ആനമേൽ കുന്ന്‌ – ഒരോർമ്മക്കുറിപ്പ്‌

രാവിലെ തന്നെ തിരിക്കണം. കഴിയുമെങ്കിൽ ആദ്യത്തെ വണ്ടിക്ക്‌. ഒരു കട്ടൻകാപ്പിക്കുപോലും നിക്കരുത്‌. അതുപോലും ഒരു പക്ഷേ, മറ്റൊരു കുരുക്കായി തീർന്നേക്കാം. എല്ലാപേരും ഉണരുമ്പോൾ യാത്ര പറയുവാൻ തയ്യാറായി നിക്കണം. ഒന്നോ രണ്ടോ വാക്കുകളിൽ ഒരു യാത്രാമൊഴി. അത്രതന്നെ. സത്യശീലൻ തീർച്ചയായും നിർബന്ധിക്കും. അത്‌ അവന്റെ ആവശ്യമാണ്‌. എനിക്കിനി ആ ‘നാറി’യുടേയോ, ആ പാവം പെൺകുട്ടിയുടേയോ മുഖത്ത്‌ നോക്കുവാൻ കഴിയില്ല. അവന്‌ പക്ഷേ, ഒരു ചളിപ്പും കാണില്ല. വല്ലാത്തൊരു ചിരിയും ചിരിച്ച്‌ മറ്റു പല വിഷയങ്ങളും പറഞ്ഞ്‌, എന്നെ അതിലേക്കെല്ലാം പ്രലോഭിപ്പിച്ച്‌ കൂടുതൽ, കൂടുതൽ കുഴപ്പങ്ങളിലേക്ക്‌ തളളിയിടും. ആ സാധുവായ മണൽവാരൽ തൊഴിലാളിയെ വളരെ യാദൃച്ഛികമായെങ്കിലും കണ്ടതെത്ര നന്നായി! ആയിരത്തി അഞ്ഞൂറ്‌ രൂപയത്രെ അവരെല്ലാപേരും കൂടി പിരിച്ചു നൽകിയത്‌. ഇനി ആ പാവങ്ങൾ ഓരോ ദിവസവും കണ്ണും തോർത്തി കാത്തിരിക്കും. തങ്ങളെക്കുറിച്ച്‌ വിശദമായ റിപ്പോർട്ടുകൾ വരുന്നതും, അതിൽ ജനരോഷം ആഞ്ഞുകത്തി അവരുടെ തൊഴിൽ സ്വാതന്ത്ര്യം ഉറപ്പിച്ചുകൊണ്ടുളള സർക്കാർ ഉത്തരവ്‌ ഉടൻ ഇറങ്ങുമെന്നല്ലാം സ്വപ്‌നം കണ്ടുകൊണ്ട്‌……

എന്തൊരു വലിയപാതകമാണത്‌! ഒന്നുമല്ലേലും ഈ വാർത്തകൾ ഫീച്ചറുകളായെങ്കിലും പുറത്തുവരണം. അതെന്റെ കടമയും, കടപ്പാടുമായി തീർന്നിരിക്കുന്നു. അവൻ പണം വാങ്ങിയതു കൊണ്ടുമാത്രമല്ല, എത്ര നിഷ്‌കളങ്കരായ മനുഷ്യരാണവർ! സൺഡേ മാഗസിൻ എഡിറ്റർക്ക്‌ വിഷയം ബോധിച്ചേക്കാം. പക്ഷേ, മുകളിൽ നിന്ന്‌ എന്തെങ്കിലും നിർദ്ദേശം വന്നാൽ…. ഈ ദുഷ്ടൻ എനിക്ക്‌ ഇരിക്കപ്പൊറുതി തരില്ല. നിരന്തരം വിളിക്കും. അന്വേഷിക്കും. വേണമെങ്കിൽ എഡിറ്ററെ നേരിട്ടുവന്ന്‌ കണ്ട്‌ അഭ്യർത്ഥിക്കുകയും ചെയ്യും. അവന്റെ തൊലിക്കട്ടി അപാരമാണ്‌. അതെല്ലാം തീരെ മോശമാകും. എന്നാലും ആ പാവങ്ങൾ ഇതൊന്നും പറയാൻ ഉളള മലയും കാടുമെല്ലാം ചവിട്ടിത്തൊഴിച്ച്‌ എത്തണമെന്നില്ല. എപ്പോഴും ഇങ്ങനെയുളള ഓരോ ഗ്രഹപ്പിഴകൾ എനിക്കു തന്നെ വന്ന്‌ ഭവിക്കുന്നല്ലോ – എന്ന്‌ ഓർത്താൽ…..

“ആനമേൽ കുന്നിനെക്കുറിച്ച്‌ സാറിനെന്തറിയാം? സാറിനെന്നല്ല, ഇവിടത്തെ കൊടികെട്ടിയ പത്രപ്രവർത്തകർക്കു പോലും ഒന്നും അറിയില്ല. ഒരു ഭാവനാശാലിയായ എഴുത്തുകാരന്റെ മുന്നിൽ വളരെയധികം സാധ്യതകളുളള ഒരു പ്രദേശമാണവിടം. തികഞ്ഞ അവഗണനയുടെ കൂമ്പാരം. സാറിനെപ്പോലുളള മികച്ച പത്രപ്രവർത്തകർക്ക്‌ ലോകശ്രദ്ധ നേടുവാനുളള സംഗതികൾ അവിടെയുണ്ട്‌. ഒരാഴ്‌ച തങ്ങുവാൻ കണക്കിന്‌ അങ്ങോട്ടുവരണം. എല്ലാത്തിനും ഞാൻ ഉണ്ടാകും. ഭക്ഷണവും താമസവുമെല്ലാം എന്റെ വീട്ടിൽ. ഒരു സാമൂഹ്യ പ്രവർത്തകനും, കലാകാരനുമായ എന്റെ ജീവിതത്തെ ആകെ എടുത്തുമറിക്കുന്നതാവും സാറിന്റെ റിപ്പോർട്ടുകൾ.” ഒരുപാടു സാധനങ്ങൾ കുത്തിനിറച്ചിരുന്നതുകൊണ്ട്‌ വല്ലാതെ താഴ്‌ന്നുകിടന്ന പോക്കറ്റിനെ ഇടക്കിടെ ഇടതുകൈകൊണ്ട്‌ പൊക്കി സത്യശീലൻ വിനീതനായി നിന്നു.

നഗരമാലിന്യ നിയന്ത്രണത്തെക്കുറിച്ചുളള ഒരു സെമിനാറിന്റെ ഇടവേളയിലാണ്‌ ഈ ‘സാധനം’ എന്റെ മുന്നിൽ വന്നുപെടുന്നത്‌. ആനമേൽകുന്നിനെക്കുറിച്ച്‌ ഞാൻ കേട്ടിട്ടുണ്ട്‌. ഒരു മലയോര ഗ്രാമം. സാധാരണക്കാരായ മനുഷ്യർ. അധികവും കൃഷിക്കാർ. അതിന്റേതായ പ്രശ്‌നങ്ങൾ. അവിടെയും ഇവിടെയും ആരൊക്കെയോ എന്തൊക്കെയോ എഴുതിയിട്ടുണ്ട്‌. അത്രമാത്രം. അങ്ങനെയുളെളാരിടം എന്നെ മോഹിപ്പിക്കും – എന്ന്‌ ആരായിരിക്കണം അവന്‌ പറഞ്ഞുകൊടുത്തത്‌? അപ്പോഴൊന്നും പറഞ്ഞില്ലെങ്കിലും എന്റെ ഫോൺ നമ്പരും വിലാസവും ഉൾപ്പെടെ മുഴുവൻ വിശദാംശങ്ങളും വാങ്ങി അവൻ സ്ഥലംവിട്ടു. അടുത്തിടെയൊന്നും എന്നെ വിളിച്ച്‌ ശല്യം ചെയ്യരുതെന്നും, കുറച്ചേറെ ജോലികൾ എനിക്ക്‌ വളരെ അത്യാവശ്യമായി ചെയ്‌തുതീർക്കുവാനുണ്ടെന്നും പറയുവാൻ ഞാൻ അയാളെ പിന്നീട്‌ അവിടമാകെ പരതിയെങ്കിലും ഉച്ചയൂണിനുശേഷം ആശാൻ സ്ഥലം കാലിയാക്കിയിരുന്നു.

