത്ത നിരവധി ചിത്രങ്ങൾ സമ്മാനിച്ച ഹിച്ച്‌കോക്ക്. സ്‌പെയിനിൽ ജനിച്ച് മെക്‌സിക്കൻ പൗരത്വം സ്വീകരിച്ച ലൂയി ബുനുവൽ. സാൽവോർ ദാലിയുടെ സുഹൃത്തായ ഈ സംവിധായകൻ സർറിയലിസ്‌റ്റിക് ചിത്രങ്ങളുടെ തമ്പുരാനാണ്. മതഭരണകൂടത്തിനെതിരെ, കപടസദാചാരത്തിനെതിരെ നിരന്തരം കലഹിച്ച കലാകാരൻ.
ക്യൂബൻ ചലച്ചിത്രകാരനായ തോമസ് ഏലിയ മൂന്നാം ലോക സിനിമകളുടെ വക്താവാണ്. അന്യവത്‌കരിക്കപ്പെടുന്നവന്റെ കഥകളാണ് ഏലിയയുടെ ചിത്രങ്ങൾ. പൗരോഹിത്യത്തോടും കപടവിശ്വാസത്തോടും കലാപക്കൊടി ഉയർത്തിയ പ്രതിഭ. സോൾത്താൻ ഫ്രാബ്രിഹംഗറിയുടെ ചലച്ചിത്രകാരനാണ്. യുദ്ധാനന്തര ദുരിതങ്ങൾ, കഴുതകൾ, പ്രതിരോധപ്രവർത്തനങ്ങൾ ഈ പ്രതിഭയുടെ മനസ്സിന്റെ നിരന്തരമായ അസ്വാസ്ഥ്യങ്ങളായിരുന്നു. മരിക്കുന്ന മനുഷ്യത്വത്തെക്കുറിച്ച്, തകരുന്ന സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ച് അദ്ദേഹം ആകുലനാകുന്നു.
സാമൂഹ്യസംഭവങ്ങളുടെ ആന്തരികതയെ തേടുന്ന സംഘർഷങ്ങളുടെ വേരുകളനേഷിക്കുന്ന ചിത്രങ്ങളാണ് ഇറ്റാലിയൻ ചലച്ചിത്രകാരനായ മൈക്കേൽ ആഞ്ചലോ അന്റോണിയോയുടെ കൈമുതൽ. 56 വർഷത്തെ ചലച്ചിത്രസപര്യയ്‌ക്കൊടുവിൽ 2007-ൽ അദ്ദേഹം അന്തരിച്ചു. ഫെഡറിക്കോ ഫെലിനി വിചിത്രഭാവനകളുടെ സ്രഷ്‌ടാവാണ്. ആത്മാംശമുള്ള കഥകൾകൊണ്ട് ഭ്രമാത്മകതയുടെ ലോകം ഈ ഇറ്റലിക്കാരൻ രചിക്കുന്നു. ഫെലിനിയുടെ ചിത്രങ്ങൾ പ്രേക്ഷകന്റെ ബുദ്ധിപരമായ ആഖ്യാനതലം ആവശ്യപ്പെടുന്നവയാണ്.
റഷ്യക്കാരനായ തർക്കൊവിസ്‌കി കാൽനൂറ്റാണ്ടിന്റെ ചലച്ചിത്രജീവിതംകൊണ്ട് ചലച്ചിത്രത്തെ കാലത്തിൽ കൊത്തുന്ന ശില്‌പങ്ങളാക്കി. പ്രേക്ഷകരെ പിടിച്ചുകുലുക്കുന്ന, ഇരുത്തി ചിന്തിപ്പിക്കുന്ന, ഗൃഹാതുരത്വത്തിന്റെ ചിത്രങ്ങൾ സമ്മാനിച്ച, ഭരണകൂടത്തിന്റെ കണ്ണിലെ കരടായ പ്രതിഭ. വിവാദങ്ങളുടെ രാജാവായ പിയർ പൗലോ പസോളിനി. എക്കാലത്തും ‘വേലക്കാരന്റെ’ ഭാഗത്തു നിന്ന സംവിധായകൻ ഭരണകൂട ഭീകരതയ്‌ക്കെതിരെ കലഹിച്ച പസോളിനി കൊല്ലപ്പെടുകയാണുണ്ടായത്.
