ജാലകങ്ങള്‍

ക്ലാസ്സ് മുറിയില്‍ തുറന്നിട്ട ജാലകത്തിലൂടെ നീണ്ടുവന്ന സദാനന്ദിന്റെ കൈകള്‍ തന്നെ തോണ്ടുന്നതറിഞ്ഞ് ചരിത്രത്തിന്റെ മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ലോകയുദ്ധങ്ങളുടെ മുരള്‍ച്ചയില്‍ നിന്നും ജാലകപ്പഴുതിലൂടെ രക്ഷപ്പെടുമ്പോള്‍ “തുറന്നിട്ട ജാലകം” സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനമായിരുന്നു.

ഇന്റര്‍നെറ്റ് കഫെയുടെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ മീനുവും, സദാനന്ദും “അരുതായ്മകള്‍” കണ്ടു. ഇത്തിരി “ചെയ്തു”. ഉള്ളില്‍ നിന്നും കൊളുത്തിട്ട ഹാഫ് ഡോറില്‍ മുട്ടുകേട്ട് ഞെട്ടി പിടഞ്ഞ് തുറന്നു വച്ചിരുന്ന “അരുതാത്ത ജാലകം’ തിടുക്കത്തിന്‍ അടച്ച് കൊളുത്തിടാന്‍ മറന്ന് പുറത്തിറങ്ങി. സമയത്തിന് പണമൊടുക്കി നഗരത്തില്‍ ലയിച്ചു.

ബസ്സില്‍ സദാനന്ദുമൊത്ത് ഒരേ ഇരിപ്പിടത്തില്‍ ചേര്‍ന്നിരുന്ന് യാത്ര ചെയ്യുമ്പോള്‍ ജാലകത്തിലൂടെ നാട്ടിലെ പരിചയക്കാരുടെ കണ്ണുകള്‍ തങ്ങളെ തിരിച്ചറിയുന്നത്, മീനു തിരിച്ചറിഞ്ഞില്ല.

ബാങ്കില്‍ “ഏകജാലകം” – ഒന്നിലൂടെ പണം നിക്ഷേപിച്ച അയല്‍ക്കാരന്‍ രാമേട്ടന്‍ “ബസ്സ് ജാലക”ത്തിലൂടെ താന്‍ കണ്ട രഹസ്യം കൂടെ അച്ഛന്റെ മനസ്സില്‍ നിക്ഷേപിച്ച് വളിച്ച ചിരി ചിരിച്ച് നിര്‍വൃതിയോടെ പിരിഞ്ഞപ്പോള്‍ “എ. സി.” യുടെ തണുപ്പിലും അച്ഛന്‍ വിയര്‍ത്തു.

വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ കൊളുത്തിടാന്‍ മറന്ന അടുക്കള ജാലകത്തിലൂടെ അകത്തു കടന്ന കള്ളിപ്പൂച്ച അമ്മ തനിക്കായി തിളപ്പിച്ചു വച്ചിരുന്ന പാല്‍ കട്ടു കുടിച്ചിരുന്നു. പാത്രം തട്ടി മറിച്ചിട്ടിരുന്നു.

തിരക്കിട്ട് ഭക്ഷണം കഴിച്ച് മുകളിലത്തെ തന്റെ മുറിയുടെ ജാലകങ്ങള്‍ തുറന്നിട്ട് അലസമായി പുറത്തേക്ക് നോക്കിയപ്പോള്‍ മതിലിന്നു വെളിയിലൂടെ റോഡില്‍ സൈക്കിളില്‍ ചൂളമടിച്ചെത്തിയ പൂവാലന്‍ അവള്‍ക്കു നേരെ “ഫ്ലയിംഗ് കിസ്സു് ” പറത്തി. ചമ്മലോടെ മുഖം തിരിച്ചപ്പോള്‍ പൊടുന്നനെ ഒരു ശബ്ദം കേട്ടു. ബാലന്‍സു തെറ്റി സൈക്കിളില്‍ നിന്നും വീണതിന്റെ ചമ്മിയ ചിരി പൂവാലന്റെ മുഖത്ത്.

കഫേയില്‍ കൊളുത്തിടാന്‍ മറന്ന ജാലകത്തിന്‍റെ പാളി തുറന്ന് അകത്തു കയറിയ ഏതോ മാന്യ തസ്കരന്‍ തന്റെ പേരില്‍ നിരവധി മെയിലുകള്‍ അരുതാത്ത “ഐ.ഡി.”കളിലേക്ക് പറത്തിയത് മീനു അറിഞ്ഞ് വാതിലുകളടച്ചിട്ട മുറിയില്‍ “പി.സി.”ക്കു മുന്നിലിരുന്നു തന്റെ “മെയില്‍ പെട്ടി” തുറന്നപ്പോളായിരുന്നു. ഭാഗ്യം..! മറ്റനര്‍ത്ഥങ്ങളൊന്നും സംഭവിച്ചിട്ടില്ല..! ഓരോന്നായി “ഡിലീറ്റ് “ചെയ്യവേ “റിസീവ്ഡ് മെയിലി! “ലൊന്നിന്റെ ഐ.ഡി.യില്‍ കണ്ണുടക്കി. തുറന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി..!! പുറകില്‍ കരഞ്ഞ ജാലക വാതില്‍ക്കല്‍ അച്ഛന്‍ നിന്ന് പരുങ്ങുന്നത് മുന്നിലെ കണ്ണാടിയില്‍ പ്രതിഫലിച്ചു.

രാമേട്ടന്‍ പറഞ്ഞ, അരുതാത്ത വാര്‍ത്തയുടെ, നീറ്റലില്‍ നിന്നും രക്ഷ നേടാന്‍ “ഏകജാലകത്തിലെ” ഇടപാടുകള്‍ക്ക് അവധി കൊടുത്ത് സ്വന്തം മെയില്‍ ജാലകം തുറന്നപ്പോള്‍ കണ്ട “ഇക്കിളി മെയിലിന് ” അലസമായി “റിപ്ലേ” ചെയ്തപ്പോള്‍ ഒരിക്കലും കരുതിയില്ല, അത് സ്വന്തം മകളുടെതാവുമെന്ന്. സ്വയം ശപിച്ചുകൊണ്ട് അച്ഛന്‍ ജാലക വാതിലടച്ച് പിന്തിരിഞ്ഞപ്പോള്‍ മീനു വിളക്കുകള്‍ കെടുത്തി ഇത്തിരിക്കാറ്റിനായി പുറത്തേക്കുള്ള വാതിലുകള്‍ തുറന്നു. “തുറന്നിട്ട ജാലകങ്ങള്‍” വരുത്തി വച്ച പുലിവാലുകള്‍ ഓര്‍ത്തപ്പോള്‍ പെട്ടന്നു തന്നെ അടച്ച് കൊളുത്തിട്ട് മുറിക്കുള്ളിലെ ചൂട് സഹിച്ച് കിടന്നു.

ജാലകങ്ങളില്ലാത്ത സിനിമാ തിയേറ്ററിലെ സദാനന്ദുമൊത്തുള്ള “ചൂടുള്ള” അനുഭവങ്ങളില്‍ വിയര്‍ത്തു കൊണ്ട്….

Generated from archived content: story1_may03_12.html Author: sreejith_moothadath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English