കൃത്യം ഒരാഴ്‌ചകഴിഞ്ഞപ്പോൾ പ്രകൃതിയുമായോ, പ്രകൃതി പ്രതിഭാസങ്ങളുമായോ യാതൊരു ബന്ധവും ഇല്ലാത്ത മറ്റൊരു സെമിനാറിനിടയിൽ വീണ്ടും സത്യശീലൻ എന്റെ മുന്നിൽ വന്നുപെട്ടു. എന്റെ തൊഴിലിന്റെ ഭാഗമായി എനിക്കവിടെ പോകേണ്ടതുണ്ടായിരുന്നു. പക്ഷേ, ഒരു പ്രകൃതി സംരക്ഷണ പ്രവർത്തകനായ സത്യശീലന്‌ ബാങ്കർമാർ നടത്തുന്ന സെമിനാറിൽ എന്തുകാര്യം? എന്തായാലും അപ്പോഴും അവൻ വാചാലനായി സംസാരിക്കുകയും, ആനമേൽകുന്നിനെക്കുറിച്ച്‌ ഓർമ്മപ്പെടുത്തുകയും ചെയ്‌തു.

ഒരു ഉറപ്പിനായി അവൻ വല്ലാതെ നിർബന്ധിച്ചപ്പോഴാണ്‌ ഞാൻ അവന്‌ അടുത്ത മഴക്കാലം വാഗ്‌ദാനം ചെയ്‌തത്‌. എന്റെ കാമറ ഒരു വിക്ടർ ജോർജ്ജിന്റെ കൈവിരലുകളേയും, കണ്ണുകളേയും വല്ലാതെ മോഹിക്കുന്നതായി ചിലപ്പോഴൊക്കെ എനിക്ക്‌ തോന്നിയിരുന്നു. “മഴക്കാലം നല്ലതു തന്നെ സാർ, അപ്പോൾ വന്നാൽ കിഴക്കാംതൂക്കായ മലഞ്ചരിവുകളിൽ നിന്നും ഉരുളുകൾ പൊട്ടിവീണ്‌ വീടുകൾക്കൊപ്പം ജീവനും കൂടി നഷ്ടപ്പെടുന്നവരെക്കുറിച്ച്‌ സാറിനൊരു വിശേഷാൽ ഫീച്ചർ തയ്യാറാക്കാം. എന്നാൽ എപ്പോൾ വന്നാലും ചെയ്യുവാൻ സാധിക്കുന്ന ഒന്നിലേറെ വിഷയങ്ങൾ ഞങ്ങളുടെ നാട്ടിലുണ്ട്‌. മണൽവാരൽ തൊഴിലാളികൾ, കാട്ടിനുളളിലെ വ്യാജവാറ്റ്‌, വനപാലകരുടെ ഒത്താശയോടെയുളള വനംകൊളള, കഞ്ചാവ്‌കൃഷി, തോട്ടംമേഖലയിലെ പ്രശ്‌നങ്ങൾ, ദിവസവും പത്തുകിലോമീറ്ററിലധികം ദൂരം നടന്ന്‌ എൽ.പി. സ്‌കൂളിൽ പോകുന്ന ആദിവാസി കുട്ടികൾ, മതപ്രചരണത്തിന്റെ ഭാഗമായി നടക്കുന്ന ചൂഷണങ്ങൾ, ലൈംഗികാക്രമണങ്ങൾ, മുഖം കൊണ്ട്‌ ചിത്രം വരക്കുന്ന കുട്ടി, കാട്ടാന ശല്യം, പന്നിക്കൂട്ടം…. എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ.

സത്യശീലൻ എന്നെ വല്ലാതെ മോഹിപ്പിച്ചു. ഞാൻ ഈ മഴക്കാലത്ത്‌ തീർച്ചയായും വരും സത്യശീലാ, ഞാൻ അവന്‌ ഉറപ്പുകൊടുത്തു. അന്നും അവൻ ഊണുകഴിഞ്ഞപ്പോൾ അവിടം വിട്ടുപോയിരുന്നു.

2

എലിയും പെരുച്ചാഴിയും പായുന്ന മെഡിക്കൽ കോളേജിലെ മോർച്ചറിയെക്കുറിച്ചും, കണ്ണും ജനനേന്ദ്രിയങ്ങളും നഷ്ടമാകുന്ന ശവങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷയോടെ ഞാൻ എഴുതിയ തുടർപരമ്പരക്ക്‌ യാതൊരു പരിഗണനയും കിട്ടാതെ പോയതിലുളള നിരാശ, ആനമേൽക്കുന്നിലേക്കുളള യാത്ര മഴക്കാലം വരെ മാറ്റിവച്ച്‌ കാത്തിരിക്കുന്നതിൽ നിന്നും എന്നെ അകറ്റി. ഇതിനിടയിൽ സത്യശീലൻ എന്നെ നിരന്തരം വിളിച്ചുകൊണ്ടും ഇരുന്നു. ഒരാഴ്‌​‍്‌ചത്തെ ലീവ്‌ ബുദ്ധിമുട്ടായിരുന്നെങ്കിലും ബ്യൂറോ ചീഫ്‌ കനിഞ്ഞതിനാൽ അത്‌ അനുവദിച്ചുകിട്ടി.

നഗരം വെറുമൊരു പുറന്തോടാണെന്ന്‌ മിക്കവാറും എനിക്ക്‌ അനുഭവപ്പെടുന്നത്‌ ബസ്‌ യാത്രകളിലാണ്‌. തെക്കോട്ടുപോയാൽ വണ്ടി പാപ്പനംകോട്‌ കഴിയുമ്പോഴും വടക്കോട്ടുപോയാൽ ശ്രീകാര്യം കഴിയുമ്പോഴും എം.സി.റോഡുവഴി പോകുമ്പോൾ മണ്ണന്തല കഴിയുമ്പോഴും നഗരം അതിന്റെ ദുർബലമായ പുറംതോട്‌ തട്ടിയുടക്കും. കിഴക്കോട്ടുളള യാത്രകളിൽ പേരൂർക്കട കഴിഞ്ഞാൽ മതി ആ സത്യം വെളിപ്പെട്ടു തുടങ്ങാൻ. ആനമേൽ കുന്നിനെക്കുറിച്ച്‌ ഇതിനകം നല്ലൊരു ചിത്രം സത്യശീലൻ തന്നിരുന്നതിനാൽ എനിക്ക്‌ വഴിയൊന്നും തെറ്റിയില്ല. പറഞ്ഞ പ്രകാരം രണ്ടു വണ്ടികൾ കയറി ചക്കരമുക്കിൽ ഇറങ്ങി. സത്യശീലന്റെ വീട്ടിലേക്കുളള വഴി ചോദിച്ചപ്പോൾ മാത്രം കടക്കാരൻ വല്ലാത്തൊരു നോട്ടം നോക്കി.

