നാട്ടുമാവിൻ ചുവട്ടിലെ
കളിയിൽ തോറ്റ്
പണ്ടെന്നോ പിണങ്ങിയ
കൂട്ടുകാരി-ഇന്നലെ
എന്റെ മുന്നിലെത്തി.
മൗനം മുറിച്ച്
മഹാപ്രവാഹമായി.
വയൽവരമ്പിലൂടെ
കൈകോർത്ത് നടന്നതും
കണ്ണിമാങ്ങയ്‌ക്ക്
കല്ലെറിഞ്ഞതും
കൽസ്ലേറ്റ് മായ്‌ക്കുന്ന മഷിത്തണ്ടിൽ
കണ്ണിലെ നക്ഷത്രം പൂത്തതും…
പുഴുതിന്ന്
നിറം കെട്ട പല്ലുകൾ
കൊഴിഞ്ഞു വീണതും
അടുത്ത പൗർണ്ണമിയിൽ
പുതുനിലാവായ്
പൂത്തുലഞ്ഞതും…
പ്ലാവിൻചുവട്ടിലെ
കൊച്ചുവീട്ടിൽ
അച്ഛനുമമ്മയും കളിച്ചിരിക്കെ
പെണ്മതൻ ഉണ്മയറിഞ്ഞ്
വാതിൽ മറവിലൊളിച്ചതും..
കൺകളിൽ പുതുനക്ഷത്രം വിരിഞ്ഞതും.
ഒന്നും കുറിക്കാതടച്ച ഡയറിയിൽ
ഒരു മയിൽപ്പീലിക്കൊപ്പം
ഹൃദയം പതിച്ചതും…
അങ്ങനെയങ്ങനെ
ഓരോന്നോരോന്നായ്
കോർത്തെടുത്ത്
ഒരു പുതുകവിത രചിക്കെ,
പുതുമഴയേറ്റ്
നനഞ്ഞ് കുതിർന്നതും…
ഓർമ്മയുടെ
വസന്ത ഗ്രീഷ്‌മഹേമന്തങ്ങൾ
കണ്ണിമ ചിമ്മാതെ
നോക്കിയിരുന്നൂ, ഞങ്ങൾ.
ഇനി-
ഒറ്റവാക്കിലെ വിട്ടുപോയോരക്ഷരം
നാമിരുവരും ചേർന്ന് പൂരിപ്പിക്കാം.
ഒരിടവഴിക്കിരുവശം
‘എ’യിലും ‘ബി’യിലും ചേരിതിരിഞ്ഞ്
പരസ്പരം ചേരാത്ത
ചോദ്യോത്തരങ്ങളെ
ചേരുംപടി ചേർക്കാം നമുക്ക്.
‘എ’യിൽ നിന്നെന്റെയും
‘ബി’യിലെ നിന്റേയും ഹൃദയം
നേർരേഖയിലങ്കനം ചെയ്യാം.
പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾ
നമ്മുടെ ജാതകമെഴുതും.
ആഖ്യയും ആഖ്യാതവും തിരയും.
അവർ നമ്മെ
പിരിച്ചെഴുതി ചേർത്ത് വെയ്‌ക്കും.
വാക്യത്തിൽ പ്രയോഗിച്ച്
വാചകം രചിക്കും…
എന്നാലും മാർക്ക് കുറയില്ല.
ഇത്-
സ്നേഹത്തിൻ ക്ഷീരപഥം
പ്രണയ സമുദ്രത്തിൻ കുഞ്ഞലകൾ
ഉറങ്ങിക്കിടക്കുന്ന
കവിതക്കുഞ്ഞുങ്ങൾ
മഞ്ജരിയിൽ നിന്ന്
കാകളിയിലേക്കുണർന്നെണീക്കെ
വരിക സഖീ
നമുക്കല്പനേരം
മൗനമായ്
സംസാരിക്കാം.
Generated from archived content: poem_dec19.html Author: sreedharan_nballa