നേര്‍ച്ചക്കോഴി

കരിയോയില്‍ പുരണ്ടു കറുത്ത കഴുക്കോലുകളില്‍ പറ്റിപ്പിടിച്ചിരുന്ന മാറാലകള്‍ തീര്‍ത്ത ചിത്രങ്ങള്‍ നോക്കി കോലായിലെ ചാരുതുണിക്കസേരയില്‍ രാമറച്ഛന്‍ മലര്‍ന്നു കിടന്നു. മക്കളും മരുമക്കളും രാവിലെ പടിയിറങ്ങയ ശേഷം ആ വീട് ഉറങ്ങിക്കഴിഞ്ഞിരുന്നു. മുറ്റത്ത് തന്റെ ചുവന്ന അങ്കവാല് വിറപ്പിച്ച് ചിക്കി നടന്നിരുന്ന പൂവന്‍ കോഴി തലയുയര്‍ത്തി രാമറച്ഛനെ നോക്കി ഒന്നു കൊക്കിയതും പൊടുന്നനെ കഴുക്കോലില്‍ പറ്റിപ്പിടിച്ചിരുന്ന ഒരു പല്ലി പിടിവിട്ട് അയാളുടെ മടിയിലേക്ക് വീണതും ഒരുമിച്ചായിരുന്നു. അയാള്‍ വേദന കൊണ്ടെന്നപോലെ ഒന്ന് കുതറി. മുണ്ടു കുടഞ്ഞു. തെറിച്ചു വീണ “മുറിവാല്‍” നിലത്തു കിടന്ന് പിടയുന്നത് അയാള്‍ അസഹ്യതയോടെ നോക്കി. അയാളുടെ മനവും പിടയുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചത്തെ സംഭവ ബഹുലമായ ദിനങ്ങള്‍ക്കു ശേഷം വീണ്ടും ശൂന്യത. കുഞ്ഞിമാളുവും താനും മാത്രം ഈ വീട്ടില്‍ വീണ്ടും തനിച്ച്. ഭിഷഗ്വരന്‍മാര്‍ വിധിച്ച മരണം വീണ്ടുമൊരു പരീക്ഷണത്തിന് വഴിമാറിയതു പോലെ.

“ഇനി ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല. വീട്ടിലേക്കെടുത്തോളൂ.”

ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ ഇവിടെയെത്തിയത് നിലവിളിയുടെ അകമ്പടിയോടെയായിരുന്നു. മരണക്കിടക്കയില്‍ ആദ്യത്തെ രണ്ടു ദിവസം അനങ്ങാതെ കിടക്കേണ്ടി വന്നു. മക്കളുടെയും മരുമക്കളുടെയും കരച്ചിലിന്റെയും കനം നേര്‍ത്തു വന്നു. ഒരുതരം മടുപ്പിന്റെ മുരള്‍ച്ചകള്‍ കേട്ടു തുടങ്ങിയത് മൂന്നാം ദിവസം കൈകാലുകള്‍ അനക്കിത്തുടങ്ങിയതു മുതലാണ്. നാലാം നാളായ ഇന്നലെ രാവിലെ കഞ്ഞിവെള്ളം കുടിച്ചു. ഉച്ചയ്ക്ക് മരക്കിഴങ്ങു പുഴുക്കും ചുട്ട പപ്പടവും കഴിച്ചു. വൈകിട്ടായപ്പോഴേക്കും പതുക്കെ എഴുനേല്‍ക്കാറായപ്പോള്‍ പടിഞ്ഞാറ്റയില്‍ നിന്നും മക്കളുടെ കുശുകുശുക്കല്‍ കേട്ടു തുടങ്ങി.

“കുട്ടികള്‍ ഒരാഴ്ച്ചയായി സ്കൂളില്‍ പോയിട്ട്. ഇതെപ്പഴാ എന്തെങ്കിലും ഒന്നാവ്വാ ?. അച്ഛനിപ്പോ എഴുനേല്‍ക്കാനും തുടങ്ങി.”

മൂത്ത മകള്‍ ശാന്തയുടെ ശബ്ദമാണ്.

“ചേച്ചിക്കിപ്പോ അച്ഛനെന്താ ആവ്വണ്ടെ ?.”

