നിശബ്ദതയിൽ ആണ്ടുറങ്ങി കിടക്കുന്ന വിരാട രാജധാനി. ചിത്രത്തൂണുകൾക്കിടയിൽ നീണ്ട നിഴലുകൾ സൃഷ്ടിച്ചു കൊണ്ട് ദ്രൗപദി ഓടുകയാണ്. അഴിഞ്ഞു വീണ മുടികെട്ട്, ഉലഞ്ഞ പുടവ, ചിതറിത്തെറിച്ച മുല്ലപൂക്കൾ, ഉടയുന്ന വളകൾ. കൽവിളക്കുകളിൽ നിശബ്ദരായി തല കുനിച്ചു നിൽക്കുന്ന നാളങ്ങൾ.. അതാ ദ്രൗപദി വീഴുന്നു.. കീചകന്റെ നീളുന്ന കൈകൾ.. നെരിഞ്ഞമർന്നു പോകുന്ന ദ്രൗപദി.. ഇരുട്ട്…. ഒരു വലിയ നിലവിളി രാത്രിയെ കിടിലം കൊള്ളിക്കുന്നു…
ഞെട്ടി ഉണർന്നു ചുറ്റിലും നോക്കി.. സ്വപ്നം… അതാ ഈര്‍പ്പം ഇറങ്ങി അമീബയെ പോലെ രൂപങ്ങൾ സൃഷ്ടിച്ച ചന്ദന നിറമുള്ള ചുമർ.. തീവണ്ടിയുടെ ചൂളം വിളി. അച്ഛന്റെ വരണ്ട ചുമ. ചെരിഞ്ഞു കിടന്നുറങ്ങുന്ന അമ്മിണി. എല്ലാം പഴയ പോലെ… അതൊരു സ്വപ്നം മാത്രം… എങ്കിലും ഇപ്പോഴും ആ സ്വപ്നത്തിന്റെ തരികൾ കണ്ണുകളിൽ ബാക്കി നിൽപുണ്ടെന്ന് തോന്നുന്നു.. കണ്ണുകൾ അടച്ചാൽ വീണ്ടും വിരാടരാജധാനിയിൽ എത്തുമെന്ന ഭയമാകുന്നു.
ഹസ്തിനപുരിയിലെ കൊട്ടാരങ്ങളും ചിത്രത്തൂണുകളും ആയുധപ്പുരകളും രഥങ്ങളും വാൾത്തലപ്പുകളുടെ വെള്ളി വെളിച്ചവും നിറഞ്ഞ മുത്തശ്ശി കഥകൾ. അതിൽ നിന്ന് നുള്ളിയെടുത്ത എന്തൊക്കെയോ കൂട്ടിവച്ച് നെയ്തെടുത്ത ഭാവനാലോകത്ത് പറന്നു നടന്നിരുന്ന പെണ്‍കുട്ടി. ഇന്ന് ആ ലോകങ്ങളെ സ്വപ്നം കണ്ടു പേടിച്ചു നിലവിളിക്കുന്നു. മനസ്സിൽ നിറയെ കീച്ചകനാണ്.. തമ്മിൽ പിരിയവേ ഹിഡുംബി ഭീമന് സമ്മാനിച്ച അത്ഭുത കണ്ണാടിയിൽ നോക്കി നിൽക്കുന്ന കീചകൻ. നമ്മൾ സ്നേഹിക്കുന്നവരുടെ മുഖം തെളിയുന്ന ഛായാമുഖി എന്ന അത്ഭുതകണ്ണാടി. ഹിഡുംബി അതിൽ ഭീമനെ കണ്ടു, ഭീമൻ ദ്രൗപതിയെ കണ്ടു, ദ്രൗപദിയാകട്ടെ അർജുനനെ കണ്ടു.. കീചകനെ ആരും കണ്ടില്ല. കീചകനും ആരെയും കണ്ടില്ല. അയാൾക്കുമുന്നിൽ അത് ശൂന്യമായിരുന്നു.. ആലോചിച്ചപ്പോൾ ഒരു വിങ്ങൽ. ആർദ്രത, സ്നേഹിക്കുവാനും സ്നേഹിക്കപെടാനും കഴിയാത്ത മനുഷ്യജന്മം എത്ര നിരർത്ഥകാവും നിസ്സഹായവുമാണ്. ഒരു പാട്പേരെകണ്ടിട്ടുണ്ട് അങ്ങിനെ.. രണ്ടാമൂഴത്തിലെ ചിത്രമാണ് മനസ്സിൽ. വീർത്ത കണ്‍പോളകളും മദ്യത്തിന്റെ മണവും ഉള്ള കൃഷ്ണശില പോലെ കറുത്ത കീചകൻ ഇന്നയാൾ ഒരു ദുസ്വപ്നമായി മനസ്സിൽ..
