പകലിനെക്കുറിച്ച്
എന്തിനെഴുതണം?
നഗരമധ്യേ
പകലടച്ചിരുട്ടാക്കി
വരവുപോക്കുകൾ
തുടർക്കഥയാക്കിയ ബംഗ്ലാവ്
ഇന്നലെ
നിയമപാലകരടച്ചുപൂട്ടി.
ജ്വലിക്കുന്ന സൂര്യനും
കുളിരുന്ന നിലാവും
തടവറകൾ സന്ദർശിക്കാറില്ല.
കടലോരം
തിരമാലകളുടെ
വിലാപഗാനമേള.
പുതുപ്പെണ്ണ്
പുതുമോടി തീരും മുമ്പ്
ഉത്തരത്തിൽ കെട്ടിത്തൂങ്ങി.
കയറിൽ കുരുങ്ങിയ
കെട്ടുതാലിക്ക്
കെട്ടിയോൻ ഉത്തരം വെട്ടി.
പൂച്ചയ്‌ക്കും പൊന്നിനുമിടയിൽ
തട്ടാൻ വെറും സാക്ഷി.
കല്ലെറിഞ്ഞ് കുഴഞ്ഞവർ
ദയാപൂർവം
പിൻനിരയ്‌ക്കവസരം നൽകി.
പുതുരക്തത്തിളപ്പിൽ
ചില്ലുപാളികൾ കുഴഞ്ഞുവീണു.
പകലിനെക്കുറിച്ച്
എന്തിനു പറയണം?
പച്ചവിറകിന്റെ
കരിമ്പുകയിൽ
അമ്മ
നിറഞ്ഞുകത്തി.
കറുപ്പിന്
വെളുപ്പ് കൊണ്ടൊരുബലി.
കണ്ണീരാൽ കുളി.
തെളിവെയിലിൽ
പുഴയിൽ വീണ നിലാവിന്
നക്ഷത്രങ്ങളുടെ പഞ്ചകർമം.
നൂറ്റൊന്നുകുടം
കടൽജലം
ചാണകത്തളം
തലയിൽ.
നസ്യം ചെയ്തവൻ
നാസാരന്ധ്രം
അടച്ചുപൂട്ടി.
പകലിനെക്കുറിച്ച്
എന്തിനു പാടണം?
ഗായകസംഘം
മൗനത്തിലമർന്നു.
കുരിശിലേറ്റപ്പെട്ടവനും
കുത്തേറ്റ് തെരുവിൽ വീണവനും
ഒരാൾ തന്നെ.
വാതിൽ പൊളിച്ചവൻ
വാ പൊളിച്ചിറങ്ങിവന്നു.
അവൻ കെട്ടിയ താലി
കരിഞ്ഞു പോയിരുന്നു.
പൂച്ചയും
തട്ടാനും
രണ്ട് വഴിക്ക് പിരിഞ്ഞു.
അഗ്നികുണ്ഡം
മഹസറിൽ
ഇങ്ങനെ കുറിച്ചു.
ദൂരെയിരുന്നാണെങ്കിലും
ഒരു മഷിനോട്ടക്കാരൻ
എല്ലാം കാണുന്നുണ്ടായിരുന്നു.
അവനു പക്ഷേ
കണ്ണില്ലായിരുന്നു.
Generated from archived content: poem3_may3_07.html Author: sreedharan_nballa