ഇളയ മകള്‍ ലീലയുടെ ചോദ്യം അവളുടെ ഉത്തരം മുട്ടിച്ചു കളഞ്ഞു.

“ഞങ്ങളിവിടെ ഒരു മാസായി കാവലു കിടക്ക്വാ…. ദിവാകരേട്ടന് ജോലിയൊന്നുമില്ലെന്നാ വിചാരം ?.”

രാത്രിയില്‍ പറന്പിലെവിടെയോ നിന്ന് മണ്ണട്ടകള്‍ കരഞ്ഞു തുടങ്ങയപ്പോള്‍…….. നിലവിളക്കിന്റെ തിരി നീട്ടിവച്ച് രാമായണം വായിക്കാന്‍ തുടങ്ങിയപ്പോള്‍…. അടുക്കളയില്‍ നിന്ന് മകന്‍ കൃഷ്ണന്‍റെ സംസാരം കേട്ടു.

“അമ്മേ ഞാനും ജയന്തീം നാളെ കോഴിക്കോട്ടു പോവ്വാ. അച്ഛനിപ്പോ കുഴപ്പമൊന്നുമില്ലാലോ.”

രാവിലെത്തന്നെ എല്ലാവരുടെയും പുറപ്പാട് തുടങ്ങിയിരുന്നു. ഓരോരുത്തരായി വന്ന് യാത്ര ചോദിച്ചു. പല കാരണങ്ങള്‍…. ജോലി.. കുട്ടികളുടെ പഠനം…

ഞാലി ഓടിന്റെ നിഴല്‍ കോലായിന്‍തുന്പത്തെത്തിയപ്പോഴേക്കും എല്ലാവരും പടിയിറങ്ങിക്കഴിഞ്ഞിരുന്നു. ഇതിപ്പോള്‍ മൂന്നാം തവണയാണ് ആവര്‍ത്തിക്കുന്നത്. കരച്ചിലും പിഴിച്ചിലുമായുള്ള വരവ്… നിരാശയൊതുക്കിപ്പിടിച്ചു കൊണ്ടുള്ള യാത്ര ചോദിക്കല്‍….

രാമറച്ഛന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് മറിഞ്ഞു. തന്റെ യവ്വനം… കുഞ്ഞിമാളുവിനെ വിവാഹം ചെയ്ത് ഈ വീട് വയ്ക്കുമ്പോള്‍ വയസ്സ് ഇരുപത്തി അഞ്ച്. അച്ഛനില്‍ നിന്നും പഠിച്ച മന്ത്രവാദവും, ചില്ലറ മുറിവൈദ്യവുമായി കാലം കഴിക്കല്‍…. മൂത്ത മകള്‍ ശാന്തയുടെ ജനനം.. അവളുടെ വിവാഹം.. മകന്‍ കൃഷ്ണന്റെ വീടുമാറ്റം, ഇളയ മകള്‍ ലീലയുടെ ദിവാകരന്റെ കൂടെയുള്ള ഒളിച്ചോട്ടം..

നാല്‍പ്പത് വയസ്സ് മുതലാണ് “പട്ടാരക്കാവിലെ” മുത്തപ്പന്‍ തിറക്ക് “തണ്ടാറച്ഛന്‍” സ്ഥാനം വഹിച്ചു തുടങ്ങിയത്. അന്ന് മുതലാണ് കുഞ്ഞിക്കേളുവിന്റെ മകന്‍ രാമന്‍ എന്ന താന്‍ നാട്ടുകാരുടെ “രാമറച്ഛനായി” മാറിയത്. തെങ്ങോളമുയരമുള്ള കുരുത്തോലക്കിരീടവും ചൂടി മലയനപ്പുണ്ണി തിറയാടുന്പോള്‍, ഒരു കയ്യില്‍ നാക്കില കൊണ്ട് ഭദ്രമായി മൂടിക്കെട്ടിയ കിണ്ടിയില്‍ “അമൃതെന്ന” കള്ളും, മറു കയ്യില്‍‍ പന്തവുമായി ഭയഭക്തി ബഹുമാനത്തോടെയായിരുന്നു മുന്നില്‍ നിന്നത്. അമൃത് പിടിച്ച് വാങ്ങാനായി മുത്തപ്പന്‍ തെയ്യം പിന്നാലെ ഓടുമ്പോഴും ചെണ്ടയുടെ പെരുക്കത്തിനൊപ്പം തന്നിലും ദൈവികശക്തി ആവേശിച്ച പോലെ തോന്നുമായിരുന്നു.

