മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍…

മിടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത്. അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത്. ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ് കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു. വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല. വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത്. അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല. ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക്കാന്‍ ഭാര്യയുടെ മുന്നിലെന്നും പ്രസന്നവദനനായിരിക്കാന്‍ എന്നുമയാള്‍ യത്നിച്ചു. ജോലിസംബന്ധമായോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലോ ഉള്ളില്‍ അസ്വാസ്ഥ്യത്തിന്റെ കനലെരിയുമ്പോള്‍പ്പോലും മൂക്കിന്‍തുമ്പ് ചുവക്കാതിരിക്കാനയാള്‍ പ്രത്യേകം യത്നിച്ചു. അപ്പോഴൊക്കെ സൗമ്യതയുടെ കവചകുണ്ഡലങ്ങളെടുത്തണിഞ്ഞു. വാക്കുകളില്‍ തേന്‍പുരട്ടി. സ്വന്തം ബന്ധുക്കള്‍ക്കിടയിലും, അടുത്തസുഹൃത്തുക്കള്‍ക്കിടയിലും, ജോലിസ്ഥലത്തുമെല്ലാം കണ്ടുപരിചയിച്ച ജീവിതാസ്വാസ്ഥ്യങ്ങളുടെ ചലനചിത്രങ്ങളായിരുന്നു അയാളെ ഇത്തരം മുന്നൊരുക്കങ്ങള്‍ക്ക് പ്രധാനമായും പ്രേരിപ്പിച്ചത്. മറ്റുള്ളവരുടെ ജീവിതത്തില്‍ സംഭവിച്ച പരാജയങ്ങള്‍ തന്റെ ജീവിതത്തില്‍ സംഭവിക്കരുത്. വീടുവയ്ക്കുമ്പോഴും ഇതുതന്നെയായിരുന്നു ചിന്ത. സുഹൃത്തുക്കളുടെ വീടുകള്‍ക്ക് സംഭവിച്ച കുറവുകള്‍ ഒരിക്കലും സ്വന്തം വീട്ടിനുണ്ടാവരുത്. വീടുനിര്‍മ്മാണത്തിനായി നിയോഗിച്ചത് സമര്‍ത്ഥനായ എഞ്ചിനീയറെത്തന്നെയാണെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും, ചെറിയ പിഴവുകളുണ്ടെന്ന് മനസ്സില്‍ തോന്നുമ്പോഴെല്ലാം അയാള്‍ സ്വയമിടപെടുമായിരുന്നു. അയാളുടെ ഈ ശ്രദ്ധാപാടവത്തെ എഞ്ചിനീയര്‍ പലവുരു പ്രശംസിച്ചിട്ടുണ്ട്. “സാറ് വെറുമൊരു സര്‍ക്കാര്‍ ഗുമസ്ഥനാവേണ്ടായാളായിരുന്നില്ല. നല്ലൊരു എഞ്ചിനീയറുടെ എല്ലാ കഴിവുകളും സാറിനുണ്ട്.” “എന്തുചെയ്യാം സുഹൃത്തേ… തലവര ഇങ്ങനെയായിപ്പോയി.” – അയാള്‍ ഒഴിഞ്ഞുമാറാനായിമാത്രം പറഞ്ഞു.

