പ്രണയം

നീല നിലാവ് നാണം പൊഴിക്കുന്ന
ഈ രാവില്‍ നീയൊരു പൊന്‍താരമായി
കായലില്‍ ഓളങ്ങള്‍ കള കളം പാടുമ്പോള്‍
മൂകയായി നില്‍ക്കുന്നതെന്തേ സഖീ നീ
മൗനം കവര്‍ന്നൊരു മാന്‍പേട പോല്‍

പകലിനെ പ്രണയിച്ച സന്ധ്യ മാഞ്ഞു
വാനമ്പാടികള്‍‍ കൂടണഞ്ഞു
വെണ്‍ചന്ദ്രലേഖ പുഞ്ചിരി പൊഴിക്കുമ്പോള്‍
എന്തേ പ്രണയം മറന്നു നിന്നു നീ
നിലാവിലലിയും നിശാഗന്ധി പോല്‍

പൂവുകള്‍ നാണത്താല്‍ മുഖം കുനിച്ചു
നിശാശലഭങ്ങള്‍ നര്‍ത്തനമാടി
രാപ്പാടി പാടാന്‍ കൊതിക്കുന്ന രാവില്‍
എന്നോടൊരുവാക്കും മിണ്ടിയില്ല നീ
നിന്‍ പ്രണയം എന്നോടു ചൊല്ലിയില്ല

വിടരാന്‍ കൊതിക്കുന്ന പൂവുപോലെ
മഴ കാത്തു കഴിയുന്ന വേഴാമ്പലായി
തന്നന്നം പാടുന്ന അരുവിതന്‍ കുളിരുമായി
എന്‍ മനം നിന്നു തുടിച്ചിടുന്നു
നിന്നെ പുണരാന്‍ കൊതിച്ചിടുന്നു

Generated from archived content: poem3_feb2_13.html Author: sreejith.kathiroor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here