ഗ്രാമം ഇങ്ങനെയൊക്കെയാണല്ലോ – എന്ന്‌ പഴയ കഥകളിൽ നിന്നും ഞാൻ വേഗം വായിച്ചെടുത്തു. കടക്കാരന്റെ സംശയമുനകളെ അങ്ങനെ അധികനേരം കൂർപ്പിക്കുവാൻ അനുവദിയ്‌ക്കാതെ ഒരു ഇടവഴിയിൽ നിന്നും കോണിയ ഒരു ചിരിയുമായി സത്യശീലൻ പെട്ടെന്ന്‌ ചാടിവന്നു. ”സാധാരണ ആനമേൽകുന്ന്‌ വണ്ടി കൃത്യം പതിനൊന്നു മണിയ്‌ക്കാണ്‌ ഇവിടെ എത്തുന്നത്‌. ഇന്ന്‌ മൈലാഞ്ചിയിലെ ചന്ത ഇല്ലാത്തതുകൊണ്ട്‌ വണ്ടി പത്തുമിനിട്ട്‌ നേരത്തെ….. അതാണ്‌ സംഭവിച്ചത്‌. അല്ലെങ്കിൽ ഞാനെപ്പോഴേ ഇവിടെ ഉണ്ടാകുമായിരുന്നു.“ അവൻ കൈത്തണ്ടയിലെ വാച്ചിൽ ചൂണ്ടി പറഞ്ഞു. ആ വാച്ചിന്റെ ചലനം ഏതോ ഒരു ദശാസന്ധിയിൽ വച്ച്‌ നിലച്ചിരുന്ന വിവരം ഞാൻ വളരെ വ്യക്തമായി കണ്ടെങ്കിലും അതൊട്ടും അറിഞ്ഞില്ലെന്നു നടിച്ചു. അവൻ എന്നെ ഒരു നിമിഷം പോലും അവിടെ നിറുത്താതെ മറ്റൊരു ചരൽവഴിയേ കൂട്ടിക്കൊണ്ടുപോയി.. ആരെയൊക്കെയോ ഭയക്കുന്നതുപോലെ അവൻ നാലുപാടും പതറിനോക്കുന്നുണ്ടായിരുന്നു. ”ആരേം വിശ്വസിക്കാൻ കൊളളില്ല സാറേ, നാട്ടിൻപുറമാണെന്നൊക്കെ പറഞ്ഞിട്ടെന്താ കൊളളരുതാത്തവൻമാരും ഉണ്ട്‌. എന്നോടുളള അസൂയക്ക്‌ എന്തും പറയും. പുറംലോകം കാണാതെ കിടക്കുകയല്ലേ, പാവങ്ങൾ! എന്നാലോ എന്തെങ്കിലുമൊക്കെ കുറെ നല്ല കാര്യങ്ങൾ എനിക്കാവുന്ന വിധം ചെയ്‌തുകൊടുക്കാമെന്നു വച്ചാൽ അതിനും സമ്മതിക്കില്ല. എന്തു പറയാൻ! കുറെ ജന്മങ്ങൾ ഇങ്ങനെ. എന്നുവച്ച്‌ നമുക്ക്‌ നമ്മുടെ നാടിനോടുളള കൂറും, കടപ്പാടും മറക്കാനാവില്ലല്ലോ. നമുക്ക്‌ അത്‌ ചെയ്‌തല്ലേ തീരൂ. മാത്രമല്ല, ഈ നാട്ടിലെ കുറെ പ്രശ്‌നങ്ങൾക്ക്‌ എന്റെ നേതൃത്വത്തിൽ തന്നെ പരിഹാരം ഉണ്ടാക്കുകയും, അതിലൂടെ ചില ‘പീക്കിറി’കളുടെ വായടിപ്പിക്കുകയും വേണം. അതെന്റെയൊരു വാശിയാണെന്നു തന്നെ കൂട്ടിക്കൊളളൂ. അതിനുളള സർവ്വ സാധ്യതകളും ഞാൻ ആരായുന്നുണ്ട്‌. തോറ്റു മാറണ പ്രശ്‌നം ഉദിക്കുന്നില്ല!! അതിനെന്നെ സാറും കൂടി ആത്മാർത്ഥമായി സഹായിക്കണം. പല പ്രശ്‌നങ്ങളും നമുക്ക്‌ വെളിച്ചത്തു കൊണ്ടുവരണം. ഞാൻ എല്ലാം അറേഞ്ച്‌ ചെയ്‌ത്‌ വച്ചിട്ടുണ്ട്‌“ ഒരൊറ്റ മൂച്ചിൽ അവൻ പറഞ്ഞുതീർത്തു.

ചെറിയ വഴുക്കലുളള ചരൽപ്പാതകയറി സത്യശീലന്റെ പഴയ വീട്ടിലേക്ക്‌ നടക്കുമ്പോൾ ഞാൻ ഓർത്തിരുന്നതും അതിനു സമാനമായ എന്റെ ചില ചിന്താപദ്ധതികൾ തന്നെയായിരുന്നു.. ഇവിടെ നിന്നും ശേഖരിക്കുന്ന വസ്‌തുതകളിൽ നിന്നും ഇന്നുവരെ ഒരു പത്രപ്രവർത്തകനും തയ്യാറാക്കിയിട്ടില്ലാത്ത മികച്ച ഐറ്റങ്ങൾ ഒരുക്കണം. അതിനെല്ലാം അത്യപൂർവ്വമായ ചാരുത ഉണ്ടാകണം. അംഗീകാരം അതിന്റെ മികവുകളെ മാനിച്ച്‌ ലഭിക്കണം. അങ്ങനെ ശുഭസൂചകമായ ഒന്നിലേറെ ചിന്തകൾ.

3

നിറം മങ്ങി, കുമ്മായ പാളികൾ പൊളിഞ്ഞടർന്ന ചുവര്‌. ഭൂമിയോടു പറ്റെ ചേർന്നു കിടക്കുന്ന ഭാവം. ഒന്നുരണ്ട്‌ മൂലകളിലെ കഴുക്കോലുകൾ ഒടിഞ്ഞുതൂങ്ങുന്നുണ്ടാകണം – കൂരയ്‌ക്ക്‌ വല്ലാത്തൊരു ചരിവും ഉണ്ടായിരുന്നു. ”ചെറിയ വീടാണ്‌ സാർ, അല്പസമയം പരിമിതികളൊക്കെയുണ്ട്‌. എങ്കിലും നാലഞ്ചുദിവസത്തേക്ക്‌ ഒന്ന്‌ സഹിക്കണം, എല്ലാം മാറുന്ന കാലത്ത്‌ സാറിനെ ഞാനിവിടെ വീണ്ടും കൊണ്ടുവരും“. കടന്നുവന്ന വഴിയിലൂടനീളം തുടർന്ന വാചകമേളയുടെ തുടർച്ചയായി സത്യശീലൻ വീടിനെക്കുറിച്ചു കൂടി ഇങ്ങനെ കൂട്ടിച്ചേർത്തു.