വിവാഹത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയതുമുതല്‍ത്തന്നെ, കണ്ടറിഞ്ഞവയും കേട്ടറിഞ്ഞവയുമായ ജീവിതപരാജയങ്ങളുടെ കഥകളുടെ പൊരുളറിയാന്‍ ഒരു ഗവേഷണം തന്നെ നടത്തിയിരുന്നു അയാള്‍. പ്രശസ്തരായ മനഃശാസ്ത്രജ്ഞരുടെ പുസ്തകങ്ങള്‍, മനഃശാസ്ത്രമാസികകളിലെ കോളമിസ്റ്റുകളുടെ വിവരണങ്ങള്‍, മനഃശാസ്ത്രസംബന്ധിയായ സിനിമകളുടെ സി.ഡി.കള്‍, എന്തിന് പ്രചുരപ്രചാരമുള്ള താഴെക്കിടയിലെ നിലവാരംകുറഞ്ഞ മാസികകളിലെ മനഃശാസ്ത്രജ്ഞനോട് ചോദിക്കാം എന്ന തട്ടിപ്പുകോളങ്ങള്‍ വരെ കൃത്യമായി വായിച്ച് വിലയിരുത്തിയിരുന്നു. സ്ത്രീപുരുഷ ലക്ഷണശാസ്ത്രവും, സ്ത്രീകളുടെ മനോനിലകളെ സ്വാധീനിക്കാവുന്ന ബാഹ്യശക്തികളെക്കുറിച്ചുമെല്ലാം വിശദമായ പഠനങ്ങള്‍തന്നെ നടത്തി. ഇതൊക്കെപ്പോരാഞ്ഞിട്ട് ചില സുഹൃത്തുക്കള്‍ വഴി പരിചയപ്പെട്ട സൈക്യാര്‍ട്ടിസ്റ്റുകളെ രഹസ്യമായി ചെന്നുകണ്ട്, കനത്തതുക ഫീസായിനല്‍കി, ദാമ്പത്യപരാജയഹേതുക്കളും, പരിഹാരമാര്‍ഗ്ഗങ്ങളും, വിജയസഹായചേരുവകളെക്കുറിച്ചുമെല്ലാം വിശദമായ ചര്‍ച്ചകള്‍ തന്നെ നടത്തിയിരുന്നു. ഈ ഗവേഷണങ്ങളിലൂടെയെല്ലാം എത്തിച്ചേര്‍ന്ന അനുമാനങ്ങള്‍ക്കനുസരിച്ച് ആവിഷ്കരിച്ച സ്വന്തം സിദ്ധാന്തങ്ങള്‍ സുഹൃത്തുക്കളെ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും, അവരൊന്നും ഉദ്ദേശിച്ചവിധം സ്വീകരിക്കുന്നില്ലായെന്നുകണ്ട് അല്‍പ്പം നിരാശപൂണ്ടെങ്കിലും സ്വന്തം ജീവിതമെങ്കിലും ഒരു പഴുതുമില്ലാതെ അടച്ചുഭദ്രമാക്കി, പരാജയരഹിതമായി, അല്ലലും അലട്ടലും മുറുമുറുപ്പും സ്ഫോടനങ്ങളുമില്ലാതെ, മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കണമെന്ന ഒരു ഗൂഡമോഹവും ഉള്ളിലുണ്ടായിരുന്നു. ജ്യോതിഷത്തിലൊന്നും വലിയവിശ്വാസമൊന്നുമില്ലായിരുന്നുവെങ്കിലും, ഇനിയതിന്റെയൊരു കുറവുവേണ്ട എന്നുവിചാരിച്ചാണ് പ്രശസ്തനായ ഒരു ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം നല്ലൊരു മുഹൂര്‍ത്തത്തില്‍ത്തന്നെ, ആകാശഗോളങ്ങളുടെ സ്ഥാനങ്ങള്‍ തലവരവിധം വിന്യസിക്കപ്പെട്ട അസുലഭമുഹൂര്‍ത്തത്തില്‍ത്തന്നെ പെണ്ണുകാണല്‍ച്ചടങ്ങ് നടത്തിയത്. പെണ്ണിനെയിഷ്ടപ്പെട്ടെങ്കിലും, സാമ്പത്തിക ഭൗതിക സാഹചര്യങ്ങള്‍ ജീവിതസ്വാസ്ഥ്യത്തെ ഒരുതരത്തിലും ബാധിക്കരുതെന്നുകരുതി, പ്രൊഫഷണല്‍ ഡിക്ടക്ടീവുകളെ വെല്ലുന്നതരത്തിലുള്ള സമഗ്രമായൊരന്വേഷണത്തിനുമൊടുവിലാണ് വിവാഹം നിശ്ചയിച്ചത്. രാഹു, കേതു, ഗുളിക, വ്യാഴ ഗ്രഹങ്ങള്‍ ഉചിതമായ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ച ധന്യമുഹൂര്‍ത്തത്തില്‍ത്തന്നെയാണ് വായക്കുരവകളുടെ അകമ്പടിയോടെ, ഉന്നതനായൊരു ബ്രാഹ്മണശ്രേഷ്ഠന്റെ മുഖ്യകാര്‍മ്മികത്വത്തില്‍, അഗ്നിസാക്ഷിയായി, പാണിഗ്രഹണം ചെയ്തതും ജീവിതനൗക പ്രശാന്തപ്രപഞ്ചതടാകത്തിലൂടെ തുഴയാനാരംഭിച്ചതും. അതീവശ്രദ്ധാലുവായ ഭര്‍ത്താവിന്റെ സ്നേഹത്തിലും, പരിചരണത്തിലും, ഭാര്യ വളരെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. മധുവിധുനാളുകളിലെ സ്നേഹപ്രകടനങ്ങള്‍ കണ്ട് സുഹൃത്തുക്കള്‍ പോലും മൂക്കത്തുവിരല്‍ വച്ചുപോയിട്ടുണ്ട്. അവരില്‍ ചില ദുഷ്ടബുദ്ധികള്‍ പ്രാകിപ്പറഞ്ഞു. “ഇതധികകാലം മുന്നോട്ടു പോവില്ല…! ” പക്ഷേ ഏവരുടെയും സകല പ്രതീക്ഷകളേയും തകിടംമറിച്ചുകൊണ്ട് ഒരു സ്പൂണ്‍വീഴുന്ന ശബ്ദംപോലും കേള്‍പ്പിക്കാതെയാണ്, അവരുടെ ജീവിതം മുന്നോട്ടുപോയത്. നേരത്തെ മൂക്കത്ത് വിരല്‍വച്ചവരും, നെഞ്ചത്ത് കൈവച്ച് പ്രാകിയവരും ചെരിപ്പൂരിവച്ച് പഞ്ചപുച്ഛമടക്കി, വാപൊത്തിനിന്നുകൊണ്ടാണ് ജീവിതവിജയത്തിന്റെ പാഠം പഠിക്കാനയാളുടെ ശിഷ്യത്വം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഉച്ഛ്വാസവായുപോലും മുന്‍കൂട്ടിയുള്ള നിശ്ചയപ്രകാരമുള്ള പ്രത്യേകതാളത്തിനനുസരിച്ചാവണമെന്നയാള്‍ ശ്രദ്ധിച്ചിരുന്നു. ഇതിനിടയിലും നേരത്തെ ഗവേഷണകാലഘട്ടത്തില്‍ ശേഖരിച്ചുവച്ചിരുന്ന മനഃശാസ്ത്രഗ്രന്ഥങ്ങളും അയാള്‍ ഇടക്കിടെ മനനം ചെയ്യുന്നുണ്ടായിരുന്നു. സകലരെയും അമ്പരപ്പിച്ച്, അസൂയ ജനിപ്പിച്ച്, അത്യന്തം വിജയകരമായി അവര്‍ ജീവിതനൗക തുഴഞ്ഞു. ഇതിനിടെ തികച്ചും ശാന്തമായ ജലപ്പരപ്പില്‍ ഒരു കുമിളപൊട്ടിയതുപോലെയാണവളാക്കാര്യം പറഞ്ഞത്. അതിന്റെ ഓളങ്ങള്‍ നാലുപാടും ചെറു തരംഗങ്ങള്‍ സൃഷ്ടിച്ചു. തീര്‍ത്തും നിസ്സാരമായൊരുകാര്യം. അവള്‍ തലേന്നുകണ്ട ഒരു സ്വപ്നത്തെക്കുറിച്ചുള്ള വിവരണം. രാത്രി പതിവുചടങ്ങുകള്‍ക്കുശേഷം, ഉറങ്ങാന്‍ കിടന്നപ്പോളാണവളാക്കാര്യം