പ്രിയനേ നിനക്കായ് ഞാനെത്രമേലെത്രമേല്‍
പ്രേമ ലിഖിതം കുറിച്ചു വെച്ചു
വര്‍ണങ്ങള്‍ ചാലിച്ചിതെത്രയോ ചിത്രങ്ങള്‍
വെള്ളക്കടലാസില്‍ കോറിയിട്ടു
കാണുവാന്‍ നിന്നില്ല കേള്‍ക്കുവാന്‍ നിന്നില്ല
ഒന്നുമേ മിണ്ടിയില്ലിന്നു വരെ
നീളുമീയാകാശം പോല്‍ കണക്കേയെന്റെ
സ്‌നേഹം പരന്നു കിടന്നെന്നാലും
കോരിയെടുക്കുവാന്‍ വന്നില്ല നീയൊരു
മേഘമായെന്‍ മാറില്‍ മുത്തിയില്ല
മാറിലൊളിപ്പിച്ച തിങ്കളും പേറി ഞാന്‍
നില്‍പ്പു അമാവാസി വാനം പോലെ
പുറമേയലറിക്കിതച്ചോടുമോളത്തെ
മാറിലടുപ്പിക്കുമാഴി പോലെ
എത്രമേലെത്രമേല്‍ വാരിയടുപ്പിച്ചു
നാഥ, നിന്‍ പ്രേമത്തെ ചോര്‍ന്നിടാതെ!
കണ്ടില്ല, കാണുവാന്‍ നിന്നില്ല നീയൊരു
പാഴ്മരമായി ഞാന്‍ മാറും വരെ
കേട്ടില്ല, കേള്‍ക്കുവാന്‍ നിന്നില്ല നീയൊരു
പടുപാട്ടായൊഴുകി ഞാന്‍ മായും വരെ!
Generated from archived content: poem3_dec15_14.html Author: sreekala_dhanapalan