പൊക്കിമാറ്റി വയ്‌ക്കാവുന്ന മരത്തിലുളള ഒരു ചെറിയ ചായ്‌പ്‌ കാലുകൾ ഉയർത്തി കടന്ന്‌ ഞങ്ങൾ മുറ്റത്തേക്ക്‌ വച്ചതും പെട്ടെന്ന്‌ എവിടെ നിന്നോ പറന്നുവന്ന രണ്ടു കോഴികൾ ഞങ്ങളുടെ മുന്നിൽ വന്നുവിണു. ഒരു പിടയും തികഞ്ഞ പൂവനും. പിടയുടെ പിറകേ പാഞ്ഞുവരികയായിരുന്നു പൂവൻ. സാഹസികമായൊരു കീഴടക്കലിലൂടെ പൂവൻപിടയുടെ മേൽ ലൈംഗികാക്രമണം പൂർത്തിയാക്കുംവരെ ഞങ്ങൾക്ക്‌ അവിടെ നിന്നും അനങ്ങുവാനായില്ല. ചിറകുകുടഞ്ഞ്‌ പിട പൂവന്റെ പിന്നാലെ അനുസരണയോടെ ചിക്കിയും ചിനച്ചും നടക്കുവാൻ തുടങ്ങിയപ്പോൾ അവൻ എന്റെ മുഖത്തേക്ക്‌ നോക്കി വീണ്ടും ആ ചിരി ചിരിച്ചു. ഞാൻ അതത്ര ഗൗനിച്ചില്ല. നാടൻ കോഴികളെ ധാരാളം വളർത്തിയിരുന്ന എന്റെ പഴയ വീടിനെക്കുറിച്ചും വിശാലമായ പറമ്പുകളെക്കുറിച്ചും ഓർമ്മിക്കുകയായിരുന്നു ഞാൻ.

സത്യശീലൻ പിന്നീട്‌ വീട്ടിലുളളവരെ എനിക്ക്‌ പരിചയപ്പെടുത്തി. മഴക്കാല നനവിനെ ഓർമ്മയിലെത്തിക്കുന്ന മുഖവുമായി അവന്റെ അമ്മ. പഴയ ഒരു തകിൽവാദ്യക്കാരനായിരുന്ന അച്ഛൻ. അയാൾക്ക്‌ നടവരവില്ലാത്ത ക്ഷേത്രത്തിലെ ചന്ദനക്കൂട്ടിന്റെ മണമായിരുന്നു. അവൻ വാതിലിനുളളിൽ തലയിട്ട്‌ ഒന്നിലേറെ തവണ വിളിച്ചപ്പോഴാണ്‌ അവന്റെ ഭാര്യ ഇറങ്ങി വന്നത്‌. കട്ടിൽകാലുപോലെ കുറുകി, വീട്ടിത്തടിയുടെ കറുപ്പുമുളള സത്യശീലന്‌ ഒട്ടും അനുയോജ്യമായിരുന്നില്ല നിലവിളക്കുപോലെ തെളിഞ്ഞ്‌ കത്തി നിന്ന ആ പെൺകുട്ടി. അവളുടെ ചുമലിൽ അഞ്ചാറ്‌ മാസം പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞുമുണ്ടായിരുന്നു.

വളരെയധികം വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ഷെഡ്യൂൾ ആയിരുന്നു അവൻ തയ്യാറാക്കിയിരുന്നത്‌. ആദിവാസി കോളനികളിൽ നിന്നും ആരംഭിച്ച്‌ പിന്നീട്‌ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന തീപ്പെട്ടി കമ്പനികളിലെ പെൺകുട്ടികളേയും കണ്ട്‌, വാറ്റുകാർ വിലസുന്ന ഒന്നുരണ്ട്‌ മലകൾ കയറിയിറങ്ങി ഒടുവിൽ ഇരുകൈകളും ഒരു അപകടത്തിൽ നഷ്ടപ്പെട്ടു പോയിട്ടും മുഖത്തോടു ബ്രഷ്‌ ചേർത്തുവച്ച്‌ ചിത്രം വരക്കുന്ന ഒരു പെൺകുട്ടിയേയും കണ്ടുമടങ്ങുമ്പോൾ ഒരു നോട്ടുബുക്കു നിറയെ കുറിപ്പുകളും വോയ്‌സ്‌ റിക്കാർഡിലെ പകർത്തലും ഒപ്പം കാമറയുടെ മിന്നലുമെല്ലാം ചേർന്ന്‌ നല്ലൊരു പണിയായിരുന്നു എനിക്ക്‌. വിഭവസമൃദ്ധമായ അത്താഴത്തിനു മുമ്പ്‌ വിശേഷപ്പെട്ട ഒരിനം വാറ്റ്‌ അവൻ രഹസ്യമായി എനിക്ക്‌ ഒഴിച്ചുതന്നു. വ്യാജവാറ്റുകാരെ കുറിച്ച്‌ വളരെ എക്സ്‌ക്ലുസീവ്‌ ആയ ഒരു ഐറ്റം പകർത്തിയിട്ട്‌ ഇതെവിടെ നിന്നും സംഘടിപ്പിച്ചു – എന്ന എന്റെ ചോദ്യത്തിന്‌ വീണ്ടും അവൻ ആ വളിച്ച ചിരി തന്നെ അഴിച്ചിട്ടു.

ഊണിന്റെ വിസ്‌താരങ്ങൾക്കിടയിൽ അവൻ നീട്ടിയും കുറുക്കിയും ഭാര്യയുടെ ഐശ്വര്യമുളള കൈപ്പുണ്യം വിളമ്പുന്നുണ്ടായിരുന്നു. ”പണ്ട്‌ അമ്മ നന്നായി പാചകം ചെയ്യുമായിരുന്നു. ഇപ്പോൾ അവർക്ക്‌ ഒന്നിനും വയ്യ. രുചിയുളള ആഹാരങ്ങൾ കഴിക്കുവാനുളള ഭാഗ്യം ഇതോടെ അവസാനിച്ചു – എന്നാണ്‌ ഞാൻ കരുതിയിരുന്നത്‌. എന്നാൽ ഇവൾ വന്നതോടെ കാര്യങ്ങളെല്ലാം മാറി“ അവൻ പറഞ്ഞു. അപ്പോഴും അടുക്കളയുടെ മറവിൽ നിന്നും പുറത്തുവരാതെ നിന്ന ആ പെൺകുട്ടിയുടെ മുഖം എനിക്ക്‌ വ്യക്തമായിരുന്നില്ല. കറികളൊന്നും വിളമ്പുവാൻ അവൾ പുറത്തേക്കു വന്നതുമില്ല. ‘എടീ, എടീ’ എന്ന്‌ അവൻ നാലഞ്ചാവർത്തി ഉറക്കെ വിളിച്ച്‌ പലതും വിളമ്പുവാൻ ആവശ്യപ്പെട്ടെങ്കിലും അപ്പോഴെല്ലാം അവന്റെ അമ്മയാണ്‌ അതെല്ലാം കൊണ്ടുവന്നത്‌.

എന്റെ കാമറയും ബാഗുമെല്ലാം സുരക്ഷിതമായി എടുത്തുവയ്‌ക്കുകയും, അടുത്ത ദിവസത്തെ പ്രോഗ്രാമുകളെകുറിച്ച്‌ എനിക്കൊരു ഏകദേശ സൂചനകൾ നൽകുകയും ചെയ്‌തിട്ട്‌ അവൻ ആകെ ആ വീട്ടിൽ സ്വകാര്യതയുണ്ടെന്ന്‌ തോന്നിച്ച ഒരേയൊരു മുറിയിൽ എന്നെ ആക്കിയശേഷം എങ്ങോട്ടോ ധൃതിവച്ച്‌ ഇറങ്ങിപ്പോയി. വാറ്റിന്റെ ഗുണവും യാത്രയുടെ ക്ഷീണവും കൊണ്ട്‌ കിടന്നപാടെ ഞാൻ ഉറങ്ങുകയും ചെയ്‌തു.

അടുത്ത ദിവസത്തെ യാത്രയുടെ തുടക്കം ഒരു നദിക്കരിയിൽ നിന്നായിരുന്നു. രണ്ടും മൂന്നും ആൾ താഴ്‌ചയയിൽ മുങ്ങിത്താണ്‌ മണൽവാരുന്ന ഒരു പറ്റം തൊഴിലാളികൾ. അവർക്ക്‌ ഒന്നിലേറെ ഭീഷണികളുണ്ട്‌. പോലീസുകാർ, റവന്യു അധികൃതർ, ഗുണ്ടാമാഫിയകൾ അങ്ങനെ. ”ഇവരുടെ പ്രശ്‌നങ്ങൾ പാരിസ്ഥിതികമായി നോക്കുമ്പോൾ എങ്ങനെയാണ്‌ സത്യശീലന്‌ ഉൾക്കൊളളാനാവുന്നത്‌?“ ഞാൻ അന്വേഷിച്ചു.

