ഗുരുഃ
വൃത്തം വരയ്‌ക്കുന്ന വിധമറിയുക.
ഒരു കയ്യിൽ കോമ്പസും
കോമ്പസിൽ പെൻസിലും..
ആരമാണെങ്കിലളന്നെടുക്കണം
വ്യാസമെങ്കിൽ പകുതിക്ക് വെട്ടണം.
കോമ്പസ് കുത്തണം…. വട്ടം കറങ്ങണം…
തുടക്കവുമൊടുക്കവും തിരിച്ചറിയില്ലെങ്കിലും
സാങ്കേതികത്തികവിന് ഒട്ടും കുറവില്ല.
വൃത്തം
ഒരു സമസ്യയാണ് മക്കളേ…
അതു നിങ്ങൾക്ക്
യുക്തംപോലെ പൂരിപ്പിക്കാം.
-സമസ്യാപൂരണംഃ ചില മാതൃകകൾ-
ഒന്ന്‌ഃ അനിൽ
മുറുക്കാനിടിക്കെ
മുത്തശ്ശിച്ചിരിചൊല്ലിഃ
നിന്റച്ഛൻ കറങ്ങിയ
വൃത്തമാണീ ഗൃഹം.
നിന്നുടെയപ്പൂപ്പൻ
വൃത്തത്തിലാക്കിയ
ചൂരലിൻ തുമ്പത്തവന്റെ ബാല്യം.
അവൻ സമ്മാനിച്ച
കരിവീട്ടിക്കട്ടിലിൽ
അപ്പൂപ്പനിപ്പോൾ
പുതിയ വൃത്തം…
കണ്ണുമിഴിച്ചു ഞാൻ നിന്നുപോയി
ഈ സമസ്യ ഞാനെങ്ങിനെ
പൂരിപ്പിക്കും…?
രണ്ട് ഃ അനൂപ്
അടുക്കളവൃത്തത്തിനിത്തിരി വട്ടത്തിൽ
കണ്ണുതുടയ്‌ക്കുന്നു പൊന്നമ്മ.
നേരം വെളുക്കെ കയറിയീ വൃത്തത്തിൽ
അന്തിയാകുംവരെ വട്ടം കറങ്ങുന്നു.
നീയും നിന്നച്ഛനും പതിവായി രാവിലെ
തീന്മേശ വൃത്തത്തിലെത്തി; പിന്നെ
വിദ്യാലയവൃത്തമോഫീസുവൃത്തവും
തോന്നുംപോൽ ചുറ്റിക്കറങ്ങിടുമ്പോൾ
ഞാനുമീവീടും തൊടിയും മുത്തശ്ശിയും
അർദ്ധമയക്കത്തിലാണ്ടു പോകും…!
മൂന്ന്‌ഃ ആശ
ബാല്യകൗമാരവും യൗവ്വനവും പടു-
വാർദ്ധക്യവുമൊരു കൊച്ചുവൃത്തം.
ഈ വൃത്തങ്ങളിൽ നാം കുരുങ്ങിനിൽക്കെ
ജീവിതം വലിയോരു വിഷമവൃത്തം.
അച്ഛനുമമ്മയുമോരോ നിമിഷവും
നീ ഞങ്ങൾക്കൊന്നെന്ന് ചങ്ക് പറിക്കുന്നു.
അടുത്ത നിമിഷത്തിൽ കാതിലോതുന്നു, നീ-
വൃത്തപരിധി കടക്കല്ലേ…
മൗനമായ് വിങ്ങുന്നതെൻ മാനസം
എന്നെന്നുമെന്റേത് മാത്രമായുളേളാരു
വൃത്തം വരയ്‌ക്കുവാനെന്തു മാർഗ്ഗം?
നാല്‌ഃ സീമ
അമ്പിളിക്കലതൊട്ട്
ആകാശപ്പൂന്തോപ്പിൽ
അനന്തമാമാരത്തിൽ
പ്രപഞ്ചം കവിയുന്ന
വൃത്തം വരയ്‌ക്കാനും
അത്തരം വൃത്തത്തി-
ലായുസ്സു മുഴുവനും
സർവ്വസ്വതന്ത്രയായ്
പാറിപ്പറക്കാനും
ആരവും വ്യാസവുമില്ലാമനസ്സിൽ
കുറിച്ചിട്ടതാര,തിൻ
കുറുകേ വരച്ചതാർ?
ഇടനെഞ്ചു പൊട്ടുന്നു സങ്കടത്താ,ലീ-
വിഷമവൃത്തം ഞാനെങ്ങിനെ മറികടക്കും…?
ഗുരുഃ
പൂരണങ്ങളിലെ മേലുദാഹരണങ്ങൾ
ഭൂരിപക്ഷത്തിന്റെ പ്രതിനിധികൾ.
ആരമളന്നെടുത്ത്
വ്യാസം പകുതിയാക്കി
കോമ്പസ് കുത്തി; വട്ടം കറങ്ങി
വരയ്‌ക്കണം വൃത്തം.
തുടക്കവുമൊടുക്കവും തിരിച്ചറിയില്ലെങ്കിലും
സാങ്കേതികത്തികവിനു ഒരു കുറവുമില്ല.
വൃത്തം ഒരു സമസ്യതന്നെയാണ്.
അതു നിങ്ങൾക്കിനിയും
തോന്നുംപോലെ
പൂരിപ്പിച്ചു കൊണ്ടേയിരിക്കാം!
Generated from archived content: poem2_july14_05.html Author: sreedharan_nballa