വലതു കാലിലെ മുറിവും പൊള്ളുന്ന ശരീരവുമായി ആശുപത്രിയിലെ പൊള്ളച്ച തറയിൽ കൂനിയിരുന്ന അയാളെ കണ്ടപ്പോൾ എന്തോ അന്ന് കീചകന്റെ ഛായ തോന്നി. അയാൾക്കന്നു മദ്യത്തിന്റെ മണമുണ്ടായിരുന്നോ എന്നോർമയില്ല. ആരും കൂട്ടിനുണ്ടായിരുന്നില്ല. ഉൾവലിഞ്ഞ പെരുമാറ്റവും കാലിലെ പഴുത്തു തുടങ്ങിയ മുറിവും സങ്കോചവും എല്ലാം കണ്ടപ്പോൾ ഒരു സഹതാപത്തിന്റെ ഉറവ പൊട്ടുകയായിരുന്നു മനസ്സിൽ.. കരുതലോടെ പരിചരിച്ചു. മുറിവ് വെച്ച്കെട്ടുമ്പോൾ ദൂരെ നോക്കി നിശബ്ദനായി ഇരിക്കും, വേദനയുടെ ലക്ഷണമൊന്നും കാണിക്കാതെ. വഴക്ക്പറഞ്ഞാലും നിർബന്ധിച്ചാലും കട്ടിലിൽ കിടക്കില്ല. ആളൊഴിഞ്ഞ വരാന്തയിൽ നിലത്ത്ചുരുണ്ട് കിടക്കും.
പകൽ പറങ്കിമാവിന്റെ ചുവട്ടിലിരുന്നു അയാൾ എല്ലാവരെയും നോക്കിയിരിക്കും. ഛയാമുഖിയിലെക്കെന്ന പോലെ ഓരോ മുഖത്തേക്കും നോക്കും. ശൂന്യത. ആരും അയാളെ ഗൗനിച്ചിരുന്നില്ല. പിന്നെ കാണാം താഴെ മാവിന്റെ നിഴൽച്ചിത്രങ്ങളിലേക്ക് കുനിഞ്ഞിരിക്കുന്നത്.
“ഓരോ നാട്ടില് തെണ്ടി നടക്കുന്നവരാ…ഒന്നിനേം വിശ്വസിക്കാൻ കൊള്ളത്തില്ല.” തങ്കമണി സിസ്റ്റർ ഇടക്കൊക്കെ പ്രാകും. ഉറങ്ങുവാൻ കഴിയുന്നില്ല. കണ്ണടച്ചാൽ വിരാട രാജധാനി. ചതുരംഗ കളത്തിൽ നിരങ്ങുന്ന കരുക്കൾ. ചിലങ്കകൾ പൊട്ടിച്ചിരിക്കുന്ന നൃത്തമണ്ഡപങ്ങൾ, കുതിച്ചു പായുന്ന കുതിരകൾ, ഓട്ടുമണികൾ,സ്വർണ്ണത്തളികകൾ,പട്ടു പുടവകൾ.. പിന്നെ കീചകന്റെ കയ്യില്‍ നെരിഞ്ഞമരുന്ന ദ്രൗപദി..വയ്യ.. ഉറങ്ങാൻ വയ്യ.
അമ്മിണിയെ നെഞ്ചോടു ചേർത്തു നെറുകയിൽ ചുംബിച്ചു. അവൾ ഒരു പൂച്ച കുഞ്ഞിനെ പോലെ ചിണുങ്ങി എന്റെ നെഞ്ചിൽ ഒതുങ്ങി. ആ കുഞ്ഞു ശ്വാസം അറിഞ്ഞു കിടക്കവേ ആശ്വാസം തോന്നി. പതുക്കെ ഉറങ്ങി പോയി. പിറ്റേന്ന് പറങ്കിമാവും സപ്പോട്ടയും തണൽ വിരിച്ച ആശുപത്രി മുറ്റത്തേക്ക് കടന്നപ്പോൾ വരാന്തയിലേക്ക് ഒന്ന് പാളി നോക്കി.. ഇല്ല അയാൾ ഇല്ല.. കുറച്ച ദിവസമായി അയാളെ ശ്രദ്ധിക്കാറില്ല. ഉച്ചക്ക് മഴ പെയ്തു. ചന്നി പെയ്യുന്ന മഴ കണ്ടു നില്ക്കെ ആ രാത്രി ഓർമ വന്നു.