”പ്രകൃതിയും അതിൻമേലുളള കൈയ്യേറ്റങ്ങളും പ്രതിരോധങ്ങളുമെല്ലാം അതിന്റേതായ വഴികളിലൂടെ അങ്ങനെ പോകും. അത്‌ ഒരു വശം. എന്നു കരുതി ഈ പാവങ്ങൾക്ക്‌ എന്തെങ്കിലും തൊഴിൽ ചെയ്‌ത്‌ ജിവിക്കണമല്ലോ?“ യുക്തിഭദ്രമായിരുന്നു അവന്റെ മറുപടി. എനിക്കും തോന്നി, രണ്ടുമൂന്ന്‌ ആൾ താഴ്‌ചയിൽ മുങ്ങിത്താണ്‌ മണൽവാരുന്നവന്റെ സാഹസികത വലുതാണ്‌. അവിടെയാണ്‌ ഈ വിഷയത്തിനുളള സാധ്യത. നല്ല തെളിഞ്ഞ വെളിച്ചത്തിൽ അഞ്ചാറ്‌ ചിത്രങ്ങളെടുത്തു. ഒന്നുമല്ലെങ്കിൽ ഈ ചിത്രങ്ങൾക്കെങ്കിലും സാധ്യതയുണ്ട്‌. രണ്ട്‌ കാസറ്റുകൾ നിറയെ അവരുടെ പരാതികളും പരിഭവങ്ങളും നിറഞ്ഞുതുളുമ്പി. പാവങ്ങൾ എനിക്കും സത്യശീലനും വേണ്ടി രാവിലത്തെ കാപ്പിയും കൂടി ഒരുക്കിയിരുന്നു.

4

പന്നികളും, കാട്ടാനകളും, കുരങ്ങൻമാരുമെല്ലാം ചേർന്ന്‌ വിളകൾ നശിപ്പിക്കുന്നെന്ന പരാതിക്കാരുടെ കൃഷിയടങ്ങൾ മിക്കതും വനത്തിനുളളിലായിരുന്നു. അവർ വിളകൾ വയ്‌ക്കും. അവയെല്ലാം ഒന്ന്‌ തലയെടുത്തുവരുമ്പോൾ കാട്ടാനാക്കൂട്ടം വരും. എല്ലാം കുത്തിമറിയ്‌ക്കും. വീണ്ടും അവർ വയ്‌ക്കും. ഏറുമാടങ്ങൾ കെട്ടി കാവൽ കിടക്കും. അതിലൊന്നും കൂസാതെ കുരങ്ങനും പന്നിയും വരും. അവയും അവയ്‌ക്കുളളതെല്ലാം കൊണ്ടുപോകും. രസകരമായിരുന്നു ആ അനുഭവങ്ങളുടെയെല്ലാം പിന്നാലെയുളള പാച്ചിൽ. കോടതിയിലും, സർക്കാരിലുമെല്ലാം പരാതിപ്പെട്ട്‌ തളർന്നവരായിരുന്നു അവർ. അവരോട്‌ സത്യശീലൻ പറഞ്ഞുഃ ”എല്ലാം ഈ സാറിനോട്‌ പറഞ്ഞോളൂ, ഒക്കെ ശരിയാകും. എല്ലാം ശരിയാക്കുവാൻ വേണ്ടിയാണ്‌ ഞാൻ ഇദ്ദേഹത്തേയും കൂട്ടി ഇങ്ങോട്ടു പോന്നത്‌.. ഇപ്പോൾ ഇതെല്ലാം ശരിയായില്ലെങ്കിൽ ഇനി ഒരുകാലത്തും ഒന്നും നടക്കുമെന്ന്‌ നിങ്ങൾ കരുതണ്ട.“ എനിയ്‌ക്കതെല്ലാം കേൾക്കുമ്പോൾ വല്ലാത്തൊരു ഭയം തോന്നുന്നുണ്ടായിരുന്നു.

ഞാനോ, പണിയെടുക്കുന്ന പത്രമോ, ഗവൺമെന്റോ, കോടതിയോ എന്നല്ല സാക്ഷാൽ ദൈവം തമ്പുരാൻ തന്നെ വിചാരിച്ചാൽ പോലും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങളാണ്‌ ഇവരുടേത്‌. അപ്പോഴാണ്‌ ഈ പോങ്ങൻ എന്നെ ഈ പാവപ്പെട്ട മനുഷ്യരുടെ മുന്നിൽ നിറുത്തി അടിച്ചുപൊക്കുന്നത്‌. ഈ വിവരം ആരോടെങ്കിലും ഒന്ന്‌ പറയണമല്ലോ എന്നോർത്ത്‌ എനിക്ക്‌ വല്ലാതെ ശ്വാസം മുട്ടി. അപ്പോഴും എന്റെ കാമറക്ക്‌ വല്ലാത്ത ഉൽസാഹമായിരുന്നു. കാടും മേടും അരുവിയും കാട്ടാനയുമെല്ലാം അത്‌ വല്ലാത്തൊരാവേശത്തോടെ വിഴുങ്ങിവീർത്തു.

തെക്കൻ മലയോരത്തെ ആദ്യ കുടിയേറ്റക്കാരനേയും വിവിധയിനം കുരിശുകളുടെ അപൂർവ്വശേഖരമുളള ഒരു വൈദികനേയും മൃഗങ്ങളുടെ ഭാഷയറിയാവുന്ന ആദിവാസിയേയുമെല്ലാം കണ്ടുമടങ്ങുന്ന വഴിയാണ്‌ രാവിലെ കണ്ട മണൽവാരൽ തൊഴിലാളികളിലൊരാളിനെ ഒരു ഒഴിഞ്ഞ പീടികയുടെ മുന്നിൽവച്ച്‌ വീണ്ടും കാണുന്നത്‌. അപ്പോൾ സന്ധ്യമയങ്ങുവാൻ തുടങ്ങിയിരുന്നു. ഇന്നത്തെ പരിപാടികൾ ഇത്രമതി. എന്ന എന്റെ ആവശ്യത്തോട്‌ യോജിക്കാൻ അവനല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ”പത്തു മിനിട്ടിനകം ഞാനിതാ മടങ്ങിവരും“ എന്നു പറഞ്ഞാണ്‌ എന്നെ ഏറ്റവും സുരക്ഷിതമെന്ന്‌ തോന്നിച്ച ആ സ്ഥലത്ത്‌ നിറുത്തിയിട്ട്‌ അവൻ പോയത്‌.