പറയുന്നത്. അവള്‍ ഈയിടെയായി മൂര്‍ഖന്‍ പാമ്പുകളെ സ്വപ്നം കാണാറുണ്ടത്രെ…! എന്തിനും താങ്ങായിനിന്ന് ചാരിനിന്നാല്‍ ചരിഞ്ഞ് പോവില്ലെന്നുറപ്പുള്ള, സ്നേഹത്തോടെമാത്രം പെരുമാറുന്ന ഭര്‍ത്താവ് തന്റെ പേടിമാറ്റുമെന്ന പ്രതീക്ഷയിലാണവളത് പറഞ്ഞിട്ടുണ്ടാവുക. പക്ഷെ അതയാളെ വല്ലാതെയുലച്ചുകളഞ്ഞു. അയാള്‍ വിയര്‍ത്തു. സപ്തനാഡികളും തളര്‍ന്നുപോവുന്നതയാള്‍ക്കുതോന്നി. മനഃശാസ്ത്രപുസ്തകങ്ങളിലെ സര്‍പ്പങ്ങള്‍ മുന്നില്‍ ഫണംവിടര്‍ത്തിയാടുന്നതുപോലയാള്‍ക്കു തോന്നി. അവളെനോക്കി, തൃപ്തിപ്പെടുത്താന്‍മാത്രമായി ദയനീയമായശ്രമത്തോടെ ഒന്ന് പുഞ്ചിരിച്ച് അയാള്‍ എഴുനേറ്റു. ഭര്‍ത്താവിന്റെ ഭാവവ്യത്യാസത്തിലൊന്നമ്പരന്നെങ്കിലും, വലിയ കാര്യമാക്കാതെയവള്‍ മറുവശം തിരിഞ്ഞുകിടന്നുറക്കംപിടിച്ചു. മുകളിലത്തെ മുറിയിലെ പുസ്തകശേഖരത്തിലേക്കാണയാള്‍ വേച്ചുവേച്ച് നടന്നെത്തിയത്. വിവാഹിതരായ സ്ത്രീകള്‍ സര്‍പ്പങ്ങളെ സ്വപ്നംകാണുന്നത് അവരുടെ ജാരസംസര്‍ഗ്ഗത്വരക്കും വഞ്ചനാമനോഭാവത്തിനും തെളിവായി അയാളെവിടെയോ വായിച്ചതായോര്‍ത്തു. അയാള്‍ പുസ്തകങ്ങള്‍ ഓരോന്നായി മറിച്ചുനോക്കി. അവയില്‍നിന്നുയര്‍ന്ന പൊടിയില്‍ അയാള്‍ക്ക് തുമ്മല്‍ വന്നുവെങ്കിലും ആ ശബ്ദം ഭാര്യയറിയാതിരിക്കാന്‍ കഴിയുംവണ്ണം വായും മൂക്കും പൊത്തിപ്പിടിച്ച് ഒരു വിചിത്രശബ്ദം പുറത്തേക്ക് വിട്ടു. ഒടുവിലയാള്‍ കണ്ടെത്തി. “ജാരസംസര്‍ഗ്ഗം” – കെട്ടുപിണഞ്ഞ ശരീരത്തില്‍നിന്നും പത്തിയുയര്‍ത്തിനില്‍ക്കുന്ന സര്‍പ്പത്തിന്റെ മുഖചിത്രത്തോടെയുള്ള പുസ്തകം. ആശങ്കയോടെയയാള്‍ താളുകള്‍ മറിച്ചു. ജാരസംസര്‍ഗ്ഗത്വരയുടെ തെളിവായി നിരവധി ഉദാഹരണങ്ങള്‍..! അത്തരം സ്ത്രീകള്‍ സ്വപ്നംകാണാറുള്ള സര്‍പ്പങ്ങളുടെ വിവിധയിനങ്ങളെക്കുറിച്ചതില്‍ വളരെ വിശദമായി പ്രദിപാദിച്ചിരുന്നു. അതില്‍പ്പറയുന്ന സ്ത്രീശരീരലക്ഷണങ്ങളില്‍പ്പലതും ഭാര്യക്കുണ്ടെന്നയാള്‍ ഞെട്ടലോടെ മനസ്സിലാക്കി. ഇളം ചുവപ്പുപടര്‍ന്ന മഞ്ഞനിറത്തില്‍ കറുത്ത ത്രികോണങ്ങള്‍ അടുക്കിയതുപോലുള്ള തൊലിയുള്ള മൂര്‍ഖന്‍പാമ്പുകളെയാണ് ലക്ഷണശാസ്ത്രമനുസരിച്ച് മേല്‍പ്പറഞ്ഞ ശാരീരികപ്രത്യേകതയുള്ള സ്ത്രീകള്‍ ജാരസംസര്‍ഗ്ഗം കൊതിക്കുന്ന കാലയളവുകളില്‍ സ്വപ്നം