“കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല. അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും. മുന്നോട്ടുതന്നെ.”
ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി. പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു. മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം. അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ.
“നീയെന്നെ പരിഹസിക്കുകയാണോ?”
സാരംഗി ഗംഗാതീര്‍ത്ഥിന്റെ ചുമലുകളില്‍ പിടിച്ചുലച്ചു.
“നോ… ഹല്ല ഡിയര്‍…” – ചില്ലുഭിത്തിയില്‍നിന്നും മുഖം അടര്‍ത്തിയെടുത്ത് ചിരിയൊതുക്കി അവന്‍ പറഞ്ഞു. – “തന്റെ സംസാരം കേട്ടാല്‍തോന്നും നമ്മള്‍ ഒരുപാട് വൈകിപ്പോയെന്ന്. ഇല്ല മാഡം… നാം വൈകിയിട്ടില്ല..”
“പിന്നെ? നീയെന്തിനാണ് മുഖംപൊത്തിയത്?… ചിരിച്ചത്?… നിന്നെ ഞാന്‍…” – സാരംഗി ഗംഗാതീര്‍ത്ഥിന്റെ മാറില്‍ ഒരു ഭ്രാന്തിയെപ്പോലെ ഇരുകൈകളാലും ആഞ്ഞടിക്കാന്‍തുടങ്ങി. അവന്‍ തടുക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പൊടുന്നനെ അവള്‍ അവന്റെ മാറോട്ചേര്‍ന്നു.
“ഗംഗാ… നീയെന്റേതാണ്… എന്റേതുമാത്രം… നിന്നെ ഞാനാര്‍ക്കും വിട്ടുകൊടുക്കില്ല.”
വികാരവായ്പ്പോടെ അവന്‍ അവളെ വരിഞ്ഞുമുറുക്കി. നെറുകയിലും, നെറ്റിയിലും, മുഖത്തും, കഴുത്തിലും ആഞ്ഞാഞ്ഞ് ചുംബിച്ചു. പ്രഭാതത്തിന്റെ കുളിരകറ്റാന്‍ അവള്‍ പുതച്ചിരുന്ന കമ്പിളിഷാളിനുള്ളില്‍ അവരൊന്നായതുപോലെ തോന്നിച്ചു. പിന്നെ അതൂര്‍ന്നുവീണ് അവര്‍ അനാവൃതരായെങ്കിലും ലജ്ജ അവരെത്തെല്ലും തീണ്ടിയിരുന്നില്ലെന്ന് തോന്നി.
“മാഡം…” ഗംഗാതീര്‍ത്ഥിന്റെ വാക്കുകള്‍ സാരംഗിയുടെ ചുംബനത്താല്‍ മുറിഞ്ഞു.
“വേണ്ട… ഒന്നുംപറയണ്ട.. ഇങ്ങനൊരുദിവസത്തിനുവേണ്ടി എത്ര കൊതിച്ചതാണ്? നീയൊഴിഞ്ഞുമാറുകയായിരുന്നില്ലേ? എനിക്കറിയാം.” – അവള്‍ കൊഞ്ചി.
“ഇല്ല ഡിയര്‍.. അങ്ങിനെയായിരുന്നെങ്കില്‍ ഞാനിന്ന് സാറിനൊപ്പം ജോഗിംഗിനുപോവാതെ തലവേദനയെന്ന് കള്ളംപറഞ്ഞ് ഇവിടെ നില്‍ക്കുമായിരുന്നോ? തന്റെ ഏതാഗ്രഹവും ഞാന്‍ നിറവേറ്റിത്തരും. ഉടനെത്തന്നെ വൈകിയിട്ടില്ല സമയമാവുന്നതേയുള്ളൂ… നമുക്കുപോകാം. എല്ലാം മറന്നൊന്നാവാന്‍…”
“ഇല്ല.. നീ കള്ളംപറയുകയാണ്. എവിടെയാണ് നീയെന്നെക്കൊണ്ടുപോവുക?”
“അങ്ങുദൂരെ… മലകള്‍ക്കപ്പുറത്ത്…”
അവന്‍ കൈചൂണ്ടി. സാരംഗിയുടെ കണ്ണുകള്‍ അവന്റെ വിരല്‍ ലക്ഷ്യമാക്കിയ വഴിയേ സഞ്ചരിച്ചു. നഗരത്തിനതിരിട്ട മലനിരകള്‍ മഞ്ഞില്‍ക്കുളിച്ചിരുന്നു. വെളുത്തപുകപോലെ കോടപുതച്ചുകിടന്ന മലന്തലപ്പുകളില്‍ നേരിയ നീലനിറം തങ്ങിനിന്നപോലെ. താഴെ നഗരവീഥികളില്‍ ആള്‍പ്പെരുമാറ്റം കൂടിവരുന്നു. സൂര്യരശ്മികള്‍ക്ക് കനവും ചൂടും ഏറിവരുന്നത് പരസ്പരം ചൂടുപകര്‍ന്നുനിന്ന സാരംഗിയും, ഗംഗാതീര്‍ത്ഥും അറിഞ്ഞിരുന്നില്ലെന്നതുപോല തോന്നിച്ചു. പൊടുന്നനെ താഴെ ഗേറ്റില്‍ വിനായക്ചന്ദ്രയുടെ തലവെട്ടംകണ്ട് ഗംഗാതീര്‍ത്ഥ് കുതറിമാറി.
“ചന്ദ്രസാര്‍ വരുന്നുണ്ട്. ഞാന്‍ പോണു.”
സമര്‍ത്ഥയായ ഒരു കള്ളിയെപ്പോലെ സാരംഗി തന്റെ വസ്ത്രങ്ങള്‍ നേരെയാക്കി ഊര്‍ന്നുവീണ ഷാളെടുത്തു പുതച്ചു.
“നാളെയും വരണം.. പറ്റിക്കരുത്” – കൊഞ്ചിക്കൊണ്ട് അവള്‍ കുണുങ്ങി.
നാളെ ചന്ദ്രസാറിനോട് എന്തു കള്ളംപറഞ്ഞ് ജോഗിംഗില്‍ നിന്നൊഴിയാമെന്ന് ചിന്തിച്ചുകൊണ്ട് അവന്‍ സാരംഗിയുടെ നേരെ എതിര്‍ ഫ്ലാറ്റിന്റെ ഡോര്‍ തുറന്നകത്തുകയറി.
ഇതിന്നകം വിനായക്ചന്ദ്ര ചുറുചുറുക്കുള്ള ഒരു കുട്ടിയപ്പോലെ സ്റ്റപ്പുകള്‍ ഓടിക്കയറിവന്നു.
“ചന്ദ്രാ… ഇന്നെന്തേയിത്രവൈകിയത്? ഞാനെത്ര സമയമായീത്തണുപ്പത്ത് തനിച്ചെന്നറിയാമോ? യൂ ഡോണ്ട് ഹാവെനി തോട്ടെബോട്ട് മീ..”
സാരംഗി പരിഭവത്തോടെ തെല്ലൊന്നു മുഖം കറുപ്പിച്ച് വിനായക്ചന്ദ്രയുടെ തോളിലൂടെ കയ്യിട്ടു.
“സോറി ഡിയര്‍.. ടുഡേ അയാമെ ബിറ്റ് ലേറ്റ്… ഫോര്‍ ഗിവ്മീ..”
അവരിരുവരും മധ്യവയസ്സിലും ഇണക്കുരുവികളെപ്പോലെ, സ്നേഹമിറ്റിച്ചുകൊണ്ട് അവരുടെ ഫ്ലാറ്റിലേക്ക് നീങ്ങുന്നത് ഗംഗാതീര്‍ത്ഥ് വാതില്‍വിടവിലൂടെ ഒളിഞ്ഞുകണ്ടു. ഒരു കുസൃതിച്ചിരിയോടെ..
Generated from archived content: story2_aug12_13.html Author: sreejith_moothadath