യാത്രയിലുടനീളം എന്നെ പലരിൽ നിന്നും അകറ്റിനിറുത്തുവാനുളള ചില ശ്രമങ്ങളും അവൻ നടത്തിയിരുന്നു. ആരെങ്കിലും എന്നോട്‌ അൽപം ലോഹ്യംകൂടി സംസാരിക്കുന്നതോ, പെരുമാറുന്നതോ കണ്ടാൽ ഉടൻ വന്നവൻ അത്‌ തടയിടും. അവരെ കഴിയുന്നത്ര മോശമായ വാക്കുകളിൽ വഴക്കുപറയും. ഓടിച്ചുവിടും. എനിക്കത്‌ പലപ്പോഴും അരോചകമായി തോന്നി. ആ ഒഴിഞ്ഞ പീടികയ്‌ക്ക്‌ മുന്നിലെ നിൽപ്പ്‌ എനിക്കൊരു ചെറിയ സ്വാതന്ത്ര്യം കൂടിയായിരുന്നു. അപ്പോഴാണ്‌ ആ മണൽവാരൽ തൊഴിലാളി അവിടേക്ക്‌ വന്നത്‌. കറുത്തവാവിന്റെ നിറമായിരുന്നു അയാൾക്ക്‌. അയാൾ ആശങ്കകളുടെ കെട്ടഴിച്ചു. ഇതിനകം പലതവണ അവരുടെ പ്രശ്‌നങ്ങൾ തീർക്കുവാനായി അവൻ അയ്യായിരത്തിൽപരം രൂപ പറ്റിയിട്ടുണ്ട്‌. ഇത്തവണ ആയിരത്തി അഞ്ഞൂറ്‌ അഡ്വാൻസ്‌ വാങ്ങിക്കഴിഞ്ഞു. ബാക്കി മൂവായിരത്തി അഞ്ഞൂറ്‌ പത്രറിപ്പോർട്ടർ വരുമ്പോൾ കൊടുക്കണം. എല്ലാം കേട്ട്‌ ഞാൻ തകർന്നുപോയി. കഴിവുണ്ടായിട്ടല്ല. പലരും കടം വാങ്ങിയ കാശാണ്‌.

മടങ്ങിവരുന്നവഴി ഇരുട്ടിന്റെ മറവിലേക്ക്‌ ഒരാൾ നടന്നുമാറുന്നത്‌ സത്യശീലൻ അവന്റെ വജ്രമുനയുളള കണ്ണുകൾ കൊണ്ട്‌ കണ്ടിരുന്നു. അയാൾ എന്റെ കൂടെ അൽപനേരം സംസാരിച്ചിരുന്നതായും അവന്‌ മനസിലായി. എങ്കിലും ഒന്നും അറിയാത്ത ഭാവത്തിൽ എന്നേം കൂട്ടി വീട്ടിലേക്ക്‌ തിരിച്ചു. ആ നിമിഷം തിരിച്ചാൽ ഇനിയൊരു വണ്ടികിട്ടി എപ്പോൾ വീട്ടിലെത്തിച്ചേരാം എന്ന കണക്കുകൾക്കിടയിലായിരുന്നു ഞാൻ. എത്രയുംവേഗം രക്ഷപ്പെടണം. ഓരോ നിമിഷവും അപകടം നിറഞ്ഞതാണ്‌. ഇതിനകം പത്തിലേറെ ഇനങ്ങൾ എടുത്തുകഴിഞ്ഞു.. ഓരോരുത്തരിൽ നിന്നും ഇതുപോലെ കണക്കിന്‌ വാങ്ങിയിട്ടുണ്ടെങ്കിൽ…….. എന്തെല്ലാം കളളങ്ങൾ നിരത്തിയിട്ടാകും ഇവൻ ഇവരിൽ നിന്നെല്ലാം പണം വാങ്ങിയിട്ടുണ്ടാവുക? ഇതിൽ എത്ര മാറ്ററുകൾ വെളിച്ചം കാണും? എനിക്ക്‌ തലചുറ്റി. ഞാൻ അവനെ ഗൗനിക്കുകപോലും ചെയ്യാതെ അൽപം ഗൗരവത്തോടെ മുന്നിൽ നടന്നു.

എവിടെയോ ചില സംഗതികൾ തകിടം മറിഞ്ഞതായി അവൻ ഊഹിച്ചിരുന്നു. കുറച്ചധികം നേരം കാത്തുനിന്ന്‌ മുഷിഞ്ഞതിൽ എന്നോടവൻ ക്ഷമ പറഞ്ഞു. ഞാൻ എന്നിട്ടും ഒന്നും മിണ്ടിയില്ല.

അവന്റെ ഭാവി നശിപ്പിക്കുവാൻ ഒരുമ്പെട്ട്‌ നടക്കുന്ന കുറെ അലവലാതികൾ ആ ദേശത്തുണ്ടെന്ന പഴയ നമ്പർ അവൻ വീണ്ടും എടുത്തിട്ടു. എന്നോടൊപ്പം വേഗത്തിൽ നടക്കുവാൻ അവൻ ആയാസപ്പെട്ടു. വീട്ടിനടുത്തുളള ചെറിയ തിരിവിലേക്ക്‌ കടക്കുമ്പോൾ നാളെ പുലർച്ചയ്‌ക്ക്‌ തന്നെ മടങ്ങുന്ന വിവരം അവനെ അറിയിക്കാമെന്ന്‌ ഞാൻ വിചാരിച്ചതാണ്‌.. പിന്നെ അത്‌ വേണ്ടെന്നുവച്ചു. തന്ത്രശാലിയാണ്‌ അവൻ. രണ്ടുദിവസം കൂടി കുരുക്കിയിടുവാനുളള എന്തെങ്കിലും കാര്യങ്ങൾ അവൻ ഒപ്പിക്കും. അതിൽപിടിച്ച്‌ തളക്കുകയും ചെയ്യും. വേണ്ട, രാവിലെ അവൻ ഉണർന്നെത്തുമ്പോൾ എല്ലാം ഒരുക്കിവച്ച്‌ പുറപ്പെടുവാൻ തയ്യാറായി നിൽക്കണം. വീട്ടിലെ ചില ബാധ്യതകളെക്കുറിച്ച്‌ പറയണം. അങ്ങനെ ഉറപ്പിച്ചുനടന്നു.

കരിനീലിപ്പാറക്കപ്പുറത്തെ വനത്തിൽ കഴിയുന്ന കൂട്ട നെയ്‌ത്ത്‌ തൊഴിലാളികളെയാണ്‌ നാളെ നമ്മൾ ആദ്യം കാണുവാൻ പോകുന്നതെന്ന്‌ അവൻ നടത്തക്കിടയിൽ ഓർമ്മപ്പെടുത്തി. പെട്ടെന്ന്‌ എന്റെ ഹൃദയത്തിൽ വീണ്ടുമൊരു മലയിടിച്ചിൽ ഉണ്ടായി. നിത്യവൃത്തിക്കായി ആനയും പുലിയും പന്നിയും കരടിയുമെല്ലാമുളള കൊടുംവനത്തിൽ കയറി ദിവസവും അഞ്ചാറ്‌ കിലോമീറ്റർ ദൂരം നടന്ന്‌ ഈറ്റവെട്ടി കുട്ടയും വട്ടിയുമൊക്കെ നെയ്‌തുണ്ടാക്കുന്ന ആ പാവപ്പെട്ട മനുഷ്യരുടെ കൈകളിൽ നിന്നും ഈ മഹാപാപി ഇതിനകം എത്രത്തോളം പണം പറ്റിയിട്ടുണ്ടാകും? ഒന്നോ രണ്ടോ ആഴ്‌ചകൾ കൊണ്ടൊന്നും ചെയ്‌തുതീർക്കാനാകാത്തത്ര വിഷയങ്ങളാണ്‌ മുന്നിലുളളതെന്ന്‌ വീണ്ടും വീണ്ടും അവൻ എന്നോട്‌ ബോധിപ്പിച്ചുകൊണ്ടേയിരുന്നു.

അന്നത്തെ അത്താഴവും വിഭവസമ്പന്നമായിരുന്നു. സുഖം തരുന്ന ഇളംചൂടിൽ വിളമ്പിയ കോഴിക്കറി ആർത്തിയോടെ കടിച്ചുപറിക്കുന്നതിനിടയിൽ അവൻ ചോദിച്ചു; എങ്ങിനെയുണ്ട്‌? ഞാനാ പൂവനെ അങ്ങു തട്ടി. വല്ലാത്ത ശല്യം. ഇങ്ങനെ പോയാൽ അതിന്‌ ആജീവനാന്തം തടവു കിട്ടും. ബലാൽസംഗത്തിന്‌. ഞാൻ ആ വളിപ്പുകേട്ട്‌ ചിരിക്കുമെന്ന്‌ അവൻ പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല.