അന്നയാൾക്ക് പനി കുറച്ചു കൂടിയിരുന്നു. നല്ല മഴയുള്ള രാത്രി. രാത്രി എപ്പോഴോ ഉണർന്നപ്പോൾ വരാന്തയിൽ കിടക്കുന്ന അയാളെ ഓർത്തുപോയി. നിലത്തു വിറച്ചു കിടക്കുകയാകും എന്നോർത്ത് ഒരു പുതപ്പുമായി പോയതാണ്. അയാളെ കണ്ടില്ല.. പെട്ടന്ന് രണ്ടു കൈകൾ വരാന്തയുടെ വടക്കേ ചെരുവിലേക്ക് വലിച്ചു. കുതറി ഓടുവാൻ നോക്കി. അയാൾക്ക് വല്ലാത്ത ശക്തി ഉണ്ടായിരുന്നു. ആ കൈകളിൽ കിടന്നു എത്ര നേരം പിടഞ്ഞു എന്ന് ഓർമയില്ല. തൊണ്ടയിൽ കുരുങ്ങിയ ശബ്ദം. ശ്വാസംമുട്ടൽ. ഒടുവിൽ മുറിവുള്ള കാലിൽ ആഞ്ഞു ചവിട്ടി അയഞ്ഞ കൈകളിൽ നിന്നും രക്ഷപെട്ടു ഓടുകയായിരുന്നു.. മരവിപ്പ്.. ആരോടും ഒന്നും പറഞ്ഞില്ല. ഇനി ഇതുകൂടി ചുമക്കാൻ വയ്യ..
ഒരാഴ്ച കഴിഞ്ഞാണ് അയാൾ വീണ്ടും വരാന്തയിൽ പ്രത്യക്ഷപ്പെട്ടത്. പതിവ് സ്ഥലത്ത്. മുറിവ് വല്ലാതെ പഴുത്തിട്ടുണ്ട്. വേഗം തിരക്കിട്ട് വാർഡിലേക്ക് പോയി. കാണാതായപ്പോൾ തങ്കമണി സിസ്റ്റർ മുറിവ് കെട്ടിയെന്ന് തോന്നുന്നു. ഇനി ഒരാഴ്ചത്തേക്ക് അയാളെ തിരിഞ്ഞു നോക്കില്ല അവർ. അവരെന്നല്ല ആരും. ഈച്ചയാര്‍ത്തുള്ള കിടപ്പ്, പ്രയാസപെട്ടു കഴിക്കുന്ന ശ്വാസം, വിശപ്പ്, ഇടയ്ക്കിടെ ഇറവെള്ളം കുടിക്കുന്ന കാണാം…അധികനാൾ അത് കണ്ടു നില്ക്കാൻ കഴിഞ്ഞില്ല.. രണ്ടാം നാൾ അയാള്‍ക്കരികിൽ എത്തി. മുറിവ് കെട്ടി. മരുന്ന് കൊടുത്തു. ഭക്ഷണം എത്തിച്ചു കൊടുത്തു. അങ്ങിനെ ഒരാഴ്ച. എല്ലാം ഭേദമാകാൻ തുടങ്ങി. കഞ്ഞി പകർന്നു വച്ച് എഴുന്നെൽക്കവെ ഇന്നയാൾ എന്റെ കൈകളിൽ പിടിച്ചു. അന്നത്തെ മുറുക്കമില്ല. “എന്നോട് പൊറുക്കണം” ഇടറിയ വാക്കുകൾ.
ഛായാമുഖിയിലെക്കെന്ന പോലെ അയാൾ നോക്കുകയാണ്. നിറഞ്ഞ കണ്ണുകൾ… ഒരു ചെറുചിരിയിൽ അയാളെ സമാധാനിപ്പിച്ച് പോരുമ്പോൾ മനസ്സിൽ ഒരു ചിത്രം നിറഞ്ഞു. ഛായാമുഖിയിൽ നോക്കി നില്കുന്ന കീചകൻ. അതിൽ ഇപ്പോൾ ശൂന്യതയല്ല മറിച്ച് ഇളം വെയിൽ പരന്നു കിടന്നു.
Generated from archived content: story2_june16_15.html Author: sreeja_mukundan