കോമരം കെട്ടിയ കുമാരന്‍ ഉറഞ്ഞ് മൂര്‍ദ്ധാവില്‍ ആഞ്ഞുവെട്ടി ചോര ചീറ്റുന്പോള്‍ മഞ്ഞപ്പൊടി പൊത്തിക്കൊടുക്കേണ്ടതും താനായിരുന്നു. പാതിരാക്കഴിഞ്ഞ് കുരുതിക്ക് കൊണ്ടുവരുന്ന കോഴികളെ തലയറുക്കുവാനായി പിടിച്ചു കൊടുക്കുന്ന സമയത്ത്, തല വേര്‍പെട്ട് ഉടലുകള്‍ ചോര കുഴഞ്ഞ മണ്ണില്‍ പിടയുമ്പോള്‍, പലപ്പോഴും പേടി തോന്നിയിട്ടുണ്ട്. – “ഇവയുടെയൊക്കെ അറ്റ തലകള്‍ ഉടലോട് ചേര്‍ന്ന് എനെങ്കിലും തന്നോട് പ്രതികാരം ചെയ്യാന്‍ വരുമെന്ന്.

ആ രംഗമോര്‍ത്തിട്ടെന്ന പോലെ രാമറച്ഛന്‍ ഞെട്ടിയെഴുനേറ്റ് പകച്ച് നോക്കി. വെയിലേറ്റ് തളര്‍ന്ന തുളസിച്ചെടിക്കപ്പുറത്തായി ശീപോതിയും പൂപ്പലുകളും ഉണക്കിപ്പിടിച്ച മുറ്റക്കൊള്ളില്‍ അപ്പോഴും പൂവന്‍ കോഴി അയാളെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ചെഞ്ചോര പൂവും വിറപ്പിച്ച്.. കാലന്റെ ഭാവവുമായി…!!

കുരുതി കൊടുത്ത കോഴിയുടെ തല ഉടലിന്നോട് ചേര്‍ന്ന പോലെ…!! ചുവന്ന തൂവലുകള്‍ ചുവന്ന പട്ടുടുത്ത പോലെ…!!

രാമറച്ഛന്‍ കോഴിയെ സൂക്ഷിച്ച് നോക്കി.

“കോമരം കുമാരനല്ലേ അത്..?”

നെറ്റിയിലെ ചെഞ്ചോരപ്പൂവ് ചീറ്റിത്തെറിച്ച ചോരപോലെ തോന്നിച്ചു. ചുവന്ന ചിറകുകള്‍ കുടഞ്ഞ് തലയുയര്‍ത്തി കോഴിയൊന്ന് കൂവി. മൂര്‍ദ്ധാവില്‍ ആഞ്ഞ് വെട്ടി, ചോര ചീറ്റിത്തെറിപ്പിച്ച് ഉറയുന്ന കുമാരന്റെ മുറിവില്‍ മഞ്ഞള്‍ പൊടിയിടാന്‍ രാമറച്ഛന്‍ ഭസ്മത്തട്ടില്‍ നിന്നും ഒരു പിടി ഭസ്മം വാരി മുറ്റത്തേക്ക് കുതിച്ചു. ഭസ്മത്തട്ടിന്റെ ചങ്ങലയിലെ പിടിവിട്ട് മുന്നോട്ടായുമ്പോഴേക്കും രാമറച്ഛന്‍ തെന്നി വീണിരുന്നു.

മുറ്റത്തെ സന്ധ്യക്ക് തിരി കൊളുത്തുന്ന വിളക്ക് കല്ലില്‍ തലയിടിച്ച്…. ചോരയൊഴുക്കി… കുരുതി കൊടുത്ത കോഴിയുടെ അവസാനത്തെ പിടച്ചില്‍ പോലെ, അയാളുടെ ശരീരം ചോര കുഴഞ്ഞ മണ്ണില്‍ കിടന്ന് ഒന്ന് പിടഞ്ഞു. പിന്നെ നിശ്ചലമായി.

Generated from archived content: story1_mar1_12.html Author: sreejith_moothadath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English