രണ്ടു ദിവസത്തിനകം വീണുകിട്ടിയ ചില നിമിഷങ്ങളിൽ അവന്റെ അച്ഛൻ – ആ തുകൽ വാദനക്കാരൻ വളരെ ആത്മാർത്ഥതയോടെ അയാളുടെ ചില പ്രശ്‌നങ്ങളും പരാതികളുമൊക്കെ എന്നോട്‌ പറഞ്ഞിരുന്നു. എന്തായാലും നാളെ പുലർച്ചെ തിരിക്കുന്നതിനു മുമ്പ്‌ അതൊക്കെ ഒന്ന്‌ കുറിച്ചെടുക്കാം എന്നു കരുതി എല്ലാ ക്ഷീണവും മറന്ന്‌ ഞാൻ അയാളുടെ മുന്നിലിരുന്നു. സത്യശീലൻ അതിനെ വല്ലാത്തൊരു വാശിയോടെ തടഞ്ഞു. നിർബന്ധിച്ച്‌ അയാളെ പറഞ്ഞുവിട്ടു. അവശകലാകാരനുളള പെൻഷനുവേണ്ടി വർഷങ്ങളായി കാത്തിരിക്കുന്ന ആ മനുഷ്യന്റെ കൈയ്യിൽ നിത്യച്ചെലവിനുളള പണംപോലും കമ്മിയായിരുന്നു. മാത്രമല്ല അച്ഛനും മകനും നേർക്കുനേർ കാണുമ്പോൾ ചില മുറുമുറുപ്പുകളും ഉണ്ടായിരുന്നു.

ഉറക്കത്തിനുമുമ്പ്‌, എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിച്ചിട്ടുണ്ടോ – എന്നറിയുവാനായി എന്റെ ചുറ്റിലും അവൻ വട്ടമിട്ടു നടന്നു. എനിക്കാണെങ്കിൽ ഒരിക്കലും വരാത്ത ദേഷ്യം വന്ന്‌ പൊറുതിമുട്ടുകയും ചെയ്‌തു. എനിക്ക്‌ കിടക്കവിരിച്ചു തരികയും പുകക്കാൻ സിഗററ്റ്‌ കൊളുത്തിത്തരുകയുമൊക്കെ ചെയ്‌തപ്പോൾ ആ വിരിഞ്ഞ വലിയ നെഞ്ചിൽ നോക്കി ഊക്കോടെ ഒരു ചവിട്ടുകൊടുക്കാൻ എന്റെ കാലുകൾ തരിച്ചു. പിന്നെയും പലതും പറഞ്ഞുകൊണ്ട്‌ അവൻ മുറിയിൽ തന്നെ ഇരിക്കുവാൻ ഭാവിച്ചപ്പോൾ ഞാൻ ആവശ്യത്തിലേറെ ക്ഷീണം നടിച്ചു. എങ്ങനേം രണ്ടുമൂന്നു ദിവസംകൂടി എന്നെയിട്ട്‌ ഇരപിടിക്കണമെന്ന മോഹം അവനിൽ നുരച്ചു പൊങ്ങുന്നതായി എനിയ്‌ക്ക്‌ വ്യക്തമായി. ഒടുവിൽ ഒരു മുന്നറിയിപ്പുമില്ലാതെ നന്നായി അസ്വസ്ഥപ്പെട്ട്‌ പുറത്തിറങ്ങിപ്പോവുകയായിരുന്നു അവൻ. ഞാൻ ഉറക്കം വരാതെ കണ്ണുകൾ വേദനിച്ചു കിടന്നു. ഉളള്‌ വല്ലാതെ കത്തുന്നുണ്ടായിരുന്നു. ഈശ്വരാ, എന്തെല്ലാം കുഴപ്പങ്ങളാണ്‌ ഇനി കാത്തിരിക്കുന്നത്‌? ആകെ നാണക്കേടാകുമോ?

അപ്പോഴാണ്‌ പാതിചാരിയിരുന്ന വാതിൽ പതുക്കെ തുറന്നുകൊണ്ട്‌ ആ പെൺകുട്ടി മുറിയിലേക്ക്‌ കടന്നുവന്നത്‌. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവന്റെ ഭാര്യ. ഈ രണ്ടു ദിവസങ്ങൾക്കിടയിൽ വളരെ അപൂർവ്വമായി മാത്രം പുറത്തുകണ്ടിരുന്ന ആ പെൺകുട്ടി! എന്തിനാണ്‌ ആ അസമയത്ത്‌ അവൾ അവിടെ കടന്നുവന്നതെന്ന്‌ എനിക്കു മനസിലായില്ല. അല്‌പം പരിഭ്രമത്തോടെ ഞാൻ എഴുന്നേറ്റിരുന്നു. ഈ ദിവസങ്ങൾക്കിടയിൽ എന്റെ മനസിലുണ്ടായിരുന്ന മുഴുവൻ സങ്കല്പങ്ങളേയും തകിടം മറിക്കുന്ന വിധത്തിലാണ്‌ പിന്നീടവൾ പെരുമാറിയത്‌.. എന്റെ മുന്നിൽ അത്രയും നേരം അവൻ വലിച്ചിട്ടിരുന്നന്ന കസേര തികഞ്ഞ ലാഘവത്തോടെ വലിച്ചിട്ട്‌ അവളതിൽ ഇരുന്നു. ഭർത്താവ്‌ പറഞ്ഞിട്ടാണ്‌ അവൾ വന്നതെന്നും, എന്തുവേണമെങ്കിലും ആകാമെന്നും അവൾ മുന്നുരകളൊന്നും ഇല്ലാതെ തുറന്നു പറഞ്ഞു.. ഉറക്കം മുറിഞ്ഞപ്പോൾ അരികെ അമ്മയെ കാണാതെ ഭയന്ന്‌, നിറുത്താതെ കരയുന്ന അവളുടെ കുഞ്ഞിന്റെ ഒച്ച അടുത്തമുറിയിൽ നിന്നും എനിക്ക്‌ കേൾക്കാമായിരുന്നു. അതിന്‌ വിശക്കുന്നുണ്ടാകും. മുലപ്പാലിനായി അതിന്റെ കുഞ്ഞുനാവ്‌ വരളുന്നുണ്ടാവും. അവളുടെ നിറഞ്ഞ മാറിൽ അതിന്‌ മതിയാവോളം കുടിക്കുവാനുളള അമൃത്‌ ചുരന്നുനിൽപ്പുണ്ടാകും. ആ പൊന്നോമനയെ അണച്ച്‌ നെഞ്ചോട്‌ ചേർത്ത്‌ ഒരു മാതൃത്വത്തിന്റെ ഉദാത്ത ഭാവം അനുഭവിക്കേണ്ട നിമിഷത്തിലാണ്‌….. ‘ഒന്നിറങ്ങിപ്പോകൂ’ എന്നു മാത്രം പറയുവാനേ എനിക്കു കഴിഞ്ഞുളളൂ. അവൾ അപ്പോൾ കരച്ചിലിന്റെ ലോലമായ ശ്രുതിയിൽ കടക്കുകയും ചെയ്‌തിരുന്നു. നീചനായ അവളുടെ ഭർത്താവിന്റെ വലയിൽ ഞാനെങ്ങനെ വീണു എന്ന്‌ വേദനയോടെ അവൾ ചോദിച്ചു. ഒരു ദിവസം അവൾ കുഞ്ഞിനേയും കൂട്ടി ആത്മഹത്യ ചെയ്യുമെന്നും അന്ന്‌ ഇയാൾക്കെതിരെ വിശദമായ ഒരു കുറിപ്പെഴുതി വയ്‌ക്കുമെന്നും ഞാൻ താൽപര്യപ്പെട്ട്‌ അതെല്ലാം പൊതുജനമധ്യത്തിൽ എത്തിക്കണമെന്നും അവൾ കരഞ്ഞു പറഞ്ഞു.