ഡോക്യുമെന്ററി ചിത്രങ്ങളുടെ പിതാവാണ് റോബർട്ട് ജെ. ഫ്ലാഹർട്ടി. എസ്‌കിമോകളുടെ ജീവിതത്തെക്കുറിച്ച ഫ്ലാഹർട്ടി നിർമിച്ച ചിത്രത്തിനു സമാനം മറ്റൊന്നില്ല. 14 ചിത്രങ്ങൾകൊണ്ട് ഈ അമേരിക്കക്കാരൻ ചലച്ചിത്രലോകത്ത് ശ്രദ്ധേയമായ ഇടം കയ്യടക്കി. അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ വിട പറഞ്ഞ പ്രതിഭയാണ് ഋത്വക് ഘട്ടക്ക്. കാലത്തിനു മുമ്പേ പിറന്ന ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച ഘട്ടക്കിന്റെ മനസ്സ് എന്നും പ്രക്ഷുബ്‌ധമായിരുന്നു. ജീവിതയാഥാർത്ഥ്യങ്ങളും രാഷ്‌ട്രത്തിന്റെ അവസ്‌ഥയും അദ്ദേഹം തീക്ഷ്‌ണമായിതന്നെ ചിത്രീകരിച്ചു. ഗുരുദത്താകട്ടെ ഗ്രന്ഥകാരന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരനാണ്. അശിക്ഷിത ജിവിതശൈലികൊണ്ട് അകാലമരണം വരിച്ച പ്രതിഭ. വ്യക്തിപരമായ മനസ്സിന്റെ വ്യാകുലതകൾ ഗുരുദത്തിന്റെ സിനിമകളിൽ നിറഞ്ഞുനിൽക്കുന്നു.
പതിനൊന്ന് അദ്ധ്യായങ്ങൾ വായിച്ചു തീരുമ്പോൾ വായനക്കാരന്റെ മനസ്സ് ആർത്തലയ്‌ക്കുന്ന ഒരു കറുത്ത കടലാകുന്നു. കൂറ്റൻ തിരമാലകൾ ഹൃദയഭിത്തിയിൽ വന്ന് ആഞ്ഞടിച്ച് കണ്ണിലും മുഖത്തും സർവേന്ദ്രിയങ്ങളിലും ജലം ചിതറി വീഴ്‌ത്തുന്നു. നൊമ്പരങ്ങൾ, ദുഃഖങ്ങൾ, ആക്രോശങ്ങൾ, എതിർപ്പുകൾ, സ്‌നേഹം, കരുണ, ഭയം, അടങ്ങാത്ത കോപം എന്നിങ്ങനെ തിരിച്ചറിയാവുന്നതും അറിയപ്പെടാത്തതുമായ അനേകമേഖലകളിലേക്ക്, അനുഭവങ്ങളിലേക്ക് ഈ കൊച്ചുപുസ്‌തകം കൊണ്ടുപോകുന്നു. നമ്മുടെ മുഴുവൻ സ്വാസ്‌ഥ്യങ്ങളെയും കവർന്നെടുക്കാനുള്ള കലഹം ഗ്രന്ഥകാരൻ ഈ വരികൾക്കിടയിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കാലത്തെ, കലയെ, വ്യക്തിയെ, സമൂഹത്തെ, രാഷ്‌ട്രീയത്തെ അറിയാൻ, ഉചിതമായ കാൽവയ്‌പിനുതകാൻ ഈ പുസ്‌തകം പ്രാപ്‌തമാണ്. വായനയുടെയും സാമൂഹ്യരേഖയുടെയും ഗൗരവം ഉൾക്കൊള്ളുന്ന വായനക്കാർക്ക് ഈ കൃതി പുതിയൊരു പാത തുറന്നിടും എന്നതിൽ സംശയമില്ല.
ലോകസിനിമ – കാലത്തോടു കലഹിച്ച പ്രതിഭകൾ
ഗ്രന്ഥകർത്താഃ എം.കെ. ചന്ദ്രശേഖരൻ
വില 75 രൂപ, പേജ് 62
പ്രസാധനം – എച്ച് ആൻഡ് സി ബുക്‌സ്
കടപ്പാട് ഃ ജ്വാല മാസിക
Generated from archived content: vayanayute36.html Author: sreekandathu