ഒഴുകും പുഴയിലൊഴുക്കാം
നമുക്കീ ജീവിതത്തിൻ
കാഞ്ഞിരക്കായകൾ.
എന്തു മധുരിക്കും
എന്തു ചവർക്കും
ഏതെല്ലാമോർമ്മകൾ
സ്വരുക്കൂട്ടി വെയ്‌ക്കാം…
അറിയാവഴിയിലെ
അറിയാപ്പൊരുളുകൾ…
അറിയാക്കിനാവുകൾ
പെരുകിപ്പരക്കുന്നു.
കയ്‌ക്കാത്ത കാലം
ഒരുനാൾ വിരുന്നുവരും.
പട്ടുപോയ ചെടികളിൽ
പുതുമുളകൾ മുട്ടയിടും..
വിരിയും…
പൂക്കും
കായ്‌ക്കും- പിന്നെ
പുതിയ മധുരം രുചിച്ചു ചിരിക്കാം
പരസ്പരം നോക്കാം
കണ്ണിമ ചിമ്മാതെ…
നിർത്താതെ
വർത്തമാനം പറയാം.
അന്നേരം നമുക്ക്
കാലൊടിഞ്ഞ കാക്കയുടെ
കാവലാളാകാം..
മാളമില്ലാത്ത പാമ്പിനൊരു
മാളം തുരക്കാം.
കൂട്ടിലെ കിളികൾക്ക്
ചിറകുനൽകാം- പറത്താം…
ഒഴുകിയൊഴുകിത്തീരും വരെ
കാഞ്ഞിരക്കായകൾ
പൊട്ടിച്ചൊഴുക്കാം.
അല്ലെങ്കിലോ-
രണ്ട് വഴികളിൽ
രണ്ട് ലക്ഷ്യങ്ങളിലേക്ക്
അലക്ഷ്യമായി നടക്കാം..
പരസ്പരം കലഹിക്കാം
വെറുക്കാം…
ശത്രുക്കളെങ്കിലുമാവാം…
ഓർക്കുക-
വെളിച്ചമസ്തമിച്ച
താഴ്‌വരയിൽനിന്നും
ഇപ്പോഴും
ഒരു ഭ്രാന്തൻ
അനങ്ങാപ്പാറയനക്കുന്നുണ്ട്.
കിതയ്‌ക്കുന്നുണ്ട്..
കിതപ്പാറുമ്പോൾ
വീണ്ടും
പാറയുരുട്ടുന്നുണ്ട്.
കയറ്റിച്ചെന്ന്
വിയർപ്പ് വടിച്ച്
ഒറ്റത്തളളിനിറക്കുന്നുണ്ട്…
പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുണ്ട്…
കയറ്റം കയ്‌പ്…
ഇറക്കം മധുരം…
അതോ-
നേരെ തിരിച്ചോ…
അറിയില്ലല്ലോ…
അറിയുന്നൊന്ന്…
ഒഴുകും പുഴയിലൊഴുക്കാം
നമുക്കീ ജീവിതത്തിൻ
കാഞ്ഞിരക്കയ്‌പുകൾ…
Generated from archived content: poem_june26.html Author: sreedharan_nballa