”അതിന്റെയൊന്നും ആവശ്യമില്ല. കുഞ്ഞിനേയുംകൂട്ടി എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെട്ടുകൊളളൂ“. ഞാൻ ആ പെൺകുട്ടിയെ ആശ്വസിപ്പിച്ചു. നാവുവരണ്ട കുഞ്ഞിന്റെ കരച്ചിൽ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കഷ്ടിച്ച്‌ മൂന്നുമാസം മാത്രം പ്രായമുളള എന്റെ ആർദ്രക്കപ്പോൾ മുലകൊടുക്കുവാനാകാതെ ശാലിനി നന്നേ ബുദ്ധിമുട്ടിയിരുന്ന കാലമായിരുന്നു അത്‌. ഞാൻ ആ അമ്മയെ കാരുണ്യപൂർവ്വം കുഞ്ഞിന്റെ അടുത്തേക്ക്‌ പറഞ്ഞയച്ചിട്ട്‌, വല്ല വിധേനയും വാതിലുകൾ ചേർത്തടച്ച്‌ താഴുകൾ ഇട്ടു.

പിറ്റേന്ന്‌ പുലർച്ചെ കഴിഞ്ഞ രാത്രിയിലെ സംഗതികളൊന്നും അറിയാത്ത മട്ടിൽ ഒരു തരം വളിച്ച ശബ്ദത്തിൽ ഗുഡ്‌മോർണിംങ്ങും കാച്ചി അവൻ മുറിയിലേക്ക്‌ കടന്നുവരുമ്പോൾ ഞാൻ അടുത്ത ഒരു നിമിഷംപോലും ബാക്കി നിറുത്താതെ രക്ഷപ്പെടുവാനുളള തയ്യാറെടുപ്പിൽ ലഗേജുകളുമായി ഇറങ്ങിക്കഴിഞ്ഞിരുന്നു.

അവൻ പലതും പറഞ്ഞ്‌ അപ്പോൾ പ്രാണൻ പോകുന്ന മട്ടിൽ എന്റെ പിറകെ വന്നു. കുറഞ്ഞത്‌ ഇന്നത്തെ ഒരു ദിവസംകൂടിയെങ്കിലും തങ്ങണമെന്ന്‌ വികൃതമായ ഒരുതരം ഒച്ചയിൽ കേണു. ഞാൻ അതിനൊന്നും മറുപടി പറയുവാൻ നിന്നില്ല. രാവിലേ തന്നെ കുളിയൊക്കെ കഴിഞ്ഞ്‌ ഒരു നനഞ്ഞ തോർത്തിൽ സൂര്യഭഗവാനെ തൊഴുകൈകളോടെ വണങ്ങി നിന്ന ആ പാവം തകിലു വായനക്കാരനെ ഒന്നു നോക്കി. മടങ്ങുന്നു എന്ന ഭാവത്തിൽ തലകുലുക്കി. വേഗം വേഗം ചരൽപ്പാതയിലൂടെ ഓടിയിറങ്ങി.

ഫീച്ചറുകളെല്ലാം ഒന്നൊഴിയാതെ പ്രസിദ്ധീകരിക്കാനായത്‌ ആ പാവപ്പെട്ട മനുഷ്യരുടെ പ്രാർത്ഥനകൾകൂടി ഉണ്ടായിരുന്നിട്ടാകണം. എന്നാൽ അതിനിടയിൽ ഒരു തവണപോലും അവൻ എന്നെ വിളിക്കുകയോ, മാറ്ററുകൾ വന്നതിൽ നന്ദി രേഖപ്പെടുത്തുകയോ ചെയ്‌തില്ല. ആനമേൽക്കുന്നിലെ ആനകൾ എനിക്ക്‌ ഫോട്ടോഗ്രാഫിയിലും, റിപ്പോർട്ടിങ്ങിലും അപൂർവ്വമായ അംഗീകാരം നേടിത്തന്നു. വർഷങ്ങൾ വെയിലായും മഴയായും ഒക്കെ ആവശ്യത്തിലേറെ കടന്നുപോയി! ഇപ്പോഴിതാ, ഈ തണുത്ത സന്ധ്യയിൽ എന്റെ മേശപ്പുറത്ത്‌ ഒരു ചിത്രം കിടപ്പുണ്ട്‌. ശരീരമാസകലം തീപ്പൊളളലേറ്റ്‌ ദുരൂഹസാഹചര്യത്തിൽ മരിച്ച ഒരു യുവതിയുടെ ഫോട്ടോ. ആനമേൽക്കുന്നിലെ ആ പെൺകുട്ടിയുടെ ചിത്രം എല്ലാ വിരൂപതക്കുമപ്പുറം എനിക്ക്‌ വളരെ വേഗം തിരിച്ചറിയുവാനായി. അവളുടെ താഴ്‌ന്ന ശ്രുതിയിലുളള തേങ്ങൽ എന്നെ എത്രയോകാലം വേട്ടയാടിയിരിക്കുന്നു!! അവൾക്കിനി ഒട്ടും മുന്നോട്ടുപോകുവാൻ കഴിയില്ലായിരിക്കാം. അല്ലെങ്കിൽ ഇതിനകം ആനമേൽക്കുന്നിലെ ജനപ്രതിനിധിയായി കഴിഞ്ഞ സത്യശീലന്‌ അടുത്ത പടികയറുവാൻ ഇവളൊരു കീറാമുട്ടിയായി തീർന്നിരിക്കാം. തുകൽ വാദനക്കാരനായിരുന്ന ആ പാവം മനുഷ്യനും ഒരു മഴക്കാലത്തെ മുഴുവൻ മുഖത്തേറ്റുവാങ്ങി നിന്നിരുന്ന അവന്റെ അമ്മയും ഇതിനകം അരങ്ങൊഴിഞ്ഞിട്ടുണ്ടാകാം. ആനമേൽ കുന്നിൽ ഒരുപാട്‌ വ്യാജവാറ്റുകാരും, ശേഷിക്കുന്ന കാട്ടിൽ ധാരാളം കഞ്ചാവ്‌ കൃഷിക്കാരും ഇടംപിടിച്ചിട്ടുണ്ടാകാം. ആകാശത്തിന്റെ നെറുകയെ ചുംബിച്ചു നിന്ന കുന്നുകളെല്ലാം ഇടയുകയും, അവിടത്തെ തെളിമയുളള എല്ലാ പുഴകളും വറ്റിവരളുകയും ചെയ്‌തിരിക്കാം. അല്ലാതെ സത്യശീലന്‌ ആനമേൽ കുന്നിൽ നിന്നുളള ജനപ്രതിനിധിയാകുവാനും, അയാളുടെ ഭാര്യയായി ഏതോ ദുർവ്വിധികൊണ്ട്‌ ജീവിതം ഹോമിക്കേണ്ടിയും വന്ന ആ പെൺകുട്ടിക്ക്‌ ഒടുവിൽ രക്ഷപ്പെടുവാൻ ആത്മഹത്യയുടെ വഴി മാത്രമ തെരഞ്ഞെടുക്കേണ്ടിയും വരില്ലായിരുന്നല്ലോ….!!!

Generated from archived content: story1_july23_07.html Author: sreekandan_karikkakam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English