കാണാറുള്ളതത്രെ! ഈ സ്വഭാവം ഇവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണെന്നും, ജന്മനാ സിദ്ധിച്ചതാണെന്നും, മനോഹരമായി ചിരിച്ചും, സ്നേഹം നടിച്ചും, പ്രണയചേഷ്ടകള്‍ കാട്ടിയും ഭര്‍ത്താക്കന്‍മാരെ സമര്‍ത്ഥമായി ചതിക്കാനവര്‍ക്ക് പ്രത്യേക പാടവമുണ്ടാവുമെന്നും പുസ്തകത്തില്‍ ഉദാഹരണസഹിതം സമര്‍ത്ഥിക്കുന്നു. കൂടാതെ ഇവരെ വിശ്വസിക്കുന്നത് ഭര്‍ത്താവിന്റ ജീവഹാനിക്കുവരെ കാരണമാവാമെന്നും അത് താക്കീതുചെയ്യുന്നു. അയാള്‍ വിയര്‍ത്തുകുളിച്ചിരുന്നു. എങ്കിലുമയാള്‍ ആശ്വസിക്കാന്‍ ശ്രമിച്ച് നെടുവീര്‍പ്പിട്ടു. അവള്‍ സര്‍പ്പത്തിന്റെ നിറം പറഞ്ഞിട്ടില്ലല്ലോ. നേരിയൊരു പ്രതീക്ഷയുണ്ട്. പ്രതീക്ഷയുടെ കച്ചിത്തുരുമ്പില്‍ പിടുത്തമിട്ട് അയാള്‍ ആശങ്കയുടെ നിലയില്ലാക്കയത്തില്‍ ചുറ്റിവരിയുന്ന ജലമലരികളില്‍ ഉലഞ്ഞുഞാണ്ടുകൊണ്ട് തിരിച്ച് താഴെമുറിയിലേക്ക് വന്ന് ഭാര്യയോട് ചേര്‍ന്ന് കിടന്നു. അവളുടെ വസ്ത്രം സ്ഥാനംമാറിക്കിടന്നതയാളെ അസ്വസ്ഥനാക്കി. ലക്ഷണശാസ്ത്രത്തില്‍ പറയുന്ന അവയവങ്ങള്‍..! ആദ്യമായി സ്വന്തം ഭാര്യയുടെ ശരീരത്തെയയാള്‍ പേടികലര്‍ന്ന അറപ്പോടെ നോക്കി. അവളുടെ സീമന്തരേഖയിലെ സിന്ദൂരം വിയര്‍പ്പില്‍ക്കുതിര്‍ന്ന് താഴോട്ടൊഴുകി വെളുത്ത തലയിണയുറകളില്‍ അവിടവിടെ ചുവന്നചിത്രങ്ങള്‍ തീര്‍ത്തതും ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞുനില്‍ക്കുന്നതും അയാളുടെ ആശങ്കയെ പരകോടിയിലെത്തിച്ചു. ഉറക്കത്തില്‍ അവളുടെ കൈ അയാളെ ചേര്‍ത്തുപിടിച്ചു. അയാളുടെ മനസ്സ് നിലവിളിച്ചു. “ഈശ്വരാ ഇവളുടെ മനസ്സിലിപ്പോള്‍ ആരായിരിക്കും?” സാവധാനത്തില്‍ ഭാര്യയുടെ കൈ ശരീരത്തില്‍നിന്നും അടര്‍ത്തിമാറ്റി, മറുവശം ചരുഞ്ഞുകിടന്നെങ്കിലും മനസ്സില്‍ പലനിറങ്ങളിലുള്ള മൂര്‍ഖന്‍പാമ്പുകള്‍ ഉഴറിനടന്നു. ശരീരമാസകലം അവ ഇഴയുന്നുണ്ടെന്നയാള്‍ക്ക് തോന്നി. പാദംമുതല്‍ ഓരോ അംഗങ്ങളിലൂടെയും ഇഴഞ്ഞുനീങ്ങി, അവസാനമത് കഴുത്തില്‍ ചുറ്റിവരിയുന്നതായും ശ്വാസംമുട്ടിക്കുന്നതായും അയാള്‍ക്ക് തോന്നി. അയാള്‍ പിടഞ്ഞെഴുനേറ്റു. തൊണ്ട വരളുന്നുവെന്ന് തോന്നിയപ്പോള്‍ അയാള്‍ ടോര്‍ച്ചുമായി സാവധാനത്തില്‍ ഫ്രിഡ്ജിനടുത്തേക്ക് നടന്നു. പൊടുന്നനെ മനസ്സിലൊരു അപശകുനംപോലൊരു സംശയം പൊട്ടിമുളച്ചു. വെറുതെയെന്ന് മനസ്സില്‍ ആവര്‍ത്തിച്ചുപറഞ്ഞുവെങ്കിലും, കാലുകള്‍ അടുക്കളയുടെ പിന്‍വാതില്‍ക്കലേക്കുതന്നെ നയിച്ചു. ഭയന്നതുപോലെ അതിന്റെ കുറ്റിയിട്ടിരുന്നില്ല! കാറ്റുവീശിയിട്ടോ എന്തോ അതല്‍പ്പം തുറന്നിട്ടിരിക്കുന്നു. അയാളുടെ തല പെരുത്തു. നാഡികളെല്ലാം തളര്‍ന്ന് ചലനശേഷിയില്ലാതെ , ശബ്ദംപോലും പൊങ്ങാതെയയാള്‍ വാതിലും പിടിച്ചുനിന്നു. പുറത്ത് തൊടിയില്‍ എന്തോ നിഴലനങ്ങുന്നുവോ? ഒരുതരത്തില്‍ വാതില്‍ചേര്‍ത്തടച്ച് കുറ്റിയിട്ട്, മുന്‍വാതിലിന്റെ ലോക്ക് പരിശോധിച്ച്, വീണ്ടും ഭാര്യയുടെ അടുത്തുതന്നെ വന്നുകിടന്നു. ഇത്തവണ ഭാര്യ എന്തൊക്കെയോ പറയുന്നതും പതുക്കെ ചിരിക്കുന്നതും കേട്ട് അയാള്‍ ഞെട്ടി. അയാളുടെ തലക്കകത്ത് ആയിരം വണ്ടുകള്‍ ഒരുമിച്ച് മൂളിപ്പറന്നു. സ്ഥാനം തെറ്റിക്കിടക്കുന്ന അവളുടെ സാരി നേരെപിടിച്ചിട്ട് അയാളവളെ പുതപ്പിച്ചു. വീണ്ടുമുറങ്ങാന്‍ ശ്രമിച്ചെങ്കിലും സര്‍പ്പങ്ങളുടെ ചീറ്റലും, നിഴലുകളുടെ മുടിയാട്ടവും, വാതില്‍ക്കൊളുത്തുകളുടെ ദുര്‍ബ്ബലതയും അയാളെ ഉറക്കമില്ലാത്ത മറ്റേതോ ലോകത്തെത്തിച്ചു. രാവിലെ ചായയുമായി വന്ന് അവള്‍ തട്ടിവിളിച്ചപ്പോള്‍ അയാള്‍ ഞെട്ടിപ്പിടഞ്ഞെഴുനേറ്റു. അയാളപ്പോള്‍ ഉറങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. കടുത്ത തലവേദന. മുഖത്തു കഷ്ടപ്പെട്ട് ചിരിവരുത്തി, “ഗുഡ് മോര്‍ണിംഗ്” പറഞ്ഞ്, പതിവുപോലെ അവളെ കിടക്കയില്‍ ചേര്‍ത്തിരുത്തി, കഴിയാവുന്നത്ര സൗമ്യമായി അയാള്‍ ചോദിച്ചു. “നീ സ്വപ്നത്തില്‍ കണ്ടുവെന്നുപറഞ്ഞ പാമ്പിന്റെ നിറം ഓര്‍മ്മയുണ്ടോ?” അവള്‍ നെറ്റിചുളിച്ച് തലചൊറിഞ്ഞ് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു. “എന്തോ ഇളംചുവപ്പുപടര്‍ന്ന മഞ്ഞ നിറത്തില്‍ കറുത്ത ത്രികോണങ്ങള്‍….” അവള്‍ക്ക് പറഞ്ഞു മുഴുമിപ്പിക്കാനായില്ല. അതിനുമുമ്പുതന്നെ അയാളുടെ അലര്‍ച്ചയും, കയ്യിലെ ചായക്കപ്പ് നിലത്തെറിഞ്ഞുടച്ചതിന്റെ ശബ്ദവും അവളെ നടുക്കിക്കളഞ്ഞു.

Generated from archived content: story1_nov8_12.html Author: sreejith_moothadath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English