കേരളപാണിനി

ഏയാർ കേരളപാണനീയരചിതൻ

വിദ്വൽസഭാപൂജിതൻ

ഏയാർ ക്ഷത്രിയവംശഹംസമതുമോ

വഞ്ചിക്ഷിതി ജ്യോതിസ്സും

ഏയാറക്ഷരഭാണ്ഡം, അറിവിൻ ദീപം

ഭാഷയ്‌ക്കു പൂന്തെന്നലാ-

മേയാറേവരൂ നാവിലേറി സതതം

വാണീടുവാൻ കൈതൊഴാം.

ഏയാറേ! തവ ചെയ്തിയെന്റെ മനസ്സിൽ

കോറുന്നു, മാതൃസ്മൃതി-

ക്കായിട്ടങ്ങു വഹിച്ചപങ്കു, തിലകം

ചാർത്തി പ്രകീർത്തിച്ചതും

മായാതിന്നുമതുണ്ടു ശോഭവിതറു-

ന്നാകർഷസന്ദായകം

തോയംസിന്ധുവിലെന്നപോലെ സരളം

വറ്റാതെ കല്പാന്തരം.

ഏയാറാംഗലഭാഷ പുല്‌കിവടുവിൽ

കാമ്പസുവാണീടിലും

തായെത്തൊട്ടു നമസ്‌കരിച്ചു വളരാൻ

കോപ്പിട്ട വിദ്യാധരൻ

നീയിന്നങ്ങനെ കൈരളിക്കുസുതനാം

വീരേതിഹാസൻ മഹാ-

നായിട്ടെന്മനമിപ്പൊഴും കുളിരണി-

പ്പൂങ്കാറ്റു പുല്‌കീടുവോം.

ഏയാറങ്ങനെ മാതൃഭാഷനഭസ്സിൻ

പൂർണ്ണേന്ദുവായ്‌, ശോഭയായ്‌

പീയൂഷത്തൊടു മാതുലന്റെ മയിലിൻ

വർണ്ണാഭ ദർശിച്ചതും,

പ്രേയസിക്കുഭവാനുമൊത്തു സുചിരം

പാർക്കാൻ പടുത്തോരുനൽ-

ശ്രേയസ്സുറ്റതു ശാരദാഭവനമി-

ഭാഷയ്‌ക്കുഭൂഷാദിയായ്‌.

ഏയാർ വർണ്ണവിഹീനനായി, സതതം

വാഗ്‌വീശ്വരീഭക്തനായ്‌

സായാഹ്നത്തിലെ മിത്രനായി, ക്ഷിതിയിൽ

മിന്നുന്ന വൈഡൂര്യമായ്‌

മായാമാനുഷനായി നിന്നെ മനസ്സിൽ

പൂജിച്ചിരുത്തീടുവാ-

നായിട്ടക്ഷര ജ്യോതിസ്സുളളിലൊളിയായ്‌-

ത്തീരാൻ തുണയ്‌ക്കേണമേ.

ഏയാറേ! തവനാമമിന്നു പലരും

മായ്‌ക്കാൻ ശ്രമിക്കുന്നു ഹാ

തായേ! വിപ്ലവചേഷ്‌ടതന്നെയതുമോ

വിജ്ഞാനവിധ്വംസനം,

പേയാണന്നു ധരിച്ചിടാമെവിടെയും

രത്നം പ്രശോഭിച്ചിടു-

ന്നീയത്തിന്നു നിറം കൊടുത്തു സമയം

പാഴാക്കൊലാതോഴരേ!

Generated from archived content: poem1_mar26.html Author: sreedharakuruppu_onattukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here